Thursday, November 4, 2010

സിനിമ തന്നെ ജീവിതം

ഒരു സംവിധായകന്റെ ജീവിതാസക്തിയുടെ കഥ പറയുന്ന `ബ്രോക്കണ്‍ എംബ്രേസസ്‌ 'എന്ന സ്‌പാനിഷ്‌ സിനിമയെക്കുറിച്ച്‌

കഥപറയലാണ്‌ തന്റെ ജീവിതദൗത്യം എന്നു വിശ്വസിക്കുന്നയാളാണ്‌ പ്രശസ്‌ത സ്‌പാനിഷ്‌ സംവിധായകന്‍ പെഡ്രോ അല്‍മൊഡോവര്‍. തിരക്കഥാകൃത്തു കൂടിയാണദ്ദേഹം. അറുപതുകാരനായ അല്‍മൊഡോവര്‍ 17 ചിത്രങ്ങള്‍ സംവിധാനം ചെയ്‌തിട്ടുണ്ട്‌. ഇതില്‍ പതിനാറിന്റെയും തിരക്കഥ സ്വന്തം തന്നെ. മരണത്തെ ഭയപ്പെടുന്ന അല്‍മൊഡോവര്‍ ഒരു ജീവിതം പോരാ എന്ന ചിന്താഗതിക്കാരനാണ്‌. സിനിമയോട്‌ കടുത്ത അഭിനിവേശമാണ്‌ അദ്ദേഹത്തിന്‌. ഈ അഭിനിവേശത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്‌ 2009ല്‍ ഇറങ്ങിയ `ബ്രോക്കണ്‍ എംബ്രേസസ്‌ ' . ``ജീവിതത്തേക്കാളും പ്രാധാന്യമുണ്ട്‌ സിനിമയ്‌ക്ക്‌. സിനിമയോടുള്ള പ്രണയമാണ്‌ ഈ ചിത്രത്തിലൂടെ ഞാന്‍ പ്രഖ്യാപിക്കുന്നത്‌''-അല്‍മൊഡോവര്‍ ഒരഭിമുഖത്തില്‍ വെളിപ്പെടുത്തുന്നു.

ഇക്കഴിഞ്ഞ ഗോവ ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ച ചിത്രമാണ്‌ `ബ്രോക്കണ്‍ എംബ്രേസസ്‌'. ലോ ഓഫ്‌ ഡിസയര്‍ (1987), ഹൈ ഹീല്‍സ്‌ (1991), ഓള്‍ എബൗട്ട്‌ മൈ മദര്‍ (1999), ടോക്‌ ടു ഹെര്‍ (2002), ബാഡ്‌ എജുക്കേഷന്‍ (2004), വോള്‍വര്‍ (2006) തുടങ്ങിയ ചിത്രങ്ങളിലൂടെ ലോകമെങ്ങും ആരാധകരെ നേടിയെടുത്തിട്ടുണ്ട്‌ അല്‍ മൊഡോവര്‍. എക്കാലത്തെയും മികച്ച നൂറ്‌ സിനിമകളുടെ കൂട്ടത്തില്‍ `ടൈം' വാരിക ഉള്‍പ്പെടുത്തിയ സിനിമയാണ്‌ `ടോക്‌ ടു ഹെര്‍',
സിനിമയും ജീവിതവും കെട്ടുപിണഞ്ഞുകിടക്കുന്ന പ്രമേയമാണ്‌ `ബ്രോക്കണ്‍ എംബ്രേസസി'ലുള്ളത്‌. രണ്ടുമണിക്കൂര്‍ നീളുന്ന ഈ ചിത്രത്തില്‍ സിനിമയാണ്‌ പ്രധാന ചര്‍ച്ചാവിഷയം. കഥാപാത്രങ്ങളൊക്കെ സംസാരിക്കുന്നത്‌ സിനിമയെക്കുറിച്ചാണ്‌. ഇതിനിടയില്‍ സംവിധായകന്‍ അതിസമര്‍ഥമായി ജീവിതത്തെ സിനിമയിലേക്ക്‌ കയറ്റിവിടുന്നു. അല്‍മഡോവറിന്റെ ആത്മാംശം കലര്‍ന്ന സിനിമയാണിത്‌.

ഒറ്റജീവിതം കൊണ്ട്‌ തൃപ്‌തിപ്പെടാത്ത മത്തേയോ ബ്ലാങ്കോ എന്ന സംവിധായകന്റെ ആസക്തികളാണ്‌ ഈ ചിത്രത്തില്‍ രേഖപ്പെടുത്തുന്നത്‌. വന്‍കിട ബിസിനസ്സുകാരന്റെ വെപ്പാട്ടിയായ മഗ്‌ദലിന റിവെറോ എന്ന ലിനയില്‍ അയാള്‍ക്ക്‌ അഭിനിവേശം ജനിക്കുന്നു. ഈ യുവതിയെ അറിയപ്പെടുന്ന നടിയാക്കാനാണ്‌ അയാളുടെ ശ്രമം. ആ ശ്രമത്തിനിടയിലുണ്ടാകുന്ന നഷ്‌ടങ്ങളെയും വീണ്ടും തളിരിടുന്ന ജീവിതത്തെയും കുറിച്ചാണ്‌ അല്‍മൊഡോവര്‍ പറയുന്നത്‌.
എഴുത്തുകാരനും സംവിധായകനുമായ മത്തേയോ ബ്ലാങ്കോ, അയാളുടെ പ്രൊഡക്‌ഷന്‍ മാനേജരും തന്റേടിയുമായ ജൂഡിത്ത്‌ഗാര്‍ഷ്യ, സെ്‌പയിനിലെ വന്‍ ബിസിനസ്സുകാരനായ സിനിമാ നിര്‍മാതാവ്‌ ഏണസ്റ്റോ മാര്‍തേല്‍, അയാളുടെ മുന്‍ സെക്രട്ടറിയും വെപ്പാട്ടിയും നടിയുമായ ലിന, മത്തേയോവിനെ എഴുത്തില്‍ സഹായിക്കുന്ന ഡീഗോ എന്ന യുവാവ്‌ (ജൂഡിത്തിന്റെ മകന്‍), ഏണസ്റ്റോവിന്റെ മകനും ഡോക്യുമെന്ററി സംവിധായകനുമായ ജൂനിയര്‍ ഏണസ്റ്റോ എന്നീ ആറ്‌ പ്രധാന കഥാപാത്രങ്ങളാണിതിലുള്ളത്‌. എല്ലാവരും പരസ്‌പരം ബന്ധപ്പെട്ടിരിക്കുന്നു. രഹസ്യങ്ങളുടെ മൗനത്തില്‍ ജീവിക്കുന്നവരാണിവര്‍. പറ്റിയ സന്ദര്‍ഭത്തില്‍ അവര്‍ മൗനത്തിന്റെ പുറംതോടുപേക്ഷിക്കുന്നു. പക്ഷേ, ഒരു വെളിപ്പെടുത്തലും ആരിലും ഞെട്ടലുളവാക്കുന്നില്ല. രഹസ്യം വെളിപ്പെടുത്തുന്നവരും അത്‌ കേള്‍ക്കാന്‍ ആഗ്രഹിക്കുന്നവരും ഒന്നിനും തിടുക്കം കാണിക്കുന്നില്ല. തന്നെ തകര്‍ക്കാന്‍ നിര്‍മാതാവുതന്നെ തന്റെ സിനിമ നശിപ്പിച്ചെന്ന്‌ ജൂഡിത്ത്‌ പറയുമ്പോള്‍ സംവിധായകന്‍ മത്തേയോ നിസ്സംഗനായി കേട്ടിരിക്കുന്നു. തന്റെ നിഴല്‍പോലെ കൂടെയുള്ള ഡീഗോ തന്റെ മകനാണെന്നറിയുമ്പോഴും അദ്ദേഹത്തിന്‌ ഇതേ വികാരം തന്നെ.


കാമുകിയായ നടി ലിനയുമൊത്ത്‌ കാറില്‍ പോകുമ്പോള്‍ അപകടത്തില്‍പ്പെട്ട്‌ അന്ധനാവുന്ന സംവിധായകന്‍ മത്തേയോ ആണ്‌ `ശിഥിലമായ ആലിംഗനങ്ങ'ളിലെ നായകന്‍. അപകടത്തില്‍ കാമുകി മരിക്കുന്നു. അവിടന്നങ്ങോട്ടുള്ള 14 വര്‍ഷം മത്തേയോ മറ്റൊരാളായിട്ടാണ്‌ ജീവിക്കുന്നത്‌. മത്തേയോ എഴുതാന്‍ വേണ്ടി സ്വീകരിച്ച പേരാണ്‌ ഹാരി കെയ്‌ന്‍. സംവിധായകനും എഴുത്തുകാരനും അയാളുടെ ആത്മാവിന്റെ ഭാഗമായി. സംവിധാനം ഉപക്ഷേിക്കേണ്ടിവന്നപ്പോള്‍ അയാള്‍ ദുഃഖിച്ചില്ല. തന്റെ ആത്മാവില്‍ നിന്ന്‌ സംവിധായകനെ അയാള്‍ എന്നെന്നേക്കുമായി കുടിയിറക്കി. പകരം അവിടെ എഴുത്തുകാരന്‌ മാത്രമായി സ്ഥാനം. ആസക്തികളില്‍ മുഴുകി ഹരികെയ്‌ന്‍ തിരക്കഥാകൃത്തായി ജീവിതം തുടര്‍ന്നു.
ഹാരി കെയ്‌നിന്റെ തിരക്കഥയെഴുത്തിനെ അയാളുടെ ജീവിതവുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള സിനിമയുടെ തുടക്കം ശ്രദ്ധേയമാണ്‌. അയാള്‍ ഒരു തിരക്കഥ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. മറ്റൊന്ന്‌ എഴുതാന്‍ പോവുകയാണ്‌. നടി മര്‍ലിന്‍ മണ്‍റോയെ വിവാഹം കഴിച്ച അമേരിക്കന്‍ എഴുത്തുകാരന്‍ ആര്‍തര്‍ മില്ലറുടെ ജീവിതമാണ്‌ ഹാരികെയ്‌ന്‍ തിരക്കഥയാക്കാന്‍ ഉദ്ദേശിക്കുന്നത്‌. മര്‍ലിന്‍ മണ്‍റോയുടെ ആത്മഹത്യയ്‌ക്കുശേഷം ആര്‍തര്‍ മറ്റൊരു വിവാഹം കഴിച്ചിരുന്നു. ഈ ബന്ധത്തില്‍ പിറന്ന മകന്‍ ഡാനിയല്‍ വിരൂപനായിരുന്നു. മകനോട്‌ വെറുപ്പായിരുന്നു ആര്‍തറിന്‌. അവനെ കാണാന്‍പോലും അദ്ദേഹം ഇഷ്‌ടപ്പെട്ടിരുന്നില്ല. അവനെ ആര്‍തര്‍ സമൂഹത്തില്‍നിന്ന്‌ ഒളിച്ചുവെച്ചു. ഓര്‍മക്കുറിപ്പുകളില്‍പ്പോലും മകന്റെ പേര്‍ അദ്ദേഹം ഒഴിവാക്കി. പക്ഷേ, ഡാനിയല്‍ ഒരിക്കലും പിതാവിനെ വെറുത്തിരുന്നില്ല. ആ മകന്റെ സ്‌നേഹത്തെക്കുറിച്ചാണ്‌ ഹാരി കെയ്‌ന്‍ എഴുതാന്‍ മുതിരുന്നത്‌. ഹാരി കെയ്‌നിന്റെ ജീവിതവീക്ഷണമാണിവിടെ വ്യക്തമാകുന്നത്‌. പെട്ടെന്നാണ്‌ ഏണസ്റ്റോയുടെ മകന്‍ ഒരു സിനിമയുടെ കഥയുമായി അയാളെ സമീപിക്കുന്നത്‌. ഇവിടെവെച്ച്‌ അല്‍മൊഡോവര്‍ സിനിമയെ നിര്‍ണായകമായ വഴിത്തിരിവുകളിലേക്ക്‌ കൊണ്ടുപോവുകയാണ്‌. തന്നിലെ കലാകാരനെ നശിപ്പിച്ച സ്വവര്‍ഗാനുരാഗിയായ പിതാവിനെ വെറുക്കുന്ന മകന്റെ കഥയുമായാണ്‌ ജൂനിയര്‍ ഏണസ്റ്റോ എത്തുന്നത്‌. ഹാരി കെയ്‌ന്‌ ആ കഥ തീരെ പിടിക്കുന്നില്ല. ഡാനിയലിന്റെ ആര്‍ദ്ര മനസ്സിനോടായിരുന്നു അയാള്‍ക്ക്‌ താത്‌പര്യം. അതുമല്ല, ജൂനിയര്‍ ഏണസ്റ്റോയുടെ ശബ്ദം അയാളെ മറ്റെന്തൊക്കെയോ ഓര്‍മിപ്പിച്ചു. ഒരു ദാക്ഷിണ്യവും കാട്ടാതെ ഹാരികെയ്‌ന്‍ അവനെ പുറത്താക്കുന്നു. എങ്കിലും അസ്വസ്ഥകരമായ ഓര്‍മകളിലേക്കുള്ള വാതില്‍ തുറന്നിട്ടിട്ടാണ്‌ ആ ചെറുപ്പക്കാരന്‍ പോകുന്നത്‌. ശിഥിലമായ ആലിംഗനങ്ങളുടെ വര്‍ണാഭമായ തുടക്കമിവിടെയാണ്‌. ഉള്‍പ്പിരിവുകളുള്ള കഥയുടെ സഞ്ചാരഗതിക്ക്‌ ഇവിടുന്നങ്ങോട്ട്‌ ആക്കം കൂടുന്നു. 14 വര്‍ഷത്തിനുശേഷം തന്റെ സിനിമ വീണ്ടും എഡിറ്റുചെയ്‌ത്‌ റിലീസിങ്ങിനൊരുങ്ങുന്ന ഹാരികെയ്‌നിന്റെ ആഹ്ലാദ നിമിഷങ്ങളിലാണ്‌ സിനിമ അവസാനിക്കുന്നത്‌.
1992നും 2008ും ഇടയ്‌ക്കുള്ള പതിനാറ്‌ വര്‍ഷമാണ്‌ കഥയുടെ കാലപരിധി. വര്‍ത്തമാനത്തില്‍നിന്നും പഴയകാലത്തേക്കും തിരിച്ചും വളരെപ്പെട്ടെന്നാണ്‌ സിനിമ സഞ്ചരിക്കുന്നത്‌. അല്‌പം സങ്കീര്‍ണമാണ്‌ ആഖ്യാനരീതി. എങ്കിലും പ്രമേയം പിന്തുടരാന്‍ നമുക്ക്‌ ബുദ്ധിമുട്ടില്ല. കാലവും സ്ഥലവും വ്യക്തമായി സൂചിപ്പിച്ചാണ്‌ അല്‍മൊഡോവര്‍ കഥ പറയുന്നത്‌.
സിനിമാ നിര്‍മാതാവിന്റെ വെപ്പാട്ടിയായും സംവിധായകന്റെ കാമുകിയായും വേഷമിടുന്നത്‌ പ്രശസ്‌ത സ്‌പാനിഷ്‌ നടി പെനലോപ്‌ ക്രൂസാണ്‌ . `വോള്‍വറി'ലും ഇവര്‍ തന്നെയായിരുന്നു നായിക.

Monday, September 27, 2010

സിനിമയും കാഴ്‌ചയും

ഇറാനിലെ നവതരംഗസിനിമക്കാരില്‍ പ്രമുഖസ്ഥാനമുണ്ട്‌ അബ്ബാസ്‌ കിരോസ്‌തമിക്ക്‌. കവി, തിരക്കഥാകൃത്ത്‌, ഫോട്ടോഗ്രാഫര്‍, ഗ്രാഫിക്‌ ഡിസൈനര്‍, ഫിലിം എഡിറ്റര്‍, നിര്‍മാതാവ്‌ എന്നീ നിലകളിലും പ്രശസ്‌തനാണ്‌ ഈ സംവിധായകന്‍. 40 വര്‍ഷമായി അദ്ദേഹം സിനിമാരംഗത്തുണ്ട്‌. അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധേയമായ ഒട്ടേറെ ചിത്രങ്ങള്‍ കിരോസ്‌തമി സംവിധാനം ചെയ്‌തിട്ടുണ്ട്‌. വിന്‍ഡ്‌വില്‍ കാരിഅസ്‌, ക്ലോസപ്പ്‌, ടെന്‍, ആന്‍ഡ്‌ ലൈഫ്‌ ഗോസ്‌ ഓണ്‍, ടേസ്റ്റ്‌ ഓഫ്‌ ചെറി, ത്രൂ ദ ഒലീവ്‌ ട്രീസ്‌ തുടങ്ങിയവ പ്രത്യേകം എടുത്തുപറയണം.


``സത്യജിത്‌ റായിക്ക്‌ പകരം വെക്കാവുന്ന പ്രതിഭാശാലി'' എന്നാണ്‌ അകിരോ കുറസോവ അദ്ദേഹത്തെ വിശേഷിപ്പിച്ചത്‌. എഴുപതാം വയസ്സിലും സിനിമ കിരോസ്‌തമിക്ക്‌ ആവേശമാണ്‌. സിനിമകളില്‍ പരീക്ഷണങ്ങള്‍ വേണമെന്ന പക്ഷക്കാരനാണദ്ദേഹം. സിനിമയ്‌ക്ക്‌ വ്യത്യസ്‌തനിര്‍വചനം നല്‍കാനാണ്‌ കിരോസ്‌തമി ശ്രമിക്കുന്നത്‌. കാഴ്‌ചയുടെ പുതിയ അനുഭവങ്ങളിലേക്കാണ്‌ ഈ ചിത്രങ്ങള്‍ നമ്മെ നയിക്കുന്നത്‌. പ്രമേയത്തിലും അവതരണത്തിലും പുതുമ കണ്ടെത്തുന്നു ഈ സംവിധായകന്‍. ഏറ്റവുമൊടുവില്‍ ഇറങ്ങിയ `ഷിറീന്‍' (Shirin) എന്ന സിനിമയും കിരോസ്‌തമിയിലെ പരീക്ഷണതത്‌പരനെയാണ്‌ നമുക്ക്‌ കാണിച്ചുതരുന്നത്‌.കിരോസ്‌തമി നിര്‍മിച്ച്‌, എഡിറ്റിങ്‌ നിര്‍വഹിച്ച്‌, സംവിധാനം ചെയ്‌ത ചിത്രമാണ്‌ `ഷിറീന്‍'. വെനീസ്‌, എഡിന്‍ബര്‍ഗ്‌ ചലച്ചിത്രമേളകളിലും ഈയിടെ തിരുവനന്തപുരത്ത്‌ നടന്ന മേളയിലും ഈ സിനിമ പ്രദര്‍ശിപ്പിച്ചു.


പന്ത്രണ്ടാം നൂറ്റാണ്ടിലെ ഒരു പേര്‍ഷ്യന്‍ പ്രണയകാവ്യമാണ്‌ ചിത്രത്തിനാധാരം. ആര്‍മേനിയന്‍ രാജകുമാരി ഷിറീനും ഇറാനിയന്‍ രാജകുമാരന്‍ ഖുസ്രു പര്‍വേസും ശില്‌പി ഹര്‍ഹാദും കഥാപാത്രങ്ങളായ ഒരു ത്രികോണ പ്രണയകഥ. പ്രേമസാക്ഷാത്‌കാരത്തിനായി സിംഹാസനം ഉപേക്ഷിച്ചവളാണ്‌ ഷിറീന്‍. ഏറെക്കാലത്തെ ഏകാന്തമായ കാത്തിരിപ്പിനുശേഷമാണ്‌ അവള്‍ക്ക്‌ ഖുസ്രുവിനെ സ്വന്തമാക്കാനായത്‌. പക്ഷേ, ആ സൗഭാഗ്യം അധികം നീണ്ടുനിന്നില്ല. അധികാരത്തര്‍ക്കത്തില്‍ ഖുസ്രു മകനാല്‍ വധിക്കപ്പെടുന്നു. ഖുസ്രുവിന്‍െറ മൃതദേഹത്തിനടുത്തിരുന്ന്‌ ഷിറീന്‍ വിലപിക്കുകയാണ്‌. ഒരു കഠാരയുടെ മുനയില്‍ മരണത്തില്‍ അമരുംമുമ്പ്‌ അവള്‍ തന്‍െറ കഥ പറയുന്നു. 90 മിനിറ്റുള്ള ഈ സിനിമയുടെ ഇതിവൃത്തത്തിനല്ല പ്രാധാന്യം. അവതരണമാണിവിടെ ശ്രദ്ധ നേടുന്നത്‌.

സിനിമ നമ്മള്‍ കാണുന്നതേയില്ല. സിനിമ കാണുന്നവരെയാണ്‌ കാണുന്നത്‌. ഒറ്റ ഷോട്ടില്‍പ്പോലും സിനിമ കടന്നുവരുന്നില്ല. പശ്ചാത്തലസംഗീതവും സംഭാഷണങ്ങളും നമ്മള്‍ കേള്‍ക്കുന്നുണ്ട്‌. ഷിറീന്‍െറ കഥ പറയുന്ന സിനിമ പ്രദര്‍ശിപ്പിക്കുന്ന ഒരു തിയേറ്ററും ആ സിനിമ കാണാനിരിക്കുന്ന കുറേ പ്രേക്ഷകരുമാണ്‌ സ്‌ക്രീനില്‍ പതിയുന്നത്‌. പ്രേക്ഷകരില്‍ ബഹുഭൂരിഭാഗവും സ്‌ത്രീകളാണ്‌. യുവതികളും മധ്യവയസ്‌കരും വൃദ്ധരുമൊക്കെയുണ്ട്‌ കൂട്ടത്തില്‍. എങ്കിലും കൂടുതലും യുവതികളാണ്‌. കാണികളില്‍ സ്വാഭാവികമായും ഏതാനും പുരുഷന്മാരുമുണ്ട്‌. പക്ഷേ, ക്യാമറ അവരെ അന്വേഷിക്കുന്നതേയില്ല. അവരെ നമ്മുടെ കാഴ്‌ചയിലേക്ക്‌ കൊണ്ടുവരുന്നില്ല. സ്‌ത്രീമുഖങ്ങളിലാണ്‌ ക്യാമറ മിഴിയൂന്നുന്നത്‌. ഒാരോ ഷോട്ടിലും ഓരോ സ്‌ത്രീയുടെ ക്ലോസപ്പ്‌. തൊട്ടടുത്തായി ചില പുരുഷന്മാരെ കാണാം. പിന്നെ നീല ഇരിപ്പിടങ്ങളും. പുതിയൊരു ആസ്വാദനശീലമാണ്‌ കിരോസ്‌തമി നമ്മളില്‍ നിന്നാവശ്യപ്പെടുന്നത്‌. സിനിമയിലെ ഓരോ നിമിഷത്തിന്‍െറയും വൈകാരികഭാവം കാണികളുടെ മുഖത്തുണ്ട്‌. അവര്‍ പൂര്‍ണമായും സിനിമയില്‍ ലയിച്ചിരിക്കുകയാണ്‌. അവര്‍ ചിരിക്കുകയും ആഹ്ലാദം കൊള്ളുകയും കരയുകയും ചെയ്യുന്നു. കാണികളിലാരും പരസ്‌പരം സംസാരിക്കുന്നില്ല. തുടക്കത്തില്‍ പ്രത്യക്ഷപ്പെടുന്ന സ്‌ത്രീ എന്തോ ചവച്ച്‌ സഹപ്രേക്ഷകയോട്‌ എന്തോ പറയുന്നുണ്ട്‌. പക്ഷേ, ആ സംഭാഷണം നമ്മള്‍ കേള്‍ക്കുന്നില്ല. സിനിമയിലെ ഓരോ സന്ദര്‍ഭവും കാണികളുടെ മുഖത്തുനിന്ന്‌ നമുക്ക്‌ മനസ്സിലാക്കാം. കഥാപാത്രങ്ങളുടെ സന്തോഷവും സങ്കടവും ഉത്‌ക്കണ്‌ഠയുമൊക്കെ കാണികളും പങ്കിടുന്നു.


ഓരോ സ്‌ത്രീയുടെ മനസ്സിലും ഓരോ നഷ്‌ടപ്രണയമുണ്ടെന്നാണ്‌ കിരോസ്‌തമി സൂചിപ്പിക്കുന്നത്‌. സിനിമയുടെ അവസാനഭാഗത്ത്‌ ഓരോ പ്രേക്ഷകയും കണ്ണീരൊഴുക്കുകയാണ്‌. അത്‌ ഷിറീനെയോര്‍ത്തുള്ള കണ്ണീരല്ലെന്നാണ്‌ കിരോസ്‌തമിയുടെ പക്ഷം. ഓരോരുത്തരിലും ഒരു ഷിറീനുണ്ട്‌. ആ ഷിറീനുവേണ്ടിയാണ്‌ ആ കണ്ണുനീര്‍. സ്‌ത്രീയുടെ ദുരന്തത്തില്‍ പുരുഷന്‌ ഒട്ടും താത്‌പര്യമില്ലെന്നും കിരോസ്‌തമി സൂചിപ്പിക്കുന്നു. ഓരോ ഷോട്ടിലും പിന്‍നിരയില്‍ പ്രത്യക്ഷപ്പെടുന്ന പുരുഷന്മാരുടെ മുഖത്ത്‌ സദാസമയവും നിര്‍വികാരതയാണ്‌. 110 നടികളാണ്‌ ഈ സിനിമയില്‍ അഭിനയിച്ചത്‌. ഇതില്‍ ഏതാനും പേര്‍ മാത്രം ഒന്നിലധികം തവണ പ്രത്യക്ഷപ്പെടുന്നുണ്ട്‌.

സ്‌ത്രീകളെ മാത്രം കഥാപാത്രങ്ങളാക്കി കിരോസ്‌തമി 2002ല്‍ `ടെന്‍' എന്ന സിനിമ സംവിധാനം ചെയ്‌തിട്ടുണ്ട്‌. അക്കൊല്ലം കാന്‍ ഫിലിംഫെസ്റ്റിവലില്‍ ഇറാന്‍െറ ഔദ്യോഗിക എന്‍ട്രിയായിരുന്നു ഈ പരീക്ഷണചിത്രം. ആറ്‌ സ്‌ത്രീകളാണ്‌ ഈ സിനിമയിലെ കഥാപാത്രങ്ങള്‍. (കഥാനായികയുടെ മകനായ ഒരു പതിന്നാലുകാരന്‍ മാത്രമാണ്‌ ഇതിലെ പുരുഷ കഥാപാത്രം.) ഓടുന്ന ഒരു കാറിനകത്താണ്‌ സംഭവങ്ങള്‍ മുഴുവന്‍ നടക്കുന്നത്‌. കാറോടിക്കുന്നത്‌ ഒരു യുവതി. ആ കാറില്‍ പല സമയങ്ങളിലായി വന്നുകയറുന്ന അഞ്ചു സ്‌ത്രീകള്‍. കഥാപാത്രങ്ങളുടെ ക്ലോസപ്പ്‌ മാത്രമേ കാണിക്കുന്നുള്ളൂ. മുന്‍ സീറ്റിലിരിക്കുന്ന രണ്ട്‌ കഥാപാത്രങ്ങള്‍ തമ്മിലുള്ള സംഭാഷണങ്ങളിലൂടെയാണ്‌ കഥ മുന്നോട്ടു പോകുന്നത്‌. ടെഹ്‌റാന്‍ നഗരത്തിലൂടെയാണ്‌ കാര്‍ സഞ്ചരിക്കുന്നത്‌. പക്ഷേ, ഒരിക്കല്‍പ്പോലും കാറിന്‌ പുറത്തേക്ക്‌ ക്യാമറ കണ്ണയയ്‌ക്കുന്നില്ല. കാറിന്‌ പുറത്തെ ശബ്ദങ്ങള്‍ കേള്‍ക്കാം. പക്ഷേ, കാഴ്‌ചകളില്ല. നഷ്‌ടപ്പെടലിന്‍െറ വേദനയാണ്‌ `ടെന്നി'ലും കിരോസ്‌തമി ആവിഷ്‌കരിക്കുന്നത്‌.

Monday, August 30, 2010

ശരീരമെന്ന സമരായുധം

വടക്കന്‍ അയര്‍ലന്‍ഡില്‍ ബെല്‍ഫാസ്റ്റിലെ ജയിലില്‍ 66 ദിവസം ഉപവാസം അനുഷ്‌ഠിച്ച്‌ മരണം വരിച്ച ബോബി സാന്‍ഡ്‌സ്‌ എന്ന വിപ്ലവകാരിയുടെ കഥ പറയുന്ന 'ഹംഗര്‍' എന്ന ഐറിഷ്‌ സിനിമയെപ്പറ്റി

1981. വടക്കന്‍ അയര്‍ലന്‍ഡിലെ ബല്‍ഫാസ്റ്റിലുള്ള മാസെ ജയില്‍. സദാ ഇരുട്ടും നിശ്ശബ്ദതയും ഏകാന്തതയും കനത്തുനില്‌ക്കുന്ന തടവറ. അവിടെ, അവകാശങ്ങള്‍ക്കുവേണ്ടി തടവുകാരുടെ ശബ്ദമുയര്‍ന്നു. ആ ശബ്ദം ലോകമെങ്ങും അലയടിച്ചു. ബോബി സാന്‍ഡ്‌സ്‌ എന്ന ഇരുപത്തിയേഴുകാരനായിരുന്നു തടവുകാരുടെ നേതാവ്‌. രാഷ്‌ട്രീയത്തടവുകാര്‍ക്കുള്ള അവകാശങ്ങള്‍ക്കുവേണ്ടിയാണ്‌ പ്രതിഷേധസ്വരം ഉയര്‍ന്നത്‌. ബ്രീട്ടീഷ്‌ ഭരണകൂടം അതിനെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചു. ബോബി സാന്‍ഡ്‌സ്‌ ഗാന്ധിയന്‍ മാതൃകയില്‍ ഉപവാസസമരം തുടങ്ങി. 66-ാം ദിവസം ബോബിയെ മരണം കീഴ്‌പ്പെടുത്തി. ആ യുവധീരന്‍െറ ആത്മബലിയാണ്‌ `ഹംഗര്‍' എന്ന ഐറിഷ്‌ സിനിമയുടെ വിഷയം.


2008-ല്‍ ലോകത്തിറങ്ങിയ മികച്ച പത്തു സിനിമകളില്‍ ഒന്നായാണ്‌`ഹംഗര്‍' പരിഗണിക്കപ്പെടുന്നത്‌. ബ്രിട്ടീഷ്‌ നടന്‍ സ്റ്റീവ്‌മക്വീനാണ്‌ സംവിധായകന്‍. ഒട്ടേറെ അന്താരാഷ്‌ട്ര മേളകളില്‍ `ഹംഗര്‍' പ്രദര്‍ശിപ്പിച്ചിട്ടുണ്ട്‌. കാന്‍ ഫെസ്റ്റിവലില്‍ നവാഗത സംവിധായകനുള്ള `ക്യാമറ ഡി ഓര്‍' അവാര്‍ഡ്‌ ഈ ചിത്രത്തിനായിരുന്നു.

കവികൂടിയായ ബോബി സാന്‍ഡ്‌സ്‌ ഐറിഷ്‌ റിപ്പബ്ലിക്കന്‍ ആര്‍മിയുടെ സജീവ ഭടനായിരുന്നു. ഐക്യ അയര്‍ലന്‍ഡ്‌ ആയിരുന്നു ബോബിയുടെ സ്വപ്‌നം. ഐറിഷ്‌ സമരഭടന്മാരെ ബ്രിട്ടീഷ്‌ ഭരണകൂടം ക്രിമിനലുകളായാണ്‌ പരിഗണിച്ചിരുന്നത്‌. തങ്ങള്‍ക്കു നേരത്തേ അനുവദിച്ചിരുന്ന രാഷ്‌ട്രീയത്തടവുകാരുടെ പദവി തിരിച്ചുകിട്ടുകയായിരുന്നു ഐറിഷ്‌ ഭടന്മാരുടെ ലക്ഷ്യം.1981 മാര്‍ച്ച്‌ ഒന്നിനാണ്‌ ബോബി സാന്‍ഡ്‌സ്‌ നിരാഹാരം തുടങ്ങിയത്‌. മെയ്‌ അഞ്ചിന്‌ അദ്ദേഹം മരിച്ചു. സമരതീക്ഷ്‌ണമായ ഈ കാലയളവാണ്‌ സിനിമയില്‍ വരുന്നത്‌. (ബോബിയെ പിന്തുടര്‍ന്ന്‌ ഒന്‍പതു തടവുകാര്‍കൂടി ഉപവാസമനുഷ്‌ഠിച്ച്‌ മരണം വരിക്കുകയുണ്ടായി.)

ബല്‍ഫാസ്റ്റിലെ ബാര്‍ലിപ്പാടങ്ങളില്‍ ഓടിനടന്നിരുന്ന ബാല്യം. ക്രോസ്‌കണ്‍ട്രി മത്സരങ്ങളില്‍ ബോബി എന്നും ജേതാവായിരുന്നു. യുവത്വത്തില്‍ അവന്‍ ഐറിഷ്‌ റിപ്പബ്ലിക്കന്‍ ആര്‍മിയിലേക്ക്‌ ആകര്‍ഷിക്കപ്പെട്ടു. സമരരംഗത്ത്‌ ബോബി തീപ്പൊരിയായി. ആയുധം കൈവശംവെച്ചു എന്ന കുറ്റം ചുമത്തി ബോബിയെ 14 വര്‍ഷം തടവിനു ശിക്ഷിച്ചു. ആ ദീര്‍ഘദൂര ഓട്ടക്കാരന്‍ അങ്ങനെ മാസെ ജയിലിന്‍െറ ഇരുണ്ട നാലുചുമരുകള്‍ക്കുള്ളില്‍ ഒതുങ്ങിപ്പോയി.ഐറിഷ്‌ സേനാനികള്‍ പ്രത്യേകതരം സമരമുറയാണ്‌ ജയിലില്‍ സ്വീകരിച്ചത്‌. ജയില്‍പ്പുള്ളികളുടെ വസ്‌ത്രമണിയാന്‍ അവര്‍ കൂട്ടാക്കിയില്ല. സ്വന്തം വസ്‌ത്രം ധരിക്കണമെന്നതായിരുന്നു അവരുടെ ആവശ്യം. ഇതു നിരസിക്കപ്പെട്ടപ്പോള്‍ അവര്‍ വസ്‌ത്രം ഉപേക്ഷിച്ചു. പകരം ഒരു പുതപ്പു മാത്രം സ്വീകരിച്ച്‌ നഗ്‌നത മറച്ചു. മുടിവെട്ടാതെ, താടി വടിക്കാതെ, കുളിക്കാതെ അവര്‍ പ്രതിഷേധിച്ചു. സ്വന്തം ശരീരത്തിന്‍െറ ദുര്‍ഗന്ധം സഹിച്ച്‌ അനീതിക്കെതിരെ പൊരുതിനിന്നു. ജയിലിലെ അഴുക്കിന്‍െറ ലോകത്ത്‌ അവര്‍ ദേഹത്തെ ആത്മപീഡനത്തിനിരയാക്കി. ജയിലധികൃതര്‍ക്കുമുന്നില്‍ അവര്‍ വിവസ്‌ത്രരാക്കപ്പെട്ടു. വിശപ്പിനെ ആ ചെറുപ്പക്കാര്‍ സമരമാര്‍ഗമാക്കി. ശരീരത്തെ സമരായുധവുമാക്കി.


ജയിലിലെ നിഷ്‌ഠുരതയും മര്‍ദനമുറകളും കാണിച്ചുകൊണ്ടാണ്‌ 90 മിനിറ്റുള്ള സിനിമ തുടങ്ങുന്നത്‌. ആദ്യഘട്ടത്തില്‍ തടവുകാരെയും മര്‍ദകരായ ജയിലുദ്യോഗസ്ഥരെയുമാണ്‌ നമ്മള്‍ പരിചയപ്പെടുന്നത്‌. ഐറിഷ്‌ ഭടന്മാരെ ഭയമാണ്‌ ജയിലുദ്യോഗസ്ഥര്‍ക്ക്‌. ഏതു സമയത്തും ഒരു ബോംബോ വെടിയുണ്ടയോ തങ്ങളെ തേടിയെത്തുമെന്ന്‌ അവര്‍ ശങ്കിച്ചിരുന്നു. രണ്ടാംഘട്ടത്തില്‍ ക്യാമറ നീങ്ങുന്നത്‌ ബോബിയുടെ മനസ്സിലേക്കാണ്‌. ജയിലിലെ ഭീകരതയില്‍നിന്ന്‌ ഇതിവൃത്തം ബോബിയിലേക്ക്‌ കേന്ദ്രീകരിക്കപ്പെടുന്നു.

മൂന്നാമത്തെയും അവസാനത്തെയും ഘട്ടത്തില്‍ വീരപരിവേഷത്തോടെ ബോബി സിനിമയാകെ നിറഞ്ഞുനില്‍ക്കുകയാണ്‌. മരണത്തിലേക്കുള്ള ബോബിയുടെ ഓരോ നിമിഷവും ക്യാമറ രേഖപ്പെടുത്തുന്നു. ഞരക്കം മാത്രം അവശേഷിക്കുന്ന ദുര്‍ബലമായ ആ ശരീരം അമ്മയുടെ ചുംബനമേറ്റുവാങ്ങി നിശ്ചലമാകുന്നു. തീവ്രാനുഭവത്തിന്‍െറ തീച്ചൂളയിലൂടെയാണ്‌ സംവിധായകന്‍ നമ്മളെ കൊണ്ടുപോകുന്നത്‌.

ദീര്‍ഘമായ ഏതാനും ഒറ്റ ഷോട്ടുകളുണ്ട്‌ ഈ ചിത്രത്തില്‍. അതിലേറ്റവും പ്രധാനം 44-ാം മിനിറ്റില്‍ തുടങ്ങുന്ന ഷോട്ടാണ്‌. ബോബിയുടെ വ്യക്തിത്വം സംവിധായകന്‍ അനാവരണം ചെയ്യുന്നത്‌ ഈ ഷോട്ടിലാണ്‌. ബോബിയും നാട്ടുകാരന്‍കൂടിയായ കത്തോലിക്കാ പുരോഹിതനും തമ്മിലുള്ള മുഖാമുഖമാണ്‌ സന്ദര്‍ഭം. രണ്ടു ഷോട്ടുകളിലായുള്ള ഇവരുടെ സംഭാഷണം ഏതാണ്ട്‌ 21 മിനിറ്റ്‌ വരും. അതിലാദ്യത്തേത്‌ 17 മിനിറ്റ്‌ നീളുന്നു. ബോബിയുടെ ബാല്യം, കുടുംബ പശ്ചാത്തലം, വിപ്ലവ വീര്യം, രാഷ്ട്രീയ നിലപാടുകള്‍-എല്ലാം ഇവിടെ തെളിഞ്ഞുവരുന്നു.പതിനേഴ്‌ മിനിറ്റ്‌ നീണ്ട ഒറ്റ ഷോട്ട്‌ ലോക റെക്കോഡാണ്‌. ആള്‍ട്ട്‌മാന്‍ സംവിധാനം ചെയ്‌ത `ദ പ്ലെയര്‍' എന്ന സിനിമയുടെ റെക്കോഡാണ്‌ `ഹംഗര്‍' തിരുത്തിയത്‌. `ദ പ്ലെയറി'ല്‍ തുടക്കത്തിലെ രംഗം എട്ടു മിനിറ്റുള്ള ഒറ്റ ഷോട്ടിലാണ്‌ ചിത്രീകരിച്ചത്‌.

മൈക്കിള്‍ ഫാസ്‌ബിന്ദര്‍ എന്ന നടനാണ്‌ സാന്‍ഡ്‌സിനെ അനശ്വരനാക്കിയത്‌. നായകന്‍െറ ആത്മവിശ്വാസവും ക്ഷോഭവും വേദനയും നിരാശയുമൊക്കെ നിയന്ത്രിത ചലനങ്ങളിലൂടെ ഫാസ്‌ബിന്ദര്‍ നമുക്കു പകര്‍ന്നുതരുന്നു. കഥാപാത്രത്തിന്‍െറ ശരീരഘടനയുമായി പൊരുത്തപ്പെടാന്‍ രണ്ടുമാസം ഈ നടന്‍ ഉപവാസമനുഷ്‌ഠിച്ചു. 73 കിലോഗ്രാമുണ്ടായിരുന്ന തൂക്കം 57-ലേക്ക്‌ കൊണ്ടുവന്നു.

ബോബി സാന്‍ഡ്‌സിന്‍െറ ജീവിതം ആധാരമാക്കി മൂന്നു ചിത്രങ്ങള്‍ `ഹംഗറി'നു മുമ്പ്‌ പുറത്തുവന്നിട്ടുണ്ട്‌. സം മദേഴ്‌സ്‌ സണ്‍ (1996), എച്ച്‌ 3 (2001), ദ സൈലന്‍സ്‌ ഓഫ്‌ ദ സൈ്‌കലാര്‍ക്ക്‌ (2005) എന്നിവയാണീ ചിത്രങ്ങള്‍. ഇവയെ്‌ക്കാന്നിനും പക്ഷേ, ഹംഗറിന്‍െറ പ്രശസ്‌തി കിട്ടുകയുണ്ടായില്ല.

Wednesday, July 21, 2010

ജീവിതത്തിലേക്ക്‌ വീണ്ടും


മാരകരോഗത്തിനടിമയായ ആറുവയസ്സുകാരനായ മകനെ ദയാവധം നടത്തിയതിന്‌ തടവുശിക്ഷ അനുഭവിച്ച്‌ പുറത്തുവരുന്ന ഒരമ്മ വീണ്ടും ജീവിതത്തിലേക്ക്‌ തിരിച്ചു വരുന്നതിന്റെ കഥപറയുന്ന 'ഐ ഹാവ്‌ ലവ്‌ഡ്‌ യു സോ ലോങ്‌' എന്ന ഫ്രഞ്ച്‌ സിനിമയെക്കുറിച്ച്‌
ഫ്രഞ്ച്‌ നോവലിസ്റ്റും തിരക്കഥാകൃത്തുമായ ഫിലിപ്പ്‌ ക്ലോഡല്‍ ആദ്യമായി സംവിധാനം ചെയ്‌ത ഫീച്ചര്‍ ചിത്രമാണ്‌ 'ഐ ഹാവ്‌ ലവ്‌ഡു യു സോ ലോങ്‌'. 2008 ല്‍ ബര്‍ലിന്‍, ടൊറന്റോ ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിച്ച ചിത്രമാണിത്‌. മാരകരോഗത്തിനടിമയായ ആറു വയസ്സുകാരനായ മകനെ ദയാവധത്തിലൂടെ ദുരിതത്തില്‍നിന്നു മോചിപ്പിച്ച ഒരുവനിതാ ഡോക്ടറുടെ തീവ്രവേദനയാണിതില്‍ ആവിഷ്‌കരിക്കുന്നത്‌. ജയില്‍ ശിക്ഷയ്‌ക്കുശേഷം പുറത്തുവരുമ്പോള്‍ തിരസ്‌കൃതയാകുമെന്നവര്‍ ഭയന്നിരുന്നു. പക്ഷേ, ഇളയ സഹോദരിയും അവളുടെ കുടുംബവും പിന്നെ സമൂഹവും അവരെ തങ്ങളിലൊരാളായി പരിഗണിച്ച്‌ വീണ്ടും ജീവിതത്തിലേക്ക്‌ കൂട്ടിക്കൊണ്ടുപോവുകയാണ്‌. വിഷാദസാന്ദ്രമായ അന്തരീക്ഷത്തില്‍ നിന്ന്‌ പ്രസാദാത്മകതയിലേക്കാണ്‌ സിനിമയുടെ സഞ്ചാരം. 'സ്‌ത്രീ ശക്തി'യുടെ സിനിമയാണിതെന്ന്‌ സംവിധായകന്‍ പറയുന്നു. ദുരനുഭവങ്ങളെ അതിജീവിക്കാന്‍ കരുത്തു നേടുന്ന സ്‌ത്രീയെക്കുറിച്ചുള്ള സിനിമ.

നാല്‌പത്‌ വയസ്സ്‌ പിന്നിട്ട ജൂലിയറ്റ്‌ എന്ന ഡോക്ടറാണിതിലെ നായിക. 15 വര്‍ഷത്തെ തടവിന്‌ ശേഷം അവര്‍ വിമോചിതയാവുന്നു. വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്കുള്ള ലോഞ്ചില്‍ ആരെയോ പ്രതീക്ഷിച്ചിരിക്കുന്ന ജൂലിയറ്റിനെയാണ്‌ നമ്മളാദ്യം കാണുന്നത്‌. ലോഞ്ചില്‍ മറ്റാരുമില്ല. ജൂലിയറ്റിന്റെ ഒറ്റപ്പെടല്‍ ആദ്യത്തെ ഷോട്ടുകളില്‍ത്തന്നെ ദൃശ്യമാണ്‌. കുറച്ചുകഴിയുമ്പോള്‍ അവരുടെ അനിയത്തി ലിയ ഓടിക്കിതച്ചെത്തുന്നു. ഇവിടെ നിന്ന്‌ ജൂലിയറ്റിന്റെ കഥ തുടങ്ങുകയാണ്‌. കടുത്ത കുറ്റബോധത്തില്‍ നിന്ന്‌ പതുക്കെപ്പതുക്കെ സ്വതന്ത്രയാവുന്ന ജൂലിയറ്റിനെയാണ്‌ സംവിധായകന്‍ പിന്തുടരുന്നത്‌.

സര്‍വകലാശാലാ അധ്യാപികയായ ലിയ, ഭര്‍ത്താവ്‌ ലൂക്ക്‌, ദത്തെടുക്കപ്പെട്ട രണ്ട്‌ മക്കള്‍, ലൂക്കിന്റെ പിതാവ്‌, ലിയയുടെ സഹപ്രവര്‍ത്തകനായ മിഷേല്‍ എന്നിവരുമായുള്ള ഇടപെടലുകളിലൂടെയാണ്‌ ജൂലിയറ്റ്‌ നഷ്ടജീവിതം തിരിച്ചുപിടിക്കുന്നത്‌. അവസാനരംഗത്ത്‌, ഉള്ളിലെ കാര്‍മേഘങ്ങളെല്ലാം പെയെ്‌താഴിഞ്ഞ്‌ ജൂലിയറ്റ്‌ ആശ്വാസം കൊണ്ടിരിക്കുമ്പോഴാണ്‌ പ്രതീക്ഷയുടെ വിളിയുമായി മിഷേല്‍ എത്തുന്നത്‌. മിഷേലിന്റെ ശബ്ദം മാത്രമേ സംവിധായകന്‍ കേള്‍പ്പിക്കുന്നുള്ളൂ. 'ജൂലിയറ്റ്‌' എന്നയാള്‍ വിളിക്കുമ്പോള്‍ ജൂലിയറ്റിന്റെ മുഖം വിടരുന്നു. ''ഞാനിവിടെയുണ്ട്‌'' എന്ന മറുപടിയിലൂടെ ജീവിതത്തിലേക്ക്‌ വീണ്ടും പടര്‍ന്നുകയറാനുള്ള മോഹമാണവര്‍ പ്രകടമാക്കുന്നത്‌.

ഘട്ടംഘട്ടമായാണ്‌ ജൂലിയറ്റിന്റെ രഹസ്യം അനാവരണം ചെയ്യപ്പെടുന്നത്‌. അവരുടെ ദുഃഖത്തിന്റെയും ഒറ്റപ്പെടലിന്റെയും കാരണങ്ങള്‍ ആദ്യമൊന്നും വ്യക്തമാക്കുന്നില്ല. ''ഞാനൊരു ദീര്‍ഘയാത്രയിലായിരുന്നു'' എന്നാണ്‌ ജൂലിയറ്റ്‌ തന്റെ ജയില്‍വാസത്തെ വിശേഷിപ്പിക്കുന്നത്‌. ഇരുപതാം മിനിറ്റില്‍ പ്രത്യക്ഷപ്പെടുന്ന വെല്‍ഫെയര്‍ ഓഫീസറുടെ സംസാരത്തില്‍ നിന്നാണ്‌ അവര്‍ ജയിലായിരുന്നു എന്നു നമ്മള്‍ അറിയുന്നത്‌. അപ്പോഴും ചെയ്‌ത കുറ്റമെന്തെന്ന വിശദീകരണത്തിലേക്ക്‌ കടക്കുന്നില്ല. ലിയയുടെ വീട്ടില്‍ നടന്ന പാര്‍ട്ടിക്കിടെ ''ഞാന്‍ 15 കൊല്ലം ജയിലിലായിരുന്നു'' എന്ന്‌ ജൂലിയറ്റ്‌ പറഞ്ഞപ്പോള്‍ ലിയയുടെ സുഹൃത്തുക്കളാരും അത്‌ വിശ്വസിക്കുന്നില്ല. ഒരു ഫലിതമെന്നമട്ടില്‍ സദസ്സ്‌ അതു തള്ളുകയാണ്‌. കഥ മുന്നോട്ടുനീങ്ങവെ ജൂലിയറ്റ്‌ ആരാണെന്ന്‌ കുറേശ്ശെ മനസ്സിലായിത്തുടങ്ങുന്നു. അവരെ പൂര്‍ണമായും അറിയാനുള്ള വെമ്പലാണ്‌ പിന്നെ നമുക്ക്‌.


കടുത്ത ഏകാന്തതയില്‍ നിന്ന്‌ അനിയത്തിയുടെ വീട്ടിലെ ആഹ്ലാദാന്തരീക്ഷത്തിലെത്തിയപ്പോള്‍ ജൂലിയറ്റ്‌ അസ്വസ്ഥയായിരുന്നു. അനിയത്തിയുടെ കുടുംബവും സുഹൃത്തുക്കളും തന്നെ എങ്ങനെ സ്വീകരിക്കും എന്നതായിരുന്നു ജൂലിയറ്റിന്റെ ആശങ്ക. ജയിലില്‍ അവരെക്കാണാന്‍ ആരും ചെന്നിരുന്നില്ല. മാതാപിതാക്കളും ഭര്‍ത്താവും വിചാരണവേളയില്‍ത്തന്നെ ജൂലിയറ്റിനെ തള്ളിപ്പറഞ്ഞിരുന്നു. ലിയ ആകട്ടെ അന്ന്‌ കൊച്ചു കുഞ്ഞായിരുന്നു. വിചാരണവേളയില്‍ ജൂലിയറ്റ്‌ മൗനം പൂണ്ടു. ശിക്ഷ ഏറ്റുവാങ്ങാന്‍ സ്വയം പാകപ്പെടുകയായിരുന്നു അവര്‍. നീതിപീഠത്തോട്‌ അവര്‍ ദയയ്‌ക്കായി യാചിച്ചില്ല. പരമാവധി ശിക്ഷ കൊണ്ടേ തന്റെ പാപത്തിനു പരിഹാരമാകൂ എന്നവര്‍ വിശ്വസിച്ചു.

ജീവിതത്തിലേക്ക്‌ വീണ്ടും കടന്നുചെല്ലാന്‍ പ്രേരണ കിട്ടിയ നിമിഷങ്ങളെക്കുറിച്ച്‌ ജൂലിയറ്റ്‌ മിഷേലിനോട്‌ പറയുന്നുണ്ട്‌. ജയില്‍മോചനം അടുത്തസമയം. ഒരു യുവതി തന്നെ കാണാന്‍ വരുന്നു. അത്‌ ലിയ ആയിരുന്നു. വീണ്ടും വരാമെന്ന്‌ പറഞ്ഞാണ്‌ അവള്‍ പോയത്‌. അന്നുരാത്രി ജൂലിയറ്റ്‌ തന്റെ അനിയത്തി കൊച്ചുകുഞ്ഞായിരുന്ന നാളുകള്‍ ഓര്‍ത്തെടുത്തു. കുഞ്ഞിപ്പല്ലുകള്‍ കാട്ടിയുള്ള അവളുടെ ചിരി ജൂലിയറ്റിന്റെ ഓര്‍മകളില്‍ തിളങ്ങി. തടവറയുടെ ഇരുട്ടിലൂടെ ആ കുഞ്ഞിക്കൈകള്‍ നീണ്ടുവന്ന്‌ തന്റെ ഹൃദയത്തില്‍ തൊട്ടതായി അവര്‍ക്കനുഭവപ്പെടുന്നു.

ജൂലിയറ്റിനെ വര്‍ത്തമാനകാലത്തോട്‌ അടുപ്പിച്ചു നിര്‍ത്തിയാണ്‌ സംവിധായകന്‍ കഥ പറയുന്നത്‌. ഭൂതകാലം ഓര്‍ത്തെടുക്കാന്‍ ജൂലിയറ്റിന്‌ ഇഷ്ടമില്ല. അതുകൊണ്ടു ക്യാമറയുടെ സഞ്ചാരം എപ്പോഴും നടപ്പുകാലത്തിലൂടെയാണ്‌. ജൂലിയറ്റ്‌ മറക്കാനാഗ്രഹിക്കുന്ന ദൃശ്യങ്ങളൊന്നും സംവിധായകന്‍ കാണിക്കുന്നില്ല. ഫ്‌ളാഷ്‌ ബാക്ക്‌ പാടെ ഒഴിവാക്കിയിരിക്കുന്നു. തടവറയിലെ ഏകാന്തതയോ മകന്റെ കുസൃതികളോ അവന്റെ അന്ത്യനിമിഷങ്ങളോ ഒന്നും നമ്മള്‍ കാണുന്നില്ല. എല്ലാം നമ്മള്‍ അനുഭവിച്ചറിയുന്നത്‌ ജൂലിയറ്റിന്റെ ആര്‍ദ്രമായ വാക്കുകളിലൂടെയാണ്‌ (അവസാന ഭാഗത്ത്‌ മകന്റെ ഒരു ഫോട്ടോ മാത്രം കാണിക്കുന്നുണ്ട്‌).

മകന്‍ പിയറിയെ എല്ലാ വേദനകളില്‍ നിന്നും താന്‍ മോചിപ്പിച്ച നിമിഷങ്ങളെപ്പറ്റി ജൂലിയറ്റ്‌ പറയുന്നതിങ്ങനെ: ''ആ രാത്രി വലിയൊരു പാര്‍ട്ടി നടത്തി. അവനന്ന്‌ കഷ്ടിച്ച്‌ അനങ്ങാനേ കഴിഞ്ഞിരുന്നുള്ളൂ. ഞങ്ങള്‍ ഒരുമിച്ച്‌ പാട്ടുപാടി. പൊട്ടിച്ചിരിച്ചു. അവന്‌ ഏറ്റവും പ്രിയപ്പെട്ട കഥകളെല്ലാം ഞാന്‍ വായിച്ചുകൊടുത്തു. പിന്നെ, സാവകാശം കിടത്തി. ഞാനവനെ അതിയായി സ്‌നേഹിക്കുന്നുണ്ടെന്ന്‌ പറഞ്ഞു. ഒരു ഇഞ്ചക്ഷന്‍ കൊടുക്കാന്‍ പോവുകയാണെന്നും പറഞ്ഞു. നേരം വെളുക്കും വരെ ഞാനവന്റെ അരികില്‍ത്തന്നെ ഉണ്ടായിരുന്നു.'' ഇവിടെ ദൃശ്യങ്ങള്‍ അധികപ്പറ്റാണെന്ന്‌ നമുക്ക്‌ തോന്നും. അതാണ്‌ സംവിധായകന്റെ മിടുക്ക്‌.


110 മിനിറ്റ്‌ നീണ്ട ഈസിനിമയുടെ ശക്തി ജൂലിയറ്റ്‌ എന്ന കഥാപാത്രമാണ്‌. അവരുടെ മനസ്സിന്റെ ആഴങ്ങളിലേക്കാണ്‌ ക്യാമറ ഇറക്കിവെച്ചിരിക്കുന്നത്‌. എത്ര കഠിനവ്യഥയാണ്‌ അവര്‍ അനുഭവിച്ചതെന്ന്‌ ഓരോ ദൃശ്യഖണ്ഡവും സാക്ഷ്യപ്പെടുത്തുന്നു. അപാരമായ അഭിനയ സിദ്ധിയുണ്ടെങ്കിലേ ഈ കഥാപാത്രത്തെ വിജയിപ്പിക്കാനാവൂ. ഫ്രഞ്ച്‌ പൗരത്വമുള്ള ബ്രിട്ടീഷ്‌ നടി ക്രിസ്റ്റീന്‍ എ. സ്‌കോട്ട്‌ തോമസിനെയാണ്‌ ജൂലിയറ്റിന്റെ വേഷം സംവിധായകന്‍ ഏല്‌പിച്ചിരിക്കുന്നത്‌. അതവര്‍ ഭംഗിയായി നിര്‍വഹിച്ചിട്ടുണ്ട്‌. 'ബിറ്റര്‍ മൂണ്‍', 'ഫോര്‍ വെഡിങ്‌സ്‌ ആന്‍ഡ്‌ എ ഫ്യൂണറല്‍', 'ദ ഇംഗ്ലീഷ്‌ പേഷ്യന്റ്‌' എന്നീ ചിത്രങ്ങളിലെ അഭിനയത്തിന്‌ അംഗീകാരം നേടിയിട്ടുള്ള നടിയാണ്‌ ക്രിസ്റ്റീന്‍.

Friday, June 18, 2010

ജീവിതപാഠങ്ങള്‍

മിക്ക ഫ്രെയിമിലും മരണത്തിന്റെ സാന്നിധ്യമുള്ള സിനിമയാണ് 'ഡിപ്പാര്‍ച്ചേഴ്‌സ്' . യൊജീറോ തകിത സംവിധാനം ചെയ്ത ഈ ജാപ്പനീസ് സിനിമ മരണത്തിന്റെ തുടര്‍ച്ചയായ സാന്നിധ്യംകൊണ്ട് നമ്മളെ അലോസരപ്പെടുത്തുന്നില്ല. മറിച്ച്, ജീവിതത്തിന്റെ നിസ്സാരതയെക്കുറിച്ച് വീണ്ടും വീണ്ടും ഓര്‍മപ്പെടുത്തുകയാണ് ചെയ്യുന്നത്.
2009ല്‍ മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള ഓസ്‌കര്‍ അവാര്‍ഡ് നേടിയ ചിത്രമാണ് 'ഡിപ്പാര്‍ച്ചേഴ്‌സ്'. സംഗീതത്തിന്റെ ലോകത്തുനിന്ന് മൃതദേഹം അണിയിച്ചൊരുക്കുന്ന തൊഴിലിലേക്ക് എത്തിപ്പെട്ട ഒരു യുവാവിന്റെ ആത്മസംഘര്‍ഷങ്ങളാണ് ഇതിന്റെ പ്രമേയം. ഒട്ടേറെ അന്താരാഷ്ട്ര മേളകളില്‍ അവാര്‍ഡുകള്‍ നേടിയിട്ടുണ്ട് ഈ സിനിമ.
ജപ്പാനില്‍ ശവസംസ്‌കാരവുമായി ബന്ധപ്പെട്ട ഒരു ചടങ്ങാണ് 'നൊകാന്‍ഷി'. ശവസംസ്‌കാരത്തിനായി മൃതദേഹം ഒരുക്കല്‍/ മൃതദേഹ ശുശ്രൂഷ എന്നൊക്കെ ഇതിനെ വിശേഷിപ്പിക്കാം. ദുഃഖാര്‍ത്തരായ ബന്ധുക്കളുടെ മുന്നില്‍ വെച്ചാണ് ഈ കര്‍മം നിര്‍വഹിക്കുന്നത്. മുഖവും കൈകാലുകളുമൊഴികെ മൃതദേഹത്തിന്റെ മറ്റു ഭാഗങ്ങളൊന്നും പുറത്തുകാണിക്കാതെ വളരെ ശ്രദ്ധയോടും കരുണയോടും ആദരവോടും കൂടി ചെയ്യേണ്ടതാണ് ഈ കര്‍മം. മുട്ടുകുത്തിനിന്നുവേണം ഇത് ചെയ്യാന്‍. ആദ്യം ഒരു തുണികൊണ്ട് മൂടി ശരീരത്തിലെ വസ്ത്രങ്ങള്‍ പതുക്കെ ഊരിയെടുക്കുന്നു. അതിനുശേഷം നനഞ്ഞ തുണികൊണ്ട് ദേഹമാകെ തുടയ്ക്കുന്നു. തുടര്‍ന്ന് മേക്കപ്പിട്ട് പുതുവസ്ത്രം ധരിപ്പിക്കുന്നു. പൂക്കള്‍ വിതറിയ ശവപ്പെട്ടിയില്‍ കിടത്തുമ്പോള്‍ മരിച്ചവരൊക്കെ സുന്ദരികളും സുന്ദരന്മാരുമായി മാറിയിട്ടുണ്ടാകും.
ടോക്കിയോവിലെ പ്രശസ്ത ഓര്‍ക്കസ്ട്രയില്‍ അംഗമായിരുന്ന ദീഗോ കൊബയാഷി എന്ന മുപ്പത്താറുകാരനാണ് 'ഡിപ്പാര്‍ച്ചേഴ്‌സി'ലെ നായകന്‍. ചെല്ലോ (വയലിന്‍ പോലുള്ള തന്ത്രിവാദ്യം) വാദകനാണ് ദീഗോ. കുഞ്ഞുന്നാളില്‍ അച്ഛനാണ് അവന് സംഗീതത്തിന്റെ വഴി കാണിച്ചുകൊടുത്തത്. അവന് ആറു വയസ്സുള്ളപ്പോള്‍ അച്ഛന്‍ ഉപേക്ഷിച്ചുപോയതാണ്. തങ്ങളുടെ കഫേയിലെ വിളമ്പുകാരിയുമൊത്താണ് അച്ഛന്‍ സ്ഥലംവിട്ടതെന്നു കേട്ടപ്പോള്‍ മുതല്‍ തുടങ്ങിയതാണ് അവന് അച്ഛനോടുള്ള വെറുപ്പ്. അമ്മയാണവനെ കഷ്ടപ്പെട്ടു വളര്‍ത്തുന്നത്. രണ്ടുവര്‍ഷം മുമ്പ് അമ്മ മരിച്ചു. വേണ്ടത്ര പരിപാടികള്‍ കിട്ടാത്തതിനാല്‍ പെട്ടെന്നൊരു ദിവസം ഉടമ ഓര്‍ക്കസ്ട്ര പിരിച്ചുവിടുന്നു. വെബ്ഡിസൈനറായ ഭാര്യയുമൊത്ത് ദീഗോ നാട്ടിന്‍പുറത്തെ തന്റെ വീട്ടിലേക്ക് മടങ്ങുന്നു. സംഗീതവും അമ്മയുടെയും അച്ഛന്റെയും ഓര്‍മകളും നിറഞ്ഞുനില്ക്കുന്ന വീട് അവനെ പലപ്പോഴും കുട്ടിക്കാലത്തേക്ക് കൈപിടിച്ചുകൊണ്ടുപോകുന്നു.

ഇതിനിടെ, പത്രത്തില്‍ വന്ന ഒരു പരസ്യം അവന്റെ ശ്രദ്ധയില്‍ പെടുന്നു. ഉയര്‍ന്ന ശമ്പളം, പ്രായപരിധിയില്ല, കുറഞ്ഞ സമയത്തെ ജോലി, മുന്‍പരിചയം ആവശ്യമില്ല എന്നൊക്കെ വിശേഷിപ്പിച്ചുകൊണ്ടുള്ള പരസ്യം. 'യാത്രകളില്‍ സഹായിക്കുന്ന ജോലി' എന്ന് പരസ്യത്തിലുണ്ടായിരുന്നു. ഏതോ ടൂര്‍ ഗൈഡിന്റെ ഒഴിവാണെന്നാണ് ദീഗോ കരുതിയത്. ഇന്റര്‍വ്യൂവിനു ചെന്നപ്പോഴാണ് അന്ത്യയാത്രയെ സഹായിക്കലാണ് തന്റെ ജോലി എന്നവനു മനസ്സിലാകുന്നത്. സ്ഥാപന ഉടമ സസാക്കിക്ക് അവനെ നന്നേ ബോധിച്ചു. 'പറ്റില്ല എന്നു തോന്നുമ്പോള്‍ ഉപേക്ഷിച്ചോളൂ' എന്ന ഉപദേശത്തോടെ ബോസ് അവനെ സഹായിയായി നിയമിക്കുന്നു. ജോലിയുടെ സ്വഭാവം ദീഗോ ഭാര്യയില്‍നിന്ന്മറച്ചുപിടിച്ചു. ജോലി ഉപേക്ഷിക്കാന്‍ അവന്‍ ആഗ്രഹിക്കുന്നുണ്ട്. പക്ഷേ, കിട്ടുന്ന ഉയര്‍ന്ന വരുമാനം അവനെ പ്രലോഭിപ്പിക്കുന്നു. ബോസിന്റെ ഫോണ്‍വിളികള്‍ അവന് നിരസിക്കാനാവുന്നില്ല. ക്രമേണ, അവന്‍ തന്റെ ജോലിയുടെ മഹത്ത്വം തിരിച്ചറിഞ്ഞുതുടങ്ങുന്നു. ജോലിയുടെ രഹസ്യം മനസ്സിലാക്കിയ ഭാര്യ പിണങ്ങിപ്പോയിട്ടും ദീഗോ തന്റെ കര്‍മത്തില്‍ നിന്ന് പിന്മാറുന്നില്ല. ഏറ്റവുമൊടുവില്‍ അച്ഛന്റെ മൃതദേഹം ഒരുക്കുമ്പോള്‍ അവന്‍ ജീവിതം സഫലമായതിന്റെ ആഹ്ലാദത്തിലാണ്.
ആറ് വീടുകളിലെ ശവസംസ്‌കാരച്ചടങ്ങുകളുടെ വിശദമായ കാഴ്ചകളിലൂടെയാണ് സിനിമയുടെ ഇതിവൃത്തം വികസിക്കുന്നത്. ഓരോ മരണവും ദീഗോവിന് നല്‍കുന്നത് ഓരോ പുതിയ ജീവിതപാഠമാണ്. സ്നേഹത്തിന്റെ, വൈരാഗ്യത്തിന്റെ, പശ്ചാത്താപത്തിന്റെ, തിരിച്ചറിയലിന്റെ പാഠങ്ങള്‍. ഓരോ മരണവും അവനെ ജീവിതത്തിലേക്ക് കൂടുതല്‍ അടുപ്പിക്കുകയാണ്. മരിച്ചവരോടൊപ്പം മറുലോകത്തേക്ക് താനും അനുയാത്ര ചെയ്യുകയാണെന്ന് അവനു തോന്നുന്നു. ഈ ലോകത്തിന്റെ സകല ക്ലേശങ്ങളില്‍ നിന്നും വേദനകളില്‍ നിന്നും മോഹങ്ങളില്‍ നിന്നും താനവരെ വിമുക്തരാക്കുകയാണ്. മനുഷ്യബന്ധങ്ങളുടെ ശക്തിയോടൊപ്പം സ്വപ്‌നങ്ങളുടെ നിരര്‍ഥകതയും അവനു ബോധ്യപ്പെടുന്നു.

നായകനായ ദീഗോയേക്കാള്‍ നമ്മളെ കൂടുതല്‍ ആകര്‍ഷിക്കുന്ന കഥാപാത്രം സസാക്കി എന്ന ബോസാണ്. ഒരനുഷ്ഠാനംപോലെയാണ് അയാള്‍ക്ക് തന്റെ തൊഴില്‍. സൗമ്യവും ശാന്തവുമായ മുഖം. മുട്ടുകുത്തിനിന്ന് മൃതദേഹത്തെ വന്ദിച്ച ശേഷമേ അയാള്‍ തന്റെ കര്‍മത്തിലേക്ക് കടക്കൂ. കരുണയോടെയാണ് അയാളുടെ ഓരോ സമീപനവും. രണ്ടാഴ്ച പഴക്കമുള്ള മൃതദേഹത്തിനു മുന്നില്‍പ്പോലും അയാളുടെ മുഖം ചുളിയില്ല. ദീഗോയിലെ നന്മയെ ആദ്യനോട്ടത്തില്‍ത്തന്നെ ബോസ് തിരിച്ചറിയുന്നു. ഒമ്പത് വര്‍ഷം മുമ്പാണ് ബോസ് ഈ തൊഴിലിലേക്ക് കടക്കുന്നത്. ആദ്യത്തെ ക്ലയന്റ് അയാളുടെ ഭാര്യതന്നെയായിരുന്നു. അവളെ അണിയിച്ചൊരുക്കി സുന്ദരിയാക്കിയിട്ടാണ് ശ്മശാനത്തിലേക്ക് അയച്ചത്. ഒരു മരണവീട്ടില്‍ ബോസിന്റെ കരവിരുതിനെ ശ്ലാഘിക്കുന്ന ഗൃഹനാഥനെ നമുക്ക് കാണാം. അയാളുടെ ഭാര്യയാണ് മരിച്ചത്. എത്താന്‍ വൈകിയതിന് ആദ്യം അയാള്‍ ബോസിനെ വഴക്കുപറയുന്നുണ്ട്. ചടങ്ങുകഴിഞ്ഞപ്പോള്‍ പക്ഷേ, അയാള്‍ക്ക് അത്ഭുതമായി. ഭാര്യയെ ഇത്ര സുന്ദരിയായി താന്‍ ഇതുവരെ കണ്ടിട്ടില്ലെന്ന് അയാള്‍ പറയുന്നു. പിതൃ-പുത്രബന്ധത്തിലെ കയറ്റിറക്കങ്ങളെ ഹൃദയസ്പര്‍ശിയായി കാണിച്ചുകൊണ്ടാണ് രണ്ടു മണിക്കൂര്‍ നീണ്ട സിനിമ അവസാനിക്കുന്നത്.

ഒരു ദിവസം ദീഗോയുടെ അമ്മയുടെ പേരില്‍ ടെലഗ്രാം വരുന്നു: 'നിങ്ങളുടെ ഭര്‍ത്താവ് മരിച്ചു. വന്ന് മൃതദേഹം ഏറ്റുവാങ്ങുക'. അവന് അച്ഛനെ കാണാന്‍ തീരെ ആഗ്രഹമില്ലായിരുന്നു. ഭാര്യയും ബോസും സഹപ്രവര്‍ത്തകയും നിര്‍ബന്ധിച്ചിട്ടാണ് അവന്‍ പോകാന്‍ തീരുമാനിക്കുന്നത്. ശാന്തനായ മനുഷ്യന്‍ ഒറ്റയ്ക്കായിരുന്നു താമസം എന്ന് അച്ഛന്റെ അയല്‍ക്കാരന്‍ പറഞ്ഞപ്പോള്‍ ദീഗോ അച്ഛനെ കുറേശ്ശെ മനസ്സിലാക്കാന്‍ തുടങ്ങുകയായിരുന്നു. 70 വയസ്സ് പിന്നിട്ട അച്ഛന്‍ എല്ലാ അഹങ്കാരങ്ങളും നഷ്ടപ്പെട്ടവനെപ്പോലെ നിശ്ചലനായി കിടക്കുന്നു. തൊട്ടരികെയുള്ള ഒരു കാര്‍ഡ്‌ബോര്‍ഡ് പെട്ടിയിലൊതുങ്ങുന്നു അദ്ദേഹത്തിന്റെ എല്ലാ സമ്പാദ്യവും. തുണിമാറ്റി അവന്‍ അച്ഛന്റെ മുഖത്തേക്ക് നോക്കി. അച്ഛനെ തിരിച്ചറിയാനാവുന്നില്ല. മൃതദേഹത്തെ ഒരുക്കാനായി വന്നവരുടെ തിടുക്കവും മര്യാദയില്ലാത്ത പെരുമാറ്റവും അവനെ അസ്വസ്ഥനാക്കുന്നു. അച്ഛനെ ഒരുക്കുന്ന കര്‍മം അവന്‍തന്നെ ഏറ്റെടുക്കുകയാണ്. മിനുസമുള്ള ഒരു ചെറിയ കല്ല് അച്ഛന്‍ വലതുകൈയില്‍ മുറുകെപ്പിടിച്ചിരുന്നു. അവന്‍ കുട്ടിയായിരുന്നപ്പോള്‍ അച്ഛന് സമ്മാനിച്ചതായിരുന്നു ആ കല്ല്. ഷേവ് ചെയ്തപ്പോള്‍ അച്ഛന്റെ മുഖം തെളിഞ്ഞുവന്നു. കുട്ടിക്കാലത്ത് താന്‍ കണ്ട, സ്നേഹം നിറഞ്ഞ മുഖം. 'അച്ഛാ' എന്ന് വിളിച്ച് അവന്‍ കരയുമ്പോള്‍ അലിഞ്ഞുപോയത് 30 വര്‍ഷത്തെ വെറുപ്പും വൈരാഗ്യവുമാണ്.
'മരണം ഒരു പ്രവേശനകവാടമാണ്. അത് അവസാനമല്ല. ഇഹലോകത്തുനിന്ന് മറ്റൊരു ലോകത്തേക്കുള്ള യാത്രയിലെ പ്രവേശനകവാടം മാത്രമാണ് മരണം'-ശ്മശാനം ജീവനക്കാരനായ വൃദ്ധന്റെ ഈ വിശ്വാസധാരയിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്.

Sunday, May 16, 2010

സ്വപ്‌നാടകര്‍

തെക്കന്‍ കൊറിയന്‍ സംവിധായകനായ കിം കി ഡുക്കിന്റെ ചലച്ചിത്രജീവിതം തുടങ്ങിയത് 1996 ലാണ്. ആദ്യം സംവിധാനം ചെയ്ത ചിത്രം 'ക്രൊക്കഡയില്‍'. 14 വര്‍ഷങ്ങള്‍ക്കിടയില്‍ 15 ചിത്രങ്ങള്‍ കിം സംവിധാനം ചെയ്തു. എല്ലാം അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ശ്രദ്ധിക്കപ്പെട്ടു. പല ചിത്രങ്ങളും പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്.
''നാം ജീവിക്കുന്ന ലോകം യഥാര്‍ഥമാണോ സ്വപ്‌നമാണോ എന്നു തിരിച്ചറിയുക പ്രയാസം'' എന്നെഴുതിക്കാണിച്ചാണ് കിമ്മിന്റെ പതിനൊന്നാമത്ത സിനിമയായ '3 അയേണ്‍' അവസാനിക്കുന്നത്. യാഥാര്‍ഥ്യവും സ്വപ്‌നവും ഇടകലര്‍ന്നതാണ് കിമ്മിന്റെ മിക്ക സിനിമകളും. തിരിച്ചറിയാനാകാത്തവിധം ഈ രണ്ടുലോകവും കിം ചിത്രങ്ങളില്‍ സജീവമാണ്. തന്‍േറതായൊരു ലോകം സൃഷ്ടിച്ച് അവിടെ കുറേ കഥാപാത്രങ്ങളെ പ്രതിഷ്ഠിക്കുകയാണദ്ദേഹം. ചില ചിത്രങ്ങളില്‍ പ്രധാന കഥാപാത്രങ്ങള്‍ സംസാരിക്കുകപോലുമില്ല (ദ റിയല്‍ ഫിക്ഷന്‍, ദ ബോ, 3 അയേണ്‍, ബ്രത്ത് തുടങ്ങിയ ചിത്രങ്ങളോര്‍ക്കുക). വാക്കുകളില്ലാതെ ദൃശ്യഖണ്ഡങ്ങളിലൂടെ കഥാപാത്രങ്ങളുടെ വികാര, വിചാരങ്ങള്‍ പ്രേക്ഷകനിലെത്തിക്കുന്ന ഒരു മൂകഭാഷതന്നെ കിം സൃഷ്ടിച്ചിട്ടുണ്ട്. കഥയുടെ ഒഴുക്കിനെയോ നമ്മുടെ ആസ്വാദനത്തെയോ ഈ മൗനം തടസ്സപ്പെടുത്താറില്ല.
നേടുന്നവരോടല്ല, നഷ്ടപ്പെടുന്നവരോടാണ് കിമ്മിന് പ്രിയം. സ്നേഹബന്ധത്തിലും ദാമ്പത്യത്തിലും സൗഹൃദത്തിലുമൊക്കെ നഷ്ടപ്പെടുന്നവരുടെ കഥകളാണ് അദ്ദേഹം വീണ്ടും വീണ്ടും പറയുന്നത്. കാമുകന് തന്റെ മുഖം മടുത്തിട്ടുണ്ടാവുമോയെന്ന സംശയത്തില്‍ പ്ലാസ്റ്റിക് സര്‍ജറി നടത്തി രൂപമാറ്റംവരുത്തുന്ന യുവതിയെവരെ (ടൈം) കിം നമുക്ക് കാണിച്ചു തന്നിട്ടുണ്ട്. ഇഷ്ടപ്പെട്ടവരെ സ്വന്തമാക്കി വെക്കാനുള്ള വെമ്പലാണ് കിമ്മിന്റെ കഥാപാത്രങ്ങള്‍ക്ക്.
കിമ്മിന്റെ ഏറ്റവും പുതിയ ചിത്രമായ 'ഡ്രീം' ഇതിവൃത്തംകൊണ്ട് ശ്രദ്ധേയമാവുന്നു. 2008ന്റെ ഒടുവിലിറങ്ങിയ 'ഡ്രീം' ഇക്കഴിഞ്ഞ ഗോവ, തിരുവനന്തപുരം മേളകളില്‍ കാണിച്ചിട്ടുണ്ട്. ഒരാള്‍ കാണുന്ന സ്വപ്‌നം അയാളുമായി ഒരു ബന്ധവുമില്ലാത്ത മറ്റൊരാളുടെ ജീവിതത്തില്‍ യാഥാര്‍ഥ്യമാകുന്നു. ഇതാണ് പുതിയ ചിത്രത്തിന്റെ വിഷയം.
നാല് കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചാണ് 'ഡ്രീ'മിന്റെ കഥ കിം ഡുക്ക് പറയുന്നത്. ദുഃസ്വപ്‌നങ്ങള്‍ കാണുന്ന ജിന്‍ എന്ന ശില്പിയാണ് മുഖ്യ കഥാപാത്രം. ഈ യുവാവിന്റെ സ്വപ്‌നങ്ങളെല്ലാം ഫലിക്കുന്നത് ലി റാന്‍ എന്ന യുവതിയുടെ ജീവിതത്തിലാണ്. ഫാഷന്‍ ഡിസൈനറായ ലി റാന്‍ നിദ്രാടനക്കാരിയാണ്. താന്‍ ചെയ്യുന്നതൊന്നും അവള്‍ അറിയുന്നില്ല. ശില്പിയുടെ മുന്‍ കാമുകിയും അവളുടെ ഇപ്പോഴത്തെ കാമുകനുമാണ് പ്രധാനപ്പെട്ട മറ്റു കഥാപാത്രങ്ങള്‍. രണ്ടോ മൂന്നോ പോലീസുദ്യോഗസ്ഥരും സ്വപ്‌നവിശകലനത്തില്‍ വിദഗ്ധയായ ഒരു ഡോക്ടറും കൂടിയുണ്ട് ഈ ചിത്രത്തില്‍.
ഇരുട്ടില്‍ വെളിച്ചത്തിന്റെ വര്‍ണപ്പൊട്ടുകള്‍ കാണിച്ചുകൊണ്ടാണ് 90 മിനിറ്റുള്ള സിനിമ തുടങ്ങുന്നത്. ജിന്‍ സ്വപ്‌നം കാണുകയാണ്. ഒരു കാറപകടം. ഉറക്കം ഞെട്ടിയുണര്‍ന്ന അവന്‍ സ്വപ്‌നത്തില്‍കാറപകടം നടന്ന സ്ഥലത്തെത്തുന്നു. അത്ഭുതം. സ്വപ്‌നത്തില്‍ കണ്ടതുപോലുള്ള അപകടം അവിടെ നടന്നിട്ട് നിമിഷങ്ങളെ ആയിട്ടുള്ളൂ. അപകടം വരുത്തിയ കാറോടിച്ചത് ലീ റാന്‍ ആണ്. നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞ ചിത്രംനോക്കി പോലീസ് അവളെ അറസ്റ്റുചെയ്യുന്നു. പക്ഷേ, അവള്‍ കുറ്റം നിഷേധിച്ചു. താന്‍ ആ സമയം വീട്ടില്‍ ഉറങ്ങുകയായിരുന്നുവെന്നാണ് അവളുടെ വാദം. ജിന്നിന് കുറ്റബോധം തോന്നുന്നു. താനാണ് യഥാര്‍ഥ കുറ്റവാളിയെന്ന് അവന്‍ പോലീസിനോടു പറയുന്നു. ''സ്വപ്‌നംവേറെ, യാഥാര്‍ഥ്യം വേറെ'' എന്നു പറഞ്ഞ് പോലീസ് അവനെ വിരട്ടുന്നു.
ജിന്നിനും ലീറാനും ഒരേസമയത്താണ് അസുഖലക്ഷണങ്ങള്‍ കണ്ടുതുടങ്ങിത്. ജിന്‍ സ്വപ്‌നം കാണുന്നു. ലീ റാന്റെ ജീവിതത്തില്‍ അത് യാഥാര്‍ഥ്യമായിത്തീരുന്നു. സ്വപ്‌നങ്ങളില്‍ ജിന്‍ തേടുന്നത് തന്റെ പഴയ കാമുകിയെയാണെന്ന് ഡോക്ടര്‍ വ്യാഖ്യാനിക്കുന്നു. തന്നെ ഉപേക്ഷിച്ചിട്ടും അവനവളെ മറക്കാനാവുന്നില്ല. താനുപേക്ഷിച്ച കാമുകന്റെ മുഖമാണ് ലീ റാന്‍ സ്വപ്‌നത്തില്‍ത്തേടുന്നത്. അവള്‍ക്ക് പക്ഷേ, അവനോട് ഒട്ടും സ്നേഹമില്ല. ജിന്നും ലീയും ഒന്നാണെന്നും എന്തുകൊണ്ട് ഇരുവര്‍ക്കും സ്നേഹിച്ചുകൂടായെന്നും ഡോക്ടര്‍ ചോദിക്കുമ്പോള്‍ കഥ നിര്‍ണായക ഘട്ടത്തിലേക്ക് നീങ്ങുന്നു.
രണ്ടുപേരും ഒരേസമയത്ത് ഉറങ്ങുകയാണെങ്കിലേ സ്വപ്‌നം കാണലും യാഥാര്‍ഥ്യമാകലും സംഭവിക്കൂവെന്ന് ജിന്നും ലീറാനും മനസ്സിലാക്കുന്നു. ഒരേസമയം ഉറങ്ങുന്നത് ഒഴിവാക്കാനാണ് പിന്നെ അവരുടെ ശ്രമം. ഒരാള്‍ ഉറങ്ങുമ്പോള്‍ മറ്റൊരാള്‍ ഉണര്‍ന്നിരിക്കും. എത്ര ശ്രമിച്ചിട്ടും അവര്‍ക്ക് നിദ്രയെ മറികടക്കാനാവുന്നില്ല. കാമുകനെ കൊന്ന കുറ്റത്തിന് ലീറാന്‍ ജയിലിലാവുന്നു. പിന്നെ നമ്മള്‍ കാണുന്നത് ലീറാന്റെയും ജിന്നിന്റെയും ആത്മഹത്യയാണ്. അതിനുമുമ്പ് അവനോടുള്ള പ്രണയം പ്രഖ്യാപിക്കുന്നുണ്ടവള്‍. പുനര്‍ജനിയുടെയോ പ്രതീക്ഷയുടെയോ പ്രതീകമായ ഒരു പൂമ്പാറ്റയുടെയും പരസ്പരംകോര്‍ത്ത രണ്ട് കൈകളുടെയും ദൃശ്യത്തിലാണ് സിനിമ അവസാനിക്കുന്നത്.
പതിവുപോലെ, പ്രേക്ഷകന്റെ വ്യാഖ്യാനത്തിനു വിട്ടുകൊടുത്താണ് കിം സിനിമ അവസാനിപ്പിക്കുന്നത്. തന്റെ സിനിമകളില്‍ കൃത്യമായ ഒരവസാനം ഉണ്ടാകാറില്ലെന്ന് കിം തന്നെ പറഞ്ഞിട്ടുണ്ട്. സിനിമ പൂര്‍ത്തിയാകുന്നത് പ്രേക്ഷകന്റെ മനസ്സിലാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.
പുതുമയുള്ള കഥാസന്ദര്‍ഭങ്ങള്‍, വിചിത്ര ചിന്താഗതിക്കാരായ കഥാപാത്രങ്ങള്‍, മനസ്സിന്റെ സങ്കീര്‍ണ തലങ്ങളിലൂടെയുള്ള യാത്ര, ആത്മപീഡനത്തിന്റെ ഭയജനകമായ കാഴ്ചകള്‍, ബുദ്ധദര്‍ശനത്തോടുള്ള ആഭിമുഖ്യം (ചിത്രത്തിന്റെ അവസാനഭാഗത്ത് , കനത്ത ഇരുട്ടിന്റെ പശ്ചാത്തലത്തില്‍ പ്രകാശത്തില്‍ തിളങ്ങിനില്‍ക്കുന്ന ബുദ്ധപ്രതിമ മൂന്നുതവണ കാണിക്കുന്നുണ്ട് കിം) എന്നിങ്ങനെ കിം ചിത്രങ്ങളുടെ എല്ലാ പ്രത്യേകതകളും 'ഡ്രീ'മിലുണ്ട്. എങ്കിലും കിമ്മിന്റെ സിനിമകളെ ആരാധനയോടെ കാണുന്നവരെ പൂര്‍ണമായി തൃപ്തിപ്പെടുത്താന്‍ 'ഡ്രീ'മിനു കഴിയുന്നില്ല. മുന്നോട്ടുപോകാനാവാതെ വിചിത്രമായ സ്വപ്‌നദൃശ്യങ്ങള്‍ക്കുചുറ്റും കറങ്ങുകയാണ് ഇതിവൃത്തം.

Tuesday, April 27, 2010

മരണവ്യാപാരികള്‍

ആഫ്രിക്കന്‍ രാജ്യമായ ലൈബീരിയ. 1990 മുതല്‍ 2003 വരെ ആഭ്യന്തര യുദ്ധത്തില്‍ ഞെരിഞ്ഞമര്‍ന്ന രാജ്യം. രണ്ടരലക്ഷം പേരാണ് ആ യുദ്ധത്തില്‍ മരിച്ചത്. അവിടത്തെ സംഘര്‍ഷത്തിന്റെ അന്ത്യനാളുകളെ പശ്ചാത്തലമാക്കി പ്രശസ്ത ഫ്രഞ്ച് തിരക്കഥാകൃത്തും സിനിമാട്ടോഗ്രാഫറുമായ ഴാങ് സ്റ്റെഫാന്‍ സോവെയര്‍ സംവിധാനം ചെയ്ത സിനിമയാണ് 'ജോണി മാഡ് ഡോഗ്'.
ഴാങ്ങിന്റെ ആദ്യത്തെ ഫീച്ചര്‍ സിനിമയാണിത്. 2008ലെ കാന്‍ ചലച്ചിത്രമേളയില്‍ ''പ്രൈസ് ഓഫ് ഹോപ്‌സ്' അവാര്‍ഡ് ഈ ചിത്രത്തിനായിരുന്നു. ഡ്യൂവില്ലെ, സ്റ്റോക്ക് ഹോം, ഇസ്താംബൂള്‍ മേളകളിലുംശ്രദ്ധിക്കപ്പെട്ടതാണീ ചിത്രം. കോംഗോക്കാരനായ ഇമാനുവല്‍ ഡോംഗള എന്ന എഴുത്തുകാരന്റെ നോവലാണ് ഈ സിനിമയ്ക്ക് അവലംബം. ലൈബീരിയയിലെ ആഭ്യന്തര യുദ്ധത്തില്‍ പങ്കെടുത്ത കുട്ടിപ്പട്ടാളക്കാരെ കേന്ദ്രീകരിച്ചാണ് ഇതിന്റെ ഇതിവൃത്തം. മുന്‍ പ്രസിഡന്റ് ചാള്‍സ് ടെയ്‌ലറാണ് ലൈബീരിയയില്‍ കുട്ടിപ്പട്ടാളത്തെ സൃഷ്ടിച്ചത്. ഇയാളെ അധികാര ഭ്രഷ്ടനാക്കാന്‍ പൊരുതിയ കലാപകാരികളും ഇതേ മാര്‍ഗം പിന്തുടര്‍ന്ന് കുട്ടിപ്പട്ടാളത്തെ ഒരുക്കി. 11നും 15നുമിടക്ക് പ്രായമുള്ള കൗമാരക്കാരാണിതിലെ അംഗങ്ങള്‍. മദ്യത്തിനും മയക്കുമരുന്നിനും ലൈംഗിക അരാജകത്വത്തിനും അടിമകളായിരുന്നു ഈ കുട്ടികള്‍. ''പിന്മാറ്റമില്ല, കീഴടങ്ങലില്ല, അച്ഛനില്ല, അമ്മയില്ല, പോരാട്ടം മാത്രം''- ഈയൊരാവേശം സിരകളില്‍ കുത്തിവെച്ചാണ് കുട്ടിപ്പട്ടാളത്തെ സംഘര്‍ഷ ഭൂമിയിലേക്ക് വിടുന്നത്. അധികാരത്തെയും വംശീയമേല്‍ക്കോയ്മയെയും കുറിച്ചുള്ള വ്യാജബോധങ്ങളില്‍ അവര്‍ അഭിരമിച്ചു. ഉന്മത്തരായ മുതിര്‍ന്ന സൈനികര്‍ ചെയ്തുകൂട്ടുന്ന എല്ലാ അതിക്രമങ്ങളും ഈ കുട്ടിപ്പട്ടാളക്കാരും ചെയ്യുന്നു. കൊള്ളയും കൊലയും ബലാത്സംഗവും ഒരു മനസ്സാക്ഷിക്കുത്തുമില്ലാതെയാണവര്‍ ചെയ്യുന്നത്. കൗമാരക്കാരായ പെണ്‍കുട്ടികളെ അവര്‍ ലൈംഗിക അടിമകളാക്കി സൈന്യത്തോടൊപ്പം നിലനിര്‍ത്തി. 14 വര്‍ഷത്തെ ആഭ്യന്തര യുദ്ധത്തില്‍ കലാപകാരികളും ഗവണ്‍മെന്റ് സേനയും ഒരുപോലെ നിഷ്ഠുരതകളില്‍ രസം കണ്ടെത്തി. എതിര്‍ഗോത്രത്തെ സംഭീതരാക്കാനും നശിപ്പിക്കാനും ഇരുകൂട്ടരും ബലാത്സംഗത്തെ പ്രധാന ആയുധമാക്കി.


തിരക്കഥയെഴുത്തു മുതല്‍ ചിത്രീകരണം വരെ അഞ്ചു കൊല്ലമെടുത്തു ഈ സിനിമ പൂര്‍ത്തിയാക്കാന്‍. ലൈബീരിയയിലാണ് കഥ നടക്കുന്നത് എന്ന്‌സംവിധായകന്‍ വ്യക്തമാക്കുന്നില്ല. ഏതോ ആഫ്രിക്കന്‍ രാജ്യം എന്ന സൂചനയേയുള്ളൂ.90 മിനിറ്റുള്ള ഈ സിനിമയില്‍ നമ്മളൊരിക്കലും കാണാനാഗ്രഹിക്കാത്ത കാഴ്ചകളാണ് ക്യാമറക്കണ്ണിലൂടെ തെളിയുന്നത്. സിനിമ ആഹ്ലാദിപ്പിക്കാനുള്ളതല്ലെന്ന് സംവിധായകന്‍ വിശ്വസിക്കുന്നു. കുട്ടികളുടെ കണ്ണിലൂടെ വിനാശകരമായ യുദ്ധത്തെ കാണാനുള്ള ശ്രമമാണ് അദ്ദേഹം നടത്തുന്നത്. രസിക്കാത്ത സത്യങ്ങളാണ് അദ്ദേഹം പകര്‍ത്തുന്നത്.ലൈബീരിയയിലെ കുട്ടിപ്പട്ടാളത്തിലുണ്ടായിരുന്ന 15 കൗമാരക്കാരാണ് ഈ സിനിമയില്‍ അഭിനയിച്ചത്. പതിനഞ്ചുകാനായ ജോണി മാഡ്‌ഡോഗാണ് നായക കഥാപാത്രം. പത്താംവയസ്സില്‍ സൈന്യത്തില്‍ ചേര്‍ന്നതാണവന്‍. കണ്ണീരും ചോരയും കണ്ടാല്‍ മനസ്സിളകാത്തവന്‍. എന്ത് അതിക്രമവും അവനും സംഘവും കാണിക്കും. മുതിര്‍ന്ന കലാപകാരികളുടെ ലൈസന്‍സുണ്ടവര്‍ക്ക്.തന്റെ മുന്നില്‍ നിസ്സഹായതയോടെ നില്ക്കുന്ന ഇരയെ നിസ്സംഗനായി ആപാദചൂഡം നിരീക്ഷിക്കുന്ന ജോണിയുടെ ക്ലോസപ്പില്‍നിന്നാണ് സിനിമയുടെ തുടക്കം. അവന്റെ നേതൃത്വത്തില്‍ കുട്ടിപ്പട്ടാളം ഒരു വീടാക്രമിക്കുകയാണ്. തങ്ങളേക്കാള്‍ വലിയ യന്ത്രത്തോക്കുകളാണവരുടെ കൈയില്‍. വൃദ്ധരോടുപോലും അവര്‍ ദാക്ഷിണ്യം കാണിക്കുന്നില്ല. ഒരു പയ്യനെ പിടിച്ച് കൈയില്‍ തോക്കുകൊടുത്ത് അച്ഛനെ വെടിവെച്ചുകൊല്ലാന്‍ അവര്‍ ആക്രോശിക്കുന്നു.

പിതൃഹത്യയ്ക്കുശേഷം ആ പയ്യനെ തങ്ങളുടെ സംഘത്തില്‍ ചേര്‍ത്ത് വിജയലഹരിയില്‍ അവര്‍ നീങ്ങുന്നു. മരണവ്യാപാരികളാണവര്‍. ജീവനുവേണ്ടി യാചിക്കുന്നവരെ അവര്‍ കൊല്ലും. ഓരോ മരണവും ആ നികൃഷ്ടര്‍ക്ക് ആഘോഷമാണ്.നഗരത്തിലേക്ക് നീങ്ങിയ കുട്ടിസൈനികര്‍ ടെലിവിഷന്‍ കേന്ദ്രത്തില്‍ ഇരച്ചുകയറുന്നു. കണ്ണില്‍ക്കണ്ടവരെയൊക്കെ കൊല്ലുന്നു. വനിതാ ന്യൂസ് റീഡറെ പരസ്യമായി മാനഭംഗപ്പെടുത്തുന്നു. 'ജനങ്ങളെ കൊല്ലാന്‍ നടക്കുന്ന കലാപകാരികള്‍' എന്ന് വാര്‍ത്തയില്‍ വിശേഷിപ്പിച്ചതിനാണ് ആ യുവതി ക്രൂരശിക്ഷ ഏറ്റുവാങ്ങുന്നത്. അമ്പത് പിന്നിട്ട ഒരധ്യാപികയെയും ഭര്‍ത്താവിനെയും വിവസ്ത്രരാക്കിയശേഷം ശാരീരിക ബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിക്കുന്നു.ആഭ്യന്തരയുദ്ധം അന്ത്യത്തോടടുക്കുന്നു. ഇപ്പോള്‍ തലസ്ഥാന നഗരം കലാപകാരികളുടെ പിടിയിലാണ്. പുതിയ ഭരണകൂടം നിലവില്‍ വന്നു. എങ്ങും തകര്‍ച്ചയുടെ, മരണത്തിന്റെ ചിത്രങ്ങള്‍.

എല്ലാം മറന്നുപൊരുതിയ കുട്ടിപ്പടയാളികള്‍ വിജയലഹരി കെട്ടടങ്ങിയപ്പോള്‍ ഞെട്ടിക്കുന്ന യാഥാര്‍ഥ്യങ്ങളിലേക്ക് എടുത്തെറിയപ്പെടുന്നു. വിജയത്തിന്റെ അവകാശികള്‍ മറ്റാരോ ആണ്. വാഗ്ദാനം ചെയ്തിരുന്ന പണമോ സഹായമോ കുട്ടിപ്പട്ടാളക്കാര്‍ക്ക് കിട്ടുന്നില്ല. സമൂഹത്തിലും കുടുംബത്തിലും നിന്ന് അവര്‍ നിഷ്‌കാസിതരാകുന്നു. അധികാരപ്പോരാട്ടത്തില്‍ തങ്ങളും ഇരകളായിത്തീര്‍ന്നു എന്നവര്‍ നിരാശയോടെ തിരിച്ചറിയുന്നു.രണ്ട് വ്യത്യസ്ത കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചാണ് സിനിമയുടെ പ്രമേയം വികസിക്കുന്നത്. ഒരാള്‍ വേട്ടക്കാരനെ പ്രതിനിധാനം ചെയ്യുന്നു. മറ്റൊരാള്‍ ഇരയെയും. ജോണി എന്ന പേപിടിച്ച കൗമാരപ്രായക്കാരനാണ് വേട്ടക്കാരന്റെ ഭീകര രൂപമായി നില്‍ക്കുന്നത്. അടിക്കടി ദുരന്തങ്ങള്‍ വന്നുപെടുമ്പോഴും പ്രത്യാശയോടെ ജീവിതത്തിലേക്ക് നോക്കുന്ന ഒരു പതിമ്മൂന്നുകാരിയാണ് ഇരയെ പ്രതിനിധാനം ചെയ്യുന്നത്. വികലാംഗനായ അച്ഛനെയും അനിയനെയും സംരക്ഷിക്കുകയും കുടുംബത്തിന്റെ ഭാരം ചുമക്കുകയും ചെയ്യുന്നവളാണീ പെണ്‍കുട്ടി. പോരാട്ടവും അതിജീവനവും മരണവും ജനനവുമൊക്കെ കാണുന്നു അവള്‍. യുദ്ധത്തിന്റെ സാക്ഷിയാണവള്‍. അച്ഛന്‍ വെടിയേറ്റു മരിച്ചിട്ടും അനിയനെ കാണാതായിട്ടും ജീവിക്കാന്‍ ശ്രമിക്കുകയാണാപെണ്‍കുട്ടി. യുദ്ധം അനാഥയാക്കിയ ഒരു കൊച്ചു പെണ്‍കുട്ടിക്ക് അവള്‍ അഭയം നല്കുന്നു. പിങ്ക് ഷമ്മീസും ജീന്‍സും ധരിച്ച അവളെ എല്ലായിടത്തും നമുക്ക് തിരിച്ചറിയാം. മൃതപ്രായനായ അച്ഛനെ കൈവണ്ടിയിലിരുത്തി അവള്‍ ആസ്പത്രിയിലേക്ക് കൊണ്ടുപോകുന്നത് ചീറിപ്പായുന്ന വെടിയുണ്ടകള്‍ക്ക് നടുവിലൂടെയാണ്. ജോണിയുടെ കുത്സിത മോഹങ്ങള്‍ക്ക് വഴങ്ങുന്നില്ല ഈ പെണ്‍കുട്ടി. അവനെ തോക്കുകൊണ്ട് ഇടിച്ചുവീഴ്ത്താന്‍ അവള്‍ ധൈര്യം കാട്ടുന്നു. തോക്കുയര്‍ത്തിപ്പിടിച്ച്, കണ്ണീരൊലിപ്പിച്ചുനില്‍ക്കുന്ന പെണ്‍കുട്ടിയുടെ ദൃശ്യത്തിലാണ് സിനിമ അവസാനിക്കുന്നത്.

'സിറ്റി ഓഫ്‌ഗോഡ്', 'സിറ്റിഓഫ് മെന്‍', 'എലൈറ്റ് സ്‌ക്വാഡ്' എന്നീ സിനിമകള്‍ ജോണിമാഡ് ഡോഗി'ന്റെ സംവിധായകനെ സ്വാധീനിച്ചിട്ടുണ്ടെന്നു തീര്‍ച്ച. സിനിമയുടെ ലാവണ്യ സങ്കല്പങ്ങളോട് കലഹിച്ച ഈ ബ്രസീലിയന്‍ ചിത്രങ്ങളില്‍ ചേരികളില്‍ പൊട്ടിവിരിഞ്ഞ് അസ്തമിക്കുന്ന അധോലോക സംഘങ്ങളുടെ കുടിപ്പകയാണ് ചിത്രീകരിക്കുന്നത്. ക്രൂര ചിന്തകളും ചെയ്തികളുമാണ് ഈ ചിത്രങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നത്.