Sunday, February 28, 2010

അകല്‍ച്ചയുടെ കഥകള്‍



(പ്രശസ്‌ത തുര്‍ക്കി സംവിധായകന്‍ നൂറി ബില്‍ജി സെലാന്റെ ഡിസ്റ്റന്റ്‌, ക്ലൈമെറ്റ്‌സ്‌ എന്നീ സിനിമകളെക്കുറിച്ച്‌)

തുര്‍ക്കിയിലെ നവസിനിമാ പ്രസ്ഥാനക്കാരില്‍ പ്രമുഖ സ്ഥാനമുണ്ട്‌ നൂറി ബില്‍ജി സെലാന്‌. പന്ത്രണ്ടു വര്‍ഷത്തിനുള്ളില്‍ അഞ്ചു ഫീച്ചര്‍ ചിത്രങ്ങളാണ്‌ സെലാന്‍ സംവിധാനം ചെയ്‌തത്‌. എല്ലാം അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ ശ്രദ്ധിക്കപ്പെട്ടവ. ഒട്ടേറെ അവാര്‍ഡുകള്‍ ഈ സിനിമ നേടിയെടുത്തിട്ടുണ്ട്‌.
1997-ല്‍ കസബ എന്ന ചിത്രത്തോടെയാണ്‌ ഈ ഇലക്ട്രിക്കല്‍ എന്‍ജിനിയറുടെ ചലച്ചിത്രജീവിതം തുടങ്ങുന്നത്‌.( 1999-ല്‍ ക്ലൗഡ്‌സ്‌ ഓഫ്‌ മെയ്‌, 2003-ല്‍ ഡിസ്റ്റന്റ്‌, 2006-ല്‍ ക്ലൈമെറ്റ്‌സ്‌, 2008-ല്‍ ത്രീ മങ്കീസ്‌ എന്നിവയും പുറത്തുവന്നു.)
നഗര-ഗ്രാമങ്ങള്‍ തമ്മിലുള്ള നിതാന്ത സംഘര്‍ഷത്തിന്റെയും പ്രകൃതിയോടുള്ള ഇഴുകിച്ചേരലിന്റെയും വ്യക്തിബന്ധങ്ങളുടെയും കഥകള്‍ പറയാനാണ്‌ സെലാന്‌ കൂടുതല്‍ ഇഷ്ടം. പ്രകൃതി സെലാന്റെ ചിത്രങ്ങളില്‍ ജീവസുറ്റ പശ്ചാത്തലമാണ്‌. പ്രകൃതിയുടെ ഈ സാന്നിധ്യം ആത്മസംഘര്‍ഷമനുഭവിക്കുന്ന കഥാപാത്രങ്ങളെ സാന്ത്വനിപ്പിക്കുന്ന ഘടകമായി മാറുന്നു.
അറിയപ്പെടുന്ന ഫോട്ടോഗ്രാഫര്‍ കൂടിയാണ്‌ സെലാന്‍. തന്റെ മിക്ക ചിത്രങ്ങള്‍ക്കും ഛായാഗ്രഹണം നിര്‍വഹിക്കുന്നത്‌ സെലാന്‍ തന്നെയാണ്‌. ചിത്രങ്ങള്‍ക്ക്‌ തിരക്കഥയെഴുതി ഇദ്ദേഹം സ്വയം നിര്‍മിക്കുന്നു. ചിലപ്പോള്‍ അഭിനയിക്കുന്നു. ഭാര്യയും മാതാപിതാക്കളും ബന്ധുക്കളുമൊക്കെ അദ്ദേഹത്തിന്റെ സിനിമകളിലെ അഭിനേതാക്കളാണ്‌.

വ്യക്തികള്‍ തമ്മിലുള്ള അടുപ്പവും അകല്‍ച്ചയും കാവ്യാത്മകമായി ചിത്രീകരിച്ചിട്ടുള്ള ചിത്രങ്ങളാണ്‌ ഡിസ്റ്റന്റും ക്ലൈമെറ്റ്‌സും. ഇതുവരെ ഇറങ്ങിയിട്ടുള്ള തുര്‍ക്കി സിനിമകളില്‍ മികച്ച പത്തെണ്ണത്തില്‍ ഒന്നായാണ്‌ നിരൂപകര്‍ ഡിസ്റ്റന്റിനെ വിലയിരുത്തുന്നത്‌. 2003 ലെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഗ്രാന്റ്‌ പ്രി നേടിയ ചിത്രമാണിത്‌. മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള ഓസ്‌കര്‍ അവാര്‍ഡിനും മത്സരിച്ചിട്ടുണ്ട്‌. ആകാശത്ത്‌ ഉരുണ്ടുകൂടി, ഏതു സമയത്തും പെയ്‌തൊഴിയാന്‍ കാത്തുനില്‍ക്കുന്ന മഴമേഘങ്ങള്‍ പോലെയാണ്‌ ഓരോബന്ധവും എന്ന്‌ സെലാന്‍ ചിത്രങ്ങള്‍ രേഖപ്പെടുത്തുന്നു. സെലാന്റെ ആത്മാംശം കലര്‍ന്നിട്ടുള്ള ഡിസ്റ്റന്റിലെയും ക്ലൈമെറ്റ്‌സിലെയും കഥാപാത്രങ്ങള്‍ക്കും സാമ്യമുണ്ട്‌.
ഏകാന്തമായ രഹസ്യജീവിതം ആഗ്രഹിക്കുന്ന ഒരു കൊമേഴ്‌സ്യല്‍ ഫോട്ടോഗ്രാഫറുടെ സ്വകാര്യതയിലേക്ക്‌ മറ്റൊരാള്‍ കടന്നുവരുമ്പോഴുണ്ടാകുന്ന അസ്വാരസ്യങ്ങളാണ്‌ ഡിസ്‌റ്റന്റിന്റെ പ്രമേയം. ഇസ്‌താംബൂളിലെ ഒരു മഞ്ഞുകാലമാണ്‌ പശ്ചാത്തലത്തില്‍. ഫോട്ടോഗ്രാഫര്‍ മഹമൂദിന്റെ കസിനായ യൂസഫ്‌ ആണ്‌ ക്ഷണിക്കപ്പെടാത്ത അതിഥിയായി എത്തുന്നത്‌. ഗ്രാമത്തില്‍ നിന്നാണ്‌ യൂസഫിന്റെ വരവ്‌. സാമ്പത്തിക മാന്ദ്യം കാരണം അയാളെ ഫാക്ടറിയില്‍ നിന്ന്‌ പിരിച്ചുവിട്ടതാണ്‌. മഹമൂദിന്റെ അടുത്തുതങ്ങി എന്തെങ്കിലും ജോലി തരപ്പെടുത്തണം. യൂസഫ്‌ നിത്യവും കപ്പല്‍കമ്പനികള്‍ കയറിയിറങ്ങുകയാണ്‌. സമുദ്രസഞ്ചാരികളുടെ സ്വപ്‌നലോകത്താണ്‌ അയാള്‍. ഇസ്‌താംബൂള്‍ നഗരവും സാമ്പത്തിക മാന്ദ്യത്തിലേക്ക്‌ വീഴുകയാണ്‌. യൂസഫിന്‌ ഒരിടത്തും ജോലികിട്ടുന്നില്ല. നീരസത്തോടെയാണ്‌ യൂസഫിന്റെ നഗരപ്രവേശത്തെ മഹമൂദ്‌ എതിരേല്‍ക്കുന്നത്‌. ഓരോ വാക്കിലും നോക്കിലും പ്രവൃത്തിയിലും അയാളത്‌ പ്രകടിപ്പിക്കുന്നു. യൂസഫിന്റെ ഓരോ നടപടിയും തന്റെ സ്വാതന്ത്ര്യത്തിനു വിലങ്ങിടുകയാണെന്ന്‌ അയാള്‍ക്ക്‌ തോന്നുന്നു. കാണാതെ പോയ വാച്ചിന്റെ പേരില്‍ യൂസഫിനെ മഹമൂദ്‌ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നതോടെ ഇരുവരും തമ്മിലുള്ള അകല്‍ച്ച പൂര്‍ണമാവുകയാണ്‌. ചെറിയ സംഭവങ്ങളിലൂടെ അതിസൂക്ഷ്‌മമായാണ്‌ രണ്ടുകഥാപാത്രങ്ങളെയും സെലാന്‍ പിന്തുടരുന്നത്‌. നാഗരികതയോട്‌ ഇണങ്ങാന്‍ വിമ്മിട്ടപ്പെടുന്ന ഗ്രാമീണന്റെ നിസ്സഹായതയും ഈ ചിത്രത്തില്‍ സെലാന്‍ അടയാളപ്പെടുത്തുന്നുണ്ട്‌.

സര്‍വകലാശാല അധ്യാപകനായ ഈസയും ടി.വി.പരമ്പരയില്‍ കലാസംവിധാനമൊരുക്കുന്ന കാമുകി ബ്രഹാറും തമ്മിലുള്ള വേര്‍പിരിയലിന്റെ കഥയാണ്‌ ക്ലൈമെറ്റ്‌സ്‌. ഫോട്ടോഗ്രാഫ്രര്‍ കൂടിയാണ്‌ ഈസ. പ്രായം കൊണ്ട്‌ ഇരുവരും തമ്മില്‍ വലിയ അന്തരമുണ്ട്‌. ബന്ധം ഉപേക്ഷിക്കാന്‍ അയാള്‍ കണ്ടെത്തുന്ന ന്യായം ഇതാണ്‌. വഴക്കടിച്ച്‌ അകലാന്‍ തീരുമാനിച്ചിട്ടും ഇരുവര്‍ക്കുമിടയില്‍ എവിടെയോ ഒരാകര്‍ഷകത്വം, ഒരിഷ്ടം ബാക്കിനിന്നിരുന്നു. പരസ്‌പരം അവര്‍ക്കതറിയാമായിരുന്നു. പക്ഷേ, വേണ്ട സന്ദര്‍ഭത്തില്‍ അവര്‍ക്കത്‌ വ്യക്തമായി പ്രകടിപ്പിക്കാനാകുന്നില്ല. കലാകാരന്മാരുടെ ഈഗോയുടെ കെണിയില്‍ അവര്‍ വീണുപോകുന്നു. ഒരുവേനല്‍ക്കാലത്ത്‌ തുടങ്ങുന്ന സിനിമ മനസിനെ മരവിപ്പിക്കുന്ന മഞ്ഞുകാലത്ത്‌ അവസാനിക്കുന്നു. കലഹിച്ച്‌ പ്രണയത്തിന്റെ പാതിവഴിയില്‍ അവര്‍ അകലുകയാണ്‌.
നൂറി ബില്‍ജി സെലാന്റെ ചിത്രങ്ങളുടെ പൊതുസ്വഭാവം നന്നായി വ്യക്തമാക്കുന്നവയാണ്‌ ഡിസ്റ്റന്റും ക്ലൈമെറ്റ്‌സും. നീണ്ട ഷോട്ടുകള്‍, വളരെക്കുറച്ച്‌ സംഭാഷണം, മനോഹരമായ ക്ലോസ്‌ അപ്പ്‌ ദൃശ്യങ്ങള്‍, പെയ്യാനൊരുങ്ങി നില്‍ക്കുന്ന മഴമേഘങ്ങളുടെ പശ്ചാത്തലത്തിലുള്ള വിശാലമായ ആകാശദൃശ്യങ്ങള്‍ എന്നിവയൊക്കെ സെലാന്‍ ചിത്രങ്ങളുടെ പ്രത്യേകതകളാണ്‌. ക്ലൈമെറ്റ്‌സില്‍ രംഗത്തിന്റെ പിരിമുറുക്കം സൂചിപ്പിക്കാന്‍ കഥാപാത്രങ്ങള്‍ സിഗററ്റുവലിക്കുന്ന ദൃശ്യം രണ്ടുതവണ അദ്ദേഹം ക്ലോസ്‌ അപ്പില്‍ കാണിക്കുന്നു. ആഞ്ഞുവലിക്കുന്ന സിഗരറ്റിന്റെ കണ്ണ്‌ ശീല്‍ക്കാരത്തോടെ ചുവക്കുന്ന ദൃശ്യം അതിമനോഹരമാണ്‌. മഞ്ഞുപൊഴിഞ്ഞുകൊണ്ടിരിക്കെ കഥാനായികയുടെ രൂപം ക്രമേണ സ്‌ക്രീനില്‍ അപ്രത്യക്ഷമാകുന്ന അവസാന രംഗത്തിനും ചാരുതയേറും. ഈ സിനിമയില്‍ നായകനായി വരുന്നത്‌ സെലാനാണ്‌. നായികയായി വരുന്നത്‌ ഭാര്യ എബ്രുവും.
സംഗീതം സിനിമയെക്കൊല്ലും എന്ന പക്ഷക്കാരനാണ്‌ സെലാന്‍. പശ്ചാത്തല സംഗീതം പോലും അദ്ദേഹം ഉപയോഗിക്കാറില്ല. ചുറ്റും കേള്‍ക്കുന്ന ശബ്ദങ്ങളാണ്‌ അദ്ദേഹത്തിന്റെ പശ്ചാത്തല സംഗീതം. അകലെനിന്ന്‌ കേള്‍ക്കുന്ന പട്ടിയുടെ കുര, ഇടിയുടെയും തുടര്‍ന്നുപെയ്യുന്ന മഴയുടെയും ശബ്ദം, വാഹനങ്ങളുടെ ഇരമ്പല്‍ എന്നിവ സെലാന്റെ ചിത്രങ്ങളില്‍ നമുക്ക്‌ ആവര്‍ത്തിച്ചുകേള്‍ക്കാം. വേണ്ട സമയത്ത്‌ വേണ്ടത്രശക്തിയോടെ ഈ ശബ്ദങ്ങളെ ഉപയോഗപ്പെടുത്തുന്നതില്‍ അദ്ദേഹം മിടുക്കനാണ്‌.

Friday, February 5, 2010

മരണമുഖത്തേക്ക് ഒരു യാത്ര

2006 ജൂലായ് 25. ലെബനന്‍. ഇസ്രായേല്‍ സേന വ്യോമാക്രമണം നടത്തുകയാണ്. സേ്ഫാടനദൃശ്യങ്ങള്‍. പരിഭ്രാന്തരായി അഭയത്തിനായി ഓടുന്ന സ്ത്രീകളും കുട്ടികളും. സ്‌ക്രീനില്‍ കരിമ്പുക നിറയുന്നു.
ഇസ്രായേല്‍-ഹിസ്ബുള്ള പോരാട്ടം തുടങ്ങിയതിന്റെ 34-ാം ദിവസം വെടിനിര്‍ത്തല്‍ പ്രഖ്യാപനം. ലെബനന്‍ തകര്‍ന്നടിഞ്ഞിരിക്കുന്നു. 1189 പേര്‍ മരിച്ചു. പത്തുലക്ഷം പേര്‍ ഭവനരഹിതരായി. ഫിലിപ്പ് അറാക്ടിങ്ങി എന്ന ബെയ്‌റൂട്ടുകാരന്‍ സംവിധാനം ചെയ്ത 'അണ്ടര്‍ ദ ബോംബ്‌സ്' എന്ന ലെബനീസ് സിനിമ ഇവിടെ നിന്നാരംഭിക്കുന്നു.
ബോംബുകള്‍ കീറിമുറിച്ച ലെബനന്‍ മണ്ണില്‍ ചവിട്ടിനിന്നാണ് സംവിധായകന്‍ തന്റെ വേദന പകര്‍ത്തുന്നത്. വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന്റെ പത്താം നാളിലാണ് ചോരയും വിലാപവും വറ്റാത്ത മണ്ണിലൂടെ അദ്ദേഹത്തിന്റെ ക്യാമറ സഞ്ചാരം തുടങ്ങുന്നത്. ഡോക്യുഫിക്ഷന്റെ മാതൃകയിലാണീ സിനിമ. പ്രധാന കഥാപാത്രങ്ങളാകാന്‍ മാത്രമേ സംവിധായകനു താരങ്ങളെ തേടേണ്ടിവന്നുള്ളൂ. മറ്റു കഥാപാത്രങ്ങളൊക്കെ ദുരിതാനുഭവങ്ങളില്‍നിന്ന് നേരേ ഇറങ്ങിവന്നവരാണ്. ഇസ്രായേല്‍ സേന ക്രൂരമായ ബോംബിങ്ങിലൂടെ ഒരുക്കിക്കൊടുത്ത പശ്ചാത്തലം. എവിടെയും തകര്‍ന്ന കെട്ടിടങ്ങളും റോഡുകളും പാലങ്ങളും. ഷൂട്ടിങ്ങിനായി സെറ്റിടേണ്ട ആവശ്യമേ വന്നില്ല.
യുദ്ധത്തിനെതിരെ നിശിതവിമര്‍ശനമുയര്‍ത്തുന്ന ഈ ചിത്രം 2007-ലെ വെനീസ് ഫിലിം ഫെസ്റ്റിവലില്‍ മനുഷ്യാവകാശ അവാര്‍ഡ്, യുറേഷ്യ ഫെസ്റ്റിവലില്‍ ക്രിട്ടിക്‌സ് അവാര്‍ഡ്, ദുബായ് ഫെസ്റ്റിവലില്‍ മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് എന്നിവ നേടിയിട്ടുണ്ട്. മികച്ച വിദേശ ഭാഷാചിത്രത്തിനു നല്‍കുന്ന ഓസ്‌കര്‍ അവാര്‍ഡിനുവേണ്ടിയുള്ള ലെബനീസ് എന്‍ട്രിയായിരുന്നു 'അണ്ടര്‍ ദ ബോംബ്‌സ്'. 2005-ല്‍ പുറത്തിറങ്ങിയ ബോസ്ത (ഏ്ീറമ) യാണ് ഫിലിപ്പ് അറാക്ടിങ്ങിയുടെ ആദ്യ ഫീച്ചര്‍ഫിലിം. ഏറെക്കാലത്തിനു ശേഷം വീണ്ടും കണ്ടുമുട്ടുന്ന ഒരുസംഘം യുവകലാകാരന്മാര്‍ ഒരു പഴഞ്ചന്‍ ബസ്സില്‍ ബെയ്‌റൂട്ടിലൂടെ നടത്തുന്ന പര്യടനമാണ് 'ബോസ്ത'യുടെ ഇതിവൃത്തം. 2005-ല്‍ മികച്ച വിദേശ ഭാഷാചിത്രത്തിനുള്ള ഓസ്‌കര്‍ അവാര്‍ഡിനു മത്സരിക്കാന്‍ ലെബനന്‍ തിരഞ്ഞെടുത്തത് ഈ ചിത്രമാണ്.
95 മിനിറ്റ് നീണ്ട 'അണ്ടര്‍ ദ ബോംബ്‌സ്' നമുക്കു തീരെ സ്വാസ്ഥ്യം തരാത്ത സിനിമയാണ്. തെക്കന്‍ ലെബനനിലെ ഖെര്‍ബത്ത് സെലെം എന്ന ഗ്രാമത്തില്‍ അകപ്പെട്ടുപോയ സഹോദരിയെയും ആറുവയസ്സുള്ള കരീം എന്ന തന്റെ മകനെയും അന്വേഷിച്ചുപോകുന്ന സെയ്‌ന നൂറുദ്ദീന്‍ എന്ന യുവതിയുടെ യാത്രയാണ് ഇതിലെ പ്രമേയം. ദുബായില്‍നിന്ന് തുര്‍ക്കി വഴി ലെബനനിലെത്തിയതാണവള്‍. തെക്കന്‍ ലെബനനിലേക്ക് ടാക്‌സികളൊന്നും പോകുന്നില്ല. പലയിടത്തും റോഡുകള്‍ തകര്‍ന്നിരിക്കുകയാണ്. യുദ്ധം കഴിഞ്ഞെങ്കിലും ഏതു സമയത്തും വീണ്ടും പൊട്ടിപ്പുറപ്പെടാം. പരുക്കന്‍ മട്ടുകാരനായ ടോണി എന്ന ഡ്രൈവര്‍ വിലപേശി യാത്ര ഉറപ്പിക്കുന്നു. ഗ്രാമത്തിലെത്താന്‍ ചിലപ്പോള്‍ ഒരു മണിക്കൂറെടുത്തേക്കാമെന്നാണ് ടോണി ആദ്യം പറയുന്നത്. ചിലപ്പോഴത് രണ്ടുമണിക്കൂറാകാം. ഒരു ദിവസമാകാം. ചിലപ്പോള്‍ രണ്ടു ദിവസമെടുത്തേക്കാം. ഒരുപക്ഷേ, ഒരിക്കലും എത്തിയില്ലെന്നുംവരാം. ടോണിയുടെ മയമില്ലാത്ത പെരുമാറ്റം സെയ്‌നയില്‍ ആശങ്കയും അവിശ്വാസവും വളര്‍ത്തുന്നു. എന്തായാലും തനിക്ക് പോയേ പറ്റൂവെന്നവള്‍ ഉറപ്പിക്കുന്നു. ഹോങ്കോങ്ങിലുള്ള ഭര്‍ത്താവുമായി കലഹിച്ചാണ് അവള്‍ എത്തിയിരിക്കുന്നത്. ഭര്‍ത്താവിനു ബിസിനസിനെക്കുറിച്ചാണ് ചിന്ത മുഴുവന്‍. ലെബനന്‍ കത്തുന്നതും മകന്‍ അവിടെ പെട്ടുപോയതും അയാള്‍ക്ക് വിഷയമേയല്ല.
ഇടയ്ക്ക് സെയ്‌നയെ കണ്ണെറിഞ്ഞും അവളുടെ അവസ്ഥയില്‍ പരിതപിച്ചും ചിലപ്പോഴൊക്കെ സൗമ്യമായി കലഹിച്ചും ടോണി കഠിനയാത്ര തുടരുകയാണ്. തകര്‍ന്ന റോഡുകള്‍ പലപ്പോഴും അവരുടെ യാത്ര മുടക്കുന്നു. വീണ്ടും മറ്റൊരു വഴിയിലൂടെ വളഞ്ഞുതിരിഞ്ഞ് അവര്‍ക്കു പോകേണ്ടിവരുന്നു. ഓരോ അഭയാര്‍ഥിക്യാമ്പിലും അവര്‍ കയറിയിറങ്ങുന്നു. യാത്ര പുരോഗമിക്കവെ ആദ്യത്തെ അവിശ്വാസം മാറി സെയ്‌ന ടോണിയില്‍ നല്ലൊരു സുഹൃത്തിനെ കണ്ടെത്തുന്നു. ഏതു തടസ്സവും നേരിട്ട് സെയ്‌നയുടെ മകനെ കണ്ടെത്തലാണ് തന്റെ ലക്ഷ്യമെന്ന് ടോണി വ്യക്തമാക്കുന്നു. രണ്ടു ദിവസമെടുത്തു അവരുടെ യാത്ര. ഗ്രാമത്തിലെ തങ്ങളുടെ വീട് ബോംബിങ്ങില്‍ തകര്‍ന്നതായി സെയ്‌ന കണ്ടു. സഹോദരി മരിച്ചുപോയി. മകന്‍ കരീമിനെ ഏതാനും ഫ്രഞ്ച് പത്രപ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തിക്കൊണ്ടുപോയിരിക്കുന്നുവെന്ന വിവരം അവള്‍ക്കാശ്വാസം പകര്‍ന്നു. പക്ഷേ, ആ ആശ്വാസം ക്ഷണികമായിരുന്നു എന്നവള്‍ക്ക് ബോധ്യപ്പെടുന്നു. രക്ഷപ്പെട്ടത് സെയ്‌നയുടെ മകനായിരുന്നില്ല. പൊട്ടിക്കരഞ്ഞ അവളെ ആശ്വസിപ്പിക്കാന്‍ കണ്ണീരോടെ ടോണി മാത്രമേ അടുത്തുണ്ടായിരുന്നുള്ളൂ.
ബോംബുകള്‍ കൊന്നൊടുക്കിയ നിരപരാധികള്‍ക്കുവേണ്ടിയാണ് താനീ സിനിമയെടുത്തതെന്ന് ഫിലിപ്പ് അറാക്ടിങ്ങി പറയുന്നു. ചിത്രത്തിലൊരിടത്തും മൃതദേഹങ്ങള്‍ കാണിക്കുന്നില്ല അദ്ദേഹം. ലെബനന്‍കാര്‍ മൃതദേഹങ്ങള്‍ ഏറെ കണ്ടവരാണെന്നതാണ് അദ്ദേഹത്തിന്റെ ന്യായം.
യുദ്ധത്തിനെതിരെ ഉച്ചത്തില്‍ സംസാരിക്കുന്നു ഈ ചിത്രം. വിരുദ്ധ ധ്രുവങ്ങളില്‍ നില്‍ക്കുന്നവരുടെ ഒരുമിച്ചുചേരലാണ് ലോകം ആഗ്രഹിക്കുന്നതെന്ന് 'അണ്ടര്‍ ദ ബോംബ്‌സ്' നമ്മളോടു പറയുന്നു. സെയ്‌നയെയും ടോണിയെയും സംവിധായകന്‍ സൃഷ്ടിച്ചത് ഈയൊരു ആഗ്രഹപൂര്‍ത്തിക്കാണ്. ചുറ്റും വെറുപ്പും പകയും പതഞ്ഞുയരുമ്പോള്‍ സംഗീതം പോലും അവിടേക്ക് കടന്നുവരാന്‍ മടിക്കുന്നെന്ന് സംവിധായകന്‍ കാണിച്ചുതരുന്നു. (തന്റെ കാറില്‍ ടോണി 'ബോണി എം' പാട്ടുകളുടെ കാസറ്റ് ഇടുമ്പോള്‍ അതില്‍നിന്നു പാട്ടല്ല മുരള്‍ച്ചയാണ് നമ്മള്‍ കേള്‍ക്കുന്നത്.)
തുടര്‍ച്ചയായുള്ള ദുരിതക്കാഴ്ചകള്‍ 42 ലക്ഷം വരുന്ന ലെബനീസ് ജനതയെ നിര്‍വികാരരാക്കി മാറ്റുകയാണ്. ''പതിനൊന്നു വയസ്സിനിടയില്‍ ഞാന്‍ രണ്ടു യുദ്ധം കണ്ടു'' എന്നു പറയുന്ന ആ പയ്യന്റെ മുഖത്തെ 'അഭിമാനം' ആരുടെ കണക്കിലാണ് നമ്മള്‍ പെടുത്തുക?



Sunday, January 17, 2010

ഒരു കാളവേട്ട

ദാദാസാഹിബ് ഫാല്‍കെ, വി. ശാന്താറാം, ആചാര്യ പി.കെ. ആത്രെ, ഡോ. ജബ്ബാര്‍ പട്ടേല്‍ തുടങ്ങിയ പ്രമുഖ സംവിധായകരുടെ ചിത്രങ്ങളാല്‍ സമ്പന്നമായ ഒരു ഭൂതകാലമുണ്ട് മറാത്തി സിനിമയ്ക്ക്. എന്നിട്ടും രണ്ടുതവണ മാത്രമേ മികച്ച ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് മറാത്തി സിനിമയ്ക്ക് ലഭിച്ചിട്ടുള്ളൂ. 1954 ലായിരുന്നു ആദ്യത്തെ ബഹുമതി. ചിത്രം: ശ്യാം ചി ആയ്. സംവിധായകന്‍: ആചാര്യ പി.കെ. ആത്രെ. രണ്ടാമതും ഈയൊരു ബഹുമതി കിട്ടാന്‍ അരനൂറ്റാണ്ട് കാത്തിരിക്കേണ്ടിവന്നു. 2004' ല്‍ 'ശ്വാസ്' എന്ന ചിത്രമാണ് മികച്ച സിനിമയ്ക്കുള്ള ദേശീയ അവാര്‍ഡ് നേടിയത്. സന്ദീപ് സാവന്താണ് ഈ ചിത്രത്തിന്റെ സംവിധായകന്‍.
ഈയടുത്ത കാലത്തായി വന്‍കിട നിര്‍മാണക്കമ്പനികള്‍ രംഗത്തുവന്നതോടെ മറാത്തി സിനിമ വീണ്ടും ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയിട്ടുണ്ട്. പുതുസംവിധായകര്‍ക്ക് ഇപ്പോള്‍ അവസരം കിട്ടുന്നു. അവര്‍ സാങ്കേതികത്തികവോടെ പുത്തന്‍ ഇതിവൃത്തങ്ങള്‍ അവതരിപ്പിക്കുന്നു. 2008 ല്‍ മഹാരാഷ്ട്രയില്‍ ഹിറ്റായി മാറിയ 'വളു' എന്ന സിനിമയിലൂടെ ഉമേഷ് കുല്‍ക്കര്‍ണി എന്ന നവാഗത സംവിധായകന്‍ ശ്രദ്ധേയനായിക്കഴിഞ്ഞു. 'വളു' എന്നാല്‍ മുരട്ടുകാള എന്നര്‍ഥം. വികൃതിയായ ഒരു കാളക്കൂറ്റന്‍ ഒരു ഗ്രാമത്തിലുണ്ടാക്കുന്ന പൊല്ലാപ്പുകളും അവനെ പിടിച്ചുകെട്ടാന്‍ നടത്തുന്ന ശ്രമങ്ങളുമാണ് 'വളു'വിന്റെ ഇതിവൃത്തം. 2008 ല്‍ പുണെയില്‍ നടന്ന ഏഷ്യന്‍ ഫിലിം ഫെസ്റ്റിവലിലും ബെര്‍ലിന്‍, റോട്ടര്‍ഡാം, വെനീസ് ഫെസ്റ്റിവലുകളിലും ഈ സിനിമ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

ഉമേഷ് കുല്‍ക്കര്‍ണിയുടെ ആഖ്യാനശൈലി ലളിതമാണ്. ചിത്രത്തിലുടനീളം നര്‍മത്തിന്റെ സാന്നിധ്യമുണ്ട്. ഒറ്റപ്പെട്ടുകഴിയുന്ന കുസവഡെ എന്ന ഗ്രാമത്തിലെ ജീവിതത്തെ കൗതുകത്തോടെയാണ് സംവിധായകന്‍ സമീപിക്കുന്നത്. ചെറിയൊരു വിഷയം. ചെറിയ കുറേ സംഭവങ്ങള്‍. പക്ഷേ, ജീവിതക്കാഴ്ചകൊണ്ട് സമ്പന്നമാണീ ചിത്രം.
ഒരിക്കല്‍, ഗ്രാമീണരുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു ആ കാളക്കൂറ്റന്‍. അവര്‍ അവനെ ആരാധിച്ചു, സ്നേഹിച്ചു (ഗ്രാമക്ഷേത്രത്തില്‍ നന്ദികേശന്റെ കല്‍പ്രതിമയുണ്ട്). ഉത്സവങ്ങളില്‍ അവന്‍ തലയെടുപ്പോടെ ഗ്രാമീണരുടെ കൂടെ നടന്നു. വര്‍ഷങ്ങള്‍ നീണ്ട അടുപ്പം. പിന്നീടെപ്പോഴോ അവന്റെ സമനില തെറ്റി. ആദ്യം അവന്‍ വിള നശിപ്പിക്കാന്‍ തുടങ്ങി. പിന്നെ, വീടുകളുടെ നേര്‍ക്കായി പരാക്രമം. ഒടുവില്‍ ആള്‍ക്കാരെ ആക്രമിക്കാന്‍ തുടങ്ങി. അതോടെ, ഗ്രാമവാസികള്‍ ഇളകുന്നു. ഗ്രാമമുഖ്യന്‍ ഇടപെട്ടതോടെ സര്‍ക്കാര്‍തലത്തില്‍ നടപടി വരുന്നു. കാളയെ കീഴടക്കാന്‍ വനംവകുപ്പിലെ മൃഗസ്നേഹിയായ സ്വാനന്ദ് ഗഡ്ഡംവാര്‍ എന്ന ഉദ്യോഗസ്ഥനെ നിയമിക്കുന്നു. കാള വന്യജീവിയില്‍പ്പെടുന്നതല്ല എന്നുപറഞ്ഞ് ഗഡ്ഡംവാര്‍ ആദ്യം ഒഴിഞ്ഞുമാറാന്‍ നോക്കി. പക്ഷേ, അധികാരികള്‍ സമ്മതിച്ചില്ല. തോക്കും മയക്കുവെടിക്കുള്ള ഉപകരണങ്ങളും കയറുമായി ഗഡ്ഡംവാര്‍ ഗ്രാമത്തിലേക്ക് പുറപ്പെടുന്നിടത്തുനിന്നാണ് സിനിമ തുടങ്ങുന്നത്. ഒരു കിടിലന്‍ ഡോക്യുമെന്ററി പിടിക്കാനുള്ള ഉത്സാഹത്തോടെ ഗഡ്ഡംവാറിന്റെ ഇളയ സഹോദരനും ഒപ്പംകൂടുന്നു. ഇവര്‍ ഗ്രാമത്തിലെത്തുന്നതു മുതല്‍ കാളക്കൂറ്റനെ ബന്ധനസ്ഥനാക്കി തിരിച്ചുപോകുന്നതുവരെയുള്ള രസകരമായ സംഭവങ്ങളാണ് ഉമേഷ് കുല്‍ക്കര്‍ണിയുടെ ക്യാമറ പിന്തുടരുന്നത്.

വീരനായകനെപ്പോലെ ഗ്രാമത്തിലെത്തുന്ന ഗഡ്ഡംവാറിന് ഗ്രാമമുഖ്യനും ഗ്രാമീണരും വന്‍സ്വീകരണമാണ് നല്‍കുന്നത്. ഇരയെ കീഴ്‌പ്പെടുത്തുന്നതിന് മുമ്പായി അതിന്റെ സ്വഭാവങ്ങളെല്ലാം പഠിക്കുകയാണ് ഗഡ്ഡംവാര്‍. രണ്ടുമണിക്കൂര്‍ നീണ്ട സിനിമയില്‍ 31-ാം മിനിറ്റുവരെ കേന്ദ്രകഥാപാത്രമായ കാള പ്രത്യക്ഷപ്പെടുന്നില്ല. കാള കാരണം ദുരിതമനുഭവിച്ചവരെക്കൊണ്ട് അനുഭവങ്ങള്‍ പറയിക്കുകയാണ് ആദ്യം ചെയ്യുന്നത്. ഇതു ഡോക്യുമെന്ററിക്കുവേണ്ടി പകര്‍ത്തുന്നു. സിനിമയും ഡോക്യുമെന്ററിയും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാത്തവരാണ് ഗ്രാമീണര്‍. ക്യാമറയ്ക്കു മുന്നില്‍ അഭിനയിക്കാന്‍ മത്സരിക്കുകയാണവര്‍. പലരും കാളയെപ്പറ്റിയല്ല സ്വന്തം പ്രശ്‌നങ്ങളാണ് സംസാരിക്കുന്നത്. ക്ഷേത്രപൂജാരിയുടെ ഭാര്യ തങ്ങള്‍ക്ക് മാത്രമായി ഒരു കക്കൂസില്ലാത്തതിന്റെ സങ്കടമാണ് പങ്കുവെക്കുന്നത്. ശിവ എന്ന യുവാവാകട്ടെ തന്റെ പ്രണയത്തെക്കുറിച്ചാണ് വാചാലനാകുന്നത്. ഈ സന്ദര്‍ഭങ്ങളിലൊക്കെ ഗഡ്ഡംവാറിന്റെ നിസ്സഹായാവസ്ഥ കാണിച്ചുതന്ന് കുസൃതിച്ചിരിയുമായി മാറിനില്‍ക്കുകയാണ് സംവിധായകന്‍. നായകനായ ഗഡ്ഡംവാറിനെയും പരിഹസിക്കുന്നുണ്ട് സംവിധായകന്‍. കാളയെ പിടിക്കാന്‍ വന്ന ഗഡ്ഡംവാര്‍ വായിക്കുന്നത് നരഭോജികളായ കടുവകളെ വെടിവെച്ചുകൊന്ന പ്രസിദ്ധ വേട്ടക്കാരന്‍ ജിം കോര്‍ബറ്റിന്റെ പുസ്തകമാണ്. അവസാനഭാഗത്ത് ഗഡ്ഡംവാര്‍ ഗ്രാമത്തിന്റെ ബഹുമതി ഏറ്റുവാങ്ങുമ്പോള്‍ രംഗം കട്ടു ചെയ്യുന്നത് ബന്ധിതനായി തലകുനിച്ചു നില്‍ക്കുന്ന കാളക്കൂറ്റനിലേക്കാണ്. ഫോറസ്റ്റ് ഓഫീസറുടെ വീരകൃത്യത്തെ നിസ്സാരവത്കരിക്കുന്ന ദൈന്യമായ ഒരു നോട്ടമാണ് അപ്പോള്‍ കാളക്കൂറ്റനില്‍ നിന്നുണ്ടാകുന്നത്.

ഗ്രാമം വിട്ട് വിശാലലോകത്തേക്ക് ഒളിച്ചോടുന്ന പ്രണയികളായ ശിവയും സാംഗിയും, എന്തിനും പരിഹാരമായി പൂജാവിധി നിര്‍ദേശിച്ച് പണം പിടുങ്ങാന്‍ ശ്രമിക്കുന്ന പൂജാരി, ഗ്രാമമുഖ്യന്റെ പദവിയില്‍ കണ്ണുംനട്ടിരിക്കുന്ന ആബറനുഷ എന്ന യുവനേതാവ്, ഗ്രാമീണരുടെ എന്തു കാര്യത്തിനും രാപകല്‍ ഓടിനടക്കുന്ന ജീവന്‍ സുഖ്‌ദേവ് ചൗധരി എന്ന യുവാവ്, നാട്ടുകാര്‍ കൊല്ലാന്‍ നടക്കുമ്പോഴും കാളക്കൂറ്റന് ഭക്ഷണം നല്‍കുന്ന സ്ത്രീ, നാലുവയസ്സുള്ള മകളെ സിനിമാ നടിയാക്കണമെന്നുപറഞ്ഞ് ഭര്‍ത്താവിനോട് കലഹിക്കുന്ന യുവതി, കാളക്കൂറ്റനെ സംരക്ഷിക്കാന്‍ ശ്രമിക്കുന്ന മാനസികരോഗിയായ സ്ത്രീ എന്നിങ്ങനെ ഈ സിനിമയില്‍ പ്രത്യക്ഷപ്പെടുന്ന മനുഷ്യരൊക്കെ നമ്മുടെ ഇഷ്ടം പിടിച്ചെടുക്കുന്നു. ഗ്രാമജീവിതത്തിലെ വ്യത്യസ്തമുഖങ്ങളിലേക്കാണ് സംവിധായകന്‍ ക്യാമറ തിരിച്ചുവെച്ചിരിക്കുന്നത്. നിഷ്‌കളങ്കതയും സ്നേഹവും വാത്‌സല്യവും ആരാധനയും കാപട്യവുമെല്ലാം ആ മുഖങ്ങളില്‍ കാണാം.

ഏതു പ്രതിസന്ധികള്‍ക്കും ദാരിദ്ര്യത്തിനുമിടയിലും ഗ്രാമജീവിതം മാറ്റമില്ലാതെ തുടര്‍ന്നുപോകുന്നു എന്നു സൂചിപ്പിക്കുന്നതാണ് അവസാനരംഗം. ഗഡ്ഡംവാറും സഹോദരനും കയറിയ ജീപ്പ് പൊടിപറത്തി അകന്നുപോകുമ്പോള്‍ ക്യാമറ ഗ്രാമത്തിലേക്കുതന്നെ തിരിച്ചെത്തുന്നു. അവിടെ ഒരു പശുപ്രസവം നടക്കുകയാണ്. പശുവിനെ പരിചരിച്ചുകൊണ്ട് സ്ത്രീകള്‍ ചുറ്റും നില്‍ക്കുന്നു. ആശങ്ക പൊതിഞ്ഞ മുഖങ്ങളാണ് നമ്മള്‍ ആദ്യം കാണുന്നത്. പ്രസവം കഴിഞ്ഞതോടെ ആ മുഖങ്ങള്‍ തെളിയുന്നു. ലക്ഷണമൊത്ത ഒരു കാളക്കുട്ടി. അവരുടെ ആഹ്ലാദത്തിനതിരില്ല. കാളക്കുട്ടിയെ തൊട്ടുതലോടി തങ്ങളുടെ ജീവിതത്തിലേക്ക് ക്ഷണിക്കുകയാണാ സ്ത്രീകള്‍. കാളക്കൂറ്റന്റെ അടുത്ത തലമുറ വരികയാണ് എന്ന് സൂചിപ്പിച്ചുകൊണ്ട് കാളക്കുട്ടിയുടെ ക്ലോസപ്പില്‍ സംവിധായകന്‍ സിനിമ അവസാനിപ്പിക്കുകയാണ്.
പ്രശസ്ത നടനായ അതുല്‍ കുല്‍ക്കര്‍ണിയാണ് ഗഡ്ഡംവാറിന്റെ വേഷത്തിലെത്തുന്നത്. നേരിയ ചമ്മലോടെയുള്ള അതുലിന്റെ അഭിനയം കാണാന്‍ രസമുണ്ട്.


Tuesday, December 22, 2009

മരണവസ്ത്രം

ഹിറ്റ്‌ലറും നാസിഭീകരതയും ഭൂമുഖത്തുനിന്നു മറഞ്ഞിട്ട് ആറരപതിറ്റാണ്ടായി. രണ്ടാംലോക മഹായുദ്ധകാലത്ത് നാസികള്‍ 60 ലക്ഷം ജൂതന്മാരെ കൊന്നൊടുക്കി യിട്ടുണ്ടെന്നാണ് കണക്ക്. ഭീതിയുടെ ആ നാളുകള്‍ ഇന്നും സിനിമകളിലൂടെ പുനര്‍ജനിക്കുന്നു. ഷിന്‍ഡ്‌ലേഴ്‌സ് ലിസ്റ്റ്, ലൈഫ് ഈസ് ബ്യൂട്ടിഫുള്‍, ഓള്‍ഗ, ദ കൗണ്ടര്‍ഫീറ്റേഴ്‌സ് തുടങ്ങിയ സമീപകാല ചിത്രങ്ങളില്‍ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളുടെ ഭീകരത നമ്മള്‍ അനുഭവിച്ചറിഞ്ഞതാണ്. ആ ഗണത്തില്‍പ്പെട്ട ബ്രിട്ടീഷ് സിനിമയാണ് 'ദ ബോയ് ഇന്‍ ദ സ്‌ട്രൈപ്ഡ് പൈജാമാസ് ഐറിഷ് എഴുത്തുകാരന്‍ ജോണ്‍ ബോയ്ന്‍ എഴുതിയ നോവലാണ് 2008ല്‍ ഇറങ്ങിയ ഈ സിനിമയ്ക്കാധാരം. 'ദ ബോയ് ഇന്‍ ദ സ്‌ട്രൈപ്ഡ് െൈപജാമാസ്' എന്ന നോവല്‍ 2006ലെ ബെസ്റ്റ് സെല്ലറായിരുന്നു. 50 ലക്ഷം കോപ്പിയാണ് വിറ്റുപോയത്.

മാര്‍ക്ക് ഹെര്‍മന്‍ ആണ് ഈ സിനിമയുടെ സംവിധായകന്‍. 2008ലെ ഷിക്കാഗോ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട് ഈ ചിത്രം. മേളയില്‍ മാര്‍ക്ക് ഹെര്‍മനാണ് മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടത്. നാസികളുടെ തടങ്കല്‍പ്പാളയത്തില്‍ കഴിയുന്ന ജൂതബാലനും തടങ്കല്‍ പാളയത്തിന്റെ ചുമതലയുള്ള നാസി കമാന്‍ഡറുടെ മകനും തമ്മിലുണ്ടാകുന്ന അപൂര്‍വസൗഹൃദം അപ്രതീക്ഷിതമായ പതനത്തിലെത്തുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ബാല്യത്തിന്റെ നിഷ്‌കളങ്കതയും അധികാരത്തിന്റെയും സാമ്രാജ്യത്വത്തിന്റെയും വംശീയ മേല്‍ക്കോയ്മയുടെയും ക്രൂരതയും ഒരുപോലെ അടയാളപ്പെടുത്തുന്നു ഈ ചിത്രം.
രണ്ടാം ലോകമഹായുദ്ധകാലം. 1942ലെ ബര്‍ലിന്‍ നഗരത്തില്‍ നിന്നാണ് സിനിമയുടെ തുടക്കം. സ്‌ക്രീന്‍ നിറയെ ചുവപ്പ്. ക്രമേണ ഈ ചുവപ്പ് സ്വസ്തിക ചിഹ്നമുള്ള നാസിപതാകയുടെ രൂപം കൈക്കൊള്ളുന്നു. നാസിഭീകരതയുടെ സൂചനനല്കുന്നതാണ് ഈ തുടക്കം. എട്ടുവയസ്സുകാരന്‍ ബ്രൂണോയും കൂട്ടുകാരും സ്‌കൂള്‍വിട്ട് തെരുവിലൂടെ ഉല്ലാസപ്പറവകളായി വീട്ടിലേക്കോടുകയാണ്.
വീട്ടിലെത്തുമ്പോഴാണ് തന്റെ സ്വാതന്ത്ര്യം നഷ്ടപ്പെടുകയാണെന്ന വിവരം അവനറിയുന്നത്. ഒരു ദാക്ഷീണ്യവുമില്ലാത്ത നാസി ഓഫീസറാണ് ബ്രൂണോയുടെ പിതാവ് റാള്‍ഫ്. അയാള്‍ക്ക് പ്രെമോഷന്‍ കിട്ടിയിരിക്കുന്നു. അതിന്റെ ആഘോഷം നടക്കുകയാണ് വീട്ടില്‍. പ്രൊമോഷനോടെ റാള്‍ഫിന് സ്ഥലംമാറ്റവുമുണ്ട്. ഉള്‍പ്രദേശത്തെ നാസികോണ്‍സന്‍ട്രേഷന്‍ ക്യാമ്പിന്റെ ചുമതലയാണയാള്‍ക്ക് ലഭിക്കുന്നത്. തന്റെ വിദ്യാലയത്തെയും കൂട്ടുകാരെയും വിട്ടുപോകുന്നതില്‍ ബ്രൂണോ സങ്കടപ്പെടുന്നു.

പുതിയ സ്ഥലവുമായി ബ്രൂണോവിനു പൊരുത്തപ്പെടാനാവുന്നില്ല. ഒറ്റപ്പെട്ടജീവിതം. പന്ത്രണ്ടുകാരിയായ സഹോദരി ഗ്രെറ്റലും അമ്മ എല്‍സയും ഒരു സുരക്ഷാഭടനും മറിയ എന്ന വേലക്കാരിയും വൃദ്ധനായ ഒരുജൂതവേലക്കാരനും ആണ് വീട്ടിലുള്ളത്. ബ്രൂണോവിനും ഗ്രെറ്റലിനും സ്‌കൂളില്‍ പോകേണ്ട. ട്യൂഷന്‍ മാസ്റ്റര്‍ വീട്ടില്‍വരും.
തന്റെ മുറിയുടെ ജനലിലൂടെ പുറത്തേക്കു നോക്കുമ്പോള്‍ ബ്രൂണോ ആ കാഴ്ച കണ്ടു. ദൂരെ, പാടത്ത് കര്‍ഷകര്‍ പണിയെടുക്കുന്നു. അവരെല്ലാം ഇട്ടിരിക്കുന്നത് വരകളുള്ള അയഞ്ഞ പൈജാമയാണ്. മുഷിപ്പില്‍ നിന്ന് രക്ഷപ്പെടാന്‍ ഒരുദിവസം ബ്രൂണോ പുറത്തുചാടുന്നു. എത്തിപ്പെടുന്നത് കോണ്‍സന്‍ട്രേഷന്‍ ക്യാമ്പിനുമുന്നില്‍. പാടമെന്ന് അവന്‍ തെറ്റിദ്ധരിച്ച ഇടം. കമ്പിവേലിക്കകത്താണ് ക്യാമ്പ്. ഷ്മൂള്‍ എന്ന എട്ടുവയസ്സുകാരന്‍ ജൂതപ്പയ്യനെ ബ്രൂണോ പരിചയപ്പെടുന്നു. ഷ്മൂളിന്റെ പിതാവും ആ ക്യാമ്പിലുണ്ട്. എന്തിനാണ് തങ്ങളെ ഇങ്ങോട്ടുകൊണ്ടുവന്നതെന്ന് ഷ്മൂളിനറിയില്ല. കമ്പിവേലിക്കപ്പുറവും ഇപ്പുറവുമായി രണ്ടുബാലന്മാരും തമ്മിലുള്ള സൗഹൃദം ആരുമറിയാതെ വളരുന്നു.പെട്ടെന്നൊരുദിവസം ബ്രൂണോയുടെ കുടുംബം ബെര്‍നിലേക്ക് മടങ്ങിപ്പോകാന്‍ തീരുമാനിക്കുന്നു. ജൂതരെ ഗ്യാസ് ചേംബറിലിട്ട് കൊന്നൊടുക്കുന്ന ക്യാമ്പിന്റെ ചുമതലയാണ് തന്റെ ഭര്‍ത്താവിനെന്ന് മനസ്സിലാക്കിയ എല്‍സയാണ് കുട്ടികളെയും കൂട്ടി ബെര്‍ലിനിലേക്ക് മടങ്ങാന്‍ വാശിപിടിച്ചത്.

ബെര്‍ലിനിലേക്ക് മടങ്ങുന്നദിവസം. ബ്രൂണോ മണ്‍വെട്ടിയുമായാണ് സുഹൃത്തിനടുത്തെത്തുന്നത്. ഷ്മൂളിന്റെ പിതാവിനെ കണ്ടെത്താന്‍ താനും സഹായിക്കാമെന്ന് അവന്‍ വാക്കുകൊടുത്തിരുന്നു. ഒരു കുഴിയുണ്ടാക്കി അതിലൂടെ നൂണ്ട് ബ്രൂണോ ക്യാമ്പിനകത്ത് കടക്കുന്നു. ഷ്മൂള്‍ നല്‍കിയ വരകളുള്ള പൈജാമയിലാണ് അവനിപ്പോള്‍. ഇരുവരും ക്യാമ്പിലെ തടവുകാര്‍ക്കിടയില്‍ ഷ്മൂളിന്റെ പിതാവിനെ തിരയുകയാണ്. പെട്ടെന്നാണ് നാസി സൈനികരുടെ വരവ്. അവര്‍ ഒരു പറ്റം തടവുകാരെ ഗ്യാസ് ചേംബറിലേക്ക് ആട്ടിത്തെളിക്കുകയാണ്. ബ്രൂണോയും ഷ്മൂളും ആ ബഹളത്തില്‍ പെട്ടുപോകുന്നു. രണ്ടുപേര്‍ക്കും ഒന്നും മനസ്സിലാകുന്നില്ല. വസ്ത്രമഴിപ്പിച്ച് എല്ലാവരെയും ഗ്യാസ് ചേംബറിലിട്ട് അടയ്ക്കുന്നു. പരസ്പരം കൈകോര്‍ത്ത് ആ കൊച്ചുകൂട്ടുകാര്‍ മറ്റു തടവുകാര്‍ക്കിടയില്‍ ഞെരുങ്ങിനില്‍ക്കുന്നു. മരണവാതകത്തിന്റെ നാവ് ഒരു ദ്വാരത്തിലൂടെ ഇഴഞ്ഞുവരികയാണ്. സ്‌ക്രീനില്‍ ഇരുട്ട്. ഗ്യാസ് ചേംബറിനു പുറത്താണിപ്പോള്‍ ക്യാമറ. അത് സാവകാശം പിറകോട്ട് നീങ്ങുകയാണ്. തടവുകാര്‍ അഴിച്ചിട്ട വസ്ത്രങ്ങള്‍ നമുക്ക് കാണിച്ചുതരുന്നു. നിരപരാധികളായ പുതിയ ഇരകള്‍ക്കായി ആ മരണവസ്ത്രങ്ങള്‍ കാത്തുകിടക്കുകയാണ്. പതുക്കെപ്പതുക്കെ ക്യാമറ കണ്ണടയ്ക്കുന്നു.ഒന്നരമണിക്കൂര്‍ നീണ്ട സിനിമയുടെ അവസാനഭാഗം വല്ലാത്ത ആഘാതമാണ് നമ്മളിലുണ്ടാക്കുക. ബ്രൂണോ - ഷ്മൂള്‍ സൗഹൃദത്തെ ഒട്ടും അസ്വാഭാവികതയില്ലാതെയാണ് സംവിധായകന്‍ വളര്‍ത്തിയെടുക്കുന്നത്. ഒടുവില്‍ ആ കുട്ടികള്‍ ഗ്യാസ് ചേംബറിലെത്തുമ്പോള്‍ നമ്മള്‍ ഞെട്ടിപ്പോകും. കുട്ടികള്‍ ഒന്നും മനസ്സിലാകാതെ അന്തംവിട്ടുനില്‍ക്കുമ്പോള്‍ എല്ലാം അറിയുന്നതിന്റെ വേദനയാണ് നമ്മളനുഭവിക്കുന്നത്.

ബ്രൂണോയുടെ കണ്ണിലൂടെയാണ് ഈ സിനിമയുടെ കാഴ്ച വികസിക്കുന്നത്. ആദ്യം അവന്‍ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പ് കാണുന്നു. അവിടത്തെ തടവുകാരെ കാണുന്നു. പിന്നെ ആകാശത്തേക്ക് വാ പിളര്‍ന്നു നില്‍ക്കുന്ന രണ്ട് കൂറ്റന്‍ പുകക്കുഴല്‍ കാണുന്നു. മനുഷ്യരെ കൂട്ടത്തോടെ കത്തിക്കുന്നതിന്റെ ദുര്‍ഗന്ധം അവന്‍ പിടിച്ചെടുക്കുന്നു. ഈ കാഴ്ചകളെയും ഗന്ധത്തെയും പരസ്പരം ബന്ധിപ്പിക്കാന്‍ അവനു കഴിയുന്നില്ല. ഓരോഘട്ടത്തിലും അവന്‍ സംശയങ്ങള്‍ ഉന്നയിക്കുന്നുണ്ട്. പക്ഷേ, ഉത്തരം കിട്ടുന്നില്ല.

ക്രൂരതയുടെ ദൃശ്യങ്ങളൊന്നും കാണിക്കാതെ ബ്രൂണോയുടെ സംശയങ്ങളിലൂടെ മരണത്തടവറയുടെ സാന്നിധ്യം ബോധ്യപ്പെടുത്തുന്നു സംവിധായകന്‍. അവസാനരംഗത്ത് ബ്രൂണോയോടും ഷ്മൂളിനോടുമൊപ്പമാണ് ക്യാമ്പിന്റെ അകം നമുക്കു കാട്ടിത്തരുന്നത്. ആ കാഴ്ചയാവട്ടെ മറക്കാനാവാത്ത അനുഭവമായി മാറുന്നു.

Saturday, December 5, 2009

ധാര്‍മികതയുടെ ഭാരം

ഒസര്‍ കിസില്‍ത്താന്‍ എന്ന തുര്‍ക്കി സംവിധായകന്റെ ആദ്യ ഫീച്ചര്‍ സിനിമയാണ് 'തഖ്‌വ' .ഉത്തമനായ ഒരു മതഭക്തന്റെ ധര്‍മസങ്കടങ്ങളാണ് 'തഖ്‌വ'യുടെ വിഷയം. നല്ലവനായി ജീവിക്കാനാഗ്രഹിച്ച ഒരു മനുഷ്യനെ പദവിയും പണവും ലൈംഗികചിന്തയും എങ്ങനെ വിനാശത്തിലേക്ക് തള്ളിവിടുന്നു എന്നാണ് സംവിധായകന്‍ രേഖപ്പെടുത്തുന്നത്.

വിവാദമുയര്‍ത്താവുന്ന ഇതിവൃത്തമാണ് താന്‍ കൈകാര്യം ചെയ്യുന്നതെന്ന് ഒസറിന് ബോധ്യമുണ്ടായിരുന്നു. അഞ്ചുവര്‍ഷമെടുത്തു ഈ സിനിമ രൂപപ്പെടാന്‍. ഇരുപത് തവണ തിരക്കഥ മാറ്റിയെഴുതി. 2006 ല്‍ ഇറങ്ങിയ 'തഖ്‌വ' അക്കൊല്ലവും 2007 ലും ഒട്ടേറെ അന്താരാഷ്ട്ര മേളകളില്‍ പ്രദര്‍ശിപ്പിച്ചു. ബര്‍ലിന്‍, ജനീവ, ടൊറാന്‍േറാ, ഇസ്താംബുള്‍ തുടങ്ങിയ മേളകളില്‍ നിന്നെല്ലാം അവാര്‍ഡുകള്‍ നേടി. 2007-ല്‍ മികച്ച വിദേശസിനിമയ്ക്കുള്ള ഓസ്‌കര്‍ അവാര്‍ഡിന് മത്സരിക്കാന്‍ തുര്‍ക്കി അയച്ച ചിത്രമാണ് 'തഖ്‌വ'.
ആത്മീയമായ അന്തരീക്ഷം നിറഞ്ഞുനില്‍ക്കുന്ന സിനിമയാണിത്. അലി എന്ന ചാക്കുകച്ചവടക്കാരന്റെ വിശ്വസ്തജീവനക്കാരന്‍ മുഹറമാണ് കഥാനായകന്‍. മധ്യവയസ്‌കനായ മുഹറം ഏറെക്കാലമായി അലിയോടൊപ്പം ചേര്‍ന്നിട്ട്. ദയാലുവാണ് മുഹറം. ദൈവഭയമുള്ളവനാണ്. അനാഥനായ മുഹറം ലളിത ജീവിതമാണ് നയിക്കുന്നത്. വിവാഹം വേണ്ടെന്ന് വെച്ചിരിക്കയാണയാള്‍.

മുഹറമിന്റെ ജീവിതം നിരീക്ഷിച്ചിട്ടുള്ളയാളാണ് ശൈഖ് എന്ന കഥാപാത്രം. ദരിദ്രനെങ്കിലും സംശുദ്ധമനസ്സിനുടമയാണ് മുഹറമെന്ന് അദ്ദേഹത്തിനറിയാം. ഇസ്താംബുളിലെ സമ്പന്നവും ശക്തവുമായ ഒരു മതവിഭാഗത്തിന്റെ തലവനാണ് ശൈഖ്. അനാഥര്‍ക്ക് വിദ്യാഭ്യാസവും സംരക്ഷണവും നല്‍കുന്ന ഈ മതവിഭാഗത്തിന് 34 ഫഌറ്റുകളും 35 ഷോപ്പുകളും സ്വന്തമായുണ്ട്. ഇതില്‍ നിന്നുള്ള വരുമാനം കൊണ്ടാണ് അനാഥസംരക്ഷണം നടന്നുപോകുന്നത്. ഫഌറ്റുകളുടെയും ഷോപ്പുകളുടെയും വാടക പിരിക്കാനുള്ള ജോലി ഏല്പിക്കാന്‍ ശൈഖ് കണ്ടെത്തുന്നത് മുഹറമിനെയാണ്. താനിതിന് യോഗ്യനല്ലെന്ന മുഹറമിന്റെ വാദമൊന്നും വിലപ്പോയില്ല. എല്ലാവരും കൊതിക്കുന്ന ഒരു സ്ഥാനത്ത് എത്തിപ്പെട്ടതിന്റെ അഭിമാനമല്ല, അര്‍ഹതയില്ലാത്തത് ചുമലിലേറ്റിയ സങ്കടഭാവമാണയാള്‍ക്ക്.

മുഹറം ജോലി തുടങ്ങുന്നു. അതോടെ അയാളുടെ ജീവിതത്തില്‍ തിരക്കേറി. സമയം പാഴാക്കാനുള്ളതല്ല എന്ന ഓര്‍മപ്പെടുത്തലോടെ ശൈഖ് അയാള്‍ക്ക് മൊബൈല്‍ ഫോണും കാറും നല്‍കുന്നു. മുഹറമിന്റെ ജീവിതരീതിയില്‍ മാറ്റം വന്നുതുടങ്ങി. ചാക്കു കച്ചവടക്കാരന്റെ ഇടുങ്ങിയ ഗുദാമില്‍ നിന്ന് മുഹറം നഗരവെളിച്ചത്തിലേക്കിറങ്ങുന്നു. സമുദായത്തില്‍ അയാള്‍ക്ക് ബഹുമാന്യത കൈവരുന്നു. അയാളുടെ വേഷത്തിലും മാറ്റമുണ്ടായി. മുഹറമിനെ അന്വേഷിച്ച് ഫോണുകള്‍ വരുമ്പോള്‍ അലി ക്ഷുഭിതനാവുന്നു. ''ഞാനിപ്പോള്‍ ആ വിഡ്ഢിയുടെ സെക്രട്ടറിയാണ്'' എന്നയാള്‍ പിറുപിറുക്കുന്നു.
വാടക പിരിക്കുന്നതില്‍ വിട്ടുവീഴ്ച പാടില്ലെന്ന നിര്‍ദേശത്തോട് മുഹറം യോജിക്കുന്നില്ല. താമസക്കാരുടെ പ്രയാസങ്ങള്‍ കേള്‍ക്കുമ്പോള്‍ അയാളുടെ മനസ്സലിയും. വാടകയ്ക്ക് അവധി കൊടുത്ത് തിരിച്ചുപോരും. നാണയപ്പെരുപ്പത്തിന്റെ പേരുപറഞ്ഞ് വാടക കൂട്ടുന്നതിനോടും അയാള്‍ക്ക് യോജിക്കാനാവുന്നില്ല. ''വാടക വാങ്ങുന്നില്ലെങ്കില്‍ വേണ്ട. പക്ഷേ, പണമില്ലാത്തതിന്റെ പേരില്‍ ഒരനാഥനെ സ്‌കൂളില്‍ നിന്നൊഴിവാക്കേണ്ടി വന്നാല്‍ അത് പാപമല്ലേ'' എന്ന ശൈഖിന്റെ ചോദ്യത്തിന് മുന്നില്‍ മുഹറമിന് ഉത്തരമില്ലാതായി. പാവങ്ങളോടുള്ള സഹാനുഭൂതിക്ക് ഇങ്ങനെയൊരു മറുവശമുണ്ടെന്ന ചിന്ത അയാളെ അലട്ടാന്‍ തുടങ്ങി. നേരത്തെ, വല്ലപ്പോഴും കടന്നുവന്നിരുന്ന ലൈംഗിക ചിന്ത അയാളെ നിരന്തരം ആക്രമിക്കുന്നു. ക്രമേണ, പണത്തിലും അയാള്‍ക്ക് താത്പര്യം വന്നുതുടങ്ങി. ചാക്കു കച്ചവടത്തില്‍ കൃത്രിമംകാട്ടി മുഹറം പണം തട്ടുന്നു. അതോടെ, അയാളുടെ നിയന്ത്രണം വിട്ടുപോകുന്നു. തെറ്റുകള്‍ ഏറ്റുപറയാന്‍ അയാളാഗ്രഹിച്ചു. പക്ഷേ, ശൈഖിനെ കാണാനായില്ല. 40 ദിവസത്തെ ഏകാന്തവാസത്തിലായിരുന്നു ശൈഖ്. ശൈഖിന്റെ അസാന്നിധ്യം മുഹറമിനെ അസ്വസ്ഥനാക്കുന്നു. ധാര്‍മികചിന്ത തന്റെ ജീവിതത്തിന് ഭാരമാകുന്നതായി അയാള്‍ക്ക് തോന്നുന്നു. മനഃസാക്ഷിയുടെ ഞെരുക്കം താങ്ങാനാവാതെ അയാള്‍ ഉന്മാദാവസ്ഥയിലെത്തുകയാണ്.
ധാര്‍മികതയും സംശുദ്ധിയും ജീവിതത്തിലുടനീളം പുലര്‍ത്താനാഗ്രഹിക്കുന്ന, ദൈവഭയമുള്ള ഒരു സാധാരണക്കാരന്റെ സന്ദേഹങ്ങളാണ് മുഹറം എന്ന കഥാപാത്രത്തിലൂടെ പുറത്തുവരുന്നത്. ആത്മശുദ്ധീകരണത്തിനുള്ള വഴിയടഞ്ഞുപോകുമ്പോള്‍ അയാള്‍ തകര്‍ന്നുപോകുന്നു.
നന്മയുടെ പക്ഷത്താണ് ശൈഖിന്റെയും മുഹറമിന്റെയും നില്പ്. തന്റെ നിലപാടുകള്‍ വേണ്ടപോലെ വെളിപ്പെടുത്താന്‍ മുഹറം അശക്തനാണ്. എങ്കിലും ശൈഖിന്റെ വ്യാഖ്യാനങ്ങളിലെവിടെയോ പൊരുത്തക്കേടുകളുണ്ടെന്ന് അയാള്‍ക്ക് തോന്നുന്നു. അതൊരു പക്ഷേ, തന്നെ പരീക്ഷിക്കാനാവും എന്നും മുഹറമിന് തോന്നുന്നു. പദവിയും പണവും കൈവരുമ്പോള്‍ വഴിതെറ്റിപ്പോകാനുള്ള സാധ്യത ശൈഖ് മുന്‍കൂട്ടിക്കാണുന്നുണ്ട്. അതുകൊണ്ടാണ് തന്റെ മകളെ മുഹറമിന് വിവാഹം ചെയ്തുകൊടുക്കാന്‍ അദ്ദേഹം തയ്യാറാകുന്നത്. ദൈവത്തിന് മുന്നില്‍ സമര്‍പ്പിക്കാനുള്ളതാണ് തന്റെ ജീവിതമെന്നും വിവാഹബന്ധം അടഞ്ഞ അധ്യായമാണെന്നും പറഞ്ഞ് മുഹറം ഈ വാഗ്ദാനം നിരസിക്കുകയാണ്.

90 മിനിറ്റുള്ള സിനിമ തുടങ്ങുന്നത് മുഹറമിന്റെ പ്രഭാതകൃത്യങ്ങള്‍ കാണിച്ചുകൊണ്ടാണ്. ആദ്യത്തെ 15 മിനിറ്റിനുള്ളില്‍ ആ കഥാപാത്രത്തിന്റെ സ്വഭാവം പൂര്‍ണമായും നമ്മുടെ മനസ്സിലേക്കെത്തിക്കുന്നു സംവിധായകന്‍. തന്നെ കാത്തിരിക്കുന്ന പുതുദൗത്യത്തിന് മുഹറം ഏറ്റവും അനുയോജ്യന്‍ തന്നെ എന്ന് അടിവരയിടുകയാണ് ഈ ദൃശ്യഖണ്ഡങ്ങളില്‍. അയാളുടെ തകര്‍ച്ചയുടെ രേഖാചിത്രമാണ് അവസാനരംഗത്ത് കാണുന്നത്. രോഗിയായ മുഹറം അവശനായി കിടക്കുകയാണ്. ശൈഖിന്റെ മകള്‍ വന്ന് അയാള്‍ക്ക് ഗുളിക നല്‍കുന്നു. തിരിച്ചുപോകുമ്പോള്‍ മുറിയിലെ മെഴുകുതിരികള്‍ ഊതിക്കെടുത്തുന്നു. ഇരുട്ടില്‍, നിശ്ചലനായി കണ്ണുതുറന്നുകിടക്കുന്ന മുഹറമില്‍ നിന്ന് ക്യാമറ പതുക്കെ പിന്‍മാറുകയാണ്.
എര്‍ക്കാന്‍ കാന്‍ എന്ന നടനാണ് മുഹറമായി വേഷമിടുന്നത്. തുടക്കത്തില്‍, ഒരു നിസ്സാരനെപ്പോലെ കടന്നുവരുന്ന മുഹറമിന്റെ രൂപഭാവമാറ്റങ്ങള്‍ അനായാസമായി അവതരിപ്പിക്കുന്നുണ്ട് ഈ നടന്‍.

Wednesday, November 11, 2009

തോറ്റവരുടെ പോരാട്ടം

1937-45 കാലത്തെ ജപ്പാന്‍-ചൈന യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ തയ്‌വാന്‍ വംശജനായ ആങ്‌ലീ സംവിധാനംചെയ്ത ചൈനീസ് ചിത്രമാണ് 'ലസ്റ്റ്,കോഷന്‍' . ചൈനയുടെ ഭാഗത്ത് സൈനികരടക്കം മൂന്നരക്കോടി ആളുകളാണ് ഈ യുദ്ധത്തില്‍ മരിച്ചത്. ഒമ്പതരക്കോടി ആളുകള്‍അഭയാര്‍ഥികളായി. തങ്ങള്‍ കീഴടക്കിയ പ്രദേശങ്ങളില്‍ ജപ്പാന്‍ അന്ന് പാവസര്‍ക്കാറിനെ പ്രതിഷ്ഠിച്ചിരുന്നു. ഈ സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന ചൈനക്കാരനായ ഒരു സ്‌പെഷല്‍ ഏജന്റിനെ കൊല്ലാന്‍ ഏതാനും യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികള്‍ നടത്തുന്ന സാഹസിക ശ്രമങ്ങളാണ് 'ലസ്റ്റ്, കോഷന്‍' എന്ന ചിത്രം. ഏജന്റിനെ വളച്ചെടുക്കാന്‍ നിയോഗിക്കപ്പെട്ട വിദ്യാര്‍ഥിനിക്ക് ഒടുവില്‍ അയാളോട് തോന്നുന്ന സ്നേഹവും കടപ്പാടും വിദ്യാര്‍ഥി സംഘത്തെ മരണത്തിലേക്കെത്തിക്കുന്നതാണ് ഇതിന്റെ ഇതിവൃത്തം.
2005ല്‍ 'ബ്രോക്ക് ബാക്ക് മൗണ്ടന്‍' എന്ന ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള ഓസ്‌കര്‍ നേടിയിട്ടുണ്ട് ആങ്‌ലീ. 2007 ല്‍ വെനീസ് ഫിലിം ഫെസ്റ്റിവലില്‍ മികച്ച ചിത്രത്തിനുള്ള 'ഗോള്‍ഡന്‍ ലയണ്‍' പുരസ്‌കാരം നേടിയ ചിത്രമാണ് 'ലസ്റ്റ്, കോഷന്‍'.

രാജ്യസ്നേഹത്തിന്റെ പുകഴ്‌പെറ്റ കഥകള്‍ക്കൊക്കെ ഒരു ഇരുണ്ടവശമുണ്ടെന്ന് സംവിധായകന്‍ വിശ്വസിക്കുന്നു. യുദ്ധത്തിന്റെ തിളക്കത്തെക്കുറിച്ചേ ചരിത്രകാരന്മാര്‍ സംസാരിക്കൂ. തോറ്റവര്‍ നടത്തുന്ന പോരാട്ടങ്ങളെക്കുറിച്ച് ചരിത്രം പലപ്പോഴും മൗനം പാലിക്കുന്നു. ഇവിടെ, വിപ്ലവകാരികളായ ഏതാനും ചെറുപ്പക്കാരുടെ തോല്‍വിയുടെ കഥയാണ് സംവിധായകന്‍ പറയുന്നത്. ആ തോല്‍വിയിലേക്ക് നയിച്ച സ്ത്രീ മനസ്സിന്റെ അജ്ഞാതഭാവങ്ങളിലേക്കാണ് പ്രേക്ഷകനെ കൊണ്ടുപോകുന്നത്.

1938 മുതല്‍ 42 വരെയുള്ള കാലത്ത് ചൈനയിലെ ഹോങ്കോങ്ങിലും ഷാങ്ഹായിലുമായാണ് കഥ നടക്കുന്നത്. തങ്ങളുടെ രാജ്യത്തെ കടന്നാക്രമിച്ച ജപ്പാന്‍സേനയോടുള്ള വെറുപ്പാണ് ലിങ്‌നാന്‍ യൂണിവേഴ്‌സിറ്റിയിലെ ആറ് വിദ്യാര്‍ഥികളെ വിപ്ലവപാതയിലേക്ക് നയിക്കുന്നത്. രണ്ട് പെണ്‍കുട്ടികള്‍ അടങ്ങുന്ന സംഘത്തിന്റെ തലവന്‍ നാടകസംവിധായകന്‍ കൂടിയായ കാങ്‌യു മിന്‍ ആണ്. സൈനികര്‍ രാജ്യത്തിനുവേണ്ടി പൊരുതുമ്പോള്‍ ഹോങ്‌കോങ്ങുകാര്‍ അലസജീവിതം തുടരുന്നതില്‍ അസ്വസ്ഥരായിരുന്നു ഈ വിദ്യാര്‍ഥിസംഘം. ഹോങ്‌കോങ്ങുകാരെ ഉണര്‍ത്താന്‍ അവര്‍ നാടകം അവതരിപ്പിക്കുന്നു. നാടകത്തോടുള്ള ജനങ്ങളുടെ പ്രതികരണം അവരെ ആവേശംകൊള്ളിച്ചു. ഇനി നാടകമല്ല, ആക്ഷനാണ് വേണ്ടതെന്ന് അവര്‍ തീരുമാനിക്കുന്നു. പാവ സര്‍ക്കാറിന്റെ റിക്രൂട്ടിങ് ഏജന്റായ യീ എന്നയാളെ വകവരുത്താന്‍ വിദ്യാര്‍ഥികള്‍ പദ്ധതിയിടുന്നു. സംഘത്തിലെ സുന്ദരിയായ വോങ്ചിയാചിയെ അവര്‍ ചാരവനിതയാക്കുന്നു. വന്‍ വ്യാപാരിയുടെ ഭാര്യയായി വേഷംകെട്ടുന്ന വോങ് ആദ്യം ചങ്ങാത്തം കൂടുന്നത് യീയുടെ ഭാര്യയുമായാണ്. ക്രമേണ വോങ് റിക്രൂട്ടിങ് ഏജന്റിന്റെ ഹൃദയത്തില്‍ കയറിപ്പറ്റുന്നു. അയാളെ വീഴ്ത്താനുള്ള ശ്രമങ്ങളാണ് പിന്നീട്. വിദ്യാര്‍ഥി സംഘത്തിലെ ഒരാളില്‍നിന്ന് അവള്‍ കാമകലയുടെ പാഠങ്ങള്‍ അഭ്യസിക്കുന്നു. ഏറെ ശ്രദ്ധിച്ചിട്ടും ആദ്യത്തെ വധശ്രമം പാളി. അതോടെ വിദ്യാര്‍ഥിസംഘം പലഭാഗത്തേക്കും ചിതറിപ്പോയി. മൂന്നുവര്‍ഷത്തിനുശേഷം ഷാങ്ഹായ് നഗരത്തില്‍ അവര്‍ വീണ്ടും കണ്ടുമുട്ടുന്നു. യുദ്ധം രൂക്ഷമായിരിക്കുന്നു. ജനജീവിതം നരകതുല്യമാണ്. വിദ്യാഭ്യാസം ഉപേക്ഷിക്കേണ്ടിവന്നെങ്കിലും സംഘാംഗങ്ങള്‍ എല്ലാം വിപ്ലവപാതയില്‍തന്നെയാണ്. ഒരു ശ്രമംകൂടി നടത്താന്‍ അവര്‍ തീരുമാനിക്കുന്നു. യീ അപ്പോഴേക്കും രഹസ്യപ്പോലീസിന്റെ തലവനായി മാറിക്കഴിഞ്ഞിരുന്നു. വോങ് ചിയാചി വീണ്ടും ചാരവനിതയുടെ വേഷമണിയുന്നു. യീയുമായി വീണ്ടുമടുക്കുന്ന വോങ് അയാളുടെ വെപ്പാട്ടിയായി സ്വയം സമര്‍പ്പിക്കുന്നു. യീയുടെ ഓരോ നീക്കവും അവള്‍ സംഘത്തലവനെ അറിയിച്ചുകൊണ്ടിരുന്നു.

ഇരുട്ടിനെ ഭയപ്പെടുന്നവനാണ് യീ. അയാള്‍ക്ക് ആരെയും വിശ്വാസമില്ല. പക്ഷേ, വോങ്ങിനെ അയാള്‍ വിശ്വസിച്ചു, സ്നേഹിച്ചു. തന്റെ ശരീരം കീഴടക്കിയ യീ പതുക്കെപ്പതുക്കെ ഒരു പാമ്പിനെപ്പോലെ ഹൃദയത്തിലേക്ക് നുഴഞ്ഞുകയറുകയാണെന്ന് അവള്‍ക്ക് മനസ്സിലാകുന്നു. വിശ്വാസത്തോടുള്ള പ്രതിബദ്ധതയും യീയോട് തോന്നുന്ന അടുപ്പവും അവളെ ആശയക്കുഴപ്പത്തിലാക്കി. അയാളെ കൊല്ലാനുള്ള എല്ലാ കെണികളും ഒരുക്കിക്കൊടുക്കുന്ന അവള്‍ ആക്ഷന്റെ നിര്‍ണായക മുഹൂര്‍ത്തത്തില്‍ ചഞ്ചലചിത്തയാവുന്നു. അയാളെ രക്ഷപ്പെടാന്‍ അനുവദിക്കുന്നു അവള്‍. വോങ്ങടക്കം ആറ് വിദ്യാര്‍ഥികളുടെ മരണവാറന്റില്‍ ഒപ്പിടുന്ന യീയെയാണ് നമ്മള്‍ അവസാനം കാണുന്നത്.

സാധാരണക്കാരിയായ ഒരു പെണ്‍കുട്ടിക്ക് ഏറ്റെടുക്കേണ്ടിവന്ന അസാധാരണ ദൗത്യത്തെക്കുറിച്ച് പ്രതിപാദിക്കുന്ന സംവിധായകന്‍ സഹാനുഭൂതിയോടെയാണ് തന്റെ നായികയെ അവതരിപ്പിക്കുന്നത്. വിപ്ലവത്തിനും സഹനത്തിനും പാകപ്പെടാത്ത ഒരു യുവമനസ്സിന്റെ പതനമായേ അദ്ദേഹം അവളുടെ ചാഞ്ചാട്ടത്തെ കാണുന്നുള്ളൂ. ഇണയെ പീഡിപ്പിച്ച് രസിക്കുന്ന സാഡിസ്റ്റാണ് കഥാനായകനായ യീ. എന്നിട്ടും വോങ്ചിയാ ചി അയാളെ ഇഷ്ടപ്പെട്ടുപോകുന്നു.

ചാരവനിതയ്ക്കുവേണ്ട കഠിനശിക്ഷണത്തിലൂടെ കടന്നുവന്നവളല്ല വോങ്. യാദൃച്ഛികമായി ആ വേഷം അവള്‍ക്ക് കെട്ടേണ്ടിവന്നതാണ്.
രണ്ടരമണിക്കൂര്‍ നീണ്ട ഈ സിനിമ നല്ലൊരു ത്രില്ലറാണ്. ഇതിലെ കടുത്ത രതിരംഗങ്ങളുടെ പേരില്‍ ആങ്‌ലീയെ വിമര്‍ശിക്കുന്നവരുണ്ട്. ഇതിവൃത്തം ആവശ്യപ്പെടുന്ന 'കടുപ്പ'മേ താന്‍ കാണിച്ചിട്ടുള്ളൂവെന്നാണ് അദ്ദേഹത്തിന്റെ വാദം.

ഹിന്ദി നടന്‍ അനുപംഖേര്‍ ഈ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. ഷാങ്ഹായിയിലെ രത്‌നവ്യാപാരിയായിട്ടാണ് അദ്ദേഹം പ്രത്യക്ഷപ്പെടുന്നത്.


Friday, October 23, 2009

കലാപശേഷം

നിരപരാധികളുടെ ചോരയും കണ്ണീരും വീണ രണ്ട് കലാപങ്ങള്‍. ഒന്ന്, 1984 ല്‍ ഡല്‍ഹിയില്‍. മറ്റൊന്ന്, 2002 ല്‍ ഗുജറാത്തിലെ അഹമ്മദാബാദില്‍. ഈ മനുഷ്യക്കുരുതികളെ മറവിയുടെ കരിമ്പടമിട്ട് മൂടാനാണ് മിക്ക ചലച്ചിത്രകാരന്മാരും ശ്രമിച്ചത്. പേടിസ്വപ്‌നങ്ങളെ എന്തിനു വീണ്ടും വീണ്ടും ഓര്‍ത്തെടുക്കണം എന്നതാണ് അവരുടെ നിലപാട്. സന്ദേഹികളുടെ ഈ നിഷ്‌ക്രിയത്വത്തെ, നിസ്സംഗതയെയാണ് അമേരിക്ക കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന രണ്ട് ചലച്ചിത്രകാരന്മാര്‍ ചോദ്യം ചെയ്യുന്നത്. ചരിത്രത്തിലെ ഒരുനീതികേടും മറക്കാനുള്ളതല്ലെന്ന് ഇവര്‍ വിശ്വസിക്കുന്നു. അമു, പര്‍സാനിയ എന്നീ ഇംഗ്ലീഷ് സിനിമകള്‍ ഈ വിശ്വാസത്തെ അരക്കിട്ടുറപ്പിക്കുന്നു.
കലാപങ്ങളുടെ കാരണമോ അതിന്റെ ന്യായാന്യായങ്ങളോ ഒന്നും ഈ സിനിമകളില്‍ വിശകലനം ചെയ്യുന്നില്ല. എല്ലാറ്റിനും ഇരയായിത്തീരുന്ന നിസ്സഹായരെക്കുറിച്ചാണ് 'അമു'വും 'പര്‍സാനിയ'യും വേവലാതിപ്പെടുന്നത്. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അവര്‍ക്കു നീതി കിട്ടാതെപോയതിനെക്കുറിച്ചാണ് രോഷം കൊള്ളുന്നത്. മതാന്ധരുടെയും ഭരണവര്‍ഗത്തിന്റെയും രാഷ്ട്രീയക്കാരുടെയും പോലീസിന്റെയും തനിനിറം തുറന്നുകാട്ടുന്നുണ്ട് രണ്ട് സിനിമകളും. കലാപം ബാക്കിവെക്കുന്ന തീരാമുറിവുകളാണ് ഈ സിനിമകളുടെ ഇതിവൃത്തം.
ഷൊണാലി ബോസ് എന്ന വനിത സംവിധാനം ചെയ്ത 'അമു' 2005 ലെ ബര്‍ലിന്‍, ടൊറോന്‍േറാ ഫിലിം ഫെസ്റ്റിവലുകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. 2005 ലെ മികച്ച ഇംഗ്ലീഷ് സിനിമയ്ക്കുള്ള ദേശീയ അവാര്‍ഡ് 'അമു'വിനായിരുന്നു. രാഹുല്‍ ധോലാക്കിയ ആണ് 'പര്‍സാനിയ'യുടെ സംവിധായകന്‍. 2006 ല്‍ മികച്ച സംവിധായകനുള്ള ദേശീയ അവാര്‍ഡിന് ധോലാക്കിയയെ അര്‍ഹനാക്കിയത് 'പര്‍സാനിയ' ആണ്. ഇതിലഭിനയിച്ച സരിക മികച്ച നടിക്കുള്ള അവാര്‍ഡും നേടി.
ഇന്ദിരാഗാന്ധിയുടെ വധത്തെത്തുടര്‍ന്ന് 1984 ല്‍ ഡല്‍ഹിയില്‍ നടന്ന സിഖ്‌വിരുദ്ധ കലാപമാണ് 'അമു'വിന്റെ പശ്ചാത്തലം. ഒരു ബംഗാളി കുടുംബം ദത്തെടുത്ത കാജുറോയ് എന്ന യുവതിയാണ് കേന്ദ്ര കഥാപാത്രം. കേയറോയ് എന്ന പൗരാവകാശ പ്രവര്‍ത്തകയാണ് കാജുവിനെ മകളായി ദത്തെടുത്തത്. അന്ന് കാജുവിന് മൂന്നു വയസ്സ്. കേയയ്‌ക്കൊപ്പം അമേരിക്കയിലേക്കു പോയ കാജു 18 വര്‍ഷത്തിനു ശേഷം 2002 ല്‍ ഡല്‍ഹിയില്‍ തിരിച്ചെത്തുന്നു. അവള്‍ക്കൊരു പ്രധാന ലക്ഷ്യമുണ്ടായിരുന്നു. തന്റെ മാതാപിതാക്കളാരെന്നു കണ്ടത്തണം. മലമ്പനി പിടിപെട്ടാണ് അവര്‍ മരിച്ചത് എന്നാണ് വളര്‍ത്തമ്മ അവളോട് പറഞ്ഞിരുന്നത്. മലമ്പനിയല്ല കലാപമാണ് മാതാപിതാക്കളെയും അനുജനെയും തനിക്ക് നഷ്ടപ്പെടുത്തിയതെന്ന് ഒടുവില്‍ അവള്‍ക്ക് ബോധ്യമാവുന്നു. സിഖ് കുടുംബത്തിലാണ് തന്റെ ജനനമെന്നും അമു എന്ന അമൃതയാണ് താനെന്നും കാജു തിരിച്ചറിയുന്നു.

കാജുവിന്റെ വ്യക്തിപരമായ ദുഃഖത്തിന് ഊന്നല്‍ കൊടുത്തുകൊണ്ട് തുടങ്ങുന്ന ഇതിവൃത്തം ക്രമേണ വികസിച്ച് സിഖ് സമുദായത്തിന്റെ കഠിനവ്യഥകളിലാണ് ചെന്നുനില്‍ക്കുന്നത്. ഡല്‍ഹിയില്‍ അക്രമികള്‍ സംഹാരതാണ്ഡവമാടിയ ഇരുണ്ടനാളുകളാണ് സംവിധായിക കാണിച്ചുതരുന്നത്.
സി.പി.എം.നേതാവ് വൃന്ദ കാരാട്ട് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നതാണ് ഈ ചിത്രത്തിന്റെ ഒരു സവിശേഷത. കാജുറോയിയുടെ വളര്‍ത്തമ്മയായി വരുന്ന വൃന്ദ, രാഷ്ട്രീയം മാത്രമല്ല അഭിനയവും തനിക്കു വഴങ്ങുമെന്ന് തെളിയിച്ചിരിക്കുന്നു. കോണ്‍ഗ്രസ്സിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയ സംഭവമായതിനാലാവണം വൃന്ദകാരാട്ട് ഈ ചിത്രത്തില്‍ സഹകരിക്കാന്‍ തയ്യാറായത്. സുഭാഷിണിഅലിയും 'അമു'വില്‍ അഭിനയിച്ചിട്ടുണ്ട്. ഓസ്‌കര്‍ ജേതാവായ റസൂല്‍ പൂക്കുട്ടിയാണ് ഈ ചിത്രത്തിന് ശബ്ദമിശ്രണം നിര്‍വഹിച്ചിരിക്കുന്നത്.
2002-ല്‍ തുടങ്ങുന്ന സിനിമ 18 വര്‍ഷം പിറകോട്ട് സഞ്ചരിച്ച് വീണ്ടും 2002-ല്‍ത്തന്നെ എത്തിനില്‍ക്കുന്നു. അപ്പോള്‍, മറ്റൊരുകലാപത്തിന്റെ സൂചനയാണ് നമുക്ക് കിട്ടുന്നത്.ഗുജറാത്തിലെ ഗോധ്രയില്‍ തീവണ്ടിക്ക് തീവെച്ച സംഭവത്തിന്റെ ടി.വി.വാര്‍ത്ത കാണിച്ചുകൊണ്ടാണ് 'അമു' അവസാനിക്കുന്നത്. ഭീതിയുടെ ആവര്‍ത്തനമായി കലാപങ്ങള്‍ പിറകെ വരുന്നുണ്ടെന്ന മുന്നറിയിപ്പ് നല്‍കി ക്യാമറ പിന്മാറുകയാണ്.

യാദൃച്ഛികമായാണെങ്കിലും 'അമു'വിന്റെ അവസാനരംഗത്തുനിന്നാണ് 'പര്‍സാനിയ' തുടങ്ങുന്നത്. ഗോധ്ര സംഭവത്തിനുശേഷം അഹമ്മദാബാദിലുണ്ടായ കലാപമാണ് 'പര്‍സാനിയ'യുടെ പശ്ചാത്തലം. സിനിമാ ഓപ്പറേറ്ററായ സൈറസ് പിത്തവാല (നസിറുദ്ദീന്‍ഷാ)യുടെ കുടുംബമാണ് ഇതിവൃത്തത്തിന്റെ കേന്ദ്രബിന്ദു. സന്തുഷ്ടമായ ഈ പാര്‍സി കുടുംബത്തിന് കലാപം നല്‍കിയത് തീരാവേദനയാണ്. കലാപം തകര്‍ത്തെറിഞ്ഞ ഒട്ടേറെ കുടുംബങ്ങളുടെ പ്രാതിനിധ്യമാണ് സൈറസ്‌കുടുംബം വഹിക്കുന്നത്. സൈറസും ഭാര്യയും രണ്ടു മക്കളും. മക്കളില്‍ മൂത്തവനാണ് പത്തുവയസ്സുകാരനായ പര്‍സാന്‍. കലാപത്തില്‍ അവനെ കാണാതാവുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനാകുന്ന ദിനം സ്വപ്‌നം കണ്ടുനടന്നവനാണ് പര്‍സാന്‍. ചോക്കലേറ്റും ഐസ്‌ക്രീമുംകൊണ്ടു നിറച്ച പര്‍സാനിയ എന്ന ഭാവനാലോകം അവന്‍ സൃഷ്ടിച്ചെടുത്തു. അവിടെ തന്റെ കൊച്ചുപെങ്ങളെയും അവന്‍ സങ്കല്പിച്ചു. നിഷ്‌കളങ്കമായ അവന്റെ ബാല്യമാണ് കലാപം കവര്‍ന്നെടുത്തത്. പക്ഷേ, അവന്‍ മരിച്ചു എന്ന് ആ കുടുംബം വിശ്വസിക്കുന്നില്ല. തിരിച്ചറിയപ്പെടാതെ കിടക്കുന്ന ശവക്കൂമ്പാരങ്ങള്‍ക്കിടയില്‍ സൈറസ് മകനെ അന്വേഷിച്ചുനടന്നു. ഒമ്പതുദിവസം ഉണ്ണാവ്രതമെടുത്ത് അവനുവേണ്ടി പ്രാര്‍ഥിച്ചു. എന്നെങ്കിലും അവന്‍ തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുകയാണാ കുടുംബം.
മഹാത്മാഗാന്ധിയെപ്പറ്റി പഠിക്കാന്‍ വരുന്ന അലന്‍ എന്ന അമേരിക്കക്കാരനെ സാക്ഷി നിര്‍ത്തിക്കൊണ്ടാണ് സംവിധായകന്‍ കഥ പറയുന്നത്. ഗാന്ധിജിയുടെ നാട്ടില്‍ ഹിംസയുടെ താണ്ഡവമാണ് ആ വിദേശി കാണുന്നത്.
കലാപത്തിലെ കൊടുംക്രൂരതകള്‍ പലതും ദൃശ്യവത്കരിക്കാതെ വിടുന്നുണ്ട് സംവിധായകന്‍. ഈ ഔചിത്യത്തെ ശ്ലാഘിക്കണം. ദൃശ്യങ്ങള്‍ക്കു പകരം ശക്തമായ വാക്കുകളാണ് ധോലാക്കിയ ഉപയോഗിക്കുന്നത്. ദേശീയ മനുഷ്യാവകാശക്കമ്മീഷന്റെ തെളിവെടുപ്പ് സിനിമയിലെ ഒരു പ്രധാന മുഹൂര്‍ത്തമായി മാറുകയാണ്. കാടത്തത്തിനിരയായവരുടെയും ദൃക്‌സാക്ഷികളുടെയും മൊഴികളിലൂടെ കലാപനാളുകളുടെ പൊള്ളുന്ന ചിത്രം നമുക്ക് കിട്ടുന്നു. ചടുലമായ എഡിറ്റിങ്ങിലൂടെയാണിത് സാധിച്ചിരിക്കുന്നത്.

തെളിവെടുപ്പുവേളയില്‍ സൈറസിന്റെ ഭാര്യ ഷെര്‍നാസ് (സരിക) ഉന്നയിക്കുന്ന ചോദ്യം ശ്രദ്ധേയമാണ്. എല്ലാ ക്രൂരതകളും കാണേണ്ടിവന്ന ആറു വയസ്സുകാരിയായ തന്റെ മകളുടെ ഇനിയുള്ള ജീവിതം എങ്ങനെയായിരിക്കും എന്നാണ് ആ അമ്മ വ്യാകുലപ്പെടുന്നത്. 'പര്‍സാനിയ'യിലൂടെ സംവിധായകന്‍ പങ്കുവെക്കുന്നത് ഈ ആശങ്കയാണ്.