Sunday, April 7, 2013

ങ്ങക്ക് കുര്‍ത്തോണ്ട ഈ മൂട്


ഏഴ് ഭാഷകള്‍ കൂടിച്ചേര്‍ന്ന് കാസറഗോഡിന് നല്‍കിയ
സവിശേഷ നാട്ടുഭാഷയെ അതിന്റെ 
തനിമയോടെ സംരക്ഷിക്കാന്‍ ശ്രമിക്കുകയാണ് 
അപ്‌സര പബ്‌ളിക് സ്‌കൂളിലെ ' മാതൃഭൂമി സീഡ് ' പ്രവര്‍ത്തകര്‍


നടന്‍ സുരേഷ് ഗോപിയോടാണ് ചോദ്യം. ' ങ്ങക്ക് കുര്‍ത്തോണ്ട ഈ മൂട് ? ' കാസര്‍കോട് ജില്ലാ പഞ്ചായത്തിലെ ഒരു വനിതാംഗമാണ് സ്‌നേഹത്തോടെ ഇങ്ങനെ ചോദിച്ചത്. ഡയലോഗ് വീരനായ നടന് ഒന്നും തിരിഞ്ഞില്ല. ' നിങ്ങള്‍ക്ക് ഓര്‍മയുണ്ടോ ഈ മുഖം ' എന്നാണ് വനിതാംഗം ഉദ്ദേശിച്ചത് എന്ന് ഒരാള്‍ നടന് പറഞ്ഞുകൊടുത്തു. തന്റെ അതിപ്രശസ്തമായ ഡയലോഗിന്റെ കാസറഗോഡന്‍ പരിഭാഷ കേട്ട് സുരേഷ് ഗോപി ചിരിച്ചു. 
    കാസര്‍കോട് പരവനടുക്കത്തെ അപ്‌സര പബ്‌ളിക് സ്‌കൂളിലെ പത്താംതരം ബി. ക്‌ളാസിലെ ' പുള്ളര്‍ ' തയാറാക്കിയ നാട്ടുഭാഷാ കൈപ്പുസ്തകത്തിലാണ് ഈ അനുഭവകഥയുള്ളത്. സുരേഷ്‌ഗോപിയെ മാത്രമല്ല പലരെയും പരിഭ്രമിപ്പിച്ചിട്ടുണ്ട് കാസറഗോഡന്‍ ഭാഷ. ഉത്തരകേരളത്തിലെ ഏഴ് ഭാഷകളുടെ സങ്കരമാണ് കാസറഗോഡന്‍ ശൈലി. 'ഉടുത്ത ഭാഷ ഒന്നിനും കൊള്ളില്ല ' എന്ന കുഞ്ഞുണ്ണിമാഷുടെ മൊഴിയാണ് അപ്‌സരയിലെ കുട്ടികള്‍ക്ക് വഴികാട്ടിയായത്. അവര്‍ കാസറഗോഡന്‍ നാട്ടുഭാഷയുടെ തനിമയും തെളിമയും മാലോകരെ അറിയിക്കുകയാണ്. വാക്കുകളുടെ മേല്‍ പൊതിഞ്ഞുവെച്ച കൃത്രിമത്വത്തിന്റെ ആടകള്‍ അവര്‍ അഴിച്ചെറിയുന്നു. 

  ഏറ്റവും കൂടുതല്‍ ഭാഷകള്‍ മ്ണ്ട്ന്ന ജില്ലയാണ് കാസറഗോഡ് എന്ന് കുട്ടികള്‍ അഭിമാനത്തോടെ പറയുന്നു. ഏയ് തരം ഭാഷകളാണ് ഇവിടെ മ്ണ്ട്ന്നത്. കന്നഡ, തുളു, ബ്യാരി, മലയാളം, ഹിന്ദി, മറാത്തി, കൊങ്കണി എന്നിവ. കേരളത്തിലെ വടക്കേ മൂലയില്‍ പൈമൂന്ന് ലച്ചത്തോളം ആള്‍ക്കാര്‍ ചേയിക്ക്ന്ന ജില്ലേന്റെ ഉസാര്‍ അടിത്തട്ട്ന്ന് തൊട്ങ്ങണംന്നാണ് അവരുടെ അഭിപ്രായം. 
 സ്‌കൂളിലെ ' മാതൃഭൂമി സീഡ് ' ക്‌ളബ്ബില്‍പ്പെട്ട കുട്ടികളാണ് ' ആദിലേ പൂദിലേ ' എന്ന കൈപ്പുസ്തകത്തിന്റെ അവതാരകര്‍. ' ആദിലേ പൂദിലേ ' എന്നാല്‍ ' ആദ്യം തൊട്ടേ ' എന്നര്‍ഥം. ( സമാനമായ പ്രയോഗം കണ്ണൂരും കോഴിക്കോട്ടുമുണ്ട്. ' ആദീം പൂതീം ' എന്നാണ് കണ്ണൂരുകാര്‍ പറയുക. ' ആദ്യോം പൂദ്യോം ' എന്ന് കോഴിക്കോട്ടുകാരും) . കാസറഗോഡന്‍ ഭാഷയുടെ സംരക്ഷണത്തിന് ആദ്യം തൊട്ടേ തുടങ്ങാം എന്നാണ് അപ്‌സരയിലെ കുട്ടികള്‍ പറയുന്നത്. സീഡിന്റെ മുന്‍ കോ- ഓര്‍ഡിനേറ്റര്‍ പി.പി. സജിരാഗാണ് 66 താളുകളുള്ള പുസ്തകത്തിന്റെ ചീഫ് എഡിറ്റര്‍. അയിഷ കാപ്പില്‍ സ്റ്റൂഡന്റ് എഡിറ്ററും. ഈ ഭൂമിയുടെ മാത്രമല്ല, നാട്ടുഭാഷയുടെയും സംരക്ഷകരാണ് തങ്ങളെന്ന് തെളിയിക്കുകയാണ് അപ്‌സരയിലെ സീഡ് പ്രവര്‍ത്തകര്‍. 
 ഈ പ്രാദേശികഭാഷാ മാഗസിന്‍ ഭാഷാഭൂപടത്തില്‍ ഇടംപിടിക്കുമെന്ന കാര്യത്തില്‍ മുന്‍ പ്രിന്‍സിപ്പല്‍ ഡോ. എന്‍. കെ. വിജയന്‍ കരിപ്പാളിന് സംശയമൊന്നുമില്ല. ' ഇംഗ്‌ളീഷ് ചെടിയിലെ നാട്ടുപൂവ് ' എന്നാണ് അദ്ദേഹം ഈ സംരംഭത്തെ വിശേഷിപ്പിക്കുന്നത്. 
 മണ്ണിന്റെ രുചിയറിഞ്ഞ നാവില്‍ നിന്ന് തുളുമ്പുന്ന ഭാഷാഭേദങ്ങള്‍. ഇവ വെറും കെട്ടുകാഴ്ചയല്ലെന്ന് ' ആദിലേ പൂദിലേ ' യുടെ അണിയറ ശില്പികള്‍ തിരിച്ചറിയുന്നു. ഭാഷാ അധിനിവേശത്തിന്റെ കാലത്താണ് തങ്ങള്‍ നില്‍ക്കുന്നതെന്നും അവര്‍ക്കറിയാം. പ്രാദേശികഭാഷകളെ നിലംപരിശാക്കുന്ന ഭാഷാ ആക്രമണങ്ങളെ കുഞ്ഞുകൈകള്‍ കൊണ്ട് തടയാനുള്ള ശ്രമമാണ് തങ്ങള്‍ നടത്തുന്നതെന്ന് മുഖത്തെഴുത്തില്‍ കുട്ടികള്‍ പറയുന്നു. സ്വന്തം എന്ന വാക്കിനെ അടിച്ചൊതുക്കി, അവകാശപ്പെടാന്‍ ഓര്‍മകള്‍ മാത്രമായി കഴിയാന്‍ വിധിക്കപ്പെട്ട മലയാളികളായി നാം മാറുന്നു എന്നതാണ് അവരുടെ ദു:ഖം. ആ ദു:ഖത്തില്‍ നിന്നാണ് ഈ പുസ്തകത്തിന്റെ പിറവി. 
 കുമ്പളക്കും കാഞ്ഞങ്ങാടിനുമിടയില്‍ പ്രചാരത്തിലുള്ള വാക്കുകളാണ് ' ആദിലേ പൂദിലേ ' യിലുള്ളത്. തങ്ങള്‍ക്ക് പരിചിതമായ ഇടങ്ങളില്‍ നിന്നാണ് കുട്ടികള്‍ വാക്കുകള്‍ ശേഖരിച്ചത്.കിട്ടിയ വാക്കുകള്‍ ഉപയോഗിച്ച് അവര്‍ കഥകളെഴുതി. കവിതകളും ഓര്‍മക്കുറിപ്പും പാചകക്കുറിപ്പും ഒറ്റമൂലിയും എഴുതി.കാസറഗോഡ് ജില്ലയുടെ വിശേഷങ്ങളെഴുതി. എന്തിനേറെ, ടിന്റുമോന്റെ ഫലിതങ്ങള്‍പോലും നാട്ടുഭാഷയിലാക്കി.       ഇംഗ്‌ളീഷ് മീഡിയത്തിലെ ഭാഷാപരമായ അണിഞ്ഞൊരുങ്ങലുകള്‍ക്ക് അപ്പുറം തങ്ങളുടെ ഭാഷയുടെ തനിമയെ ആവിഷ്‌കരിക്കാനുള്ള ശ്രമം ഭാഷയില്‍ പൊതുവെ നടത്തുന്ന അഴിച്ചുപണിയുടെ ഭാഗം തന്നെയാണെന്നാണ് എന്‍. സന്തോഷ് കുമാര്‍ അവതാരികയില്‍ നിരീക്ഷിക്കുന്നത്. 
 ഉള്‍പ്പേജുകളിലെ വിഷയവിവരത്തില്‍ നിന്നേ തുടങ്ങുന്നു കാസറഗോഡന്‍ ഭാഷയുടെ തനിമ. ' ഉള്ളിലെ ബിസ്യം ' ആണ് അവര്‍ക്ക് ഉള്ളടക്ക സൂചിക. കുട്ടിച്ചിത്രങ്ങളുടെ അകമ്പടിയോടെ വിഷയങ്ങള്‍ ഒന്നൊന്നായി താളുകളില്‍ നിറയുന്നു. അയിഷ കാപ്പിലിന്റെ കവിതയിലാണ് തുടക്കം. ' മടിയാ , പണി എട്ക്ക് ' എന്ന കവിതയില്‍ മടിയനായ ആനയെ പണിയെടുപ്പിക്കുകയാണ് ആനക്കാരന്‍. അയാളുടെ വര്‍ത്തമാനം കേട്ടോളൂ: 
 

' കുന്നോളം ചോറ് ബെയ്ച്ചിറ്റ് 
ഒരു കൊല ബായക്ക തുന്നിറ്റ് 
നീ ബെര്‍ദെ നിക്ക്ന്നാ ആനക്കൊമ്പാ ? 
മരക്കണ്ടം കാണ്‍ന്നില്ലേ നിന്റെ മുമ്പില്
ബെഡ്ഡാ, നിനക്ക് കണ്ണ് കാണ്‍ന്നില്ലേ
മടിയാമറ്റം നീ കാണ്‍ച്ചങ്ക്
അന്റെ കൈല്‍ള്ള കത്തി 
ഇട്ടിറ്റ് ഞാന്‍ ചങ്ക് അര്‍ക്കും 
 പൗത്ത മാങ്ങ കൊണ്ട് എങ്ങനെ ജാമുണ്ടാക്കാം എന്നാണ് റിയാസിനി റംഷ വിവരിക്കുന്നത്. അതിങ്ങനെ : പൗത്ത മാങ്ങ - രണ്ട് കിലോ, പഞ്ചാര - മാങ്ങേന്റെ മധുരം അന്‌സരിച്ചിറ്റ് ബേണം പഞ്ചാരേ ഇടാന് , ബള്ളം - രണ്ട് ക്‌ളാസ് , നാരങ്ങ - എട്ട്. ഇണ്ടാക്കേണ്ടത് ഇങ്ങനെ : മാങ്ങ ഒപ്പിടി കണ്ടം ആക്കീറ്റ് നല്ല ഒര്‍പ്പ്ള്ള ഒരു പാത്രത്തില്‍ ഇട്ണം. അന്നിറ്റ് ഈലേക്ക് രണ്ട് ക്‌ളാസ് ബള്ളം പോര്‍ന്നിറ്റ് അട്പ്പില് ബെക്കണം. കൊര്‍ച്ച് നേരം കയിഞ്ഞിറ്റ് തള്ച്ച്റ്റായിറ്റ് പഞ്ചാരേം നാരങ്ങന്റെ നീരും ഒക്കെയാക്കീറ്റ് എള്‍ക്കിക്കൊണ്ടെന്നെ ഇരിക്കണം. ഇത് ജാമ് പോലെ ആയിറ്റ് കണ്ടങ്ക് ഒരു കുപ്പിയില്‍ ആക്കീറ്റ് ബക്കണം. 
 കാസറഗോഡ് ശൈലിയിലുള്ള ടിന്റുമോന്റെ ബിറ്റ് വായിക്കാനും രസമാണ്. ഒരു സാമ്പിള്‍: ടിന്റു : ഇന്നലെ ഞാന്‍ ഞമ്മളെ ലൗവിനെക്കുറിച്ചിറ്റ് മെല്ലെ പൊരേല് പറഞ്ഞിന്. ചിഞ്ചു : ഗുഡ്. അന്നിറ്റ് നിന്റെ ഉപ്പാ എന്ത് പറ്ഞ്ഞ് ? ടിന്റു : മെല്ലെ പര്‍ഞ്ഞോണ്ട് ആര്ക്കും കേട്ടില്ല. 
 ആര്ക്കും കേറാന്‍ കയ്യാത്ത കാറേത് എന്ന കുസൃതിച്ചോദ്യമാണ് റിസ്‌വാന ചോദിക്കുന്നത്. ഉത്തരം മഴക്കാറ്. നിങ്ങക്ക് മറ്റോര്‍ക്ക് കൊട്ക്കാന്‍ കയ്ന്ന ശ്വാസം ഏതെന്നും അവള്‍ ചോദിക്കുന്നു. ആശ്വാസം എന്ന് മറുപടി. കാസ്‌റോഡ് ബാര്‍ത്തയില്‍ കാസറോഡ് പാര്‍ട്ടി പുള്ളറും ക്‌ളബ്ബ് പുള്ളറും തല്ലായ ബാര്‍ത്തയാണ് ജസീനയും ജസീമും നല്‍കുന്നത്. 
 ഹാഷിര്‍ അബ്ദുള്‍ ഖാദറിന്റെ സംഭാവന പഴഞ്ചൊല്ലുകളാണ്. മത്തങ്ങ കുത്തിയങ്ക് കുമ്പളങ്ങ മൊള്‍ക്ക്വോ? എന്നാണ് ഹാഷിറിന്റെ ചോദ്യം. ചേന കട്ടോനും ആന കട്ടോനും കള്ളനെന്നെ എന്നും ഹാഷിര്‍ ഓര്‍മപ്പെടുത്തുന്നു. ഇഫ്‌റാന ശേഖരിച്ചത് ഏതാനും കടംകഥകളാണ്. ഉള്ളില്‍ പോമ്പോ പച്ചെ , ബയ്‌ലോട്ട് ബെര്‌മ്പോ ചോപ്പ് . വല്ലതും പിടി കിട്ടിയോ? ഇല്ലങ്കില്‍ ഉത്തരം ഇതാ: ബെത്തലെ ( വെറ്റില ). 

ഉപ്പ ബീഡി ബലിക്ക്ന്ന്  ഉമ്മ നനക്ക്ന്ന് ക്ടാവ് കരീന്ന്. ഉത്തരം : തീബണ്ടി. 
  സര്‍ദാര്‍ജി ഫലിതത്തിനും കാസറഗോഡന്‍ ഭാഷാഭേദമുണ്ട്. ചേലുള്ള ഒരു പെണ്ണ് നടന്നിറ്റ് പോമ്പോ സര്‍ദാര്‍ജി കെട്ടിപ്പിടിച്ച്, ബിടിന്നേയില്ല. പെണ്‍കുട്ടി : ശ്ശി , നിങ്ങോ എന്ത് ചെയ്‌ന്നേ ? സര്‍ദാര്‍ജി : ഞാനിപ്പോ എം.ബി. എ. പടിച്ചോണ്ട്ണ്ട്. ഏതാനും കാസറഗോഡന്‍ പഴഞ്ചൊല്ല് ഇതാ : ബജാറില് പൊട്ടിയേന് ഉമ്മാനോട്. കാക്ക മറേല്‍പ്പോയാല് കൊക്കായീല. കുന്തം പോയാ ചട്ടീലും പെര്തണം. ആനക്ക് അയിന്റെ ബെല്‍പ്പം അറീല. 
 എ. മുബസ്സിറ ഏതാനും മൊബൈല്‍ പഴഞ്ചൊല്ലാണ് അവതരിപ്പിക്കുന്നത്. അവയില്‍ ചിലത്: ആരാന്റെ സിം ബ്‌ളോക്കായാല്‍ കാണാന്‍ നല്ല പാങ്ങ്. ഹാന്റ്‌സെറ്റ് ചാരിനിന്നോന്‍ സിമ്മ് കൊണ്ടോയി. റേഞ്ച് പോയാലേ റേഞ്ചിന്റെ ബെലേയറിയൂ. കരീന്ന മൊബൈല്‍നേ ചാര്‍ജുള്ളു. 
  ഏറ്റവും അവസാനം ഭാഷാ വഴികാട്ടിയാണ്. കാസറഗോഡ് മാത്രം ഉപയോഗിക്കുന്ന നൂറോളം വാക്കുകളുടെ അര്‍ഥമാണ് ഈ ഭാഗത്ത് നല്‍കിയിരിക്കുന്നത്. ഏതാനും ഉദാഹരണങ്ങള്‍ ഇതാ: ഓട്ത്തു (എവിടെ), കലമ്പുക (വഴക്ക് കൂടുക), കുച്ചില് (അടുക്കള) , ചാച്ച (മാമന്‍ / ഇക്കാക്ക) , ചെല്ലി (പറഞ്ഞു) , ജാകെ (സ്ഥലം) , ഞമ്മ (ഞങ്ങള്‍) , തണാറ് (മുടി) , തമ്പിച്ചു (സമ്മതിച്ചു) , തൊപ്പന്‍ (കുറെയധികം) , തൊണ്ടമ്മാര്‍ (വൃദ്ധര്‍) , തൈക്കണ്ട (അടിക്കണ്ട) , നൊമ്പലം (വേദന) , പ്ടിയെ (കട) , പ്‌റ്ക്ക് (കൊതുക് / പ്രാണികള്‍) , പിര്‌സം (ഇഷ്ടം) , പുള്ളര്‍ (കുട്ടികള്‍) , പൊഞ്ഞാറ് (വിഷമം) , പൊണ്ടം (ഇളനീര്) , പൊയ്യ (പൂഴി) , പൈക്ക്ന്ന് (വിശക്കുന്നു) , ബണ്ണെ (വെറുതെ) , ബദ്ക്കുക (ജീവിക്കുക) , ബയ്ട്ട് (വൈകുന്നേരം) , ബയിലം (കരച്ചില്‍) , ബയ്യത്തി (ഓടിച്ചു / വഴക്കു പറഞ്ഞു) , ബറാബറായി (കണക്കായി / ഒരേപോലെ) ,ബാണം (വേണം) , ബിസ്യം (വര്‍ത്തമാനം) , ബെരുത്തം (രോഗം) , ബോണി (പാത്രം / ആദ്യം ) , മനാരം (വൃത്തി) , മുദ്മന്‍ (മുഴുവന്‍) ,മൂട് (അടപ്പ് / മുഖം). 
 കാസറഗോഡിന്റെ സവിശേഷമായ സംസ്‌കാരത്തില്‍ നിന്ന് ഉരുത്തിരിഞ്ഞ നാട്ടുഭാഷയെ ഹൃദയത്തോട് ചേര്‍ത്തുപിടിക്കുന്ന അപ്‌സര പബ്‌ളിക് സ്‌കൂളിലെ കുട്ടികളെ പിശുക്കില്ലാതെ നമുക്ക് അഭിനന്ദിക്കാം.  


Tuesday, March 5, 2013

ഈ ഭൂമിയുടെ തടവുകാര്‍


ഫിന്നിഷ് സംവിധായകനായ അകി കോറിസ്മാക്കിക്ക് 
ലോകമെങ്ങും വലിയൊരു പ്രേക്ഷകസമൂഹമുണ്ട്. 
താഴെത്തട്ടിലുള്ള സാധാരണ മനുഷ്യരാണ് 
അകിചിത്രങ്ങളിലെ നായകര്‍. സമാനവിഷയങ്ങള്‍ 
ആധാരമാക്കി മൂന്നു സിനിമാത്രയം സൃഷ്ടിച്ചിട്ടുണ്ട് 
അദ്ദേഹം. അവയില്‍ ആദ്യത്തെതാണ് 
' പ്രോലറ്റേറിയറ്റ് ട്രിലജി ' .


യൂറോപ്പിലെ എട്ടാമത്തെ വലിയ രാജ്യമാണ് ഫിന്‍ലന്‍ഡ്. ലോകത്തിലെ സമ്പന്നരാജ്യങ്ങളിലൊന്ന്. 2011 ലെ കണക്കനുസരിച്ച് മൊത്തം ജനസംഖ്യ 54 ലക്ഷം. വര്‍ഷത്തില്‍ 20 - 25 സിനിമകള്‍ ഇവിടെ നിര്‍മിക്കുന്നു. ഫിന്നിഷ് സിനിമയില്‍ ചലനം സൃഷ്ടിച്ചവരാണ് കോറിസ്മാക്കി സഹോദരന്മാര്‍. മിക - അകി കോറിസ്മാക്കിമാര്‍. 1980 ലാണ് മികയുടെ ആദ്യസിനിമയായ 'ദ ലയര്‍' പുറത്തുവന്നത്. ജര്‍ണലിസം വിദ്യാര്‍ഥിയായിരുന്ന അനുജന്‍ അകി കോറിസ്മാക്കിയായിരുന്നു ഇതിലെ നായകന്‍. ചിത്രത്തിന് തിരക്കഥ എഴുതിയതും അകി തന്നെ. പില്‍ക്കാലത്ത് മികയേക്കാള്‍ അകി പ്രശസ്തനാവുന്നതാണ് സിനിമാലോകം കാണുന്നത്. 1983 ല്‍ അകി സംവിധായകനായി. ഡോസ്‌തോവ്‌സ്‌കിയുടെ 'ക്രൈം ആന്‍ഡ് പണിഷ്‌മെന്റ്' ആയിരുന്നു ആദ്യസിനിമ. ഇന്ന് ഫിന്നിഷ് സിനിമ എന്നു പറയുമ്പോള്‍ ആദ്യം ഉയര്‍ന്നുവരുന്ന പേര് അകി കോറിസ്മാക്കിയുടേതാണ്. ലളിതമാണ് അദ്ദേഹത്തിന്റെ കഥാഖ്യാനം. ലോകമെങ്ങും വലിയൊരു പ്രേക്ഷകസമൂഹം അകിയുടെ ആരാധകരായുണ്ട്.
എങ്ങനെ സംവിധായകനായി എന്നത് അമ്പത്തഞ്ചുകാരനായ അകി കോറിസ്മാക്കിക്ക് ഇന്നും ഒരദ്ഭുതമാണ്. യുവത്വത്തില്‍ ഹിപ്പിയിസത്തോടായിരുന്നു താത്പര്യം. പല ജോലികളും ചെയ്തു. ഒന്നിലും ഉറച്ചുനിന്നില്ല. നിയമം അനുസരിക്കാന്‍ വിമുഖനായിരുന്നു. കുരുത്തക്കേടിന് പലപ്പോഴും അറസ്റ്റിലായി. ഒരുപാട് രാത്രികള്‍ പോലീസ് സ്റ്റേഷനില്‍ കഴിച്ചുകൂട്ടിയിട്ടുണ്ട്. 1980 കളില്‍ ജ്യേഷ്ഠന്‍ മികയാണ് അകിയെ സിനിമയിലേക്ക് കടക്കാന്‍ പ്രേരിപ്പിച്ചത്.

 'മാന്‍ വിത്തൗട്ട് എ പാസ്റ്റ് ' എന്ന ചിത്രമാണ് അകി കോറിസ്മാക്കിയെ ലോകശ്രദ്ധയില്‍ കൊണ്ടുവന്നത്. കവര്‍ച്ചക്കിടയില്‍ തലക്കടിയേറ്റ് ഭൂതകാലം മറന്നുപോകുന്ന ഒരു മധ്യവയസ്‌കനാണ് ഇതിലെ നായകന്‍. സ്വന്തമായി പേരില്ലാത്ത അയാള്‍ നേരിടുന്ന സ്വത്വപ്രതിസന്ധിയാണ് സിനിമയുടെ ഇതിവൃത്തം. കോറിസ്മാക്കിക്ക് ചില വിശ്വാസങ്ങളുണ്ട്. ആ വിശ്വാസം അതികഠിനവുമാണ്. മനുഷ്യരാശിയുടെ മോചനത്തിന് തീവ്രവഴികള്‍ സ്വീകരിച്ചേ തീരൂ എന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ലോകജനസംഖ്യയുടെ ഒരു ശതമാനം മാത്രം വരുന്ന സമ്പന്ന വര്‍ഗമാണ് എല്ലാ ദുരിതങ്ങള്‍ക്കും കാരണക്കാര്‍ എന്ന് അദ്ദേഹം വിശ്വസിക്കുന്നു. ഇവരെ ഉന്മൂലനം ചെയ്താലേ മനുഷ്യകുലം രക്ഷപ്പെടൂ. സമ്പന്നരെപ്പോലെ വെറുക്കപ്പെടേണ്ടവരാണ് രാഷ്ട്രീയക്കാരും. സമ്പന്നരുടെ പാവയാണവര്‍ എന്ന് അദ്ദേഹം കുറ്റപ്പെടുത്തുന്നു. 
പ്രതീക്ഷിക്കാന്‍ ഒന്നുമില്ലാത്ത ലോകത്ത് താനെടുക്കുന്ന സിനിമകള്‍ നിരാനന്ദമോ വിരസതയോ ആണ് ഉണ്ടാക്കുന്നതെന്ന് അകി കോറിസ്മാക്കി തുറന്നുസമ്മതിക്കുന്നു. പൂര്‍ണ തൃപ്തി നല്‍കിയ ഒരു ചിത്രം താനിതുവരെ എടുത്തിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ഉയര്‍ന്ന ആത്മഹത്യാനിരക്കുള്ള തന്റെ രാജ്യത്തിന്റെ സ്ഥായിയായ വികാരം വിഷാദമാണ്. പിന്നെ താനെങ്ങനെ ആഹ്‌ളാദിക്കും. . കലാകാരിയാണ് ഭാര്യ. 26 വര്‍ഷമായി അവര്‍ വിവാഹിതരായിട്ട്. മക്കളില്ല. ജീവിതത്തെ സ്‌നേഹിക്കുന്നവളാണ് ഭാര്യ. അതുകൊണ്ടാണ് താന്‍ ജീവിച്ചിരിക്കുന്നതെന്ന് കോറിസ്മാക്കി പറയുന്നു. 
സാധാരണക്കാരുടെ കഥകളാണ് അകി സിനിമക്ക് വിഷയമാക്കുന്നത്. വലിയവര്‍ അദ്ദേഹത്തിന്റെ ഫ്രെയിമിലേക്ക് വരാറില്ല. തെരുവിലെ ഷൂ പോളിഷുകാരനും മാലിന്യങ്ങള്‍ കയറ്റുന്ന ട്രക്കിന്റെ ഡ്രൈവറും ഹോട്ടല്‍ തൊഴിലാളിയും ഇറച്ചിവെട്ടുകാരിയും തീപ്പെട്ടിക്കമ്പനി ജോലിക്കാരിയുമൊക്കെ അദ്ദേഹത്തിന്റെ സിനിമകളില്‍ കേന്ദ്രകഥാപാത്രങ്ങളായി. ഈ കഥാപാത്രങ്ങളൊന്നും തങ്ങളുടെ ജീവിതദുരിതങ്ങളോട് ഒരിക്കലും കലഹിക്കുന്നില്ല. ഉയരങ്ങളിലേക്ക് പറക്കാന്‍ മോഹിക്കുന്നില്ല. വഞ്ചനകള്‍ക്ക് അവര്‍ കീഴടങ്ങിക്കൊടുക്കുന്നു. അപൂര്‍വമായി മാത്രം പകരം വീട്ടാന്‍ ശ്രമിക്കാറുണ്ട്. പക്ഷേ, അപ്പോഴും അവര്‍ പരാജയപ്പെടാറാണ് പതിവ്. ചെറിയൊരു ജീവിതം. അതേ അവരാഗ്രഹിക്കുന്നുള്ളു. അതില്‍ നിന്ന് കിട്ടുന്ന ചെറിയ സന്തോഷങ്ങള്‍ മതി അവര്‍ക്ക്. 
     പാട്ടും പുകവലിയും മദ്യപാനവും. കോറിസ്മാക്കി ചിത്രങ്ങളില്‍ ഈ മൂന്നു ഘടകങ്ങളും മാറ്റിനിര്‍ത്താനാവാത്തവിധം ഇഴുകിച്ചേര്‍ന്നതായി കാണാം. സ്ത്രീകളടക്കം അദ്ദേഹത്തിന്റെ മിക്ക കഥാപാത്രങ്ങളും പുകവലിക്കും, മദ്യപിക്കും, പാട്ട് ആസ്വദിക്കും. തന്റെ ശീലങ്ങളാണ് കോറിസ്മാക്കി കഥാപാത്രങ്ങളിലേക്കും പകര്‍ന്നിരിക്കുന്നത്. ദിവസം 60 സിഗരറ്റാണ് തന്റെ കണക്കെന്ന് അദ്ദേഹം സമ്മതിക്കുന്നു. 240 എണ്ണം വരെ  വലിച്ചുതള്ളിയ ദിവസമുണ്ടത്രെ.  അദ്ദേഹത്തിന്റെ എല്ലാ ചിത്രങ്ങളിലും പാട്ടുണ്ടാവും. കഥാസന്ദര്‍ഭവുമായി യോജിച്ചുപോകുന്ന അര്‍ഥസമ്പുഷ്ടമായ പാട്ടുകള്‍.  ഗായകസംഘങ്ങളാണ് മിക്കപ്പോഴും ഇവ പാടുന്നത്. ചിലപ്പോള്‍ മാത്രം പഴയ മലയാള സിനിമയിലേതുപോലെ അശരീരിഗാനങ്ങള്‍ കേള്‍ക്കാം. 
    സമാന വിഷയം ഇതിവൃത്തമാക്കി മൂന്ന്  സിനിമാത്രയം  സംവിധാനം ചെയ്തിട്ടുണ്ട് അകി കോറിസ്മാക്കി. തൊഴിലാളികളുടെ ജീവിതം ആസ്പദമാക്കി എടുത്ത  'പ്രോലറ്റേറിയറ്റ് ട്രിലജി'  (Proletariat Trilogy)യാണ് ആദ്യത്തേത്. ഈ വിഭാഗത്തിലെ ആദ്യചിത്രമായ  'ഷാഡോസ് ഇന്‍ പാരഡൈസ് ' 1986 ല്‍ പുറത്തിറങ്ങി. 88 ല്‍  'ഏരിയല്‍' എന്ന ചിത്രവും 90 ല്‍ 'മാച്ച്ഫാക്ടറി ഗേള്‍' എന്ന ചിത്രവും വന്നു. 'ലെനിന്‍ഗ്രാഡ് കൗബോയ്‌സ് ട്രിലജി'  (Leningrad Cowboys Trilogy) യാണ് രണ്ടാമത്തേത്. ഒരു റഷ്യന്‍ റോക്ക് ബാന്‍ഡ്  ആണ് ഇവയിലെ പ്രധാന കഥാപാത്രങ്ങള്‍. ദൈന്യത കലര്‍ന്ന കറുത്ത ഫലിതങ്ങളാല്‍ സമ്പുഷ്ടമാണീ ചിത്രങ്ങള്‍.  'ലെനിന്‍ഗ്രാഡ് കൗബോയ്‌സ് ഗോ അമേരിക്ക' യാണ് ഈ പരമ്പരയിലെ ആദ്യസിനിമ. 'ലെനിന്‍ഗ്രാഡ് കൗബോയ്‌സ് മീറ്റ് മോസസ്' , 'ടോട്ടല്‍ ബലാലെയ്ക്ക ഷോ' എന്നിവയാണ് മറ്റ് ചിത്രങ്ങള്‍.  'ഫിന്‍ലന്‍ഡ്  ട്രിലജി'  (Finland Trilogy)യാണ് മൂന്നാമത്തേത്. 1996 ലിറങ്ങിയ  'ഡിഫ്റ്റിങ് കഌഡ്‌സ്' , 2002 ലെ  'മാന്‍ വിത്തൗട്ട് എ പാസ്റ്റ് ' 2006 ലെ 'ലൈറ്റ്‌സ് ഇന്‍ ദ ഡസ്‌ക്' എന്നിവയാണ് ഈ പരമ്പരയിലെ ചിത്രങ്ങള്‍. നാലാമതൊരു പരമ്പരക്കും കോറിസ്മാക്കി തുടക്കമിട്ടിട്ടുണ്ട്. പ്രധാന തുറമുഖ നഗരങ്ങളിലെ ജീവിതം ആധാരമാക്കിയാണ് ഈ ചിത്രങ്ങള്‍ ഒരുക്കുന്നത്. ഇതില്‍ ആദ്യചിത്രം പ്രേക്ഷകരുടെ പ്രശംസ നേടിയ 'ലെ ഹാവ്‌റെ' യാണ്. 2011 ലാണ് ഈ ചിത്രമിറങ്ങിയത്. 2012 ഡിസംബറില്‍ തിരുവനന്തപുരത്തു നടന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ 'ലെ ഹാവ്‌റെ' കാണിച്ചിട്ടുണ്ട്. 
    സ്വപ്നം കാണാന്‍ ഒരു ജീവിതമില്ലാത്ത, ഈ ഭൂമിയുടെ തടവുകാരായ ഏതാനും കഥാപാത്രങ്ങളാണ് ആദ്യത്തെ സിനിമാത്രയത്തില്‍ പ്രത്യക്ഷപ്പെടുന്നത്. നഗരവാസികളുടെ മാലിന്യങ്ങള്‍ കൊണ്ടുപോയി തള്ളുന്ന ട്രക്ക് ഡ്രൈവര്‍ നികന്ദറും സൂപ്പര്‍മാര്‍ക്കറ്റിലെ സെയില്‍സ്‌ഗേള്‍ ഇലോനയും തമ്മിലുള്ള നിറപ്പകിട്ടില്ലാത്ത പ്രണയമാണ് ആദ്യചിത്രമായ  'ഷോഡോസ് ഇന്‍ പാരഡൈസി'  ല്‍ പറയുന്നത്. കേടായ പല്ലും വയറും കരളുമുള്ള ഒരാള്‍ എന്നാണ് നികന്ദര്‍ സ്വയം വിശേഷിപ്പിക്കുന്നത്. ശുദ്ധമായ പ്രണയത്തിലാണ് അയാള്‍ക്ക് താത്പര്യം. ഏക സഹോദരി മാനസികരോഗാസ്പത്രിയിലാണ്. സംഗീതതല്പരനാണ് നികന്ദര്‍. കൂട്ടുകാരാരുമില്ല. അയാള്‍ക്ക് പിന്നീട്  ഒരു കൂട്ടുകാരനെ കിട്ടുന്നത് ജയിലില്‍ വെച്ചാണ്. പ്രതിസന്ധികള്‍ മറികടന്ന് നികന്ദര്‍ - ഇലോന ബന്ധം ശുഭമായി കലാശിക്കുന്നു.
    രണ്ടാമത്തെ ചിത്രമായ 'ഏരിയലി ' ല്‍ കസൂരിനെന്‍ എന്ന മുന്‍ ഖനിത്തൊഴിലാളിയാണ് നായകന്‍. ഖനി പൂട്ടിയതോടെ അയാളും അച്ഛനും തൊഴില്‍രഹിതരാകുന്നു. തന്റെ ആകെ സമ്പാദ്യമായ പഴയൊരു കാര്‍ മകന് കൈമാറി അച്ഛന്‍ ആത്മഹത്യ ചെയ്യുന്നു. പുതിയൊരു തൊഴില്‍തേടി അലയുകയാണ് കസൂരിനെന്‍. ഇറച്ചിവെട്ടുകാരിയായും രാത്രികാവല്‍ക്കാരിയുമായി ജോലി ചെയ്യുന്ന ഒരു വിവാഹമോചിതയാണ് കസൂരിനെന്റെ ജീവിതത്തിലേക്ക് കടന്നുവരുന്നത്. കാമുകിക്ക് പത്തുവയസ്സായ ഒരു മകനുമുണ്ട്. കസൂരിനെനും ഒറ്റപ്പെട്ടവനാണ്. ഇയാള്‍ക്കും കൂട്ടുകാരനെ കിട്ടുന്നത് ജയിലില്‍ നിന്നാണ്. കൂട്ടുകാരന്റെ സഹായത്തോടെ കസൂരിനെനും കാമുകിയും ഒടുവില്‍ കള്ളവഴിയിലൂടെ പാസ്‌പോര്‍ട്ട് നേടി മെക്‌സിക്കോയിലേക്ക് കപ്പലില്‍ രക്ഷപ്പെടുകയാണ്. 
മുന്‍ധാരണകള്‍ക്കപ്പുറത്തേക്ക് പ്രേക്ഷകനെ കൊണ്ടുപോകുന്ന ചിത്രമാണ് ഈ സിനിമാ പരമ്പരയിലെ അവസാനത്തേതായ 'മാച്ച്ഫാക്ടറി ഗേള്‍'. അമ്മയുടെയും രണ്ടാനച്ഛന്റെയും കറവപ്പശുവായി മാറിയ ഐറിസ് എന്ന പെണ്‍കുട്ടിയാണ് ഇതിലെ നായിക. തീപ്പെട്ടിക്കമ്പനിയിലാണ് അവള്‍ക്ക് ജോലി. കൂട്ടുകാരികളൊന്നുമില്ല. ഒരു കൂട്ട് കൊതിച്ച് ഡാന്‍സ്ഹാളില്‍ പോയാലും അവള്‍ക്ക് ഒറ്റപ്പെടാനാണ് വിധി. ഒരിക്കല്‍ അവളെയും തേടിവന്നു ഒരു ചെറുപ്പക്കാരന്‍. അയാള്‍ക്ക് പക്ഷേ, അവളുടെ ശരീരമേ വേണ്ടിയിരുന്നുള്ളു. ഗര്‍ഭിണിയായ അവളെ അയാള്‍ ഉപേക്ഷിക്കുന്നു. തന്റേടത്തോടെ അയാളുടെ ഔദാര്യങ്ങള്‍ തള്ളിക്കളയുന്നു അവള്‍. ഉറ്റവരുടെ തിരസ്‌കാരങ്ങളോട് അവള്‍ പകരം വീട്ടുന്നു. സംഗീതം ആസ്വദിക്കുന്ന, പുസ്തകവായന ഇഷ്ടപ്പെടുന്ന ആ പെണ്‍കുട്ടിയുടെ ഉള്ളില്‍ അഗ്‌നിനാളങ്ങള്‍ കെടാതെയുണ്ടായിരുന്നു എന്ന് നമുക്ക് മനസ്സിലാവുന്നു. സംഭാഷണമില്ലാതെയും തനിക്ക് സിനിമ മുന്നോട്ട് കൊണ്ടുപോകാനാവുമെന്ന് കോറിസ്മാക്കി വിദഗ്ദ്ധമായി തെളിയിക്കുന്നുണ്ട് ഈ ചിത്രത്തില്‍. തുടക്കത്തില്‍ , 22 മിനിറ്റ് വരെ ആകെ മൂന്ന് സംഭാഷണമാണുള്ളത്. അതും ഒന്നോ രണ്ടോ വാക്കില്‍. എന്നിട്ടും, ചിത്രത്തിന്റെ ഒഴുക്കിന് ഒരു തടസ്സവുമില്ല. 
സാധാരണ കോറിസ്മാക്കിയുടെ ചിത്രങ്ങള്‍ക്ക് 90 മിനിറ്റാണ് നീളം. ആദ്യ സിനിമാത്രയത്തിലെ മൂന്നു ചിത്രങ്ങളും 70 മിനിറ്റിലാണ് വെട്ടിയൊരുക്കിയിരിക്കുന്നത്. നിറപ്പകിട്ടില്ലാത്ത ജീവിതങ്ങളെക്കുറിച്ച് കുറച്ചേ പറയാനുള്ളു അദ്ദേഹത്തിന്. പക്ഷേ, പറയാനുള്ളത് ശക്തമായി ആവിഷ്‌കരിക്കുന്നുണ്ട് അകി. തന്റെ ചിത്രങ്ങളില്‍ കലാപരമായ കൃത്രിമങ്ങള്‍ക്ക് അദ്ദേഹം മുതിരാറില്ല. ചെത്തിമിനുക്കിയെടുത്ത ദൃശ്യങ്ങളും നമുക്ക് കാണാനാവില്ല. ദൃശ്യഭംഗിക്കുവേണ്ടി ക്യാമറ തുറന്നുവെക്കാറില്ല അദ്ദേഹം. വളരെ പെട്ടെന്ന് കണ്‍മുന്നില്‍നിന്ന് മറയും അദ്ദേഹം ഒരുക്കുന്ന ദൃശ്യങ്ങള്‍.ചെറിയ ഷോട്ടുകളിലാണ് അകിക്ക് താത്പര്യം. ഒരു രംഗവും നീണ്ടുപോകില്ല. അധികം വിശദീകരണവും നല്‍കില്ല. ചെറിയ ഷോട്ടുകളില്‍ കഥാഖ്യാനം കൃത്യമായി നിര്‍വഹിക്കുന്നു. അകിയുടെ മുന്നില്‍ അഭിനേതാക്കള്‍ അഭിനയം മറക്കും. ആരോടും അദ്ദേഹം അഭിനയം ആവശ്യപ്പെടാറില്ല. എത്ര ഭീകരമായ അനുഭവമുണ്ടായാലും അകിയുടെ കഥാപാത്രങ്ങള്‍ ആര്‍ത്തലച്ച് കരയാറില്ല. നിശ്ശബ്ദമായി കരയാനറിയാം അവര്‍ക്ക്. എങ്കിലും, അവരുടെ ഹൃദയതാപം നമ്മെ പൊള്ളിക്കും.




Friday, February 1, 2013

അന്വേഷണത്തിന്റെ രാത്രി



ഒരു കൊലപാതക
കേസിന്റെ 
അന്വേഷണത്തിലൂടെ 
സങ്കീര്‍ണമായ മനസ്സിന്റെ ആഴങ്ങള്‍ തേടുകയാണ് 
' വണ്‍സ് അപ്പോണ്‍ 
എ ടൈം ഇന്‍
 അനറ്റോലിയ ' 
എന്ന തുര്‍ക്കി സിനിമ

അമ്പത്തിരണ്ടുകാരനായ നൂറി ബില്‍ജി ജെലാന്‍ എന്ന തുര്‍ക്കി സംവിധായകന്‍ 14 വര്‍ഷത്തിനിടക്ക് ചെയ്തത് ആറ് ചിത്രങ്ങളാണ്. എല്ലാം അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെട്ടവ. കാന്‍ ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിന് അദ്ദേഹം രണ്ടു തവണ ' ഗ്രാന്റ് പ്രീ ' നേടിയിട്ടുണ്ട്. 2003 ല്‍ 'ഡിസ്റ്റന്റ് ' എന്ന ചിത്രവും 2011 ല്‍ ' വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ അനറ്റോലിയ (Once upon a time  in Anatolia) ' എന്ന ചിത്രവുമാണ് ജെലാന് ഈ ബഹുമതി നേടിക്കൊടുത്തത്. 
  ഇലക്ട്രിക്കല്‍ എന്‍ജിനിയറും ഫോട്ടോഗ്രാഫറുമായ ജെലാന്‍ 1997 ല്‍ ' കസബ' യിിലൂടെയാണ് സംവിധാന രംഗത്തേക്ക് കടന്നത്. പട്ടണത്തിലേക്ക് മിഴി നട്ടിരിക്കുന്ന ഒരു ഗ്രാമീണ യുവാവിന്റെ സ്വപ്നങ്ങളാണിതിന്റെ പ്രമേയം. പിന്നീട് പുറത്തുവന്ന ' ഡിസ്റ്റന്റി' ലും ' ക്‌ളൗഡ്‌സ് ഓഫ് മെയി ' ലും ഏകാകികളായ കലാകാരന്മാരുടെ വേദനകള്‍ അദ്ദേഹം വിഷയമാക്കി. ഡിസ്റ്റന്റില്‍ ഫോട്ടോഗ്രാഫറും ക്‌ളൗഡ്‌സില്‍ സിനിമാ സംവിധായകനുമായിരുന്നു നായകര്‍. രണ്ട് പേര്‍ക്കും ജെലാന്റെ ഛായാസാദൃശ്യമുണ്ടായിരുന്നു. പിന്നീട് ' ക്‌ളൈമെറ്റ്‌സ് ' സംവിധാനം ചെയ്തു. മനസ്സുകൊണ്ട് അകന്നപ്പോഴും എവിടെയോ ഒരല്‍പ്പം സ്‌നേഹം ബാക്കിവെച്ച ദമ്പതിമാരാണ് ഇതിലെ മുഖ്യ കഥാപാത്രങ്ങള്‍. 
  ഈ നാല് ചിത്രങ്ങളിലും ഒളിഞ്ഞും തെളിഞ്ഞും ജെലാന്റെ ജീവിതപരിസരമുണ്ടായിരുന്നു. അടുപ്പവും അകല്‍ച്ചയുമാണ് ഇവയിലൊക്കെ അദ്ദേഹം വിഷയമാക്കിയത്. എന്നാല്‍, അടുത്ത ചിത്രത്തില്‍ അദ്ദേഹം ആത്മകഥാംശമുള്ള ഇതിവൃത്തം കൈവിട്ടു. സ്വാര്‍ഥിയും കൗശലക്കാരനുമായ ഒരു രാഷ്ട്രീയ നേതാവ് പാവപ്പെട്ട ഒരു കുടുംബത്തെ അപവാദക്കുരുക്കിലേക്ക് വലിച്ചടുപ്പിക്കുന്നതാണ് 2008 ല്‍ ഇറങ്ങിയ ' ത്രീ മങ്കീസി ' ന്റെ പ്രമേയം. ഏറ്റവുമൊടുവിലത്തെ സിനിമയാണ് ' വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ അനറ്റോലിയ '. ' ത്രീ മങ്കീസി 'ലെപ്പോലെ ഈ ചിത്രത്തിലും ആത്മകഥാംശമില്ല. ഒരു ക്രൈം ത്രില്ലറിന്റെ മാതൃകയാണ് ഇതില്‍ കാണാനാവുക. എന്നാല്‍, പൂര്‍ണമായും കുറ്റകൃത്യത്തിന് പുറകെ പോകുന്ന സിനിമയല്ലിത്. സങ്കീര്‍ണമായ മനസ്സിന്റെ ആഴങ്ങളും ജീവിതത്തിന്റെ അര്‍ഥതലങ്ങളും തേടാനാണ് സംവിധായകന്‍ പ്രധാനമായും ശ്രമിക്കുന്നത്. ജെലാന്റെ ഏറ്റവും മികച്ച ചിത്രമാണിത് എന്നാണ് നിരൂപകമതം.
  മനുഷ്യസ്വഭാവത്തിന്റെ ഇരുണ്ട വശങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുന്ന ചിത്രങ്ങളാണ് തന്റേതെന്ന് ജെലാന്‍ വ്യക്തമാക്കുന്നു. മനുഷ്യന്‍ ഓരോ സന്ദര്‍ഭത്തിലും വിചിത്രരീതിയിലാണ് പെരുമാറുന്നത്. ചിലതിന് നമുക്ക് യുക്തിസഹമായ ഒരുത്തരം കണ്ടെത്താനാവില്ല. എല്ലാവരിലും എവിടെയോ നന്മയുടെ അംശമുണ്ടെന്ന് ജെലാന്‍ കരുതുന്നു. കൊലപാതകികള്‍ പോലും നന്മയുടെ വെളിച്ചത്തിലേക്ക് ആകൃഷ്ടരാകുന്നുണ്ടെന്ന് ' വണ്‍സ് അപ്പോണ്‍ എ ടൈ ' മിലൂടെ പറഞ്ഞുവെക്കുന്നു അദ്ദേഹം. 
    ഒരു കേസന്വേഷണത്തിനു പുറകെ പോകുന്ന പോലീസ് മേധാവിയും പ്രോസിക്യൂട്ടറും ഡോക്ടറും . ഇവര്‍ ഓര്‍ത്തുവെക്കാനും മറക്കാനും ഒരുപോലെ ആഗ്രഹിക്കുന്ന ഒരു രാത്രി. തുര്‍ക്കിയിലെ അനറ്റോലിയ എന്ന പീഠഭൂമിയിലെ ആ രാത്രിയാണ് നൂറി ബില്‍ജി ജെലാന്‍ ' വണ്‍സ് അപ്പോണ്‍ എ ടൈമി ' ല്‍ ആവിഷ്‌കരിക്കുന്നത്. 
     ഒരു നാടോടിക്കഥയുടെ തുടക്കംപോലുള്ള സിനിമാശീര്‍ഷകത്തിനു തന്നെയുണ്ട് പ്രത്യേക ആകര്‍ഷകത്വം. മാറ്റങ്ങള്‍ക്ക് വിധേയമാകാതെ നില്‍ക്കുന്ന അനറ്റോലിയയുടെ പശ്ചാത്തലത്തിലാണ് കഥ തുടങ്ങുന്നത്. കാലം മരവിച്ചു നില്‍ക്കുന്ന പ്രശാന്തമായ സ്ഥലം. പുല്‍മേടിനെ പകുത്ത്ഇഴഞ്ഞുപോകുന്ന പാത. അവിടവിടെ ഏകാകികളായ മരങ്ങള്‍. അടുത്തുചെന്നാല്‍ മാത്രം കേള്‍ക്കാന്‍ കഴിയുന്ന ഇലകളുടെ മര്‍മരം. ഇരുട്ടിനെ കീറിമുറിച്ച് അവിടേക്ക് മൂന്നു വാഹനങ്ങള്‍ എത്തുന്നു. രണ്ട് കാറും ഒരു പോലീസ് ജീപ്പും. ഒരു കൊലപാതകത്തിന്റെ അന്വേഷണത്തിനാണവര്‍ വരുന്നത്. പട്ടണത്തില്‍ ഒരു യുവാവിനെ കൊന്ന് കുഴിച്ചുമൂടിയിരിക്കുന്നു . പ്രതികള്‍ രണ്ടും അറസ്റ്റിലായി. അവര്‍ കുറ്റം സമ്മതിക്കുകയും ചെയ്തു. പക്ഷേ, മൃതദേഹം ഇനിയും കണ്ടെത്താനായിട്ടില്ല. പ്രതികളുമായാണ് പോലീസ് മേധാവിയും പ്രോസിക്യൂട്ടറും ഡോക്ടറും അവിടേക്ക് എത്തിയത്. എല്ലായിടവും ഒരേപോലെ തോന്നിക്കുന്ന ഭൂപ്രകൃതി കുറ്റവാളികളെയും കബളിപ്പിക്കുന്നു. മൃതദേഹം കുഴിച്ചിട്ട സ്ഥലം മുഖ്യപ്രതിക്ക് തിരിച്ചറിയാനാവുന്നില്ല. സംശയം തോന്നി അയാള്‍ കാട്ടിക്കൊടുക്കുന്ന സ്ഥലങ്ങളെല്ലാം പോലീസ് മേധാവിയും സഹായികളും ഇളക്കിമറിക്കുന്നുണ്ട്. പക്ഷേ, മൃതദേഹം കിട്ടുന്നില്ല. അന്വേഷണസംഘം അന്നു രാത്രി ഗ്രാമത്തലവന്റെ അതിഥികളായി കഴിയുന്നു. പിറ്റേന്ന് മുഖ്യപ്രതി വളരെ കൃത്യമായി സ്ഥലം ചൂണ്ടിക്കാട്ടുന്നു. പിന്നെ, അന്വേഷണറിപ്പോര്‍ട്ട് തയാറാക്കലും പോസ്റ്റ്‌മോര്‍ട്ടവും. 
     ഒരു രാവും പകലുമാണ് കഥയുടെ സമയപരിധി. ഈ ചിത്രത്തില്‍ കഥക്കല്ല, കഥാപരിചരണരീതിക്കാണ് പ്രാധാന്യം. രഹസ്യം നിറഞ്ഞ ഒരു രാത്രിയിലാണ് സിനിമയുടെ തുടക്കം. അടച്ചിട്ട മുറിയില്‍ മൂന്നു സുഹൃത്തുക്കള്‍ മദ്യപിക്കുകയാണ്. അവരില്‍പ്പെട്ട യാസറാണ് കൊല്ലപ്പെടുന്നത്. തുടര്‍ന്ന് മറ്റ് രണ്ടുപേരും അറസ്റ്റിലാവുന്നു. ഇവരില്‍ മുഖ്യപ്രതിയെമാത്രമേ സംവിധായകന്‍ കാര്യമായി ശ്രദ്ധിക്കുന്നുള്ളു. അയാളാണ് കഥ മുന്നോട്ട് കൊണ്ടുപോകുന്നത്. യാസറിനെ എന്തിന് കൊന്നു എന്നതിലേക്കാണ് സിനിമയുടെ അന്വേഷണം പോകുന്നത്. ഇതിനിടയില്‍ത്തന്നെ മറ്റ് പ്രധാന കഥാപാത്രങ്ങളേയും സംവിധായകന്‍ സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്. തൊഴില്‍രംഗത്തും കുടുംബ ബന്ധങ്ങളിലും അവര്‍ നേരിടുന്ന സമ്മര്‍ദങ്ങളെ മുഖ്യ ഇതിവൃത്തത്തിനൊപ്പം ചേര്‍ത്തുവെക്കാനും ശ്രമിക്കുന്നുണ്ട്. 
     ഇരുട്ടും വെളിച്ചവും ചേര്‍ത്തുവെച്ച് കഥാപാത്രങ്ങളുടെ ഉള്ളറകളെ ജെലാന്‍ തുറന്നുകാട്ടുന്നു. ഓരോ കഥാപാത്രത്തെയും അതിസമര്‍ഥമായാണ് അദ്ദേഹം കൈകാര്യം ചെയ്യുന്നത്. ആദ്യം നമ്മുടെ ശ്രദ്ധ നേടുന്നത് പോലീസ് ചീഫാണ്. മൃതദേഹം കണ്ടെത്തുന്നതോടെ പ്രോസിക്യൂട്ടറുടെ ഊഴമായി. ഏറ്റവുമൊടുവില്‍, മൃതദേഹ പരിശോധന നടത്തുന്ന ഡോക്ടര്‍ക്കായി പ്രാധാന്യം. 
    അന്വേഷണയാത്രക്കിടയില്‍ പ്രോസിക്യൂട്ടറും ഡോക്ടറും തമ്മില്‍ ഒരപൂര്‍വ സ്‌നേഹബന്ധം വളരുന്നുണ്ട്. അവര്‍ തമ്മിലുള്ള ദീര്‍ഘസംഭാഷണം പല ഘട്ടങ്ങളിലായാണ് നടക്കുന്നത്. ഒട്ടും അസ്വാഭാവികത ഇല്ലാത്ത മട്ടില്‍ ആ സംഭാഷണത്തിനുള്ള പശ്ചാത്തലം സംവിധായകന്‍ ഓരോ ഘട്ടത്തിലും ഒരുക്കിക്കൊടുക്കുന്നു. അസ്വാരസ്യം നിറഞ്ഞ ദാമ്പത്യവും ജീവിതവും മരണവും പ്രതികാരവുമൊക്കെ അവരുടെ സംഭാഷണത്തില്‍ കടന്നുവരുന്നു. അന്ത്യദിനം പ്രവചിച്ച് , മറ്റുള്ളവരുടെ കണ്‍മുന്നില്‍വെച്ച് മരണത്തിലേക്ക് പോയ ഒരു സുന്ദരിയുടെ കഥയാണ് പ്രോസിക്യൂട്ടര്‍ പറയുന്നത്.ആ കഥ പൂര്‍ത്തിയാകുമ്പോള്‍ ജീവിതത്തിന്റെയും മരണത്തിന്റെയും ഒരുപാട് അര്‍ഥതലങ്ങളിലേക്കാണ് ജെലാന്‍ നമ്മളെ കൂട്ടിക്കൊണ്ടുപോകുന്നത്. ഒരു മരണത്തെക്കുറിച്ചുള്ള അന്വേഷണം ജീവിതത്തിന്റെ വിലയിരുത്തലായി രൂപാന്തരപ്പെടുകയാണ്. 
    . ഗ്രാമത്തലവന്റെ വീട്ടിലെ സത്കാരമാണ് ചിത്രത്തില്‍ പ്രധാന വഴിത്തിരിവായി മാറുന്നത്. ഇടക്കിടെ വൈദ്യുതി കണ്ണുചിമ്മുന്ന ഗ്രാമമാണത്. സത്കാരത്തിനിടെ വൈദ്യുതി പോകുന്നു.തുടര്‍ന്ന്, വിളക്കും താലത്തില്‍ തേന്‍ നിറച്ച കുപ്പികളുമായി ഗ്രാമത്തലവന്റെ മകള്‍ പ്രത്യക്ഷപ്പെടുന്നു. ആ സൗന്ദര്യവും അവള്‍ പരത്തിയ പ്രകാശവും ഓരോ കഥാപാത്രത്തിലും വ്യത്യസ്ത ഭാവങ്ങളാണുണര്‍ത്തിയത്. മഞ്ഞ വെളിച്ചത്തില്‍ തെളിയുന്ന പെണ്‍കുട്ടിയുടെ ചിത്രം അവര്‍ ഹൃദയത്തിലേക്ക് ആവാഹിക്കുകയാണ്. നന്മയുടെ ആ വെളിച്ചം തന്റെ കഠിനചിന്തകളെ മൃദുവായി വന്നു തലോടിയതായി കൊലയാളിക്ക് തോന്നുന്നു. തൊട്ടടുത്ത നിമിഷം അയാള്‍ കരയുകയാണ്. ഇവിടംതൊട്ടയാള്‍ മാനസാന്തരപ്പെടുന്നു. മൃതദേഹം കുഴിച്ചിട്ട സ്ഥലം കൃത്യമായി പോലീസിന് പറഞ്ഞുകൊടുക്കുന്നു. 
      രണ്ടര മണിക്കൂര്‍ നീണ്ട സിനിമയുടെ  ഏതാണ്ട് പകുതിയും രാത്രിദൃശ്യങ്ങളാണ്. ജെലാന്‍ചിത്രങ്ങളിലെ സജീവ സാന്നിധ്യമായ പ്രകൃതി എല്ലാ മനോഹാരിതയോടുംകൂടി ഈ സിനിമയില്‍ പ്രത്യക്ഷപ്പെടുന്നു. കാഴ്ചസുഖത്തിനുവേണ്ടിയല്ല ഈ പ്രകൃതിദൃശ്യങ്ങള്‍. പ്രമേയഘടനയില്‍ ഈ ദൃശ്യങ്ങള്‍ക്ക് ഏറെ പ്രസക്തിയുണ്ട്. കഥാപാത്രങ്ങളുടെ മനസ്സിന്റെ പ്രതിബിംബങ്ങളാണവ. അവരുടെ ആത്മസംഘര്‍ഷത്തിന്റെ സൂചനകള്‍ ഇവിടെ നിന്ന് നമുക്ക് കിട്ടും. അതുവരെ നിശ്ചലമായിരുന്ന മരം ചിലപ്പോള്‍ ശരീരമാകെ ഇളക്കി ഇല പൊഴിക്കുന്നതു കാണാം. ഇലകളുടെ മര്‍മരം നമുക്ക് കേള്‍ക്കാം. 
    പശ്ചാത്തല സംഗീതത്തിന് ഉപകരണങ്ങളെ തീരെ ആശ്രയിക്കാത്ത സംവിധായകനാണ് ജെലാന്‍. ശക്തിയോടെ വീശുന്ന കാറ്റ്, ഇടിയുടെയും മഴയുടെയും ശബ്ദം, പട്ടിയുടെ കുര , തീവണ്ടിയുടെ ശബ്ദം .ഇതൊക്കെ മതി അദ്ദേഹത്തിന് പശ്ചാത്തലസംഗീതമായിട്ട്. ആദ്യചിത്രം മുതല്‍ ഇതാണ് രീതി. ആവര്‍ത്തനത്താല്‍ മുഷിപ്പ് തോന്നാത്തവിധം ഈ ശബ്ദങ്ങളെ കൈകാര്യം ചെയ്യാന്‍ ജെലാനറിയാം.


സിനിമയുടെ ലോകങ്ങള്‍




സമകാല ലോകസിനിമയിലെ ക്ലാസിക്കുകളെക്കുറിച്ചുള്ള 50 പ്രൗഢലേഖനങ്ങളുടെ സമാഹാരമാണ് കാഴ്ചയുടെ ഭൂപടം. ഇന്നത്തെ ലോകസിനിമ എന്താണെന്നും അതിന്റെ പരിഗണനകള്‍ എന്തൊക്കെയാണെന്നും വ്യക്തമാക്കുന്ന പുസ്തകം. സിനിമകള്‍ തിരഞ്ഞെടുക്കുന്നതില്‍ പുലര്‍ത്തുന്ന രാഷ്ട്രീയ ജാഗ്രതയും എഴുത്തില്‍ പുലര്‍ത്തുന്ന ലാളിത്യവും എടുത്തു പറയേണ്ടതാണ്.

 ബിജു സി.പി.

സിനിമ നമുക്കൊരു വികാരമാണിന്ന്. ആധുനിക മനുഷ്യന്റെ ആവിഷ്‌കാരങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും സമഗ്രതയാര്‍ജിച്ച മഹത്തായ കല. അത് വെറുമൊരു നേരമ്പോക്കല്ല. ജീവിതത്തിന്റെ സകല തലങ്ങളെയും നിരന്തരം നവീകരിച്ചു കൊണ്ട് മനുഷ്യസമൂഹത്തെയാകെ പുതിയ വളര്‍ച്ചകളിലേക്കും വികാസത്തിലേക്കും നയിക്കുന്ന മുന്നേറ്റമാണ്. സിനിമ ഇന്ന്, മറ്റേതൊരു ആവിഷ്‌കാരത്തെക്കാളും അധികമായി മനുഷ്യനെ ഒരു സമൂഹമെന്ന നിലയില്‍ ഏകോപിപ്പിക്കുന്നുണ്ട്. അത് ഒരേ സമയം സാംസ്‌കാരിക മുന്നേറ്റവും സാംസ്‌കാരിക പ്രതിനിധാനവുമാകുന്നു. വികാരങ്ങളുടെ ആവിഷ്‌കാരവും വിചാരങ്ങളുടെ വിളനിലവുമാകുന്നു.മുഴുവന്‍ മനുഷ്യരാശിയോടും ഒരുപോലെ സംവദിക്കുന്ന ഈ മഹത്തായ കലാസൃഷ്ടികളെയാണ് നാം ലോകസിനിമ എന്നു വിളിക്കുന്നത്. ഭാഷയുടെയും പ്രാദേശികതയുടെയും അതിരുകള്‍ക്കപ്പുറത്ത് മനുഷ്യകുലത്തിന്റെ മഹാവലിപ്പങ്ങളിലേക്ക് ഓരോ വ്യക്തിയെയും ചേര്‍ത്തു നിര്‍ത്തുന്ന സാംസ്‌കാരികപ്പശിമ. അതിവിശാലവും ബൃഹത്തുമായ ലോകസിനിമയുടെ ഭൂപടത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചില നാഴികക്കല്ലുകള്‍ അടയാളപ്പെടുത്തി ലോകസിനിമയെക്കുറിച്ച് പരിചയപ്പെടുത്തുന്ന പുസ്തകമാണ് കാഴ്ചയുടെ ഭൂപടം. 
സിദ്ധാന്തങ്ങള്‍ പറയുന്ന പാതിവെന്ത രചനകളും വിവര്‍ത്തനങ്ങളുമല്ലാതെ സിനിമ ഇഷ്ടപ്പെടുന്ന സാധാരണക്കാര്‍ക്ക് സിനിമയെക്കുറിച്ച് അറിയാനും ആസ്വദിക്കാനും സഹായിക്കുന്ന പുസ്തകങ്ങള്‍ ഏറെയൊന്നുമില്ല മലയാളത്തില്‍. ലോകസിനിമയിലെ ഏറ്റവും മികച്ച അമ്പതു സിനിമകളെക്കുറിച്ച് ലളിതമായും സൂക്ഷ്മമായും വിശദീകരിക്കുന്നു കാഴ്ചയുടെ ഭൂപടം. സിനിമ എടുക്കുന്നതില്‍ മാത്രമല്ല, അത് കാണുകയും അനുഭവിക്കുകയും ചെയ്യുന്നതിലും ഒരു സംസ്‌കാരമുണ്ടെന്ന തിരിച്ചറിവ് ഗ്രന്ഥകാരന്‍ ആമുഖത്തില്‍തന്നെ വ്യക്തമാക്കുന്നു. സിനിമയെ സ്‌നേഹിക്കുകയും മഹിതമായ ഒരു ചലച്ചിത്ര സംസ്‌കാരത്തിന്റെ  ഊര്‍ജത്തില്‍ നിന്നു കൊണ്ട് സിനിമ കാണുകയും ലളിതമായി എഴുതുകയും ചെയ്യുന്നു എന്നതാണ് ഈ പുസ്തകത്തിന്റെ സവിശേഷത. 
ഓരോ സിനിമയെക്കുറിച്ചും എഴുതുമ്പോള്‍ അതതു സിനിമയുടെ സംവിധായകര്‍ മുന്നോട്ടുവെക്കുന്ന ചലച്ചിത്രസംസ്‌കാരത്തെക്കുറിച്ചും അവരുടെ ഇതര സിനിമകളെക്കുറിച്ചും സാമാന്യേന പറഞ്ഞു പോകുന്നുണ്ട്. ഒരു ലേഖനവും ഒരൊറ്റ സിനിമയെക്കുറിച്ചുള്ള കുറിപ്പു മാത്രമായി നില്‍ക്കുന്നില്ല. ഒരു സിനിമയെ മുഖ്യമായി പരാമര്‍ശിച്ച് ആ സംവിധായകന്റെ ചലച്ചിത്രലോകത്തെക്കുറിച്ചുള്ള വിശകലനമായി മാറുന്നു മിക്ക ലേഖനങ്ങളും. വിശാലമായ ഒരു സിനിമാസംസ്‌കാരത്തിലേക്ക് വായനക്കാരെ നയിക്കാന്‍ ഇതിലൂടെ സാധിക്കുന്നു. ലോകസിനിമ എന്നു പറഞ്ഞു തുടങ്ങുന്നവരൊക്കെ ബാറ്റില്‍ഷിപ്പ് പൊട്ടെംകിന്‍, ബൈസിക്കിള്‍ തീവ്‌സ്, റാഷമോണ്‍ തുടങ്ങി ദശാബ്ദങ്ങള്‍ക്കുമുമ്പുള്ള കുറേ ക്ലാസിക്കുകളെക്കുറിച്ചു മാത്രമാണ് പറയാറുള്ളത്. എന്നാല്‍ ഈ പുസ്തകത്തില്‍ വിവരിക്കുന്ന സിനിമകളെല്ലാംതന്നെ സമകാല ലോകസിനിമയിലെ ക്ലാസിക്കുകളാണ്. ഇന്നത്തെ ലോകസിനിമ എന്താണ് എന്നു മനസ്സിലാക്കാന്‍ സഹായിക്കുന്നു എന്നതാണ് കാഴ്ചയുടെ ഭൂപടത്തിന്റെ ഏറ്റവും വലിയ മേന്മ. 2011ല്‍ പുറത്തു വന്ന ദേവൂള്‍, ദ മില്‍ ആന്‍ഡ് ദ ക്രോസ്സ് തുടങ്ങിയ സിനിമകളൊക്കെ ഇവിടെ ചര്‍ച്ച ചെയ്യപ്പെടുന്നു. 
ഇസ്രായേലിന്റെയും റുമാനിയയുടെയും തുര്‍ക്കിയുടെയും അമേരിക്കയുടെയും റഷ്യയുടെയും ജര്‍മനിയുടെയുമൊക്കെ രാഷ്ട്രീയ പരിണാമങ്ങളെക്കുറിച്ചും ഭരണകൂടത്തിന്റെ അധികാര വെറിയെക്കുറിച്ചുമൊക്കെയുള്ള തിരിച്ചറിവുകളിലേക്ക് എങ്ങനെയാണ് സിനിമ പ്രേക്ഷകരെ തോറ്റിയുണര്‍ത്തുന്നതെന്ന് കൃത്യമായി വിശദീകരിക്കുന്നു പുസ്തകം. സിനിമാ പാരഡീസോയിലൂടെ വിശ്വപ്രസിദ്ധനായ ജൂസെപ്പെ ടൊര്‍ണത്തോറെയുടെ ദ അണ്‍നോണ്‍ വുമണ്‍ എന്ന സിനിമയെക്കുറിച്ച് വിവരിക്കുന്ന അജ്ഞാത എന്ന ലേഖനമാണ് പുസ്തകത്തില്‍ ആദ്യം. മാര്‍കേസിന്റെ കോളറാ കാലത്തെ പ്രണയം എന്ന നോവലിനെ ഉപജീവിച്ച് അതേ പേരില്‍ വന്ന സിനിമ, രാംചന്ദ് പാകിസ്താനി എന്ന പാക് സിനിമ, എന്നു തുടങ്ങി പൊളാന്‍സ്‌കിയുടെ ഗോസ്റ്റ് റൈറ്റര്‍ വരെ 50 ലേഖനങ്ങളിലൂടെ നൂറോളം സിനിമകളെ പരിചയപ്പെടുത്തുകയും വിശകലനം ചെയ്യുകയും ചെയ്യുന്നു. സമകാല ലോകസിനിമ എന്താണെന്നു മനസ്സിലാക്കാന്‍ ആഗ്രഹിക്കുന്ന ഏതൊരാള്‍ക്കും ഒരു കൈപ്പുസ്തകം പോലെ പ്രയോജനപ്പെടുത്താവുന്നതാണ് കാഴ്ചയുടെ ഭൂപടം.
പ്രതിരോധത്തിന്റെയും അതിജീവനത്തിന്റെയും പോരാട്ടത്തിന്റെയും മുന്നണിയില്‍ നില്‍ക്കുന്ന സിനിമകളാണ് പരാമര്‍ശിക്കപ്പെടുന്നവയിലേറെയും. ഒപ്പം, ഡിസ്റ്റന്റ്, ദ ഹ്യൂമണ്‍ റിസോഴ്‌സസ് മാനേജര്‍, കിം കി ഡൂക്കിന്റെ ബ്രെത്ത് തുടങ്ങി മനുഷ്യാവസ്ഥകളെ ആഴത്തില്‍ വിശകലനം ചെയ്യുന്ന നിരവധി സിനിമകളും. സിനിമകള്‍ തിരഞ്ഞെടുക്കുന്നതില്‍ പുലര്‍ത്തിയിട്ടുള്ള രാഷ്ട്രീയജാഗ്രത എടുത്തു പറയേണ്ടതാണ്. 
    പത്രപ്രവര്‍ത്തകന്‍ കൂടിയായ ടി.സുരേഷ് ബാബുവിന്റെ രചനാ ശൈലി ലളിതവും ഹൃദയഹാരിയുമാണ്.

Friday, December 28, 2012


ഇറാനിയന്‍ സംവിധായകനായ 
അബ്ബാസ് കിരോസ്തമി കലയുടെയും 
ജീവിതത്തിന്റെയും  അര്‍ഥം തേടുകയാണ്   
' സര്‍ട്ടിഫൈഡ് കോപ്പി ' 
എന്ന സിനിമയിലൂടെ  

അസ്സലും പകര്‍പ്പും


ഇറാനിയന്‍ ചലച്ചിത്രകാരന്‍ അബ്ബാസ് കിരോസ്തമിക്ക് വയസ്സ് 73 ആയി. എങ്കിലും, സിനിമാരംഗത്ത് ഇപ്പോഴും സക്രിയനാണ് . സിനിമയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ചിന്തകള്‍ക്ക് തിളക്കമുണ്ട്. ആ മനസ്സിന് യുവത്വമാണെന്നും. സിനിമയുടെ പ്രമേയത്തിലും ആഖ്യാനത്തിലും എപ്പോഴും പുതുമ വേണം കിരോസ്തമിക്ക്. സിനിമയെപ്പറ്റി അദ്ദേഹത്തിന്റേതായ ചില നിര്‍വചനങ്ങളുണ്ട്. കാഴ്ചയുടെ പുതിയ തലത്തിലേക്ക് പ്രേക്ഷകനെ കൊണ്ടുപോകുന്നതാകണം സിനിമ എന്ന് അദ്ദേഹം വിശ്വസിക്കുന്നു. ഈ വിശ്വാസം തന്റെ സിനിമകളില്‍ കിരോസ്തമി നിലനിര്‍ത്തുന്നുണ്ട്. ' ക്‌ളോസപ്പ് ' ( 1990 ) , 'ടെന്‍ ' ( 2002 ) , ' ഷിറീന്‍ ' ( 2008 ) തുടങ്ങിയ ചിത്രങ്ങളില്‍ നമ്മളിത് കണ്ടതാണ്.
       പ്രശസ്ത ഇറാനിയന്‍ സംവിധായകന്‍ മൊഹ്‌സിന്‍ മഖ്മല്‍ ബഫിന്റെ അപരനായെത്തുന്ന ഒരു ചെറുപ്പക്കാരനാണ് ' ക്‌ളോസപ്പി ' ലെ നായകന്‍. ഇയാളെ തുടക്കത്തില്‍ ക്രിമിനല്‍ മനസ്സുള്ള ഒരു ആള്‍മാറാട്ടക്കാരനായാണ് നമ്മള്‍ തെറ്റിദ്ധരിക്കുന്നത്. കോടതിയിലെ വിചാരണവേളയിലാണ് ചെറുപ്പക്കാരനിലെ ഒരു സിനിമാകമ്പക്കാരനെ കിരോസ്തമി പരിചയപ്പെടുത്തുന്നത്. തട്ടിപ്പിനിരയായ കഥാപാത്രങ്ങളെപ്പോലെ പ്രേക്ഷകനും പതുക്കെപ്പതുക്കെ ആ യുവാവിന്റെ പക്ഷത്തേക്ക് മാറുന്നു. ഒരു ബാലനും ആറ് സ്ത്രീകളും കഥാപാത്രങ്ങളായി വരുന്ന ' ടെന്‍ ' എന്ന സിനിമയുടെ പശ്ചാത്തലം ഒരു കാറാണ്. ഒരേ സമയം രണ്ട്കഥാപാത്രങ്ങള്‍ മാത്രം. അവര്‍ കാറില്‍ യാത്ര ചെയ്യവേ നടത്തുന്ന സംഭാഷണങ്ങളിലൂടെയാണ് കഥ പുരോഗമിക്കുന്നത്. അനുപമമായ കൈയടക്കമാണ് ഇവിടെ കിരോസ്തമി കാണിക്കുന്നത്. അതുപോലെ, ' ഷിറീനി ' ലും. ഒരു സിനിമാ തിയേറ്ററാണ് പശ്ചാത്തലമായി നില്‍ക്കുന്നത്. കുറെ സ്ത്രീകളും ഏതാനും പുരുഷന്മാരും സിനിമ കാണുകയാണ്. തിയേറ്ററില്‍ കാണിക്കുന്ന സിനിമയുടെ ഇതിവൃത്തം ഒരു പേര്‍ഷ്യന്‍ പ്രണയകഥയാണ്. പക്ഷേ, സിനിമ നമ്മള്‍ കാണുന്നില്ല. തിയേറ്ററിലിരിക്കുന്ന കഥാപാത്രങ്ങള്‍ മാത്രമേ അത് കാണുന്നുള്ളു. സിനിമ കാണുന്ന സ്ത്രീകളുടെ മുഖഭാവങ്ങളിലൂടെ ആ സിനിമ എന്തെന്ന് നമ്മളെ അനുഭവിപ്പിക്കുകയാണ് സംവിധായകന്‍.

        2010 ല്‍ പുറത്തിറങ്ങിയ ' സര്‍ട്ടിഫൈഡ് കോപ്പി '
( Certified copy) യിലും കിരോസ്തമിയുടെ വ്യക്തിമുദ്ര കാണാനാവും. ഇറ്റലിയിലാണീ സിനിമ നിര്‍മിച്ചത്. ഇറാനു പുറത്ത് നിര്‍മിച്ച ആദ്യത്തെ കിരോസ്തമിചിത്രമാണിത്.
       സന്ദേശം പ്രചരിപ്പിക്കാനുള്ള ഇടമല്ല സിനിമ എന്നാണ് കിരോസ്തമിയുടെ അഭിപ്രായം. ചില ചിന്തകള്‍, ആശയങ്ങള്‍ , വിചാരങ്ങള്‍. ഇവ തന്റെ മാധ്യമത്തിലൂടെ അവതരിപ്പിക്കുകയാണ് സംവിധായകന്‍. ഒരു സിനിമ കവിതയായോ പെയിന്റിങ്ങായോ സംഗീതശകലമായോ അനുഭവപ്പെടണമെന്ന് അദ്ദേഹം പറയുന്നു. കലയെയും ജീവിതത്തെയും കുറിച്ചുള്ള ചില ചിന്തകളാണ് ' സര്‍ട്ടിഫൈഡ് കോപ്പി ' യില്‍ കിരോസ്തമി പങ്കുവെക്കുന്നത്. ചിലപ്പോള്‍ അത് നമുക്ക് സ്വീകാര്യമാവാം. ചിലപ്പോള്‍ വിചിത്രമായിത്തോന്നാം. എങ്കിലും ഒന്നുണ്ട്. അദ്ദേഹം മുന്നോട്ടുവെക്കുന്ന ആശയങ്ങളും അവതരിപ്പിക്കുന്ന കഥാപാത്രങ്ങളും നമ്മളെ സ്പര്‍ശിക്കുന്നുണ്ട്. ദൃശ്യങ്ങള്‍ക്കല്ല സംഭാഷണത്തിനാണ് ഈ സിനിമയില്‍ പ്രാധാന്യം. ഓരോ വാക്കിനുമുണ്ട് പ്രാധാന്യം. ശ്രദ്ധയോടെ പിന്തുടര്‍ന്നില്ലെങ്കില്‍ ആശയങ്ങള്‍ പിടിതരാതെ വഴുതിമാറും.140 മിനിറ്റുള്ള സിനിമയില്‍ ഒരു മിനിറ്റ്‌പോലും അധികപ്പറ്റായി തോന്നില്ല. അത്രക്ക് കൃത്യമാണ് തിരക്കഥ. എണ്ണി തിട്ടപ്പെടുത്തിവെച്ചതാണ് ഷോട്ടുകള്‍. കണിശമാണ് എഡിറ്റിങ്.

       ചെറിയൊരു ആള്‍ക്കൂട്ടത്തില്‍നിന്ന് തുടങ്ങുന്ന സിനിമ പിന്നീട് രണ്ട് വ്യക്തികളിലേക്ക് ഒതുങ്ങുന്നു. ഇതിവൃത്തം തന്നെ മാറിമറിയുന്നു. ഒരു കലാനിരൂപകനും ആര്‍ട്ട് ഗാലറി ഉടമയായ വനിതയും. ഇവരുടെ ജീവിതത്തിലെ ഒരു ദിവസമാണ് സംവിധായകന്‍ എടുത്തുകാട്ടുന്നത്. മധ്യ ഇറ്റലിയിലെ ടസ്‌കനി എന്ന നഗരത്തില്‍ ഒരു ഞായറാഴ്ചയാണ് കഥ നടക്കുന്നത്. കലാപാരമ്പര്യം കൊണ്ട് പ്രശസ്തമാണ് ടസ്‌കനി. ഇറ്റാലിയന്‍ നവോത്ഥാനത്തിന്റെ തുടക്കം ഈ നഗരത്തില്‍ നിന്നാണ്. കലാനിരൂപകനായ ജയിംസ് മില്ലര്‍ ബ്രിട്ടീഷുകാരനാണ്. ശില്‍പ്പങ്ങളുടെ ഗാലറി ഉടമയായ വനിതയാകട്ടെ ഫ്രഞ്ചുകാരിയും. ഇവര്‍ക്ക് പേരില്ല. മില്ലറുടെ ' സര്‍ട്ടിഫൈഡ് കോപ്പി' എന്ന ഗ്രന്ഥത്തിന്റെ ഇറ്റാലിയന്‍ പരിഭാഷ പുറത്തിറങ്ങിയതിന്റെ ഭാഗമായുള്ള ചടങ്ങോടെയാണ് സിനിമയുടെ തുടക്കം. ഗ്രന്ഥകാരനാണ് മുഖ്യാതിഥി. അയാള്‍ പ്രസംഗിച്ചുനില്‍ക്കെ ആര്‍ട്ട് ഗാലറി ഉടമ മകനോടൊപ്പം അവിടെയെത്തുന്നു.  കലാനിരൂപണത്തോട് അത്ര പ്രതിപത്തിയൊന്നുമില്ല ഈ സ്ത്രീക്ക്. പക്ഷേ, മില്ലറുടെ പുസ്തകത്തിന്റെ പേര് അവര്‍ക്കങ്ങ് പിടിച്ചു. സഹോദരിക്കും സുഹൃത്തുക്കള്‍ക്കും സമ്മാനിക്കാനായി പുസ്തകത്തിന്റെ ആറ് കോപ്പിയാണവര്‍ വാങ്ങിയത്. അതില്‍ ഗ്രന്ഥകാരന്റെ ഒപ്പ് വാങ്ങണം.   കുസൃതിക്കാരനാണ് അവരുടെ മകന്‍ . അവന്റെശല്യം സഹിക്കാനാവാതെ ചടങ്ങ് തീരുംമുമ്പേ അവര്‍ സ്ഥലം വിടുന്നു.അന്ന് രാത്രി ജയിംസ് മില്ലര്‍ക്ക് മടങ്ങണം. ഒമ്പത് മണിക്കാണ് ട്രെയിന്‍. സമയം പോക്കാന്‍ അയാള്‍ സ്ത്രീയുടെ ആര്‍ട്ട്ഗാലറിയിലെത്തുന്നു. ഇവിടുന്നങ്ങോട്ടാണ് സിനിമ പുതിയ തലങ്ങളിലേക്ക് ഒഴുകുന്നത്. നമ്മള്‍ ആ ഒഴുക്കിനനുസരിച്ച് അറിയാതെ നീങ്ങിപ്പോകും. ഒരു ദിവസം യാദൃച്ഛികമായി കണ്ടുമുട്ടുന്ന തീര്‍ത്തും അപരിചിതരായ രണ്ടുപേരെ ഭാര്യാഭര്‍തൃബന്ധത്തിന്റെ തീവ്രതയിലേക്ക് കൊണ്ടുചെന്നെത്തിക്കുന്ന അദ്ഭുതമാണ് കിരോസ്തമി ഈ ചിത്രത്തില്‍ ഒളിച്ചുവെക്കുന്നത്. ഒടുവില്‍, രണ്ടു വ്യക്തികളുടെയും ഓര്‍മകള്‍ എങ്ങനെയോ ഒന്നായിത്തീരുന്ന ഒരു ഘട്ടത്തില്‍ സംവിധായകന്‍ ബോധപൂര്‍വം അവരെ അകറ്റുകയാണ്. ദൂരെ മുഴങ്ങുന്ന നാഴികമണി എട്ടടിക്കുമ്പോള്‍ അദ്ദേഹം അവരെ ഓര്‍മപ്പെടുത്തുന്നു : ഇതാ, നായകന് പോകാന്‍ സമയമായി.
       അതിസൂക്ഷ്മമായാണ് കിരോസ്തമി ഓരോ രംഗവും കെട്ടിപ്പടുക്കുന്നത്. ഓരോ സംഭാഷണവും ചേര്‍ത്തുവെക്കുന്നത്. ഗ്രന്ഥകാരനും ആര്‍ട്ട്ഗാലറി ഉടമയും കാറില്‍ നഗരം ചുറ്റാന്‍ പോകുന്നിടത്താണ് സിനിമ അപ്രതീക്ഷിതമായ വഴിത്തിരിവിലേക്ക് കടക്കുന്നത്. കാര്‍യാത്രകളെയും അപ്പോഴത്തെ സംഭാഷണങ്ങളെയും സിനിമയുടെ ഇതിവൃത്തത്തിലേക്ക് മെഴുകിച്ചേര്‍ക്കുന്നതില്‍ വിദഗ്ദനാണ് കിരോസ്തമി. ( 'ക്‌ളോസപ്പ് ' , ' ടെന്‍ ' എന്നീ ചിത്രങ്ങള്‍ ഓര്‍ക്കുക ). ജയിംസ് മില്ലറും സ്ത്രീയും തമ്മില്‍ ഗാഢമായ അടുപ്പത്തിന് തുടക്കം കുറിക്കുന്നത് കാര്‍യാത്രയിലാണ്. പന്ത്രണ്ട് മിനിറ്റോളം വരും ഈ രംഗം.ഒരിക്കല്‍പോലും കാറിന് പുറത്തേക്ക് ക്യാമറയുടെ കണ്ണുകള്‍ പാളുന്നില്ല. കഥാപാത്രങ്ങളുടെ മുഖത്തും മനസ്സിലും ക്യാമറ നിലയുറപ്പിക്കുന്നു. അവരുടെ വ്യക്തിത്വം ക്യാമറക്കണ്ണില്‍ തെളിയുന്നു.
      രണ്ട് കഥാപാത്രങ്ങളുടെയും സ്വഭാവവും കലയെക്കുറിച്ചുള്ള ചിന്തകളും ആദ്യം പുറത്തുവരുന്നത് കാര്‍യാത്രയിലാണ്. അവര്‍ പരസ്പരം പ്രശംസിക്കുകയും തര്‍ക്കിക്കുകയും കളിയാക്കുകയും ചെയ്യുന്നു. കലയിലെ അസ്സലും പകര്‍പ്പും അവരുടെ ചര്‍ച്ചയിലേക്ക് കടന്നുവരുന്നു. പിന്നീട് മ്യൂസിയത്തിലെത്തുമ്പോഴാണ് സിനിമയുടെ ശീര്‍ഷകത്തിന് ശക്തി വരുന്നത്. കലയിലും ജീവിതത്തിലുമുള്ള അസ്സലും വ്യാജനും ഇവിടെ കടന്നുവരുന്നു. എന്തിന്റെയും പകര്‍പ്പിന് ഒരു മൂല്യമുണ്ടെന്നാണ് കലാനിരൂപകനായ ഗ്രന്ഥകാരന്റെ വാദം. കാരണം, പകര്‍പ്പ് നമ്മെ അതിന്റെ യഥാര്‍ഥ രൂപത്തെ അന്വേഷിക്കാന്‍ പ്രേരിപ്പിക്കുന്നു. ആ നിലക്ക് അസ്സലിന്റെ മൂല്യത്തെ സാക്ഷ്യപ്പെടുത്തുകയാണ് അതിന്റെ പകര്‍പ്പ്. റസ്റ്റോറന്റില്‍ എത്തുമ്പോഴേക്ക് രണ്ട് കഥാപാത്രങ്ങളുടെയും ഭാവങ്ങളും പെരുമാറ്റരീതിയും മാറുന്നു. അവരിപ്പോള്‍ ഭാര്യാഭര്‍ത്താക്കന്മാരെപ്പോലെയാണ്. റസ്റ്റോറന്റുടമയായ സ്ത്രീയാണ് അവരെ ആദ്യം ' ഭാര്യാഭര്‍ത്താക്കന്മാരാ' ക്കുന്നത്. ' നമ്മള്‍ നല്ല ദമ്പതിമാരാണെന്ന് അവര്‍ക്ക് തോന്നിയിട്ടുണ്ടാകും ' എന്നാണ് ഗ്രന്ഥകാരന്‍ തമാശയായി ഗാലറിയുടമയോട് പറയുന്നത്. വ്യാജന്‍ ഒറിജിനലായി രൂപം മാറുന്ന വൈരുധ്യമാണ് അല്പം തമാശയോടെ കിരോസ്തമി ഇവിടെ ചൂണ്ടിക്കാട്ടുന്നത്.
       നായികയുടെ ദാമ്പത്യം ശിഥിലമാണെന്ന് ഇടയ്ക്ക് ഇതിവൃത്തത്തില്‍ സൂചനയുണ്ട്. ജോലിയില്‍ മാത്രം താത്പര്യമുള്ള ഭര്‍ത്താവ്. മകന്റെ പിറന്നാളിന് ഒന്നു വിളിക്കാന്‍പോലും അയാള്‍ നേരം കണ്ടെത്തുന്നില്ല. നായകനായ കലാനിരൂപകന്റെ അവസ്ഥയും ഏതാണ്ട് ഇതേനിലയിലാവാമെന്ന് ഊഹിക്കേണ്ടിവരും. കലാവിമര്‍ശനത്തിലൂടെ സിനിമ ഒടുക്കം ചെന്നെത്തി നില്‍ക്കുന്നത് ജീവിതത്തിന്റെ പ്രഹേളികയില്‍ത്തന്നെയാണ്. സത്യമേത്, മിഥ്യയേത് എന്നറിയാത്ത കഥാപാത്രങ്ങളെപ്പോലെ പ്രേക്ഷകനും ഇവിടെ അന്തംവിട്ട് നില്‍ക്കുന്നു. കിരോസ്തമി എന്തെല്ലാമോ പറയാതെ വിട്ടുകളഞ്ഞതായി നമുക്ക് തോന്നും. ആരോ സാക്ഷ്യപ്പെടുത്തുന്ന എന്തിന്റെയോ പകര്‍പ്പാണ് നമ്മുടെയൊക്കെ ജീവിതം എന്നാവാം അദ്ദേഹം ഉദ്ദേശിക്കുന്നത്.
       ബ്രിട്ടീഷ് ഓപ്പറ ഗായകനായ വില്യം ഷിമെല്‍ , പ്രശസ്ത ഫ്രഞ്ച് നടി ജൂലിയറ്റ് പിനോഷെ എന്നിവരാണ് നായികാനായകന്മാരെ അവതരിപ്പിക്കുന്നത്. രണ്ടുപേരുടെതും അഭിനയമല്ല. ഓരോ സന്ദര്‍ഭത്തിലും അവര്‍ സ്വാഭാവികമായി പെരുമാറുകയാണ്. അവര്‍ നമ്മുടെ ഹൃദയം തൊട്ടാണ് സംസാരിക്കുന്നതെന്നു തോന്നും. 2010 ല്‍ കാന്‍ ചലച്ചിത്രമേളയില്‍ മികച്ച നടിക്കുള്ള അവാര്‍ഡ് പിനോഷെക്ക് നേടിക്കൊടുത്തത് ' സര്‍ട്ടിഫൈഡ് കോപ്പി ' യാണ്.


Saturday, December 15, 2012

Monday, November 19, 2012

ഡോ. ഫൗസ്റ്റിന്റെ അന്വേഷണയാത്ര

പ്രശസ്ത റഷ്യന്‍ സംവിധായകന്‍ അലക്‌സാണ്ടര്‍ സൊഖുറോവിന്റെ ചതുര്‍ച്ചിത്ര പരമ്പരയിലെ അവസാന സിനിമയാണ് ' ഫൗസ്റ്റ് '. 2011 ല്‍ പുറത്തിറങ്ങിയ ഈ ജര്‍മന്‍ചിത്രമാണ് അക്കൊല്ലത്തെ വെനീസ് ചലച്ചിത്ര മേളയില്‍ മികച്ച സിനിമയായി തിരഞ്ഞെടുക്കപ്പെട്ടത്. 
ആദ്യത്തെ മൂന്നു ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമാണ് 'ഫൗസ്റ്റ് ' . ഇരുപതാം നൂറ്റാണ്ടിലെ ശക്തരായ മൂന്നു ചരിത്രപുരുഷന്മാരാണ് ആ മൂന്നു സിനിമകളിലെ നായകര്‍. 1999 ല്‍ ഇറങ്ങിയ ' മൊളോഖ് ' (Moloch) എന്ന ജര്‍മന്‍ സിനിമയില്‍ ഏകാധിപതി അഡോള്‍ഫ് ഹിറ്റ്‌ലറായിരുന്നു നായകന്‍. രണ്ടാമത്തെ ചിത്രമായ ' റ്റോറസ് ' (Taurus-2001 എന്ന റഷ്യന്‍ സിനിമയില്‍ ലെനിനും മൂന്നാമത്തെ ' ദ സണ്‍ ' എന്ന ജാപ്പനീസ് ചിത്രത്തില്‍ ജപ്പാനിലെ മുന്‍ ചക്രവര്‍ത്തി ഹിരോഹിതോയും നായകരായി. ഫൗസ്റ്റില്‍ സൊഖുറോവ് 19 ാം നൂറ്റാണ്ടിന്റെ തുടക്കത്തിലേക്കാണ് സഞ്ചരിക്കുന്നത്. ചരിത്രത്തില്‍ കാണാത്ത ഒരാളാണിതിലെ നായകന്‍. ഒരു സങ്കല്‍പ കഥാപാത്രം. പേര് ഡോക്ടര്‍ ഫൗസ്റ്റ്. അയാള്‍ അന്വേഷണത്തിലാണ്. ജീവിതത്തിന്റെ സുഖവും അര്‍ഥവും തേടിയുള്ള യാത്രയിലാണ് അയാള്‍. 

12 വര്‍ഷം കൊണ്ടാണ് സൊഖുറോവ് തന്റെ ചിത്രപരമ്പര പൂര്‍ത്തിയാക്കിയത്. ' മൊളോഖി 'ല്‍ ഹതാശനും കുപിതനുമായ ഹിറ്റ്‌ലറെയാണ് നമ്മള്‍ കണ്ടത്. പര്‍വതമുകളിലെ സുഖവാസ വസതിയില്‍ വെപ്പാട്ടിയായ ഈവ ബ്രൗണിനെ കാണാനെത്തുകയാണ് ഹിറ്റ്‌ലര്‍. അയാളിലെ ഏകാധിപതിയെ മാറ്റിനിര്‍ത്തുന്നു സൊഖുറോവ്. പകരം, അയാളിലെ സാധാരണ മനുഷ്യനെ പുറത്തെടുക്കുന്നു. 53 കാരനായ ലെനിന്റെ അന്ത്യനിമിഷങ്ങളാണ് ' റ്റോറസി ' ന്റെ ഇതിവൃത്തം. അധികാരത്തില്‍ നിന്നും അനുയായികളില്‍ നിന്നും ഒറ്റപ്പെട്ട്, കിടക്കയിലും ചക്രക്കസേരയിലുമായി തളച്ചിടപ്പെട്ട ആ മുന്‍ ഭരണാധികാരി ആസന്നമായ മരണത്തെക്കുറിച്ചാണ് ദുഃഖത്തോടെ സംസാരിക്കുന്നത്.

രണ്ടാം ലോകയുദ്ധത്തില്‍ കനത്ത പരാജയം രുചിക്കേണ്ടിവന്ന ഹിരോഹിതോ തകര്‍ന്നടിഞ്ഞ തന്റെ രാജ്യത്തെ നോക്കി നെടുവീര്‍പ്പിടുകയാണ് ' ദ സണ്‍ ' എന്ന ചിത്രത്തില്‍. സഖ്യസേനയ്ക്കു മുന്നില്‍ കീഴടങ്ങല്‍ പ്രഖ്യാപനം നടത്തുന്ന ദിവസം ടോക്കിയോ എന്ന മൃതഭൂമിയിലാണ് അദ്ദേഹത്തെ നമ്മള്‍ കാണുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ ചരിത്രത്തെ നിയന്ത്രിച്ചവരാണ് മൂന്നു നേതാക്കളും. . പക്ഷേ, അധികാരം അവരെ ദുഷിപ്പിച്ചു. അധികാരമോഹത്തിന്റെ ഇരകളാണ് അവരെന്ന് സൊഖുറോവ് പറയുന്നു. അധികാരത്തിന്റെ നിരര്‍ഥകത ലോകത്തെ ബോധ്യപ്പെടുത്തുകയായിരുന്നു സംവിധായകന്‍ ഈ ചിത്രങ്ങളിലൂടെ. 

ഫൗസ്റ്റി' ലെ നായകനായ ഫൗസ്റ്റ് മറ്റ് മൂന്നു നായകരില്‍ നിന്നും വ്യത്യസ്തനാണ്. അയാള്‍ അധികാരസ്ഥാനത്തുള്ളയാളല്ല. ഡോക്ടറാണ്. പ്രശസ്തനായ ഡോക്ടറുടെ മകന്‍. ശാസ്ത്രവും നിയമവും തത്ത്വശാസ്ത്രവും തൊട്ട് ദൈവശാസ്ത്രം വരെ അയാള്‍ പഠിച്ചു. പക്ഷേ, തൃപ്തനായില്ല. പലതിനും അയാള്‍ക്ക് ഉത്തരമില്ല. താനൊരു വിഡ്ഢിയാണെന്ന് ഫൗസ്റ്റ് തുറന്ന് സമ്മതിക്കുന്നു. മനുഷ്യന്റെ ആത്മാവ് എവിടെയാണെന്ന് അയാള്‍ക്കറിയില്ല. ജീവിതത്തിന്റെ അര്‍ഥമെന്തെന്നും അറിഞ്ഞൂടാ. അത് തേടുകയാണ് അയാള്‍. മനുഷ്യന്റെ കുത്സിതവഴികള്‍ ഫൗസ്റ്റിനെ സദാ അസ്വസ്ഥനാക്കി. പുണ്യവാളന്മാരുടെ തിരുശേഷിപ്പ് പോലും പണയമായി എടുക്കാന്‍ തയാറാകുന്നവരുടെ ലോകം അയാളെ വേദനിപ്പിച്ചു. പണമുള്ളിടത്താണ് ചെകുത്താന്‍ എന്ന് ബോധ്യമായി. ആത്മാവിനെ പണയപ്പെടുത്തി കൊള്ളപ്പലിശക്കാരനോടൊപ്പം ഫൗസ്റ്റ് യാത്ര തുടങ്ങുകയാണ്. 

ജര്‍മന്‍ എഴുത്തുകാരനായ ഗൊയ്‌ഥെയുടെ ' ഫൗസ്റ്റ് ' എന്ന നാടകത്തെ ആധാരമാക്കിയാണ് സൊഖുറോവ് തന്റെ സിനിമ സൃഷ്ടിച്ചത്. 19 ാം നൂറ്റാണ്ടിന്റെ തുടക്കത്തിലുള്ള ജര്‍മന്‍ നഗരങ്ങളാണ് ഈ സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്. സ്‌പെയിനിലും എസ്‌ലാന്‍ഡിലുമായാണ് ഈ പഴയ നഗരങ്ങള്‍ സൊഖുറോവ് പുനഃസൃഷ്ടിച്ചത്. മറ്റ് മൂന്ന് സിനിമകളിലേതുപോലെ സമകാലിക സംഭവങ്ങള്‍ ഫൗസ്റ്റി ' ല്‍ പരാമര്‍ശിക്കുന്നില്ല. ഒരു സാങ്കല്‍പ്പിക ലോകത്തിലൂടെയാണ് സിനിമയുടെ സഞ്ചാരം. ചലച്ചിത്രകാരനാണെങ്കിലും സാഹിത്യത്തോടുള്ള കമ്പം സൊഖുറോവ് മറച്ചുവെക്കാറില്ല. സിനിമയേക്കാളും സാഹിത്യമാണ് കൂടുതലിഷ്ടമെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഈ സാഹിത്യ താത്പര്യമാകണം കഥാപാത്രങ്ങളുടെ ഉള്ളിലേക്ക് ചുഴിഞ്ഞുനോക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിക്കുന്നത്. മനുഷ്യനെയും അവന്റെ ആന്തരിക ശക്തിയെയും മനസ്സിലാക്കാനുള്ള സൊഖുറോവിന്റെ നിരന്തര ശ്രമത്തിന്റെ ഭാഗമാണ് ഈ നാല് സിനിമകളും എന്നാണ് ചിലര്‍ നിരീക്ഷിക്കുന്നത്.
 

ആത്മാവിനെക്കുറിച്ചുള്ള ചര്‍ച്ചയിലാണ് 'ഫൗസ്റ്റി ' ന്റെ തുടക്കം. ക്രമേണ അത് വിവിധ വിഷയങ്ങളിലേക്ക് കടക്കുന്നു. തിന്മയും ചെകുത്താനും ദൈവത്തിന്റെ അസ്തിത്വവും വഞ്ചനയും യുദ്ധവും മരണവുമെല്ലാം ചര്‍ച ചെയ്യപ്പെടുന്നു. ഫൗസ്റ്റ് മോഹിക്കുന്ന ആ പെണ്‍കുട്ടിപോലും പ്രണയാതുരയായല്ല സംസാരിക്കുന്നത്. എന്താണ് മരണം എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്, ഒരാള്‍ പൂര്‍ണമായും മരിക്കുന്നുണ്ടോ തുടങ്ങിയ ചോദ്യങ്ങളാണ് അവള്‍ പണ്ഡിതനായ ഫൗസ്റ്റിനോട് ഉന്നയിക്കുന്നത്. യുദ്ധവും അത് സൃഷ്ടിക്കുന്ന മൃതഭൂമിയും ഫൗസ്റ്റിനെ അലോസരപ്പെടുത്തുന്നു. ഒരു യുദ്ധത്തിന്റെ അവസാനവും വീണ്ടുമൊരു യുദ്ധത്തിന്റെ സൂചനയും ചിത്രത്തില്‍ നല്‍കുന്നുണ്ട്. അസന്തുഷ്ടനായ മനുഷ്യനാണ് ഏറ്റവും അപകടകാരി എന്ന വാക്യം ചിത്രത്തില്‍ പലപ്പോഴായി ആവര്‍ത്തിക്കുന്നുണ്ട്. 

തന്നെ വിടാതെ പിന്തുടരുന്ന തിന്മയുടെ അവതാരമായ കൊള്ളപ്പലിശക്കാരനെ ഫൗസ്റ്റ് ഒടുവില്‍ കല്ലുകള്‍കൊണ്ട് ചതച്ച് മൃതപ്രായനാക്കിവിടുന്നു. പിന്നീടങ്ങോട്ട് ഫൗസ്റ്റിന്റെ യാത്ര ഒറ്റയ്ക്കാണ്. ജീവിതാന്വേഷണയാത്രയില്‍ എല്ലാവരും ഒറ്റക്കാണെന്ന് സൂചിപ്പിക്കുകയാവണം സൊഖുറോവ്. ജീവിതത്തിന്റെ അര്‍ഥവും സൗന്ദര്യവും തേടിപ്പോകുന്ന ഫൗസ്റ്റ് ഒടുവില്‍ പ്രകൃതിശക്തിയിലാണ് സൗന്ദര്യവും ആഹ്‌ളാദവും കണ്ടെത്തുന്നത്.തുടക്കത്തില്‍, സ്വര്‍ഗത്തില്‍ നിന്നിറങ്ങിവരികയാണ് ക്യാമറ. നേരെയത് ഫൗസ്റ്റിന്റെ ശസ്ത്രക്രിയാമുറിയില്‍ നിലയുറപ്പിക്കുന്നു. 
ഒരു മനുഷ്യശരീരം കീറിമുറിക്കുകയാണവിടെ. അലസമെന്നു തോന്നും മട്ടില്‍, എന്നാല്‍ കൃത്യതയോടെയാണ് ഫൗസ്റ്റ് തന്റെ ജോലി നിര്‍വഹിക്കുന്നത്. ഇതിനിടയില്‍ ഫൗസ്റ്റും അയാളുടെ വിദ്യാര്‍ഥിയും തമ്മില്‍ ഗഹനമായ ചര്‍ച്ച നടക്കുന്നുണ്ട്. ഈ ചര്‍ച്ചയില്‍ നിന്നാണ് അന്വേഷണയാത്രയ്ക്കുള്ള അഭിനിവേശം അയാളില്‍ നിറയുന്നത്. 

മൊളോഖിലും റ്റോറസിലും സണ്ണിലും സൊഖുറോവിന് ചരിത്രത്തോട് നീതി പുലര്‍ത്തേണ്ടതുണ്ടായിരുന്നു. ചരിത്രപുരുഷന്മാരെ ഭാവനാലോകത്തിന്റെ ഭാരം അടിച്ചേല്‍പ്പിക്കാനാവില്ല. എന്നാല്‍, ഫൗസ്റ്റിലെത്തുമ്പോള്‍ സംവിധായകന് ചരിത്രത്തിന്റെ കണിശത ഉപേക്ഷിക്കാന്‍ കഴിയുന്നു. ഇതിലെ നായകന്‍ എന്തുകൊണ്ടും സര്‍വതന്ത്ര സ്വതന്ത്രനാണ് . കുറ്റിയില്‍ തളച്ചിട്ട മൂന്നു ചരിത്രനായകരെയാണ് ആദ്യത്തെ മൂന്നു സിനിമയിലും നമ്മള്‍ കണ്ടത്. പിരിമുറുക്കമനുഭവിക്കുന്ന സാധാരണ മനുഷ്യരെപ്പോലെയായിരുന്നു അവര്‍. ഹിറ്റ്‌ലര്‍ ബര്‍ലിനപ്പുറത്തേക്ക് പോകുന്നില്ല. ലെനിന്‍ ചക്രക്കസേരയിലും ഇരുണ്ട മുറിയിലുമിരുന്ന് അന്ത്യനിമിഷം എണ്ണുകയാണ്. ഹിരോഹിതോ ആകട്ടെ, യുദ്ധം തരിപ്പണമാക്കിയ ടോക്കിയോ നഗരത്തിലെ തടവുകാരനാണ്. ഫൗസ്റ്റ് പക്ഷേ, എവിടെയും തളച്ചിടപ്പെടുന്നില്ല. അയാള്‍ സഞ്ചാരിയാണ്. അയാള്‍ക്ക് അധികാരത്തിന്റെയോ കുടുംബത്തിന്റെയോ കെട്ടുപാടുകളില്ല. കാഴ്ചകള്‍ കണ്ട്, ജീവിതമാസ്വദിച്ച് , അഭൗമമായ ലോകം തേടുകയാണയാള്‍. 

വര്‍ണങ്ങളുടെ ധാരാളിത്തം സൊഖുറോവിന്റെ ചിത്രങ്ങളില്‍ പൊതുവെ കാണാനാവില്ല.കടുത്ത നിറത്തിനു പകരം വിഷാദമുണര്‍ത്തുന്ന അരണ്ട വര്‍ണങ്ങളാണ് മിക്ക രംഗങ്ങളിലും അദ്ദേഹം ഉപയോഗിക്കുക. മഞ്ഞ, പച്ച, നീല എന്നിവയുടെ നരച്ച നിറം. ' ഫൗസ്റ്റ ി ' ലെ ഇടുങ്ങിയ വഴികളും ഇരുണ്ട തെരുവുകളും വിലാപയാത്രയുമൊക്കെ പ്രത്യക്ഷപ്പെടുന്നത് മങ്ങിയ നിറങ്ങളിലാണ്.