Thursday, February 24, 2011

കറുത്ത വൃത്തങ്ങള്‍

ഭരണകൂടത്തെ വിമര്‍ശിച്ചതിന്‌ ജയിലിലടയ്‌ക്കപ്പെട്ട സംവിധായകനാണ്‌ ജാഫര്‍ പനാഹി. അദ്ദേഹത്തിന്റെ 'ദി സര്‍ക്കിള്‍', 'ഓഫ്‌സൈഡ്‌' എന്നീ സിനിമകളെക്കുറിച്ച്‌

കാതലുള്ള ധിക്കാരിയാണ്‌ ജാഫര്‍ പനാഹി. ഇറാന്‍ ഭരണകൂടവും മതപുരോഹിതരും ഈ സംവിധായകനെ ഭയപ്പെടുന്നത്‌ അതുകൊണ്ടുതന്നെ. സാമൂഹിക അസമത്വങ്ങളെയും കാലഹരണപ്പെട്ട നീതിശാസ്‌ത്രങ്ങളെയും അദ്ദേഹം എതിര്‍ക്കുന്നു. നിരാലംബരായ കുട്ടികളെയും സ്‌ത്രീകളെയും ഓര്‍ത്ത്‌ വേവലാതിപ്പെടുന്നു. വ്യവസ്‌ഥിതിയോടുള്ള എതിര്‍പ്പ്‌ ശക്തമായിത്തന്നെ തന്റെ സിനിമകളില്‍ അദ്ദേഹം രേഖപ്പെടുത്തുന്നു. . സിനിമ സമൂഹമനസ്സിലുണ്ടാക്കുന്ന സ്വാധീനത്തെ അധികാര, പുരോഹിതവര്‍ഗം തടയാന്‍ ശ്രമിക്കുന്നത്‌ സ്വാഭാവികം. സിനിമയിലും പുറത്തും പ്രകടിപ്പിച്ച അഭിപ്രായങ്ങളുടെ പേരില്‍ അവര്‍ പനാഹിക്ക്‌്‌ ഒരുക്കിക്കൊടുത്തത്‌ തടവറയാണ്‌. സിനിമയെടുക്കുന്നതില്‍നിന്ന്‌ 20 വര്‍ഷത്തേക്ക്‌ വിലക്കും ഏര്‍പ്പെടുത്തി. 11 വര്‍ഷത്തിനിടയില്‍ അഞ്ച്‌ സിനിമകളാണ്‌ പനാഹി സംവിധാനം ചെയ്‌തത്‌. പ്രശസ്‌തനായ അബ്ബാസ്‌ കിരോസ്‌തമിയുടെ സഹായിയായാണ്‌ ജാഫര്‍ പനാഹി സിനിമാരംഗത്തേക്ക്‌ കടന്നത്‌.

ആദ്യം സംവിധാനം ചെയ്‌ത `വൈറ്റ്‌ ബലൂണ്‍' (white balloon) 1995-ല്‍ ഇറങ്ങി. അക്കൊല്ലത്തെ കാന്‍ മേളയില്‍ ബഹുമതി നേടിയിട്ടുണ്ട്‌ ഈ ചിത്രം. ഏതുകാലത്തും നിലനില്‍ക്കുന്ന മികച്ച 50 കുടുംബചിത്രങ്ങളിലൊന്നാണ്‌ `വൈറ്റ്‌ ബലൂണ്‍' എന്ന്‌ `ഗാര്‍ഡിയന്‍' വിശേഷിപ്പിച്ചിട്ടുണ്ട്‌. കിരോസ്‌തമിയുടേതാണ്‌ ഈ ചിത്രത്തിന്റെ തിരക്കഥ. റസിയ എന്ന ഏഴു വയസ്സുകാരിയിലൂടെ വലിയൊരു ലോകത്തെ കാണാനുള്ള ശ്രമമായിരുന്നു ഈ ചിത്രം. രണ്ടാമത്തേത്‌ `ദ മിറര്‍'(The Mirror). 1997-ല്‍ ഇറങ്ങിയ ഈ സിനിമയില്‍ മിന എന്ന പെണ്‍കുട്ടിയാണ്‌ പ്രധാന കഥാപാത്രം. അതുവരെ കുട്ടികളിലൂടെ മുതിര്‍ന്നവരുടെ ലോകം കാണിച്ചുതന്ന പനാഹി `ദ സര്‍ക്കിള്‍'(The Circle) എന്ന ചിത്രത്തില്‍ നിലപാട്‌ മാറ്റുന്നു. 2000-ല്‍ ഇറങ്ങിയ ഈ ചിത്രത്തില്‍ ഏതാനും യുവതികളെയാണ്‌ മുഖ്യകഥാപാത്രങ്ങളാക്കിയത്‌. മൂന്നു വര്‍ഷത്തിനുശേഷം സംവിധാനം ചെയ്‌ത `ക്രിംസണ്‍ ഗോള്‍ഡി'(Crimson Gold)ല്‍ സകലരുടെയും പരിഹാസവും നിന്ദയും ഏറ്റുവാങ്ങേ ണ്ടി വരുന്ന പിസ്സ വില്‌പനക്കാരനായ ഹുസൈന്റെ കഥപറയുന്നു അദ്ദേഹം. ഏറ്റവുമൊടുവില്‍ , വീണ്ടും പനാഹി സ്‌ത്രീപ്രശ്‌നവുമായി എത്തി- ചിത്രം `ഓഫ്‌ സൈഡ്‌' (Offside). ദ സര്‍ക്കിള്‍, ക്രിംസണ്‍ ഗോള്‍ഡ്‌, ഓഫ്‌സൈഡ്‌ എന്നീ ചിത്രങ്ങള്‍ ഇറാനില്‍ നിരോധിച്ചവയാണ്‌. ലോകത്തെങ്ങുമുള്ള പ്രധാനചലച്ചിത്രമേളകളില്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കുകവഴി വലിയൊരു ആസ്വാദകസമൂഹത്തെ സ്വന്തമാക്കിയിട്ടുണ്ട്‌ പനാഹി.


പനാഹിയെ ലോകത്തിലെ എണ്ണപ്പെട്ട സംവിധായകരിലൊരാളായി ഉയര്‍ത്തിയത്‌ `ദ സര്‍ക്കിളാ'ണ്‌. പ്രത്യക്ഷത്തില്‍, ഇറാനിലെ സ്‌ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചാണീ സിനിമ എന്നു തോന്നും. എന്നാല്‍, പനാഹി അത്‌ സമ്മതിച്ചുതരില്ല. ലോകമെങ്ങുമുള്ള സ്‌ത്രീസമൂഹത്തെയാണ്‌ താനിതില്‍ കാണിച്ചത്‌ എന്നാണദ്ദേഹം പറയുക. ആരോടെങ്കിലും പൊരുതാനോ ആരെയെങ്കിലും വെല്ലുവിളിക്കാനോ അല്ല താന്‍ സിനിമയെടുക്കുന്നത്‌ എന്ന്‌ പറയുന്നു പനാഹി. സാമൂഹികപ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടുകയാണ്‌ താന്‍. അത്‌ ഭരണകൂടത്തെയും സമൂഹത്തെയും അറിയിക്കുകയാണ്‌. കൂടുതല്‍ ആഴത്തില്‍ ചിന്തിപ്പിക്കാന്‍ അവരെ പ്രേരിപ്പിക്കുകയാണ്‌.മനുഷ്യാവസ്ഥകളെ കാവ്യാത്മകമായി, കലാപരമായി വ്യാഖ്യാനിക്കാനാണ്‌ തന്റെ ശ്രമമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
സ്‌ത്രീയാതനയുടെ കറുത്ത വൃത്തങ്ങളാണ്‌ പനാഹി `ദ സര്‍ക്കിളി'ല്‍ വരയ്‌ക്കുന്നത്‌. ഓരോരുത്തരും വലിയ വൃത്തത്തിനകത്താണ്‌. അവിടെനിന്ന്‌ പുറത്തുകടക്കാന്‍ അവര്‍ നിരന്തരം ഓടുകയാണ്‌. പക്ഷേ, സാധിക്കുന്നില്ല. സ്‌ക്രീനിലെ ഇരുട്ടില്‍ ഒരു നവജാതശിശുവിന്റെ കരച്ചിലിലാണ്‌ സിനിമ തുടങ്ങുന്നത്‌. ജയിലിനകത്തെ ആസ്‌പത്രിയിലാണ്‌ പ്രസവം നടന്നത്‌. അതൊരു പെണ്‍കുഞ്ഞാണെന്ന വെളിപ്പെടുത്തലോടെ വെളിച്ചത്തിന്റെ ഒരു ചതുരം നമുക്കു മുന്നില്‍ തുറക്കുന്നു. പക്ഷേ, അവിടം മുതല്‍ സിനിമയുടെ സഞ്ചാരം ഇരുട്ടിലൂടെയാണ്‌. ജനിച്ചത്‌ പെണ്‍കുട്ടിയാണ്‌. ആര്‍ക്കും വേണ്ടാത്തവളായി മാറുന്നു അവള്‍. അള്‍ട്രാസൗണ്ട്‌ സ്‌കാനിങ്ങില്‍ ആണ്‍കുട്ടിയാണെന്നാണല്ലോ കണ്ടത്‌ എന്നു പറഞ്ഞ്‌ പ്രസവിച്ച സ്‌ത്രീയുടെ അമ്മ ദുഃഖിക്കുന്നു. ആണ്‍കുഞ്ഞല്ലാത്തതിനാല്‍ തന്റെ മകളെ ഭര്‍ത്താവ്‌ ഉപേക്ഷിക്കുമെന്നവര്‍ ഭയപ്പെടുന്നു.
പനാഹി പിന്നീട്‌ നമ്മുടെ മുന്നിലേക്ക്‌ കൊണ്ടുവരുന്നത്‌ അന്ന്‌ ജയില്‍മോചിതരായ മൂന്നു യുവതികളെയാണ്‌. അവര്‍ എന്തിന്‌ ശിക്ഷിക്കപ്പെട്ടു എന്ന്‌ പനാഹി പറയുന്നില്ല. എങ്കിലും ഭരണകൂടത്തിനെതിരായിരുന്നു അവരുടെ പ്രവര്‍ത്തനം എന്ന്‌ നമുക്കൂഹിക്കാം.
തിരക്കുള്ള നഗരത്തിലാണവര്‍ നില്‍ക്കുന്നത്‌. അതിലൊരുത്തിയെ പോലീസ്‌ വീണ്ടും അറസ്റ്റ്‌ ചെയ്യുന്നു. മറ്റുള്ളവരും ഏതുനിമിഷവും അറസ്റ്റിലാവാം. അതുകൊണ്ട്‌ അവര്‍ അവിടം വിടുന്നു. അതിലൊരുത്തി പാരി എന്ന യുവതിയെ അന്വേഷിച്ച്‌ പോകുന്നു. പാരിയും അന്ന്‌ തടവറയില്‍നിന്ന്‌ മോചിതയായതാണ്‌.തുടക്കത്തില്‍ കഥാപാത്രങ്ങളെല്ലാം ആരെയോ അന്വേഷിച്ചുനടക്കുന്നവരാണ്‌. ഇതിലാരെയെങ്കിലും കണ്ടെത്തുമ്പോള്‍ അവിടന്നങ്ങോട്ട്‌ പുതിയ കഥാപാത്രമാണ്‌ ഇതിവൃത്തം മുന്നോട്ടു കൊണ്ടുപോകുന്നത്‌.













ജീവിതത്തിലെ സന്ദിഗ്‌ധഘട്ടങ്ങളില്‍ പകച്ചുനില്‍ക്കുന്ന കുറേപ്പേരെ കാണിച്ച്‌ സ്‌ത്രീസമൂഹത്തെ മുന്നിലേക്ക്‌ നീക്കിനിര്‍ത്തുകയാണ്‌ ജാഫര്‍ പനാഹി. മകള്‍ക്ക്‌ പെണ്‍കുഞ്ഞ്‌ പിറന്നതില്‍ വേവലാതിപ്പെടുന്ന ഒരമ്മ, ജയിലില്‍ തൂക്കിലേറ്റപ്പെട്ട കാമുകന്‍ സമ്മാനിച്ച ഗര്‍ഭം അലസിപ്പിക്കാന്‍ കൂട്ടുകാരിയുടെ സഹായം തേടിപ്പോകുന്ന പാരി എന്ന യുവതി,ഭര്‍ത്താവില്‍നിന്ന്‌ തന്റെ ഭൂതകാലം മറച്ചുവെക്കാനായി സുഹൃത്തിനെ സഹായിക്കാന്‍ മടിക്കുന്ന സ്‌ത്രീ, മകളെ മൂന്നാം തവണയും തെരുവിലുപേക്ഷിക്കാന്‍ ശ്രമിക്കുന്ന നിസ്സഹായയായ ഒരമ്മ, തെരുവില്‍ ആരെയോ പ്രതീക്ഷിച്ചുനില്‍ക്കുന്ന അഭിസാരിക എന്നിവരാണ്‌ പ്രധാന കഥാപാത്രങ്ങള്‍. ആസ്‌പത്രിയിലെ ഇരുട്ടില്‍ തുടങ്ങുന്ന സിനിമ തടവുമുറിയിലെ ഇരുട്ടില്‍ അവസാനിക്കുന്നു.നമ്മള്‍കണ്ട മിക്ക സ്‌ത്രീകളും ആ തടവുമുറിയിലുണ്ട്‌. സ്‌ത്രീമോചന സാധ്യതയുടെ വാതില്‍ അടയുകയാണെന്ന്‌ പനാഹി സൂചിപ്പിക്കുകയാണിവിടെ. ഒരു ഫുട്‌ബോള്‍ മത്സരത്തിന്റെ പശ്ചാത്തലത്തില്‍ സ്‌ത്രീവിരുദ്ധ കാഴ്‌ചപ്പാടിനെ വിമര്‍ശിക്കുന്ന ചിത്രമാണ്‌ `ഓഫ്‌സൈഡ്‌'. 2006- ലെ ലോകകപ്പ്‌ ഫുട്‌ബോള്‍ ക്വാളിഫൈയിങ്‌ മത്സരം ഇറാനില്‍ നടക്കുന്നു. ഇറാനും ബഹ്‌റൈനും തമ്മിലാണ്‌ കളി. ഇറാനില്‍ സ്‌ത്രീകള്‍ക്ക്‌ പുരുഷന്മാരോടൊപ്പം സ്റ്റേഡിയത്തിലിരുന്ന്‌ കളി കാണാന്‍ വിലക്കുണ്ട്‌ .ഈ വിലക്ക്‌്‌ ലംഘിച്ച്‌ കളി കാണാന്‍ പുറപ്പെടുന്ന ആറ്‌ പെണ്‍കുട്ടികളാണ്‌ `ഓഫ്‌സൈഡി'ലെ കഥാപാത്രങ്ങള്‍. തിരിച്ചറിയാതിരിക്കാന്‍ അവര്‍ ആണ്‍കുട്ടികളുടെ വേഷമാണ്‌ ധരിക്കുന്നത്‌. ബസ്‌യാത്രയ്‌ക്കിടെ തിരിച്ചറിഞ്ഞിട്ടും ആണ്‍കുട്ടികളൊന്നും ഇവരുടെ ആഗ്രഹത്തിന്‌ തടസ്സം നില്‍ക്കുന്നില്ല. പക്ഷേ, സ്റ്റേഡിയത്തില്‍ കാവല്‍ നില്‍ക്കുന്ന സൈനികര്‍ക്ക്‌ അതാവില്ല. അവര്‍ പെണ്‍കുട്ടികളെ പിടികൂടി പുറത്തിരുത്തുന്നു. സ്റ്റേഡിയം സ്‌ത്രീകള്‍ക്കുള്ളതല്ലെന്നാണ്‌ സൈനികരുടെ വാദം. `അപ്പോള്‍ തിയേറ്ററില്‍ ഒരുമിച്ചിരിക്കുന്നതോ' എന്ന്‌ പെണ്‍കുട്ടികള്‍ തിരിച്ചുചോദിക്കുന്നുണ്ട്‌.(സ്‌ത്രീവിരുദ്ധരോട്‌ ചോദിക്കാനുള്ളതെല്ലാം പെണ്‍കുട്ടികളെക്കൊണ്ട്‌ ചോദിപ്പിക്കുകയാണ്‌ പനാഹി).ഒരു സൈനികന്‍ കളി കണ്ട്‌ പെണ്‍കുട്ടികള്‍ക്ക്‌ പറഞ്ഞുകൊടുക്കുന്നു. അതില്‍ തൃപ്‌തിയടയാന്‍ ശ്രമിക്കുകയാണവര്‍.എങ്കിലും ഇടക്കിടെ ആവേശം മൂക്കുമ്പോള്‍ സൈനികരോട്‌ കയര്‍ക്കുന്നുണ്ട്‌ പെണ്‍കുട്ടികള്‍.സൈനികബസ്സില്‍ എല്ലാവരെയും കൊണ്ടുപോകവേ ഇറാന്‍ മത്സരം ജയിച്ചെന്ന വിവരം കിട്ടുന്നു. ടെഹ്‌റാന്‍ നഗരമാകെ ആഹ്ലാദത്തിമിര്‍പ്പിലാണപ്പോള്‍. അവരോടൊപ്പം സൈനികരും പെണ്‍കുട്ടികളും പങ്കുചേരുന്നു.

`ദ സര്‍ക്കിള്‍' പോലെ ഗൗരവമുള്ള സിനിമയല്ല `ഓഫ്‌സൈഡ്‌'. ഫുട്‌ബോള്‍ മത്സരം സ്‌ത്രീകള്‍ക്ക്‌ കണ്ടാലെന്താ എന്ന ഒറ്റ വിഷയത്തിലാണ്‌ പ്രമേയത്തിന്റെ ഊന്നല്‍. ഒരു ഡോക്യുമെന്ററിയുടെ സ്വഭാവമാണീ ചിത്രത്തിനുള്ളത്‌. അഭിനേതാക്കള്‍ ഇതില്‍ കുറവാണ്‌. ഫുട്‌ബാള്‍ മത്സരത്തില്‍നിന്ന്‌ ഒറ്റ ഷോട്ട്‌ പോലും കാണിക്കുന്നില്ല പനാഹി. പക്ഷേ, വാശിയേറിയ കളിയുടെ പിരിമുറുക്കം നമ്മളനുഭവിക്കുന്നുണ്ട്‌.
തന്റെ സിനിമകളിലൊന്നും ദുഷ്‌ടകഥാപാത്രങ്ങളില്ലെന്നാണ്‌ പനാഹിയുടെ പക്ഷം. എല്ലാ മനുഷ്യരും നല്ലവരാണെന്ന്‌ അദ്ദേഹം വിശ്വസിക്കുന്നു.(`ദ സര്‍ക്കിളി'ല്‍ മകളെ ഉപേക്ഷിക്കുന്ന അമ്മ പോലും ദുഷ്‌ടകഥാപാത്രമല്ല. മകളെ ദയയുള്ള എതെങ്കിലും കുടുംബത്തിലെത്തിക്കുകയായിരുന്നു ദരിദ്രയായ ആ അമ്മയുടെ ആഗ്രഹം.മകള്‍ക്കെന്തു സംഭവിക്കുന്നു എന്ന്‌ മറഞ്ഞിരുന്ന്‌ ശ്രദ്ധിക്കുന്നുണ്ടവര്‍.).പക്ഷേ, ആര്‍ദ്രഹൃദയനായ പനാഹി ഒടുവില്‍ എത്തിപ്പെട്ടതെവിടെ?

Tuesday, January 4, 2011

വിദര്‍ഭയുടെ വിലാപം

കര്‍ഷകരുടെ ആത്മഹത്യകളാല്‍ ശ്രദ്ധനേടിയ വിദര്‍ഭയുടെ തീരാവ്യഥയാണ്
'ഗബ്‌രീച്ച പൗസ്' എന്ന മറാത്തി സിനിമ പറയുന്നത്


'ഞാന്‍ വ്യത്യസ്തനാണ്. അതുപോലെത്തന്നെയാണ് എന്റെ ജീവിതവും. എന്റെ മരണം കാലംതെറ്റിയെത്തുന്ന മഴപോലെയാകും''-'ഗബ്‌രീച്ച പൗസ് ' (നശിച്ച മഴ) എന്ന മറാത്തി സിനിമയുടെ തുടക്കത്തിലുള്ള കവിതയിലെ വരികളാണിത്. ആ സിനിമയിലെ കഠിനമായ ജീവിതയാഥാര്‍ഥ്യങ്ങളിലേക്ക് നമ്മളെ കൂട്ടിക്കൊണ്ടുപോവുകയാണീ കവിത. വിദര്‍ഭയിലെ ഏതോ കര്‍ഷകന്റേതാണീ വിലാപം. തന്റെ മരണത്തെ 'വിഡ്ഢിത്തം' എന്നു ലോകം വിശേഷിപ്പിക്കുമല്ലോ എന്ന ഖേദം മാത്രമാണ് അയാള്‍ക്കുണ്ടായിരുന്നത്.

ഉഴുതുമറിച്ച പാടത്ത് വിത്തിനോടൊപ്പം കര്‍ഷകന്‍ വിതയ്ക്കുന്നത് അവന്റെ ജീവിതംതന്നെയാണെന്ന് ഈ സിനിമ നമ്മളോടു പറയുന്നു. ചിലപ്പോള്‍ വരള്‍ച്ച. ചിലപ്പോള്‍ അതിവൃഷ്ടി. രണ്ടായാലും കൃഷി നശിക്കും. അതോടെ കര്‍ഷകന് നഷ്ടമാകുന്നത് അതിജീവനത്തിന്റെ വിളയാണ്.


2009ല്‍ മഹാരാഷ്ട്ര സര്‍ക്കാറിന്റെ സ്‌പെഷല്‍ ജൂറി അവാര്‍ഡ് നേടിയ ചിത്രമാണ് 'ഗബ്‌രീച്ച പൗസ് '. സതീഷ് മന്‍വര്‍ ആണ് സംവിധായകന്‍ മഹാരാഷ്ട്രത്തില്‍ വിദര്‍ഭ മേഖലയിലെ കര്‍ഷകരുടെ ജീവിതാവസ്ഥയിലേക്കാണ് സതീഷ് ശ്രദ്ധ ക്ഷണിക്കുന്നത്. (ഒരു ദശകത്തിനിടയില്‍ 32,000 കര്‍ഷകരാണ് വിദര്‍ഭയില്‍ ആത്മഹത്യ ചെയ്തത്. കൃഷിനാശംതന്നെ കാരണം. പരുത്തിക്കൃഷിയാണ് ഇവിടെ പ്രധാനം). സാമൂഹിക പ്രതിബദ്ധതയുടെ നാട്യങ്ങളൊന്നും എടുത്തണിയുന്നില്ല സംവിധായകന്‍. സാമൂഹികവ്യവസ്ഥയും അധികാരവര്‍ഗവും പ്രകൃതിയും ഒരുപോലെ അമ്മാനമാടുന്ന കര്‍ഷകന്റെ ജീവിതത്തിനു നേരെ ക്യാമറ തുറന്നുവെക്കുകയാണദ്ദേഹം. പരിഹാസവും വേദനയും കലര്‍ത്തി തുടക്കത്തില്‍ത്തന്നെ അദ്ദേഹം പ്രഖ്യാപിക്കുന്നു: ''ജീവിച്ചിരിക്കുന്നവരുമായോ മരിച്ചവരുമായോ ഈ സിനിമയ്ക്ക് ഒരു സാദൃശ്യവുമില്ല.'' ഗ്രാമത്തിന്റെ പേരുപോലും സിനിമയില്‍ ഉപയോഗിക്കുന്നില്ല. പക്ഷേ, കാണുന്നവര്‍ക്കറിയാം ഈ ദുരിതഭൂമി എവിടെയാണെന്ന്.

റോട്ടര്‍ഡാം, ഡര്‍ബന്‍, വാന്‍കൂവര്‍, വാഴ്‌സ, കയ്‌റോ, റോം, ഫിലാഡല്‍ഫിയ തുടങ്ങിയ ഒട്ടേറെ അന്താരാഷ്ട്ര ഫിലിം മേളകളില്‍ 'ഗബ്‌രീച്ച പൗസ്' പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

രണ്ടുകര്‍ഷക കുടുംബങ്ങളുടെ കാഴ്ചപ്പാടിലൂടെയാണ് ഈ സിനിമ രൂപപ്പെടുത്തിയിരിക്കുന്നത്. കടംകയറി മുടിഞ്ഞ് ആത്മഹത്യ ചെയ്ത ഭാസ്‌കര്‍ ദേശ്മുഖ്, ഓരോ വിളയിലും നഷ്ടംമാത്രം കൊയ്‌തെടുക്കുന്ന കിസ്‌ന എന്നീ യുവകര്‍ഷകരുടെ കുടുംബങ്ങളേ നമ്മുടെ മുന്നില്‍ പ്രത്യക്ഷപ്പെടുന്നുള്ളൂ. പക്ഷേ, ഇവര്‍ വലിയൊരു കര്‍ഷകസമൂഹത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. എത്ര നഷ്ടംവന്നാലും അവര്‍ക്ക് ഒരു പണിയേ അറിയാവൂ, അതു കൃഷിയാണ്. മരണത്തിനു മാത്രമേ അവരെ കൃഷിപ്പണിയില്‍നിന്നു പിന്തിരിപ്പിക്കാനാവൂ.

കഠിനാധ്വാനിയായ കിസ്‌നയാണ് നായകന്‍. അമ്മയും ഭാര്യയും മകനുമടങ്ങിയ കൊച്ചുകുടുംബം. കൃഷിയെയും മഴയെയും കുറിച്ചേ അയാള്‍ ചിന്തിക്കാറുള്ളൂ. കിസ്‌നയുടെ കുടുംബത്തിന് 30 ഏക്കര്‍ ഭൂമിയുണ്ടായിരുന്നു. കഠിനമായ ഒരുവരള്‍ച്ചക്കാലത്ത് അയാളുടെ അച്ഛന്‍ മരിച്ചു. പിന്നെ അമ്മയാണ് കൃഷി നോക്കിയത്. കടം പെരുകിപ്പെരുകി വന്നു. അതുവീട്ടാന്‍ കൃഷിഭൂമി വിറ്റുതുടങ്ങി. ഒടുവില്‍ ശേഷിച്ചത് ഏഴ് ഏക്കര്‍. എന്നിട്ടും അവിടെ കൃഷി ചെയ്യണമെന്നാണ് അമ്മ മകനെ ഉപദേശിക്കുന്നത്. ഭാര്യയും അമ്മയും കൃഷിപ്പണിയില്‍ അയാളെ സഹായിക്കും. ആത്മഹത്യ ചെയ്ത ഭാസ്‌കര്‍ ദേശ്മുഖ് കിസ്‌നയുടെ കൂട്ടുകാരനായിരുന്നു. ഭാസ്‌കറിന്റെ മരണം കിസ്‌നയെ പിടിച്ചുലച്ചിട്ടുണ്ടെന്ന് ഭാര്യ സംശയിക്കുന്നു. അയാളെ ഒറ്റയ്ക്കുവിടാന്‍ അവള്‍ക്കു മനസ്സുവരുന്നില്ല. പക്ഷേ, കിസ്‌ന ഒരിക്കല്‍പ്പോലും ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിട്ടില്ല. സദാ മൗനിയായ അയാളുടെ ആധി മുഴുവന്‍ പെയ്യാത്ത മഴയെക്കുറിച്ചാണ്. ഭാര്യ ആഭരണം വിറ്റാണ് അക്കൊല്ലം വിത്തുവാങ്ങിക്കൊടുക്കുന്നത്. കൃഷിയില്‍ നിന്ന് ആകെ കിട്ടിയത് രണ്ട് ക്വിന്റല്‍ പരുത്തി. അതാകട്ടെ ഗ്രാമത്തിലെ വട്ടിപ്പലിശക്കാരന്‍ കൊണ്ടുപോകുന്നു. മുന്‍കൊല്ലത്തെ കടം ബാക്കിയായതാണ്. എന്നിട്ടും കിസ്‌ന കൃഷി തുടരുന്നു. മഴ തീരെ പെയ്യുന്നില്ല. കിണറ്റിലെ മോട്ടോറും കേടായി. മോട്ടോറിനുവേണ്ടി ലൈനില്‍ നിന്ന് വൈദ്യുതി മോഷ്ടിക്കവെ കിസ്‌ന ഷോക്കേറ്റു മരിക്കുന്നു. ഗ്രാമപാതയിലൂടെ, പൂക്കള്‍വിതറി കിസ്‌നയുടെ ശവഘോഷയാത്ര നീങ്ങുമ്പോള്‍ സിനിമ തീരുന്നു.

സിനിമയുടെ ശീര്‍ഷകത്തില്‍ത്തന്നെയുണ്ട് കര്‍ഷകരുടെ ജീവിതത്തിന്റെ സൂചന. അവരുടെ ജീവിതത്തെ നിയന്ത്രിക്കുന്നത് മഴയാണ്. കുട്ടികള്‍ മഴയെ ശപിക്കുന്നതുപോലും അവര്‍ക്ക് സഹിക്കാനാവില്ല. ഒരുദിവസം മുറ്റത്ത് കിടന്നുറങ്ങവെ കിസ്‌നയുടെ മകന്‍ ദിനു മഴപെയ്തപ്പോള്‍ എഴുന്നേറ്റ് ഓടുന്നു. ഉറക്കം നഷ്ടപ്പെട്ടതിന്റെ സങ്കടത്തില്‍ അവന്‍ മഴയെ കുറ്റപ്പെടുത്തുന്നു. കിസ്‌നക്ക് അതിഷ്ടപ്പെടുന്നില്ല. അയാള്‍ മകനെ തിരുത്താന്‍ ശ്രമിക്കുന്നു. അനുസരിക്കാഞ്ഞപ്പോള്‍ തല്ലാന്‍ ഓങ്ങുന്നു. പക്ഷേ, ചിത്രത്തിന്റെ അവസാന ഭാഗത്തെത്തുമ്പോള്‍ കിസ്‌നയും ഏറെ മാറിപ്പോകുന്നതുകാണാം. പെയ്യാത്ത മേഘങ്ങളെ നോക്കി അയാളും പറയുന്നു ഒരു മുഴുത്ത തെറി.

ഭാസ്‌കര്‍ ദേശ്മുഖിന്റെ ആത്മഹത്യയോടെയാണ് സിനിമയുടെ തുടക്കം. അയാള്‍ മരിച്ചതോടെ കുടുംബത്തിന്റെ കഷ്ടപ്പാട് ഇരട്ടിക്കുകയാണ്. ഭാസ്‌കര്‍ കര്‍ഷകനായിരുന്നു എന്നും സ്വന്തമായി ഭൂമിയുണ്ടായിരുന്നുവെന്നും കടം പെരുകിയാണ് ആത്മഹത്യ ചെയ്തതെന്നും തെളിയിക്കേണ്ട ബാധ്യത ജീവിച്ചിരിക്കുന്നവര്‍ക്കാണ്. വൃദ്ധനായ അച്ഛന്‍ രേഖകള്‍ക്കുവേണ്ടി ഓഫീസുകള്‍ കയറിയിറങ്ങുന്നു. അവിടെ രക്ഷയ്‌ക്കെത്തുന്നത് അഴിമതിക്കാരാണ്. നഷ്ടപരിഹാരത്തിന്റെ വിഹിതം കൈപ്പറ്റാന്‍ ആ കഴുകന്മാര്‍ക്ക് മനസ്സാക്ഷിക്കുത്തൊന്നുമില്ല.

അച്ഛന്‍ കിസ്‌നയുടെ കൂടെ എല്ലാ ശവഘോഷയാത്രകളിലും മകന്‍ ദിനുവുമുണ്ടാകും. അച്ഛന്റെ കൈപിടിച്ച്, ഏറ്റവുമൊടുവിലായി അവനങ്ങനെ നടക്കും. അവസാനം, അച്ഛന്റെ ശവഘോഷയാത്രയില്‍ അവന്‍ മുന്നിലാണ്. കടത്തിന്റെ ഭാരം പേറാനുള്ള ആ കുഞ്ഞിക്കാലുകളെ ക്ലോസ്സപ്പില്‍ കാണിച്ചുകൊണ്ടാണ് സംവിധായകന്‍ വിലാപഭൂമിയില്‍ നിന്ന് മടങ്ങുന്നത്.

ഗ്രാമങ്ങളുടെ കഥപറയുന്ന സിനിമകളില്‍ ക്യാമറ പലപ്പോഴും ദൃശ്യഭംഗികളില്‍ കുടുങ്ങിപ്പോകാറുണ്ട്. 'ഗബ്‌രീച്ച പൗസ് ' ആ ദോഷത്തില്‍ നിന്നു മുക്തമാണ്. ഗ്രാമഭംഗിയില്‍ ദൃഷ്ടിയുറപ്പിക്കാതെ ജീവിതാവസ്ഥകളെ പിന്തുടരുകയാണ് ക്യാമറ.

Thursday, December 9, 2010

ഫാല്‍ക്കെയുടെ ഓര്‍മയ്‌ക്ക്‌

ദണ്ഡിരാജ്‌ഗോവിന്ദ്‌ ഫാല്‍ക്കെ എന്ന ദാദാസാഹിബ്‌ ഫാല്‍ക്കെ. ഇന്ത്യന്‍ സിനിമയുടെ പിതാവ്‌. ഇന്ത്യയിലെ ആദ്യത്തെ മുഴുനീള ഫീച്ചര്‍ സിനിമയായ `രാജാഹരിശ്ചന്ദ്ര'യുടെ സംവിധായകന്‍. 21 വര്‍ഷത്തെ ചലച്ചിത്ര ജീവിതത്തിനിടയില്‍ 95 ഫീച്ചര്‍ സിനിമകള്‍ അദ്ദേഹം സംവിധാനം ചെയ്‌തു. ഫോട്ടോഗ്രാഫര്‍, പ്രിന്റര്‍,ജാലവിദ്യക്കാരന്‍ എന്നീ വേഷങ്ങളിലൂടെ കടന്ന്‌ നിശ്ശബ്ദസിനിമയുടെ ഗുരുസ്ഥാനത്തെത്തിയ പ്രതിഭ. തിരക്കഥാകൃത്തും നിര്‍മാതാവും സംവിധായകനുമായി തിളങ്ങിനിന്ന ഈ മറാത്തക്കാരന്‌ മറാത്തി ജനത നല്‌കിയ ആദരമാണ്‌ `ഹരിശ്ചന്ദ്രചി ഫാക്ടറി' (ഹരിശ്ചന്ദ്രയുടെ പണിശാല) എന്ന സിനിമ. ഇക്കഴിഞ്ഞ ഓസ്‌കര്‍ അവാര്‍ഡില്‍ വിദേശഭാഷാ ചിത്രവിഭാഗത്തില്‍ ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായിരുന്നു ഈ മറാത്തി സിനിമ. (2004-ല്‍ `ശ്വാസ്‌' എന്ന മറാത്തി സിനിമ ഓസ്‌കര്‍ അവാര്‍ഡിന്‌ മത്സരിച്ചിരുന്നു.) മറാത്തി നാടകരംഗത്ത്‌ പ്രശസ്‌തനായ പരേഷ്‌ മൊകാഷിയാണ്‌ `ഹരിശ്ചന്ദ്രചി ഫാക്ടറി'യുടെ സംവിധായകന്‍. 2009-ലെ മികച്ച ചിത്രത്തിനും സംവിധായകനുമുള്ള മഹാരാഷ്ട്ര സര്‍ക്കാറിന്റെ അവാര്‍ഡ്‌ ഈ ചിത്രത്തിനായിരുന്നു. നവാഗത സംവിധായകനുള്ള തിരുവനന്തപുരം ചലച്ചിത്ര ഫിലിം സൊസൈറ്റിയുടെ `ജി. അരവിന്ദന്‍ പുരസ്‌കാര'മുള്‍പ്പെടെ ഒട്ടേറെ ബഹുമതികള്‍ നേടിയിട്ടുണ്ട്‌ ഈചിത്രം.

ഫാല്‍ക്കെയുടെ മുഴുവന്‍ ജീവചരിത്രവും സംവിധായകന്‍ അനാവരണം ചെയ്യുന്നില്ല. ചലച്ചിത്രകാരനാവാനുള്ള ശ്രമത്തില്‍ ഫാല്‍ക്കെ നേരിട്ട വൈതരണികളാണ്‌ സിനിമയുടെ വിഷയം. സിനിമ ഒരഭിനിവേശമായി മനസ്സില്‍ നിറഞ്ഞതുതൊട്ട്‌ ആദ്യചിത്രമായ `രാജാഹരിശ്ചന്ദ്ര' റിലീസായതുവരെയുള്ള രണ്ടുവര്‍ഷമാണ്‌ സംവിധായകന്‍ പിന്തുടരുന്നത്‌.
ഫാല്‍ക്കെയെ കലാകാരന്റെ പീഠത്തിലിരുത്തി മഹത്ത്വവത്‌കരിക്കുന്നില്ല സംവിധായകന്‍. ഒരു സാധാരണ മനുഷ്യന്റെ തലത്തിലേ ഫാല്‍ക്കെയെ കാണുന്നുള്ളൂ. പലപ്പോഴും അരക്കിറുക്കന്റെ ഭാവത്തിലാണ്‌ ഫാല്‍ക്കെ നമ്മുടെ മുന്നിലെത്തുന്നത്‌. രൂപത്തിലും ചലനത്തിലും ചാര്‍ളിചാപ്ലിനോട്‌ സാദൃശ്യം തോന്നും ചിലപ്പോള്‍. ഫാല്‍ക്കെയിലെ കലാകാരനെ മാത്രമല്ല സംവിധായകന്‍ സൂക്ഷ്‌മമായി പിന്തുടരുന്നത്‌. നല്ലൊരു ഭര്‍ത്താവ്‌, പിതാവ്‌, സുഹൃത്ത്‌, ദേശീയ വാദി എന്നീ നിലകളിലും ഫാല്‍ക്കെയെ അദ്ദേഹം വിലയിരുത്തുന്നുണ്ട്‌.

സിനിമ സ്വപ്‌നം കാണുക മാത്രമല്ല ഫാല്‍ക്കെ ചെയ്‌തത്‌. സ്വപ്‌ന സാക്ഷാത്‌കാരത്തിനായി കഠിനമായി അധ്വാനിച്ചിരുന്നു അദ്ദേഹം. സ്വന്തമായുള്ളതെല്ലാം ഉപേക്ഷിച്ചും പണയപ്പെടുത്തിയുമാണ്‌ ഫാല്‍ക്കെ സിനിമയുടെ ചരിത്രത്തില്‍ ഇടം നേടിയത്‌. ലണ്ടനില്‍ പോയി സിനിമയുടെ സാങ്കേതിക വശങ്ങള്‍ അദ്ദേഹം സ്വായത്തമാക്കി. അപ്പോഴും മനസ്സില്‍ ദേശീയബോധം കാത്തുസൂക്ഷിച്ചു. സിനിമകള്‍ സംവിധാനം ചെയ്‌ത്‌ ലണ്ടനില്‍ കഴിയാനുള്ള ബ്രിട്ടീഷുകാരുടെ ഓഫര്‍ ഫാല്‍ക്കെ നിരസിച്ചു. ഇന്ത്യയില്‍ സിനിമാ സംസ്‌കാരത്തിനു തുടക്കമിടുകയാണ്‌ തന്റെ ദൗത്യമെന്ന്‌ അദ്ദേഹം വിശ്വസിച്ചു. സിനിമയെ വ്യവസായമായി വളര്‍ത്തിയെടുക്കാനും ആഗ്രഹിച്ചു. നാല്‌പതുകാരനായ പരേഷ്‌മൊകാഷിയുടെ ആദ്യ സിനിമായാത്രയും ഫാല്‍ക്കെയുടെ വഴിയിലൂടെയായിരുന്നു. `ഹരിശ്ചന്ദ്രചി ഫാക്ടറി'യുടെ തിരക്കഥ 2005-ല്‍ പൂര്‍ത്തിയാക്കിയതാണ്‌. പക്ഷേ, സിനിമയാക്കാന്‍ ആരും മുന്നോട്ടുവന്നില്ല. ഒടുവില്‍, തന്റെ സ്വത്ത്‌ പണയപ്പെടുത്തിയാണ്‌ മൊകാഷി സിനിമ നിര്‍മിച്ചത്‌.
95 മിനിറ്റുള്ള ചിത്രം തുടങ്ങുന്നത്‌ 1911 ഏപ്രില്‍ 14 നാണ്‌. അന്നാണ്‌ സിനിമയിലേക്ക്‌ ഫാല്‍ക്കെ ആകര്‍ഷിക്കപ്പെട്ടത്‌. മൂത്തമകന്‍ ബാലചന്ദ്രനുമൊത്ത്‌ തെരുവില്‍ മാജിക്ക്‌ കാണിക്കുന്ന ഫാല്‍ക്കെയെയാണ്‌ സമ്മളാദ്യം പരിചയപ്പെടുന്നത്‌. സ്റ്റേജില്‍ അത്ഭുതം സൃഷ്‌ടിക്കുന്ന ഫാല്‍ക്കെ തൊട്ടടുത്ത സിനിമാ ടെന്റില്‍ വന്ന ചലനചിത്രം കണ്ട്‌ വിസ്‌മയഭരിതനാകുന്നു. പ്രൊജക്‌ഷന്‍ റൂമില്‍നിന്നുള്ള വെളിച്ചത്തിനൊപ്പം മൃഗങ്ങളും മനുഷ്യരും സ്‌ക്രീനിലെത്തുന്നു. വിടര്‍ന്ന കണ്ണുകളോടെ ഫാല്‍ക്കെ മകനോടൊപ്പം ആ സിനിമ കണ്ടു. അതോടെ, ജാലവിദ്യ കൈവിടുന്നു അദ്ദേഹം. ചിന്ത എപ്പോഴും സിനിമയെക്കുറിച്ചായി. പ്രൊജക്‌ഷന്‍ റൂമില്‍നിന്നു കിട്ടിയ തുണ്ടുഫിലിമുകള്‍ അദ്ദേഹത്തിന്‌ കൗതുകമായി. അവ ഉപയോഗിച്ച്‌ സിനിമാ പരീക്ഷണങ്ങള്‍ മുന്നേറവേ വീട്ടുപകരണങ്ങള്‍ ഒന്നൊന്നായി അപ്രത്യക്ഷമായി. ഫാല്‍ക്കെയുടെ പെരുമാറ്റത്തില്‍ സുഹൃത്തുക്കള്‍ സംശയാലുക്കളായി. അവര്‍ അദ്ദേഹത്തെ ബലം പ്രയോഗിച്ച്‌ ഭ്രാന്താസ്‌പത്രിയിലാക്കാന്‍പോലും ശ്രമിച്ചു. മൂന്നാമതും ഗര്‍ഭിണിയായ ഭാര്യയോട്‌ ഫാല്‍ക്കെ പറഞ്ഞു: `നിന്റെ വയറ്റില്‍ ചലിക്കുന്ന കുഞ്ഞ്‌. എന്റെ മനസ്സില്‍ ചലിക്കുന്ന സിനിമയും'.ഭാര്യയുടെ ആഭരണവും വീടും പണയം വെച്ചാണ്‌ ഫാല്‍ക്കെ ആദ്യസിനിമ നിര്‍മിച്ചത്‌. സ്‌ത്രീകള്‍ സിനിമയിലേക്ക്‌ വരാന്‍ മടിക്കുന്ന കാലമായിരുന്നു അത്‌. നടികളെത്തേടി ചുവന്ന തെരുവില്‍പ്പോലും ഫാല്‍ക്കെ അലഞ്ഞു. ഒടുവില്‍ പുരുഷന്മാര്‍തന്നെയാണ്‌ സ്‌ത്രീവേഷം കെട്ടിയത്‌. വീട്ടില്‍ത്തന്നെ സെറ്റിട്ടാണ്‌ ഭൂരിഭാഗം രംഗങ്ങളും ചിത്രീകരിച്ചത്‌. മേക്കപ്പിട്ട താരങ്ങളുമായി കാട്ടില്‍ പോയപ്പോള്‍ എല്ലാവരെയും പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു. കുന്തങ്ങളും വാളും ശൂലവുമൊക്കെ കണ്ടപ്പോള്‍ ഏതോ കൊള്ളസംഘമാണെന്നാണ്‌ പോലീസ്‌ ധരിച്ചത്‌. എല്ലാ പ്രതിസന്ധികളും മറികടന്ന്‌ 1913 മെയ്‌ 13ന്‌ മുംബൈയിലെ കോര്‍ണേഷന്‍ തിയേറ്ററില്‍ `രാജാഹരിശ്ചന്ദ്ര' പ്രദര്‍ശിപ്പിക്കുന്നതോടെ സിനിമ അവസാനിക്കുന്നു.

ഇല്ലായ്‌മകളെയും ദുരനുഭവങ്ങളെയും പ്രതിസന്ധികളെയും ചെറുചിരിയോടെ നേരിട്ടയാളാണ്‌ ഫാല്‍ക്കെ. അതുകൊണ്ടുതന്നെ നര്‍മത്തിന്റെ ട്രാക്കിലൂടെയാണ്‌ പരേഷ്‌മൊകാഷി `ഹരിശ്ചന്ദ്രചി ഫാക്ടറി' മുന്നോട്ടു കൊണ്ടുപോകുന്നത്‌. പഴയകാലം പുനഃസൃഷ്‌ടിക്കുന്നതില്‍ അദ്ദേഹം സൂക്ഷ്‌മത പുലര്‍ത്തിയിട്ടുണ്ട്‌. ആദ്യകാല ചിത്രങ്ങളിലേതുപോലുള്ള പശ്ചാത്തല സംഗീതമാണ്‌ ഉപയോഗിക്കുന്നത്‌.
ഫാല്‍ക്കെയുടെ സിനിമാജീവിതത്തിനും വ്യക്തി ജീവിതത്തിനും നേരെ മാത്രമല്ല, മൊകാഷിയുടെ ക്യാമറ കണ്ണു തുറക്കുന്നത്‌. അക്കാലത്തെ രാഷ്ട്രീയ, സാമൂഹിക ചലനങ്ങളും ഇതിവൃത്തത്തിലേക്ക്‌ കൊണ്ടുവരുന്നുണ്ടദ്ദേഹം. ലോകമാന്യതിലകിന്റെ അറസ്റ്റും ജനങ്ങളുടെ പ്രതിഷേധവും അദ്ദേഹത്തിന്റെ മോചനവുമൊക്കെ പശ്ചാത്തല സംഭവങ്ങളായി അവതരിപ്പിക്കുന്നുണ്ട്‌. സിനിമയുടെ കാലത്തോടൊപ്പം ഫാല്‍ക്കെയുടെ ദേശീയബോധവും സൂചിപ്പിക്കുന്നു ഈ പശ്ചാത്തലം (ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ്‌ ഇന്ത്യയില്‍ ഫോട്ടോഗ്രാഫറായിരിക്കെ സ്വാതന്ത്ര്യസമരത്തിനു പിന്തുണ നല്‍കാനായി ജോലി രാജിവെച്ചയാളാണ്‌ ഫാല്‍ക്കെ). ഇന്ത്യന്‍ സിനിമയുടെ പിതാവിനെ ഓര്‍ക്കാന്‍, ആദരിക്കാന്‍ പരേഷ്‌മൊകാഷി തിരഞ്ഞെടുത്ത വഴി അഭിനന്ദനം അര്‍ഹിക്കുന്നു.

Thursday, November 4, 2010

സിനിമ തന്നെ ജീവിതം

ഒരു സംവിധായകന്റെ ജീവിതാസക്തിയുടെ കഥ പറയുന്ന `ബ്രോക്കണ്‍ എംബ്രേസസ്‌ 'എന്ന സ്‌പാനിഷ്‌ സിനിമയെക്കുറിച്ച്‌

കഥപറയലാണ്‌ തന്റെ ജീവിതദൗത്യം എന്നു വിശ്വസിക്കുന്നയാളാണ്‌ പ്രശസ്‌ത സ്‌പാനിഷ്‌ സംവിധായകന്‍ പെഡ്രോ അല്‍മൊഡോവര്‍. തിരക്കഥാകൃത്തു കൂടിയാണദ്ദേഹം. അറുപതുകാരനായ അല്‍മൊഡോവര്‍ 17 ചിത്രങ്ങള്‍ സംവിധാനം ചെയ്‌തിട്ടുണ്ട്‌. ഇതില്‍ പതിനാറിന്റെയും തിരക്കഥ സ്വന്തം തന്നെ. മരണത്തെ ഭയപ്പെടുന്ന അല്‍മൊഡോവര്‍ ഒരു ജീവിതം പോരാ എന്ന ചിന്താഗതിക്കാരനാണ്‌. സിനിമയോട്‌ കടുത്ത അഭിനിവേശമാണ്‌ അദ്ദേഹത്തിന്‌. ഈ അഭിനിവേശത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്‌ 2009ല്‍ ഇറങ്ങിയ `ബ്രോക്കണ്‍ എംബ്രേസസ്‌ ' . ``ജീവിതത്തേക്കാളും പ്രാധാന്യമുണ്ട്‌ സിനിമയ്‌ക്ക്‌. സിനിമയോടുള്ള പ്രണയമാണ്‌ ഈ ചിത്രത്തിലൂടെ ഞാന്‍ പ്രഖ്യാപിക്കുന്നത്‌''-അല്‍മൊഡോവര്‍ ഒരഭിമുഖത്തില്‍ വെളിപ്പെടുത്തുന്നു.

ഇക്കഴിഞ്ഞ ഗോവ ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ച ചിത്രമാണ്‌ `ബ്രോക്കണ്‍ എംബ്രേസസ്‌'. ലോ ഓഫ്‌ ഡിസയര്‍ (1987), ഹൈ ഹീല്‍സ്‌ (1991), ഓള്‍ എബൗട്ട്‌ മൈ മദര്‍ (1999), ടോക്‌ ടു ഹെര്‍ (2002), ബാഡ്‌ എജുക്കേഷന്‍ (2004), വോള്‍വര്‍ (2006) തുടങ്ങിയ ചിത്രങ്ങളിലൂടെ ലോകമെങ്ങും ആരാധകരെ നേടിയെടുത്തിട്ടുണ്ട്‌ അല്‍ മൊഡോവര്‍. എക്കാലത്തെയും മികച്ച നൂറ്‌ സിനിമകളുടെ കൂട്ടത്തില്‍ `ടൈം' വാരിക ഉള്‍പ്പെടുത്തിയ സിനിമയാണ്‌ `ടോക്‌ ടു ഹെര്‍',
സിനിമയും ജീവിതവും കെട്ടുപിണഞ്ഞുകിടക്കുന്ന പ്രമേയമാണ്‌ `ബ്രോക്കണ്‍ എംബ്രേസസി'ലുള്ളത്‌. രണ്ടുമണിക്കൂര്‍ നീളുന്ന ഈ ചിത്രത്തില്‍ സിനിമയാണ്‌ പ്രധാന ചര്‍ച്ചാവിഷയം. കഥാപാത്രങ്ങളൊക്കെ സംസാരിക്കുന്നത്‌ സിനിമയെക്കുറിച്ചാണ്‌. ഇതിനിടയില്‍ സംവിധായകന്‍ അതിസമര്‍ഥമായി ജീവിതത്തെ സിനിമയിലേക്ക്‌ കയറ്റിവിടുന്നു. അല്‍മഡോവറിന്റെ ആത്മാംശം കലര്‍ന്ന സിനിമയാണിത്‌.

ഒറ്റജീവിതം കൊണ്ട്‌ തൃപ്‌തിപ്പെടാത്ത മത്തേയോ ബ്ലാങ്കോ എന്ന സംവിധായകന്റെ ആസക്തികളാണ്‌ ഈ ചിത്രത്തില്‍ രേഖപ്പെടുത്തുന്നത്‌. വന്‍കിട ബിസിനസ്സുകാരന്റെ വെപ്പാട്ടിയായ മഗ്‌ദലിന റിവെറോ എന്ന ലിനയില്‍ അയാള്‍ക്ക്‌ അഭിനിവേശം ജനിക്കുന്നു. ഈ യുവതിയെ അറിയപ്പെടുന്ന നടിയാക്കാനാണ്‌ അയാളുടെ ശ്രമം. ആ ശ്രമത്തിനിടയിലുണ്ടാകുന്ന നഷ്‌ടങ്ങളെയും വീണ്ടും തളിരിടുന്ന ജീവിതത്തെയും കുറിച്ചാണ്‌ അല്‍മൊഡോവര്‍ പറയുന്നത്‌.
എഴുത്തുകാരനും സംവിധായകനുമായ മത്തേയോ ബ്ലാങ്കോ, അയാളുടെ പ്രൊഡക്‌ഷന്‍ മാനേജരും തന്റേടിയുമായ ജൂഡിത്ത്‌ഗാര്‍ഷ്യ, സെ്‌പയിനിലെ വന്‍ ബിസിനസ്സുകാരനായ സിനിമാ നിര്‍മാതാവ്‌ ഏണസ്റ്റോ മാര്‍തേല്‍, അയാളുടെ മുന്‍ സെക്രട്ടറിയും വെപ്പാട്ടിയും നടിയുമായ ലിന, മത്തേയോവിനെ എഴുത്തില്‍ സഹായിക്കുന്ന ഡീഗോ എന്ന യുവാവ്‌ (ജൂഡിത്തിന്റെ മകന്‍), ഏണസ്റ്റോവിന്റെ മകനും ഡോക്യുമെന്ററി സംവിധായകനുമായ ജൂനിയര്‍ ഏണസ്റ്റോ എന്നീ ആറ്‌ പ്രധാന കഥാപാത്രങ്ങളാണിതിലുള്ളത്‌. എല്ലാവരും പരസ്‌പരം ബന്ധപ്പെട്ടിരിക്കുന്നു. രഹസ്യങ്ങളുടെ മൗനത്തില്‍ ജീവിക്കുന്നവരാണിവര്‍. പറ്റിയ സന്ദര്‍ഭത്തില്‍ അവര്‍ മൗനത്തിന്റെ പുറംതോടുപേക്ഷിക്കുന്നു. പക്ഷേ, ഒരു വെളിപ്പെടുത്തലും ആരിലും ഞെട്ടലുളവാക്കുന്നില്ല. രഹസ്യം വെളിപ്പെടുത്തുന്നവരും അത്‌ കേള്‍ക്കാന്‍ ആഗ്രഹിക്കുന്നവരും ഒന്നിനും തിടുക്കം കാണിക്കുന്നില്ല. തന്നെ തകര്‍ക്കാന്‍ നിര്‍മാതാവുതന്നെ തന്റെ സിനിമ നശിപ്പിച്ചെന്ന്‌ ജൂഡിത്ത്‌ പറയുമ്പോള്‍ സംവിധായകന്‍ മത്തേയോ നിസ്സംഗനായി കേട്ടിരിക്കുന്നു. തന്റെ നിഴല്‍പോലെ കൂടെയുള്ള ഡീഗോ തന്റെ മകനാണെന്നറിയുമ്പോഴും അദ്ദേഹത്തിന്‌ ഇതേ വികാരം തന്നെ.


കാമുകിയായ നടി ലിനയുമൊത്ത്‌ കാറില്‍ പോകുമ്പോള്‍ അപകടത്തില്‍പ്പെട്ട്‌ അന്ധനാവുന്ന സംവിധായകന്‍ മത്തേയോ ആണ്‌ `ശിഥിലമായ ആലിംഗനങ്ങ'ളിലെ നായകന്‍. അപകടത്തില്‍ കാമുകി മരിക്കുന്നു. അവിടന്നങ്ങോട്ടുള്ള 14 വര്‍ഷം മത്തേയോ മറ്റൊരാളായിട്ടാണ്‌ ജീവിക്കുന്നത്‌. മത്തേയോ എഴുതാന്‍ വേണ്ടി സ്വീകരിച്ച പേരാണ്‌ ഹാരി കെയ്‌ന്‍. സംവിധായകനും എഴുത്തുകാരനും അയാളുടെ ആത്മാവിന്റെ ഭാഗമായി. സംവിധാനം ഉപക്ഷേിക്കേണ്ടിവന്നപ്പോള്‍ അയാള്‍ ദുഃഖിച്ചില്ല. തന്റെ ആത്മാവില്‍ നിന്ന്‌ സംവിധായകനെ അയാള്‍ എന്നെന്നേക്കുമായി കുടിയിറക്കി. പകരം അവിടെ എഴുത്തുകാരന്‌ മാത്രമായി സ്ഥാനം. ആസക്തികളില്‍ മുഴുകി ഹരികെയ്‌ന്‍ തിരക്കഥാകൃത്തായി ജീവിതം തുടര്‍ന്നു.
ഹാരി കെയ്‌നിന്റെ തിരക്കഥയെഴുത്തിനെ അയാളുടെ ജീവിതവുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള സിനിമയുടെ തുടക്കം ശ്രദ്ധേയമാണ്‌. അയാള്‍ ഒരു തിരക്കഥ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. മറ്റൊന്ന്‌ എഴുതാന്‍ പോവുകയാണ്‌. നടി മര്‍ലിന്‍ മണ്‍റോയെ വിവാഹം കഴിച്ച അമേരിക്കന്‍ എഴുത്തുകാരന്‍ ആര്‍തര്‍ മില്ലറുടെ ജീവിതമാണ്‌ ഹാരികെയ്‌ന്‍ തിരക്കഥയാക്കാന്‍ ഉദ്ദേശിക്കുന്നത്‌. മര്‍ലിന്‍ മണ്‍റോയുടെ ആത്മഹത്യയ്‌ക്കുശേഷം ആര്‍തര്‍ മറ്റൊരു വിവാഹം കഴിച്ചിരുന്നു. ഈ ബന്ധത്തില്‍ പിറന്ന മകന്‍ ഡാനിയല്‍ വിരൂപനായിരുന്നു. മകനോട്‌ വെറുപ്പായിരുന്നു ആര്‍തറിന്‌. അവനെ കാണാന്‍പോലും അദ്ദേഹം ഇഷ്‌ടപ്പെട്ടിരുന്നില്ല. അവനെ ആര്‍തര്‍ സമൂഹത്തില്‍നിന്ന്‌ ഒളിച്ചുവെച്ചു. ഓര്‍മക്കുറിപ്പുകളില്‍പ്പോലും മകന്റെ പേര്‍ അദ്ദേഹം ഒഴിവാക്കി. പക്ഷേ, ഡാനിയല്‍ ഒരിക്കലും പിതാവിനെ വെറുത്തിരുന്നില്ല. ആ മകന്റെ സ്‌നേഹത്തെക്കുറിച്ചാണ്‌ ഹാരി കെയ്‌ന്‍ എഴുതാന്‍ മുതിരുന്നത്‌. ഹാരി കെയ്‌നിന്റെ ജീവിതവീക്ഷണമാണിവിടെ വ്യക്തമാകുന്നത്‌. പെട്ടെന്നാണ്‌ ഏണസ്റ്റോയുടെ മകന്‍ ഒരു സിനിമയുടെ കഥയുമായി അയാളെ സമീപിക്കുന്നത്‌. ഇവിടെവെച്ച്‌ അല്‍മൊഡോവര്‍ സിനിമയെ നിര്‍ണായകമായ വഴിത്തിരിവുകളിലേക്ക്‌ കൊണ്ടുപോവുകയാണ്‌. തന്നിലെ കലാകാരനെ നശിപ്പിച്ച സ്വവര്‍ഗാനുരാഗിയായ പിതാവിനെ വെറുക്കുന്ന മകന്റെ കഥയുമായാണ്‌ ജൂനിയര്‍ ഏണസ്റ്റോ എത്തുന്നത്‌. ഹാരി കെയ്‌ന്‌ ആ കഥ തീരെ പിടിക്കുന്നില്ല. ഡാനിയലിന്റെ ആര്‍ദ്ര മനസ്സിനോടായിരുന്നു അയാള്‍ക്ക്‌ താത്‌പര്യം. അതുമല്ല, ജൂനിയര്‍ ഏണസ്റ്റോയുടെ ശബ്ദം അയാളെ മറ്റെന്തൊക്കെയോ ഓര്‍മിപ്പിച്ചു. ഒരു ദാക്ഷിണ്യവും കാട്ടാതെ ഹാരികെയ്‌ന്‍ അവനെ പുറത്താക്കുന്നു. എങ്കിലും അസ്വസ്ഥകരമായ ഓര്‍മകളിലേക്കുള്ള വാതില്‍ തുറന്നിട്ടിട്ടാണ്‌ ആ ചെറുപ്പക്കാരന്‍ പോകുന്നത്‌. ശിഥിലമായ ആലിംഗനങ്ങളുടെ വര്‍ണാഭമായ തുടക്കമിവിടെയാണ്‌. ഉള്‍പ്പിരിവുകളുള്ള കഥയുടെ സഞ്ചാരഗതിക്ക്‌ ഇവിടുന്നങ്ങോട്ട്‌ ആക്കം കൂടുന്നു. 14 വര്‍ഷത്തിനുശേഷം തന്റെ സിനിമ വീണ്ടും എഡിറ്റുചെയ്‌ത്‌ റിലീസിങ്ങിനൊരുങ്ങുന്ന ഹാരികെയ്‌നിന്റെ ആഹ്ലാദ നിമിഷങ്ങളിലാണ്‌ സിനിമ അവസാനിക്കുന്നത്‌.
1992നും 2008ും ഇടയ്‌ക്കുള്ള പതിനാറ്‌ വര്‍ഷമാണ്‌ കഥയുടെ കാലപരിധി. വര്‍ത്തമാനത്തില്‍നിന്നും പഴയകാലത്തേക്കും തിരിച്ചും വളരെപ്പെട്ടെന്നാണ്‌ സിനിമ സഞ്ചരിക്കുന്നത്‌. അല്‌പം സങ്കീര്‍ണമാണ്‌ ആഖ്യാനരീതി. എങ്കിലും പ്രമേയം പിന്തുടരാന്‍ നമുക്ക്‌ ബുദ്ധിമുട്ടില്ല. കാലവും സ്ഥലവും വ്യക്തമായി സൂചിപ്പിച്ചാണ്‌ അല്‍മൊഡോവര്‍ കഥ പറയുന്നത്‌.
സിനിമാ നിര്‍മാതാവിന്റെ വെപ്പാട്ടിയായും സംവിധായകന്റെ കാമുകിയായും വേഷമിടുന്നത്‌ പ്രശസ്‌ത സ്‌പാനിഷ്‌ നടി പെനലോപ്‌ ക്രൂസാണ്‌ . `വോള്‍വറി'ലും ഇവര്‍ തന്നെയായിരുന്നു നായിക.

Monday, September 27, 2010

സിനിമയും കാഴ്‌ചയും

ഇറാനിലെ നവതരംഗസിനിമക്കാരില്‍ പ്രമുഖസ്ഥാനമുണ്ട്‌ അബ്ബാസ്‌ കിരോസ്‌തമിക്ക്‌. കവി, തിരക്കഥാകൃത്ത്‌, ഫോട്ടോഗ്രാഫര്‍, ഗ്രാഫിക്‌ ഡിസൈനര്‍, ഫിലിം എഡിറ്റര്‍, നിര്‍മാതാവ്‌ എന്നീ നിലകളിലും പ്രശസ്‌തനാണ്‌ ഈ സംവിധായകന്‍. 40 വര്‍ഷമായി അദ്ദേഹം സിനിമാരംഗത്തുണ്ട്‌. അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധേയമായ ഒട്ടേറെ ചിത്രങ്ങള്‍ കിരോസ്‌തമി സംവിധാനം ചെയ്‌തിട്ടുണ്ട്‌. വിന്‍ഡ്‌വില്‍ കാരിഅസ്‌, ക്ലോസപ്പ്‌, ടെന്‍, ആന്‍ഡ്‌ ലൈഫ്‌ ഗോസ്‌ ഓണ്‍, ടേസ്റ്റ്‌ ഓഫ്‌ ചെറി, ത്രൂ ദ ഒലീവ്‌ ട്രീസ്‌ തുടങ്ങിയവ പ്രത്യേകം എടുത്തുപറയണം.


``സത്യജിത്‌ റായിക്ക്‌ പകരം വെക്കാവുന്ന പ്രതിഭാശാലി'' എന്നാണ്‌ അകിരോ കുറസോവ അദ്ദേഹത്തെ വിശേഷിപ്പിച്ചത്‌. എഴുപതാം വയസ്സിലും സിനിമ കിരോസ്‌തമിക്ക്‌ ആവേശമാണ്‌. സിനിമകളില്‍ പരീക്ഷണങ്ങള്‍ വേണമെന്ന പക്ഷക്കാരനാണദ്ദേഹം. സിനിമയ്‌ക്ക്‌ വ്യത്യസ്‌തനിര്‍വചനം നല്‍കാനാണ്‌ കിരോസ്‌തമി ശ്രമിക്കുന്നത്‌. കാഴ്‌ചയുടെ പുതിയ അനുഭവങ്ങളിലേക്കാണ്‌ ഈ ചിത്രങ്ങള്‍ നമ്മെ നയിക്കുന്നത്‌. പ്രമേയത്തിലും അവതരണത്തിലും പുതുമ കണ്ടെത്തുന്നു ഈ സംവിധായകന്‍. ഏറ്റവുമൊടുവില്‍ ഇറങ്ങിയ `ഷിറീന്‍' (Shirin) എന്ന സിനിമയും കിരോസ്‌തമിയിലെ പരീക്ഷണതത്‌പരനെയാണ്‌ നമുക്ക്‌ കാണിച്ചുതരുന്നത്‌.കിരോസ്‌തമി നിര്‍മിച്ച്‌, എഡിറ്റിങ്‌ നിര്‍വഹിച്ച്‌, സംവിധാനം ചെയ്‌ത ചിത്രമാണ്‌ `ഷിറീന്‍'. വെനീസ്‌, എഡിന്‍ബര്‍ഗ്‌ ചലച്ചിത്രമേളകളിലും ഈയിടെ തിരുവനന്തപുരത്ത്‌ നടന്ന മേളയിലും ഈ സിനിമ പ്രദര്‍ശിപ്പിച്ചു.


പന്ത്രണ്ടാം നൂറ്റാണ്ടിലെ ഒരു പേര്‍ഷ്യന്‍ പ്രണയകാവ്യമാണ്‌ ചിത്രത്തിനാധാരം. ആര്‍മേനിയന്‍ രാജകുമാരി ഷിറീനും ഇറാനിയന്‍ രാജകുമാരന്‍ ഖുസ്രു പര്‍വേസും ശില്‌പി ഹര്‍ഹാദും കഥാപാത്രങ്ങളായ ഒരു ത്രികോണ പ്രണയകഥ. പ്രേമസാക്ഷാത്‌കാരത്തിനായി സിംഹാസനം ഉപേക്ഷിച്ചവളാണ്‌ ഷിറീന്‍. ഏറെക്കാലത്തെ ഏകാന്തമായ കാത്തിരിപ്പിനുശേഷമാണ്‌ അവള്‍ക്ക്‌ ഖുസ്രുവിനെ സ്വന്തമാക്കാനായത്‌. പക്ഷേ, ആ സൗഭാഗ്യം അധികം നീണ്ടുനിന്നില്ല. അധികാരത്തര്‍ക്കത്തില്‍ ഖുസ്രു മകനാല്‍ വധിക്കപ്പെടുന്നു. ഖുസ്രുവിന്‍െറ മൃതദേഹത്തിനടുത്തിരുന്ന്‌ ഷിറീന്‍ വിലപിക്കുകയാണ്‌. ഒരു കഠാരയുടെ മുനയില്‍ മരണത്തില്‍ അമരുംമുമ്പ്‌ അവള്‍ തന്‍െറ കഥ പറയുന്നു. 90 മിനിറ്റുള്ള ഈ സിനിമയുടെ ഇതിവൃത്തത്തിനല്ല പ്രാധാന്യം. അവതരണമാണിവിടെ ശ്രദ്ധ നേടുന്നത്‌.

സിനിമ നമ്മള്‍ കാണുന്നതേയില്ല. സിനിമ കാണുന്നവരെയാണ്‌ കാണുന്നത്‌. ഒറ്റ ഷോട്ടില്‍പ്പോലും സിനിമ കടന്നുവരുന്നില്ല. പശ്ചാത്തലസംഗീതവും സംഭാഷണങ്ങളും നമ്മള്‍ കേള്‍ക്കുന്നുണ്ട്‌. ഷിറീന്‍െറ കഥ പറയുന്ന സിനിമ പ്രദര്‍ശിപ്പിക്കുന്ന ഒരു തിയേറ്ററും ആ സിനിമ കാണാനിരിക്കുന്ന കുറേ പ്രേക്ഷകരുമാണ്‌ സ്‌ക്രീനില്‍ പതിയുന്നത്‌. പ്രേക്ഷകരില്‍ ബഹുഭൂരിഭാഗവും സ്‌ത്രീകളാണ്‌. യുവതികളും മധ്യവയസ്‌കരും വൃദ്ധരുമൊക്കെയുണ്ട്‌ കൂട്ടത്തില്‍. എങ്കിലും കൂടുതലും യുവതികളാണ്‌. കാണികളില്‍ സ്വാഭാവികമായും ഏതാനും പുരുഷന്മാരുമുണ്ട്‌. പക്ഷേ, ക്യാമറ അവരെ അന്വേഷിക്കുന്നതേയില്ല. അവരെ നമ്മുടെ കാഴ്‌ചയിലേക്ക്‌ കൊണ്ടുവരുന്നില്ല. സ്‌ത്രീമുഖങ്ങളിലാണ്‌ ക്യാമറ മിഴിയൂന്നുന്നത്‌. ഒാരോ ഷോട്ടിലും ഓരോ സ്‌ത്രീയുടെ ക്ലോസപ്പ്‌. തൊട്ടടുത്തായി ചില പുരുഷന്മാരെ കാണാം. പിന്നെ നീല ഇരിപ്പിടങ്ങളും. പുതിയൊരു ആസ്വാദനശീലമാണ്‌ കിരോസ്‌തമി നമ്മളില്‍ നിന്നാവശ്യപ്പെടുന്നത്‌. സിനിമയിലെ ഓരോ നിമിഷത്തിന്‍െറയും വൈകാരികഭാവം കാണികളുടെ മുഖത്തുണ്ട്‌. അവര്‍ പൂര്‍ണമായും സിനിമയില്‍ ലയിച്ചിരിക്കുകയാണ്‌. അവര്‍ ചിരിക്കുകയും ആഹ്ലാദം കൊള്ളുകയും കരയുകയും ചെയ്യുന്നു. കാണികളിലാരും പരസ്‌പരം സംസാരിക്കുന്നില്ല. തുടക്കത്തില്‍ പ്രത്യക്ഷപ്പെടുന്ന സ്‌ത്രീ എന്തോ ചവച്ച്‌ സഹപ്രേക്ഷകയോട്‌ എന്തോ പറയുന്നുണ്ട്‌. പക്ഷേ, ആ സംഭാഷണം നമ്മള്‍ കേള്‍ക്കുന്നില്ല. സിനിമയിലെ ഓരോ സന്ദര്‍ഭവും കാണികളുടെ മുഖത്തുനിന്ന്‌ നമുക്ക്‌ മനസ്സിലാക്കാം. കഥാപാത്രങ്ങളുടെ സന്തോഷവും സങ്കടവും ഉത്‌ക്കണ്‌ഠയുമൊക്കെ കാണികളും പങ്കിടുന്നു.


ഓരോ സ്‌ത്രീയുടെ മനസ്സിലും ഓരോ നഷ്‌ടപ്രണയമുണ്ടെന്നാണ്‌ കിരോസ്‌തമി സൂചിപ്പിക്കുന്നത്‌. സിനിമയുടെ അവസാനഭാഗത്ത്‌ ഓരോ പ്രേക്ഷകയും കണ്ണീരൊഴുക്കുകയാണ്‌. അത്‌ ഷിറീനെയോര്‍ത്തുള്ള കണ്ണീരല്ലെന്നാണ്‌ കിരോസ്‌തമിയുടെ പക്ഷം. ഓരോരുത്തരിലും ഒരു ഷിറീനുണ്ട്‌. ആ ഷിറീനുവേണ്ടിയാണ്‌ ആ കണ്ണുനീര്‍. സ്‌ത്രീയുടെ ദുരന്തത്തില്‍ പുരുഷന്‌ ഒട്ടും താത്‌പര്യമില്ലെന്നും കിരോസ്‌തമി സൂചിപ്പിക്കുന്നു. ഓരോ ഷോട്ടിലും പിന്‍നിരയില്‍ പ്രത്യക്ഷപ്പെടുന്ന പുരുഷന്മാരുടെ മുഖത്ത്‌ സദാസമയവും നിര്‍വികാരതയാണ്‌. 110 നടികളാണ്‌ ഈ സിനിമയില്‍ അഭിനയിച്ചത്‌. ഇതില്‍ ഏതാനും പേര്‍ മാത്രം ഒന്നിലധികം തവണ പ്രത്യക്ഷപ്പെടുന്നുണ്ട്‌.

സ്‌ത്രീകളെ മാത്രം കഥാപാത്രങ്ങളാക്കി കിരോസ്‌തമി 2002ല്‍ `ടെന്‍' എന്ന സിനിമ സംവിധാനം ചെയ്‌തിട്ടുണ്ട്‌. അക്കൊല്ലം കാന്‍ ഫിലിംഫെസ്റ്റിവലില്‍ ഇറാന്‍െറ ഔദ്യോഗിക എന്‍ട്രിയായിരുന്നു ഈ പരീക്ഷണചിത്രം. ആറ്‌ സ്‌ത്രീകളാണ്‌ ഈ സിനിമയിലെ കഥാപാത്രങ്ങള്‍. (കഥാനായികയുടെ മകനായ ഒരു പതിന്നാലുകാരന്‍ മാത്രമാണ്‌ ഇതിലെ പുരുഷ കഥാപാത്രം.) ഓടുന്ന ഒരു കാറിനകത്താണ്‌ സംഭവങ്ങള്‍ മുഴുവന്‍ നടക്കുന്നത്‌. കാറോടിക്കുന്നത്‌ ഒരു യുവതി. ആ കാറില്‍ പല സമയങ്ങളിലായി വന്നുകയറുന്ന അഞ്ചു സ്‌ത്രീകള്‍. കഥാപാത്രങ്ങളുടെ ക്ലോസപ്പ്‌ മാത്രമേ കാണിക്കുന്നുള്ളൂ. മുന്‍ സീറ്റിലിരിക്കുന്ന രണ്ട്‌ കഥാപാത്രങ്ങള്‍ തമ്മിലുള്ള സംഭാഷണങ്ങളിലൂടെയാണ്‌ കഥ മുന്നോട്ടു പോകുന്നത്‌. ടെഹ്‌റാന്‍ നഗരത്തിലൂടെയാണ്‌ കാര്‍ സഞ്ചരിക്കുന്നത്‌. പക്ഷേ, ഒരിക്കല്‍പ്പോലും കാറിന്‌ പുറത്തേക്ക്‌ ക്യാമറ കണ്ണയയ്‌ക്കുന്നില്ല. കാറിന്‌ പുറത്തെ ശബ്ദങ്ങള്‍ കേള്‍ക്കാം. പക്ഷേ, കാഴ്‌ചകളില്ല. നഷ്‌ടപ്പെടലിന്‍െറ വേദനയാണ്‌ `ടെന്നി'ലും കിരോസ്‌തമി ആവിഷ്‌കരിക്കുന്നത്‌.

Monday, August 30, 2010

ശരീരമെന്ന സമരായുധം

വടക്കന്‍ അയര്‍ലന്‍ഡില്‍ ബെല്‍ഫാസ്റ്റിലെ ജയിലില്‍ 66 ദിവസം ഉപവാസം അനുഷ്‌ഠിച്ച്‌ മരണം വരിച്ച ബോബി സാന്‍ഡ്‌സ്‌ എന്ന വിപ്ലവകാരിയുടെ കഥ പറയുന്ന 'ഹംഗര്‍' എന്ന ഐറിഷ്‌ സിനിമയെപ്പറ്റി

1981. വടക്കന്‍ അയര്‍ലന്‍ഡിലെ ബല്‍ഫാസ്റ്റിലുള്ള മാസെ ജയില്‍. സദാ ഇരുട്ടും നിശ്ശബ്ദതയും ഏകാന്തതയും കനത്തുനില്‌ക്കുന്ന തടവറ. അവിടെ, അവകാശങ്ങള്‍ക്കുവേണ്ടി തടവുകാരുടെ ശബ്ദമുയര്‍ന്നു. ആ ശബ്ദം ലോകമെങ്ങും അലയടിച്ചു. ബോബി സാന്‍ഡ്‌സ്‌ എന്ന ഇരുപത്തിയേഴുകാരനായിരുന്നു തടവുകാരുടെ നേതാവ്‌. രാഷ്‌ട്രീയത്തടവുകാര്‍ക്കുള്ള അവകാശങ്ങള്‍ക്കുവേണ്ടിയാണ്‌ പ്രതിഷേധസ്വരം ഉയര്‍ന്നത്‌. ബ്രീട്ടീഷ്‌ ഭരണകൂടം അതിനെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചു. ബോബി സാന്‍ഡ്‌സ്‌ ഗാന്ധിയന്‍ മാതൃകയില്‍ ഉപവാസസമരം തുടങ്ങി. 66-ാം ദിവസം ബോബിയെ മരണം കീഴ്‌പ്പെടുത്തി. ആ യുവധീരന്‍െറ ആത്മബലിയാണ്‌ `ഹംഗര്‍' എന്ന ഐറിഷ്‌ സിനിമയുടെ വിഷയം.


2008-ല്‍ ലോകത്തിറങ്ങിയ മികച്ച പത്തു സിനിമകളില്‍ ഒന്നായാണ്‌`ഹംഗര്‍' പരിഗണിക്കപ്പെടുന്നത്‌. ബ്രിട്ടീഷ്‌ നടന്‍ സ്റ്റീവ്‌മക്വീനാണ്‌ സംവിധായകന്‍. ഒട്ടേറെ അന്താരാഷ്‌ട്ര മേളകളില്‍ `ഹംഗര്‍' പ്രദര്‍ശിപ്പിച്ചിട്ടുണ്ട്‌. കാന്‍ ഫെസ്റ്റിവലില്‍ നവാഗത സംവിധായകനുള്ള `ക്യാമറ ഡി ഓര്‍' അവാര്‍ഡ്‌ ഈ ചിത്രത്തിനായിരുന്നു.

കവികൂടിയായ ബോബി സാന്‍ഡ്‌സ്‌ ഐറിഷ്‌ റിപ്പബ്ലിക്കന്‍ ആര്‍മിയുടെ സജീവ ഭടനായിരുന്നു. ഐക്യ അയര്‍ലന്‍ഡ്‌ ആയിരുന്നു ബോബിയുടെ സ്വപ്‌നം. ഐറിഷ്‌ സമരഭടന്മാരെ ബ്രിട്ടീഷ്‌ ഭരണകൂടം ക്രിമിനലുകളായാണ്‌ പരിഗണിച്ചിരുന്നത്‌. തങ്ങള്‍ക്കു നേരത്തേ അനുവദിച്ചിരുന്ന രാഷ്‌ട്രീയത്തടവുകാരുടെ പദവി തിരിച്ചുകിട്ടുകയായിരുന്നു ഐറിഷ്‌ ഭടന്മാരുടെ ലക്ഷ്യം.1981 മാര്‍ച്ച്‌ ഒന്നിനാണ്‌ ബോബി സാന്‍ഡ്‌സ്‌ നിരാഹാരം തുടങ്ങിയത്‌. മെയ്‌ അഞ്ചിന്‌ അദ്ദേഹം മരിച്ചു. സമരതീക്ഷ്‌ണമായ ഈ കാലയളവാണ്‌ സിനിമയില്‍ വരുന്നത്‌. (ബോബിയെ പിന്തുടര്‍ന്ന്‌ ഒന്‍പതു തടവുകാര്‍കൂടി ഉപവാസമനുഷ്‌ഠിച്ച്‌ മരണം വരിക്കുകയുണ്ടായി.)

ബല്‍ഫാസ്റ്റിലെ ബാര്‍ലിപ്പാടങ്ങളില്‍ ഓടിനടന്നിരുന്ന ബാല്യം. ക്രോസ്‌കണ്‍ട്രി മത്സരങ്ങളില്‍ ബോബി എന്നും ജേതാവായിരുന്നു. യുവത്വത്തില്‍ അവന്‍ ഐറിഷ്‌ റിപ്പബ്ലിക്കന്‍ ആര്‍മിയിലേക്ക്‌ ആകര്‍ഷിക്കപ്പെട്ടു. സമരരംഗത്ത്‌ ബോബി തീപ്പൊരിയായി. ആയുധം കൈവശംവെച്ചു എന്ന കുറ്റം ചുമത്തി ബോബിയെ 14 വര്‍ഷം തടവിനു ശിക്ഷിച്ചു. ആ ദീര്‍ഘദൂര ഓട്ടക്കാരന്‍ അങ്ങനെ മാസെ ജയിലിന്‍െറ ഇരുണ്ട നാലുചുമരുകള്‍ക്കുള്ളില്‍ ഒതുങ്ങിപ്പോയി.ഐറിഷ്‌ സേനാനികള്‍ പ്രത്യേകതരം സമരമുറയാണ്‌ ജയിലില്‍ സ്വീകരിച്ചത്‌. ജയില്‍പ്പുള്ളികളുടെ വസ്‌ത്രമണിയാന്‍ അവര്‍ കൂട്ടാക്കിയില്ല. സ്വന്തം വസ്‌ത്രം ധരിക്കണമെന്നതായിരുന്നു അവരുടെ ആവശ്യം. ഇതു നിരസിക്കപ്പെട്ടപ്പോള്‍ അവര്‍ വസ്‌ത്രം ഉപേക്ഷിച്ചു. പകരം ഒരു പുതപ്പു മാത്രം സ്വീകരിച്ച്‌ നഗ്‌നത മറച്ചു. മുടിവെട്ടാതെ, താടി വടിക്കാതെ, കുളിക്കാതെ അവര്‍ പ്രതിഷേധിച്ചു. സ്വന്തം ശരീരത്തിന്‍െറ ദുര്‍ഗന്ധം സഹിച്ച്‌ അനീതിക്കെതിരെ പൊരുതിനിന്നു. ജയിലിലെ അഴുക്കിന്‍െറ ലോകത്ത്‌ അവര്‍ ദേഹത്തെ ആത്മപീഡനത്തിനിരയാക്കി. ജയിലധികൃതര്‍ക്കുമുന്നില്‍ അവര്‍ വിവസ്‌ത്രരാക്കപ്പെട്ടു. വിശപ്പിനെ ആ ചെറുപ്പക്കാര്‍ സമരമാര്‍ഗമാക്കി. ശരീരത്തെ സമരായുധവുമാക്കി.


ജയിലിലെ നിഷ്‌ഠുരതയും മര്‍ദനമുറകളും കാണിച്ചുകൊണ്ടാണ്‌ 90 മിനിറ്റുള്ള സിനിമ തുടങ്ങുന്നത്‌. ആദ്യഘട്ടത്തില്‍ തടവുകാരെയും മര്‍ദകരായ ജയിലുദ്യോഗസ്ഥരെയുമാണ്‌ നമ്മള്‍ പരിചയപ്പെടുന്നത്‌. ഐറിഷ്‌ ഭടന്മാരെ ഭയമാണ്‌ ജയിലുദ്യോഗസ്ഥര്‍ക്ക്‌. ഏതു സമയത്തും ഒരു ബോംബോ വെടിയുണ്ടയോ തങ്ങളെ തേടിയെത്തുമെന്ന്‌ അവര്‍ ശങ്കിച്ചിരുന്നു. രണ്ടാംഘട്ടത്തില്‍ ക്യാമറ നീങ്ങുന്നത്‌ ബോബിയുടെ മനസ്സിലേക്കാണ്‌. ജയിലിലെ ഭീകരതയില്‍നിന്ന്‌ ഇതിവൃത്തം ബോബിയിലേക്ക്‌ കേന്ദ്രീകരിക്കപ്പെടുന്നു.

മൂന്നാമത്തെയും അവസാനത്തെയും ഘട്ടത്തില്‍ വീരപരിവേഷത്തോടെ ബോബി സിനിമയാകെ നിറഞ്ഞുനില്‍ക്കുകയാണ്‌. മരണത്തിലേക്കുള്ള ബോബിയുടെ ഓരോ നിമിഷവും ക്യാമറ രേഖപ്പെടുത്തുന്നു. ഞരക്കം മാത്രം അവശേഷിക്കുന്ന ദുര്‍ബലമായ ആ ശരീരം അമ്മയുടെ ചുംബനമേറ്റുവാങ്ങി നിശ്ചലമാകുന്നു. തീവ്രാനുഭവത്തിന്‍െറ തീച്ചൂളയിലൂടെയാണ്‌ സംവിധായകന്‍ നമ്മളെ കൊണ്ടുപോകുന്നത്‌.

ദീര്‍ഘമായ ഏതാനും ഒറ്റ ഷോട്ടുകളുണ്ട്‌ ഈ ചിത്രത്തില്‍. അതിലേറ്റവും പ്രധാനം 44-ാം മിനിറ്റില്‍ തുടങ്ങുന്ന ഷോട്ടാണ്‌. ബോബിയുടെ വ്യക്തിത്വം സംവിധായകന്‍ അനാവരണം ചെയ്യുന്നത്‌ ഈ ഷോട്ടിലാണ്‌. ബോബിയും നാട്ടുകാരന്‍കൂടിയായ കത്തോലിക്കാ പുരോഹിതനും തമ്മിലുള്ള മുഖാമുഖമാണ്‌ സന്ദര്‍ഭം. രണ്ടു ഷോട്ടുകളിലായുള്ള ഇവരുടെ സംഭാഷണം ഏതാണ്ട്‌ 21 മിനിറ്റ്‌ വരും. അതിലാദ്യത്തേത്‌ 17 മിനിറ്റ്‌ നീളുന്നു. ബോബിയുടെ ബാല്യം, കുടുംബ പശ്ചാത്തലം, വിപ്ലവ വീര്യം, രാഷ്ട്രീയ നിലപാടുകള്‍-എല്ലാം ഇവിടെ തെളിഞ്ഞുവരുന്നു.പതിനേഴ്‌ മിനിറ്റ്‌ നീണ്ട ഒറ്റ ഷോട്ട്‌ ലോക റെക്കോഡാണ്‌. ആള്‍ട്ട്‌മാന്‍ സംവിധാനം ചെയ്‌ത `ദ പ്ലെയര്‍' എന്ന സിനിമയുടെ റെക്കോഡാണ്‌ `ഹംഗര്‍' തിരുത്തിയത്‌. `ദ പ്ലെയറി'ല്‍ തുടക്കത്തിലെ രംഗം എട്ടു മിനിറ്റുള്ള ഒറ്റ ഷോട്ടിലാണ്‌ ചിത്രീകരിച്ചത്‌.

മൈക്കിള്‍ ഫാസ്‌ബിന്ദര്‍ എന്ന നടനാണ്‌ സാന്‍ഡ്‌സിനെ അനശ്വരനാക്കിയത്‌. നായകന്‍െറ ആത്മവിശ്വാസവും ക്ഷോഭവും വേദനയും നിരാശയുമൊക്കെ നിയന്ത്രിത ചലനങ്ങളിലൂടെ ഫാസ്‌ബിന്ദര്‍ നമുക്കു പകര്‍ന്നുതരുന്നു. കഥാപാത്രത്തിന്‍െറ ശരീരഘടനയുമായി പൊരുത്തപ്പെടാന്‍ രണ്ടുമാസം ഈ നടന്‍ ഉപവാസമനുഷ്‌ഠിച്ചു. 73 കിലോഗ്രാമുണ്ടായിരുന്ന തൂക്കം 57-ലേക്ക്‌ കൊണ്ടുവന്നു.

ബോബി സാന്‍ഡ്‌സിന്‍െറ ജീവിതം ആധാരമാക്കി മൂന്നു ചിത്രങ്ങള്‍ `ഹംഗറി'നു മുമ്പ്‌ പുറത്തുവന്നിട്ടുണ്ട്‌. സം മദേഴ്‌സ്‌ സണ്‍ (1996), എച്ച്‌ 3 (2001), ദ സൈലന്‍സ്‌ ഓഫ്‌ ദ സൈ്‌കലാര്‍ക്ക്‌ (2005) എന്നിവയാണീ ചിത്രങ്ങള്‍. ഇവയെ്‌ക്കാന്നിനും പക്ഷേ, ഹംഗറിന്‍െറ പ്രശസ്‌തി കിട്ടുകയുണ്ടായില്ല.

Wednesday, July 21, 2010

ജീവിതത്തിലേക്ക്‌ വീണ്ടും


മാരകരോഗത്തിനടിമയായ ആറുവയസ്സുകാരനായ മകനെ ദയാവധം നടത്തിയതിന്‌ തടവുശിക്ഷ അനുഭവിച്ച്‌ പുറത്തുവരുന്ന ഒരമ്മ വീണ്ടും ജീവിതത്തിലേക്ക്‌ തിരിച്ചു വരുന്നതിന്റെ കഥപറയുന്ന 'ഐ ഹാവ്‌ ലവ്‌ഡ്‌ യു സോ ലോങ്‌' എന്ന ഫ്രഞ്ച്‌ സിനിമയെക്കുറിച്ച്‌
ഫ്രഞ്ച്‌ നോവലിസ്റ്റും തിരക്കഥാകൃത്തുമായ ഫിലിപ്പ്‌ ക്ലോഡല്‍ ആദ്യമായി സംവിധാനം ചെയ്‌ത ഫീച്ചര്‍ ചിത്രമാണ്‌ 'ഐ ഹാവ്‌ ലവ്‌ഡു യു സോ ലോങ്‌'. 2008 ല്‍ ബര്‍ലിന്‍, ടൊറന്റോ ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിച്ച ചിത്രമാണിത്‌. മാരകരോഗത്തിനടിമയായ ആറു വയസ്സുകാരനായ മകനെ ദയാവധത്തിലൂടെ ദുരിതത്തില്‍നിന്നു മോചിപ്പിച്ച ഒരുവനിതാ ഡോക്ടറുടെ തീവ്രവേദനയാണിതില്‍ ആവിഷ്‌കരിക്കുന്നത്‌. ജയില്‍ ശിക്ഷയ്‌ക്കുശേഷം പുറത്തുവരുമ്പോള്‍ തിരസ്‌കൃതയാകുമെന്നവര്‍ ഭയന്നിരുന്നു. പക്ഷേ, ഇളയ സഹോദരിയും അവളുടെ കുടുംബവും പിന്നെ സമൂഹവും അവരെ തങ്ങളിലൊരാളായി പരിഗണിച്ച്‌ വീണ്ടും ജീവിതത്തിലേക്ക്‌ കൂട്ടിക്കൊണ്ടുപോവുകയാണ്‌. വിഷാദസാന്ദ്രമായ അന്തരീക്ഷത്തില്‍ നിന്ന്‌ പ്രസാദാത്മകതയിലേക്കാണ്‌ സിനിമയുടെ സഞ്ചാരം. 'സ്‌ത്രീ ശക്തി'യുടെ സിനിമയാണിതെന്ന്‌ സംവിധായകന്‍ പറയുന്നു. ദുരനുഭവങ്ങളെ അതിജീവിക്കാന്‍ കരുത്തു നേടുന്ന സ്‌ത്രീയെക്കുറിച്ചുള്ള സിനിമ.

നാല്‌പത്‌ വയസ്സ്‌ പിന്നിട്ട ജൂലിയറ്റ്‌ എന്ന ഡോക്ടറാണിതിലെ നായിക. 15 വര്‍ഷത്തെ തടവിന്‌ ശേഷം അവര്‍ വിമോചിതയാവുന്നു. വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്കുള്ള ലോഞ്ചില്‍ ആരെയോ പ്രതീക്ഷിച്ചിരിക്കുന്ന ജൂലിയറ്റിനെയാണ്‌ നമ്മളാദ്യം കാണുന്നത്‌. ലോഞ്ചില്‍ മറ്റാരുമില്ല. ജൂലിയറ്റിന്റെ ഒറ്റപ്പെടല്‍ ആദ്യത്തെ ഷോട്ടുകളില്‍ത്തന്നെ ദൃശ്യമാണ്‌. കുറച്ചുകഴിയുമ്പോള്‍ അവരുടെ അനിയത്തി ലിയ ഓടിക്കിതച്ചെത്തുന്നു. ഇവിടെ നിന്ന്‌ ജൂലിയറ്റിന്റെ കഥ തുടങ്ങുകയാണ്‌. കടുത്ത കുറ്റബോധത്തില്‍ നിന്ന്‌ പതുക്കെപ്പതുക്കെ സ്വതന്ത്രയാവുന്ന ജൂലിയറ്റിനെയാണ്‌ സംവിധായകന്‍ പിന്തുടരുന്നത്‌.

സര്‍വകലാശാലാ അധ്യാപികയായ ലിയ, ഭര്‍ത്താവ്‌ ലൂക്ക്‌, ദത്തെടുക്കപ്പെട്ട രണ്ട്‌ മക്കള്‍, ലൂക്കിന്റെ പിതാവ്‌, ലിയയുടെ സഹപ്രവര്‍ത്തകനായ മിഷേല്‍ എന്നിവരുമായുള്ള ഇടപെടലുകളിലൂടെയാണ്‌ ജൂലിയറ്റ്‌ നഷ്ടജീവിതം തിരിച്ചുപിടിക്കുന്നത്‌. അവസാനരംഗത്ത്‌, ഉള്ളിലെ കാര്‍മേഘങ്ങളെല്ലാം പെയെ്‌താഴിഞ്ഞ്‌ ജൂലിയറ്റ്‌ ആശ്വാസം കൊണ്ടിരിക്കുമ്പോഴാണ്‌ പ്രതീക്ഷയുടെ വിളിയുമായി മിഷേല്‍ എത്തുന്നത്‌. മിഷേലിന്റെ ശബ്ദം മാത്രമേ സംവിധായകന്‍ കേള്‍പ്പിക്കുന്നുള്ളൂ. 'ജൂലിയറ്റ്‌' എന്നയാള്‍ വിളിക്കുമ്പോള്‍ ജൂലിയറ്റിന്റെ മുഖം വിടരുന്നു. ''ഞാനിവിടെയുണ്ട്‌'' എന്ന മറുപടിയിലൂടെ ജീവിതത്തിലേക്ക്‌ വീണ്ടും പടര്‍ന്നുകയറാനുള്ള മോഹമാണവര്‍ പ്രകടമാക്കുന്നത്‌.

ഘട്ടംഘട്ടമായാണ്‌ ജൂലിയറ്റിന്റെ രഹസ്യം അനാവരണം ചെയ്യപ്പെടുന്നത്‌. അവരുടെ ദുഃഖത്തിന്റെയും ഒറ്റപ്പെടലിന്റെയും കാരണങ്ങള്‍ ആദ്യമൊന്നും വ്യക്തമാക്കുന്നില്ല. ''ഞാനൊരു ദീര്‍ഘയാത്രയിലായിരുന്നു'' എന്നാണ്‌ ജൂലിയറ്റ്‌ തന്റെ ജയില്‍വാസത്തെ വിശേഷിപ്പിക്കുന്നത്‌. ഇരുപതാം മിനിറ്റില്‍ പ്രത്യക്ഷപ്പെടുന്ന വെല്‍ഫെയര്‍ ഓഫീസറുടെ സംസാരത്തില്‍ നിന്നാണ്‌ അവര്‍ ജയിലായിരുന്നു എന്നു നമ്മള്‍ അറിയുന്നത്‌. അപ്പോഴും ചെയ്‌ത കുറ്റമെന്തെന്ന വിശദീകരണത്തിലേക്ക്‌ കടക്കുന്നില്ല. ലിയയുടെ വീട്ടില്‍ നടന്ന പാര്‍ട്ടിക്കിടെ ''ഞാന്‍ 15 കൊല്ലം ജയിലിലായിരുന്നു'' എന്ന്‌ ജൂലിയറ്റ്‌ പറഞ്ഞപ്പോള്‍ ലിയയുടെ സുഹൃത്തുക്കളാരും അത്‌ വിശ്വസിക്കുന്നില്ല. ഒരു ഫലിതമെന്നമട്ടില്‍ സദസ്സ്‌ അതു തള്ളുകയാണ്‌. കഥ മുന്നോട്ടുനീങ്ങവെ ജൂലിയറ്റ്‌ ആരാണെന്ന്‌ കുറേശ്ശെ മനസ്സിലായിത്തുടങ്ങുന്നു. അവരെ പൂര്‍ണമായും അറിയാനുള്ള വെമ്പലാണ്‌ പിന്നെ നമുക്ക്‌.


കടുത്ത ഏകാന്തതയില്‍ നിന്ന്‌ അനിയത്തിയുടെ വീട്ടിലെ ആഹ്ലാദാന്തരീക്ഷത്തിലെത്തിയപ്പോള്‍ ജൂലിയറ്റ്‌ അസ്വസ്ഥയായിരുന്നു. അനിയത്തിയുടെ കുടുംബവും സുഹൃത്തുക്കളും തന്നെ എങ്ങനെ സ്വീകരിക്കും എന്നതായിരുന്നു ജൂലിയറ്റിന്റെ ആശങ്ക. ജയിലില്‍ അവരെക്കാണാന്‍ ആരും ചെന്നിരുന്നില്ല. മാതാപിതാക്കളും ഭര്‍ത്താവും വിചാരണവേളയില്‍ത്തന്നെ ജൂലിയറ്റിനെ തള്ളിപ്പറഞ്ഞിരുന്നു. ലിയ ആകട്ടെ അന്ന്‌ കൊച്ചു കുഞ്ഞായിരുന്നു. വിചാരണവേളയില്‍ ജൂലിയറ്റ്‌ മൗനം പൂണ്ടു. ശിക്ഷ ഏറ്റുവാങ്ങാന്‍ സ്വയം പാകപ്പെടുകയായിരുന്നു അവര്‍. നീതിപീഠത്തോട്‌ അവര്‍ ദയയ്‌ക്കായി യാചിച്ചില്ല. പരമാവധി ശിക്ഷ കൊണ്ടേ തന്റെ പാപത്തിനു പരിഹാരമാകൂ എന്നവര്‍ വിശ്വസിച്ചു.

ജീവിതത്തിലേക്ക്‌ വീണ്ടും കടന്നുചെല്ലാന്‍ പ്രേരണ കിട്ടിയ നിമിഷങ്ങളെക്കുറിച്ച്‌ ജൂലിയറ്റ്‌ മിഷേലിനോട്‌ പറയുന്നുണ്ട്‌. ജയില്‍മോചനം അടുത്തസമയം. ഒരു യുവതി തന്നെ കാണാന്‍ വരുന്നു. അത്‌ ലിയ ആയിരുന്നു. വീണ്ടും വരാമെന്ന്‌ പറഞ്ഞാണ്‌ അവള്‍ പോയത്‌. അന്നുരാത്രി ജൂലിയറ്റ്‌ തന്റെ അനിയത്തി കൊച്ചുകുഞ്ഞായിരുന്ന നാളുകള്‍ ഓര്‍ത്തെടുത്തു. കുഞ്ഞിപ്പല്ലുകള്‍ കാട്ടിയുള്ള അവളുടെ ചിരി ജൂലിയറ്റിന്റെ ഓര്‍മകളില്‍ തിളങ്ങി. തടവറയുടെ ഇരുട്ടിലൂടെ ആ കുഞ്ഞിക്കൈകള്‍ നീണ്ടുവന്ന്‌ തന്റെ ഹൃദയത്തില്‍ തൊട്ടതായി അവര്‍ക്കനുഭവപ്പെടുന്നു.

ജൂലിയറ്റിനെ വര്‍ത്തമാനകാലത്തോട്‌ അടുപ്പിച്ചു നിര്‍ത്തിയാണ്‌ സംവിധായകന്‍ കഥ പറയുന്നത്‌. ഭൂതകാലം ഓര്‍ത്തെടുക്കാന്‍ ജൂലിയറ്റിന്‌ ഇഷ്ടമില്ല. അതുകൊണ്ടു ക്യാമറയുടെ സഞ്ചാരം എപ്പോഴും നടപ്പുകാലത്തിലൂടെയാണ്‌. ജൂലിയറ്റ്‌ മറക്കാനാഗ്രഹിക്കുന്ന ദൃശ്യങ്ങളൊന്നും സംവിധായകന്‍ കാണിക്കുന്നില്ല. ഫ്‌ളാഷ്‌ ബാക്ക്‌ പാടെ ഒഴിവാക്കിയിരിക്കുന്നു. തടവറയിലെ ഏകാന്തതയോ മകന്റെ കുസൃതികളോ അവന്റെ അന്ത്യനിമിഷങ്ങളോ ഒന്നും നമ്മള്‍ കാണുന്നില്ല. എല്ലാം നമ്മള്‍ അനുഭവിച്ചറിയുന്നത്‌ ജൂലിയറ്റിന്റെ ആര്‍ദ്രമായ വാക്കുകളിലൂടെയാണ്‌ (അവസാന ഭാഗത്ത്‌ മകന്റെ ഒരു ഫോട്ടോ മാത്രം കാണിക്കുന്നുണ്ട്‌).

മകന്‍ പിയറിയെ എല്ലാ വേദനകളില്‍ നിന്നും താന്‍ മോചിപ്പിച്ച നിമിഷങ്ങളെപ്പറ്റി ജൂലിയറ്റ്‌ പറയുന്നതിങ്ങനെ: ''ആ രാത്രി വലിയൊരു പാര്‍ട്ടി നടത്തി. അവനന്ന്‌ കഷ്ടിച്ച്‌ അനങ്ങാനേ കഴിഞ്ഞിരുന്നുള്ളൂ. ഞങ്ങള്‍ ഒരുമിച്ച്‌ പാട്ടുപാടി. പൊട്ടിച്ചിരിച്ചു. അവന്‌ ഏറ്റവും പ്രിയപ്പെട്ട കഥകളെല്ലാം ഞാന്‍ വായിച്ചുകൊടുത്തു. പിന്നെ, സാവകാശം കിടത്തി. ഞാനവനെ അതിയായി സ്‌നേഹിക്കുന്നുണ്ടെന്ന്‌ പറഞ്ഞു. ഒരു ഇഞ്ചക്ഷന്‍ കൊടുക്കാന്‍ പോവുകയാണെന്നും പറഞ്ഞു. നേരം വെളുക്കും വരെ ഞാനവന്റെ അരികില്‍ത്തന്നെ ഉണ്ടായിരുന്നു.'' ഇവിടെ ദൃശ്യങ്ങള്‍ അധികപ്പറ്റാണെന്ന്‌ നമുക്ക്‌ തോന്നും. അതാണ്‌ സംവിധായകന്റെ മിടുക്ക്‌.


110 മിനിറ്റ്‌ നീണ്ട ഈസിനിമയുടെ ശക്തി ജൂലിയറ്റ്‌ എന്ന കഥാപാത്രമാണ്‌. അവരുടെ മനസ്സിന്റെ ആഴങ്ങളിലേക്കാണ്‌ ക്യാമറ ഇറക്കിവെച്ചിരിക്കുന്നത്‌. എത്ര കഠിനവ്യഥയാണ്‌ അവര്‍ അനുഭവിച്ചതെന്ന്‌ ഓരോ ദൃശ്യഖണ്ഡവും സാക്ഷ്യപ്പെടുത്തുന്നു. അപാരമായ അഭിനയ സിദ്ധിയുണ്ടെങ്കിലേ ഈ കഥാപാത്രത്തെ വിജയിപ്പിക്കാനാവൂ. ഫ്രഞ്ച്‌ പൗരത്വമുള്ള ബ്രിട്ടീഷ്‌ നടി ക്രിസ്റ്റീന്‍ എ. സ്‌കോട്ട്‌ തോമസിനെയാണ്‌ ജൂലിയറ്റിന്റെ വേഷം സംവിധായകന്‍ ഏല്‌പിച്ചിരിക്കുന്നത്‌. അതവര്‍ ഭംഗിയായി നിര്‍വഹിച്ചിട്ടുണ്ട്‌. 'ബിറ്റര്‍ മൂണ്‍', 'ഫോര്‍ വെഡിങ്‌സ്‌ ആന്‍ഡ്‌ എ ഫ്യൂണറല്‍', 'ദ ഇംഗ്ലീഷ്‌ പേഷ്യന്റ്‌' എന്നീ ചിത്രങ്ങളിലെ അഭിനയത്തിന്‌ അംഗീകാരം നേടിയിട്ടുള്ള നടിയാണ്‌ ക്രിസ്റ്റീന്‍.