Friday, February 20, 2009

ചിറകരിഞ്ഞ പട്ടം

സ്വാതന്ത്ര്യം കൊതിക്കുന്ന ഒരു ജനതയെ പശ്ചാത്തലത്തില്‍ നിര്‍ത്തിക്കൊണ്ട്‌ രണ്ട്‌ ആത്മസുഹൃത്തുക്കളുടെ അടുപ്പത്തിന്‍െറയും വഴി പിരിയലിന്‍െറയും കഥപറയുകയാണ്‌ `ദ കൈറ്റ്‌ റണ്ണര്‍' എന്ന ഹോളിവുഡ്‌ ചിത്രം. പ്രശസ്‌ത അഫ്‌ഗാന്‍ എഴുത്തുകാരനായ ഖാലിദ്‌ ഹൊസ്സീനിയുടെ `ദ കൈറ്റ്‌ റണ്ണര്‍' എന്ന നോവലാണ്‌ ഈ സിനിമയ്‌ക്കാധാരം. 34 ഭാഷകളിലേക്ക്‌ പരിഭാഷപ്പെടുത്തിയിട്ടുള്ള ഈ കൃതി 80 ലക്ഷം കോപ്പികള്‍ വിറ്റിട്ടുണ്ട്‌. നോവലിലെ റഷ്യന്‍, താലിബാന്‍ വിരുദ്ധ വികാരങ്ങളാവണം ഹോളിവുഡിനെ ആകര്‍ഷിച്ചത്‌.

1978 മുതല്‍ 2000 വരെയുള്ള അഫ്‌ഗാനിസ്‌താനാണ്‌ സിനിമയുടെ പശ്ചാത്തലം. 1979-ലെ സോവിയറ്റ്‌ആക്രമണവും പിന്നീടുവന്ന താലിബാന്‍ ഭരണവും ഒരുപോലെ വിമര്‍ശനത്തിനു വിധേയമാകുന്നു. പട്ടം പറപ്പിക്കുന്നതുപോലും നിരോധിച്ച ഒരു കാലഘട്ടത്തെക്കുറിച്ചാണ്‌ ഈ സിനിമ കൂടുതലായും വേവലാതിപ്പെടുന്നത്‌. കാറ്റിന്‍െറ തലോടലേറ്റ്‌, മൂളിപ്പാട്ടോടെ കൂടുതല്‍ കൂടുതല്‍ ഉയരങ്ങളിലേക്ക്‌ പറക്കാന്‍ വെമ്പുന്ന ഇതിലെ വര്‍ണപ്പട്ടങ്ങള്‍ മത്സരബുദ്ധിയുടെ മാത്രം ചിഹ്നമല്ല. ഒരു ജനതയുടെ ജീവിതരീതിയുടെ, ആത്മാഭിമാനത്തിന്‍െറ, സ്വാതന്ത്ര്യ മോഹത്തിന്‍െറ കൂടി അടയാളമാണ്‌.


അമീര്‍ജാന്‍ എന്ന യുവ എഴുത്തുകാരന്‍െറ സങ്കീര്‍ണ മനസ്സിലൂടെയുള്ള യാത്രയാണ്‌ `ദ കൈറ്റ്‌ റണ്ണര്‍'. പട്ടത്തിന്‍െറ ചിറകരിഞ്ഞ ഭൂതകാലത്തിലേക്കാണ്‌ അമീര്‍ ജാന്‍െറ മടക്കയാത്ര. സോവിയറ്റ്‌ ആക്രമണകാലത്ത്‌ അഫ്‌ഗാനിസ്‌താനില്‍നിന്ന്‌ അമേരിക്കയിലേക്ക്‌ രക്ഷപ്പെട്ട ബിസിനസ്സുകാരന്‍ ആഗാസാഹിബിന്‍െറ മകനാണ്‌ അമീര്‍. പന്ത്രണ്ടാം വയസ്സിലാണ്‌ അമീര്‍ അമേരിക്കയിലെത്തുന്നത്‌. തങ്ങളുടെ വേലക്കാരന്‍െറ മകനായ ഹസ്സനായിരുന്നു അമീറിന്‍െറ ഉറ്റസുഹൃത്ത്‌. ഹസ്സന്‍ നിരക്ഷരനായിരുന്നു. എങ്കിലും സേ്‌നഹസമ്പന്നന്‍. അമീറിനെ അവനു ജീവനായിരുന്നു. പട്ടം പറത്തലില്‍ കേമനായിരുന്നു ഹസ്സന്‍. കാബൂളില്‍ നടന്ന പട്ടം പറത്തല്‍ മത്സരത്തില്‍ അമീറിനു ജേതാവാകാന്‍ കഴിഞ്ഞത്‌ ഹസ്സന്‍െറ പിന്തുണകൊണ്ടാണ്‌. മത്സരം നടന്ന ദിവസം ഹസ്സനെ ചില തെമ്മാടിപ്പയ്യന്മാര്‍ അപമാനിക്കുന്നു. ഭീരുവായ അമീറാകട്ടെ സുഹൃത്തിനെ രക്ഷിക്കാനോ സമാശ്വസിപ്പിക്കാനോ ശ്രമിക്കുന്നില്ല. ഈ കുറ്റബോധവും ഹസ്സനോടുള്ള തന്‍െറ പിതാവിന്‍െറ മമതയും അമീറിനെ ഹസ്സനെതിരെ തിരിയാന്‍ പ്രേരിപ്പിക്കുന്നു. മോഷണക്കുറ്റം ആരോപിക്കപ്പെട്ട ഹസ്സന്‍ പിതാവിനോടൊപ്പം അമീറിന്‍െറ വീട്‌ വിട്ടു പോകുന്നു. അവനെ പിന്നീടൊരിക്കലും അമീര്‍ കാണുന്നില്ല.

അമീറിനെ ഡോക്ടറാക്കാനായിരുന്നു പിതാവിന്‍െറ ആഗ്രഹം. പക്ഷേ, എഴുത്തുകാരനാകാനാണ്‌ അമീര്‍ കൊതിച്ചത്‌. കുട്ടിക്കാലത്തേ അശാന്തമായിരുന്നു അവന്‍െറ മനസ്സ്‌. സമയം കിട്ടുമ്പോഴൊക്കെ അവന്‍ കഥകള്‍ കുറിച്ചിടുമായിരുന്നു. ഒരു അഫ്‌ഗാന്‍ പെണ്‍കുട്ടിയെ അവന്‍ പ്രണയിച്ച്‌ വിവാഹം കഴിക്കുന്നു. തന്‍െറ പുസ്‌തകം പ്രസിദ്ധീകരിച്ച ദിവസം അവനൊരു ഫോണ്‍ വരുന്നു. പിതാവിന്‍െറ ഉറ്റ സുഹൃത്ത്‌ റഹിംഖാനാണ്‌ വിളിക്കുന്നത്‌. അയാളിപ്പോള്‍ പാകിസ്‌താനിലാണ്‌. തന്നെ ഉടനെ വന്നുകാണണം എന്നായിരുന്നു ഫോണ്‍. ഹസ്സനും ഭാര്യയും താലിബാന്‍കാരുടെ വെടിയേറ്റു മരിച്ചതായി റഹിംഖാന്‍ അറിയിക്കുന്നു. ഹസ്സന്‍െറ മകന്‍ കാബൂളില്‍ ഒരനാഥാലയത്തിലാണ്‌. തന്‍െറ പിതാവിന്‌ വേലക്കാരന്‍െറ ഭാര്യയില്‍ ജനിച്ച കുഞ്ഞാണ്‌ ഹസ്സന്‍ എന്ന സത്യം മനസ്സിലാക്കുന്ന അമീര്‍ ഹസ്സന്‍െറ മകനെ രക്ഷപ്പെടുത്തി അമേരിക്കയ്‌ക്ക്‌ കൊണ്ടുപോകുന്നു.

അഫ്‌ഗാന്‍ ജനത കടന്നുപോയ ഇരുണ്ട ഒരു കാലഘട്ടം അനാവരണം ചെയ്യുന്ന `ദ കൈറ്റ്‌ റണ്ണറി'നെ കഴിഞ്ഞകൊല്ലത്തെ നല്ല ചിത്രങ്ങളിലൊന്നായാണ്‌ ചില നിരൂപകര്‍ വിശേഷിപ്പിക്കുന്നത്‌. 2007-ല്‍ മികച്ച പശ്ചാത്തല സംഗീതത്തിനുള്ള ഓസ്‌കര്‍ അവാര്‍ഡിന്‌ മത്സരിച്ചിട്ടുണ്ട്‌ ഈ ചിത്രം.


സ്വന്തം മണ്ണില്‍ ഉറച്ചുനിന്നുകൊണ്ട്‌ അധിനിവേശത്തെ എതിര്‍ക്കാന്‍ ശ്രമിക്കുന്ന ഹസ്സന്‍ എന്ന കഥാപാത്രമാണ്‌ നമ്മുടെ ഓര്‍മയില്‍ തങ്ങിനില്‍ക്കുക. വളരെവേഗം അപ്രത്യക്ഷനാകുന്ന ഈ കഥാപാത്രത്തിന്‍െറ സാന്നിധ്യം സിനിമയില്‍ എപ്പോഴുമുണ്ട്‌. കാബൂളിലെ തെരുവുകളില്‍ വീണ്ടും പൂക്കള്‍ വിടരുന്നതും ഗൃഹസദസ്സുകളില്‍ സംഗീതം അലയടിക്കുന്നതും ആകാശത്ത്‌ പട്ടങ്ങള്‍ പാറിനടക്കുന്നതും അവന്‍ സ്വപ്‌നം കാണുന്നു. അതിരുകളില്ലാത്ത ഒരു സ്വതന്ത്രലോകമായിരുന്നു അവന്‍െറ സ്വപ്‌നം.

എവരിതിങ്‌ പുട്ട്‌ ടുഗെദര്‍', `മോണ്‍സ്റ്റേഴ്‌സ്‌ ബോള്‍', ``ഫൈന്‍ഡിങ്‌ നെവര്‍ലാന്‍ഡ്‌' എന്നീ ചിത്രങ്ങളിലൂടെ പ്രശസ്‌തനായ മാര്‍ക്‌ ഫോസ്റ്ററാണ്‌ `കൈറ്റ്‌ റണ്ണറി'ന്‍െറ സംവിധായകന്‍. (ഏറ്റവും പുതിയ ജയിംസ്‌ ബോണ്ട്‌ ചിത്രമായ `ക്വാണ്ടം ഓഫ്‌ സോളസും' ഫോസ്റ്ററാണ്‌ സംവിധാനം ചെയ്യുന്നത്‌.) 122 മിനിറ്റു നീണ്ട `ദ കൈറ്റ്‌ റണ്ണര്‍' സെന്‍റിമെന്‍റ്‌സും അതിരുവിട്ട വര്‍ണനയും കാരണം കുറച്ചൊക്കെ നിറംകെട്ടുപോയിട്ടുണ്ട്‌. സുഹൃത്തിന്‍െറ മകനെത്തേടി അമീര്‍ കാബൂളിലേക്കു നടത്തുന്ന യാത്രയിലും അവിടെനിന്നുള്ള തിരിച്ചുവരവിലും അവിശ്വസനീയതയും വാചാലതയും ദൃശ്യമാണ്‌. ഹോളിവുഡ്‌ ശീലങ്ങളില്‍നിന്നു രക്ഷപ്പെടാനായിട്ടില്ല സംവിധായകന്‌.

Monday, February 9, 2009

അതിജീവന തന്ത്രം


രണ്ടാം ലോകമഹായുദ്ധ കാലം. നാസി ജര്‍മനിയുടെ പടയോട്ടക്കാലം. ബ്രിട്ടന്‍െറയും അമേരിക്കയുടെയും സമ്പദ്‌വ്യവസ്ഥ തകര്‍ക്കാന്‍ ജര്‍മനി ഒരു ഗൂഢപദ്ധതി തയ്യാറാക്കുന്നു. മരണത്തടവറയെന്ന്‌ അറിയപ്പെടുന്ന കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളില്‍ കഴിയുന്ന ഏതാനും ജൂതത്തടവുകാരെയാണ്‌ ഇതിന്‌ ഉപയോഗപ്പെടുത്തുന്നത്‌. ബ്രിട്ടീഷ്‌ പൗണ്ടും അമേരിക്കന്‍ ഡോളറും വന്‍തോതില്‍ വ്യാജമായി അടിച്ചിറക്കുക എന്നതായിരുന്നു പദ്ധതി. `ഓപ്പറേഷന്‍ ബേണ്‍ ഹാര്‍ഡ്‌' എന്നാണ്‌ ഈ ഗൂഢവൃത്തിക്ക്‌ നല്‍കിയിരുന്ന പേര്‍. ലോകചരിത്രത്തില്‍ത്തന്നെ ഇത്രയധികം വ്യാജകറന്‍സികള്‍ നിര്‍മിച്ച സംഭവമുണ്ടായിട്ടില്ല. ബ്രിട്ടന്‍െറ വിദേശനാണ്യശേഖരത്തിന്‍െറ നാലിരട്ടി വ്യാജപൗണ്ടാണ്‌ ജര്‍മനി അടിച്ചിറക്കിയത്‌. വ്യാജ ഡോളര്‍ നിര്‍മിക്കുന്ന കാര്യത്തില്‍ തടവുകാര്‍ അമാന്തം കാണിച്ചതിനാല്‍ അമേരിക്കയെ ഈ പദ്ധതി തീരെ ബാധിച്ചില്ല. വളരെക്കുറച്ചു ഡോളറേ വ്യാജമായി അടിക്കാന്‍ കഴിഞ്ഞുള്ളൂ. പാതിവഴിയില്‍ അവസാനിപ്പിക്കേണ്ടിവന്ന `ഓപ്പറേഷന്‍ ബേണ്‍ഹാര്‍ഡി'നെ ആധാരമാക്കി അഡോള്‍ഫ്‌ ബര്‍ജര്‍ എന്ന ടൈപ്പോഗ്രാഫര്‍ എഴുതിയ ഓര്‍മക്കുറിപ്പില്‍നിന്നാണ്‌ `ദ കൗണ്ടര്‍ ഫീറ്റേഴ്‌സ്‌' എന്ന ജര്‍മന്‍ സിനിമ രൂപമെടുത്തത്‌. 90 മിനിറ്റ്‌ നീണ്ട ഈ സിനിമയുടെ സംവിധായകന്‍ സ്റ്റെഫാന്‍ റുസോവിറ്റ്‌സ്‌കിയാണ്‌. 2007 ലെ മികച്ച വിദേശ ഭാഷാ സിനിമയ്‌ക്കുള്ള ഓസ്‌കര്‍ അവാര്‍ഡ്‌ `ദ കൗണ്ടര്‍ ഫീറ്റേഴ്‌സി'നായിരുന്നു.

ലോകം മറക്കാന്‍ ശ്രമിക്കുന്ന ഭീതിദമായ ഒരു കാലഘട്ടത്തെ വീണ്ടും ഓര്‍മയിലേക്ക്‌ കൊണ്ടുവരികയാണ്‌ ഈ സിനിമ. ആയിരത്തോളം പോളിഷ്‌ ജൂതന്മാരെ മരണത്തില്‍നിന്നു രക്ഷിച്ച ജര്‍മന്‍ ബിസിനസ്സുകാരനായ ഓസ്‌കര്‍ ഷിന്‍ഡ്‌ലറുടെ കഥ പറയുന്ന `ഷിന്‍ഡ്‌ലേഴ്‌സ്‌ ലിസ്റ്റ്‌' (1993), തടങ്കല്‍പ്പാളയത്തില്‍ നേരിടാന്‍ പോകുന്ന ക്രൂരതകളില്‍നിന്ന്‌ അഞ്ചു വയസ്സുകാരനായ മകന്‍െറ ശ്രദ്ധ തിരിക്കാന്‍ മരണമുഖത്തേക്കുനോക്കി തമാശ കാണിക്കുന്ന ഗിഡോ എന്ന ഇറ്റാലിയന്‍ ജൂതന്‍െറ വേദനകള്‍ പകര്‍ത്തിയ `ലൈഫ്‌ ഈസ്‌ ബ്യൂട്ടിഫുള്‍' (1997) എന്നീ ചിത്രങ്ങള്‍ ഏല്‌പിച്ച ആഘാതം നമുക്ക്‌ മറക്കാനാവില്ല. അതേ തീവ്രാനുഭവം തന്നെയാണ്‌ തടവുകാരുടെ വ്യക്തിത്വത്തിനും അന്തഃസംഘര്‍ഷങ്ങള്‍ക്കും അതിജീവനത്തിനും ഊന്നല്‍ നല്‍കുന്ന `ദ കൗണ്ടര്‍ ഫീറ്റേഴ്‌സും' സമ്മാനിക്കുന്നത്‌.

1936 മുതല്‍ 45 വരെയുള്ള കാലഘട്ടമാണ്‌ സിനിമയുടെ പശ്ചാത്തലം. നാസി തടങ്കല്‍പ്പാളയത്തില്‍നിന്നു മോചിതനായ സാലി എന്ന സോളമന്‍ സൊറോവിച്ചിന്‍െറ ഓര്‍മകളിലൂടെയാണ്‌ ക്യാമറ സഞ്ചരിക്കുന്നത്‌. വ്യാജപാസേ്‌പാര്‍ട്ടും കറന്‍സിയും നിര്‍മിക്കുന്നതില്‍ വിദഗ്‌ധനാണ്‌ ജൂതനായ സാലി. കള്ളനോട്ടടി തടയുന്ന ബെര്‍ലിനിലെ സെ്‌പഷല്‍ സ്‌ക്വാഡിന്‍െറ മേധാവി ഫ്രെഡറിക്‌ ഹെര്‍സോഗ്‌ തന്ത്രപരമായി കുടുക്കി സാലിയെ അറസ്റ്റുചെയ്യുന്നു. സാക്‌സന്‍ഹോസനിലെ തടങ്കല്‍പ്പാളയത്തിലെത്തുന്നു അയാള്‍. കാണുന്നതെന്തും അതേപടി കടലാസില്‍ പകര്‍ത്താനുള്ള സാലിയുടെ കഴിവ്‌ നാസി സൈനികോദ്യോഗസ്ഥരെ അത്ഭുതപ്പെടുത്തി. അയാളെ വ്യാജ കറന്‍സി നിര്‍മാണത്തിന്‌ പ്രയോജനപ്പെടുത്താന്‍ അവര്‍ തീരുമാനിക്കുന്നു. ഫ്രെഡറിക്‌ ഹെര്‍സോഗായിരുന്നു ആ തടങ്കല്‍പ്പാളയത്തിലെ മേധാവി. തടവുകാരായ പ്രൊഫഷണല്‍ ഗ്രാഫിക്‌ ആര്‍ട്ടിസ്റ്റുകളെയും പ്രിന്‍റര്‍മാരെയും റീടച്ചര്‍മാരെയും ഉള്‍പ്പെടുത്തി ഒരു വിദഗ്‌ദ്‌ധ സംഘത്തിന്‌ നാസികള്‍ രൂപംകൊടുക്കുന്നു. സാലിയും ബര്‍ജറുമായിരുന്നു അതിലെ പ്രധാനികള്‍. വ്യാജ പൗണ്ട്‌ തയ്യാറാക്കലായിരുന്നു അവരെ ഏല്‌പിച്ച ആദ്യ ദൗത്യം. ഹെര്‍സോഗിന്‌ സാലിയോട്‌ പ്രത്യേക മമതയുണ്ടായിരുന്നു. സാലിയെ അറസ്റ്റുചെയ്‌തതിനാണ്‌ അയാള്‍ക്ക്‌ പ്രൊമോഷന്‍ ലഭിച്ചത്‌. അതുകൊണ്ടുതന്നെ സാലിക്ക്‌ ചില പ്രത്യേകാവകാശങ്ങള്‍ അയാള്‍ അനുവദിച്ചിരുന്നു. ടൈപ്പോഗ്രാഫറായ ബര്‍ജര്‍ക്ക്‌ നാസി സര്‍ക്കാറിനെ സഹായിക്കുന്നതിനോട്‌ ഒട്ടും യോജിപ്പില്ല. തടവറയില്‍ കലാപമുണ്ടാക്കണമെന്നാണ്‌ രഹസ്യമായി അയാള്‍ സാലിയെ ഉപദേശിക്കുന്നത്‌. പൗണ്ടുകള്‍ വ്യാജമായി നിര്‍മിക്കുന്നതില്‍ സംഘം വിജയിക്കുന്നു. തുടര്‍ന്ന്‌, ഡോളറുണ്ടാക്കാനാണ്‌ അവരോടാവശ്യപ്പെടുന്നത്‌. മാസങ്ങള്‍ ശ്രമിച്ചിട്ടും അവര്‍ക്ക്‌ ഡോളറുണ്ടാക്കാന്‍ കഴിയുന്നില്ല. പദ്ധതി നടപ്പാകരുതെന്ന്‌ ബര്‍ജര്‍ക്ക്‌ നിര്‍ബന്ധമുണ്ട്‌. ആവുന്നത്ര തടസ്സങ്ങളുണ്ടാക്കാന്‍ അയാള്‍ ശ്രമിക്കുന്നു. തടവുകാരുടെ നിസ്സഹകരണവും മെല്ലെപ്പോക്കും മണത്തറിഞ്ഞ സൈന്യം സാലിക്കും കൂട്ടര്‍ക്കും അന്ത്യശാസനം നല്‌കുന്നു. സാലിയുടെ കഠിനശ്രമത്താല്‍ ഡോളറും അവിടെ നിര്‍മിക്കപ്പെടുന്നു. അപ്പോഴേക്കും യുദ്ധം അവസാനഘട്ടത്തിലെത്തിയിരുന്നു. ജര്‍മനിയുടെ പരാജയത്തോടെ സാലിയും കൂട്ടരും സ്വാതന്ത്ര്യത്തിന്‍െറ വെളിച്ചത്തിലേക്ക്‌ കടക്കുന്നു.

ബര്‍ജറുടെ ഓര്‍മക്കുറിപ്പുകളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ തിരക്കഥയില്‍ പ്രാമുഖ്യം പക്ഷേ, സാലിക്കാണ്‌. നിര്‍വികാരനെന്ന്‌ പുറമേക്ക്‌ തോന്നിക്കുമെങ്കിലും കാരുണ്യവും സഹജീവി സേ്‌നഹവും സ്വാതന്ത്ര്യാഭിലാഷവും അയാളുടെ ഓരോ പ്രവൃത്തിയിലും കാണാം. പണം നിര്‍മിച്ച്‌ പണം സമ്പാദിക്കുന്നതാണ്‌ കൂടുതല്‍ എളുപ്പം എന്നു വിശ്വസിക്കുന്നവനാണ്‌ സാലി. കൈയില്‍ പണമുണ്ടായിരുന്നെങ്കില്‍ തന്‍െറ ഭാര്യയും മക്കളും ഓഷ്‌വിറ്റ്‌സിലെ തടങ്കല്‍പ്പാളയത്തില്‍നിന്നു മോചിതരായേനെ എന്നയാള്‍ ഒരിക്കല്‍ സങ്കടപ്പെടുന്നുണ്ട്‌. ജീവിതാസക്തിയുള്ള കഥാപാത്രമാണ്‌ സാലി. തടവറയിലെ ഗ്യാസ്‌ ചേംബറില്‍ ഒടുങ്ങിപ്പോകരുതെന്ന്‌ അയാള്‍ക്കാഗ്രഹമുണ്ട്‌. ഒരുദിവസം കൂടുതല്‍ ജീവിക്കാന്‍ കഴിഞ്ഞാല്‍ അത്രയും നല്ലത്‌ എന്നാണയാളുടെ വിശ്വാസം. അതുകൊണ്ടുതന്നെ, അതിജീവനത്തിന്‌ കീഴടങ്ങലിന്‍െറ വഴിയാണയാള്‍ സ്വീകരിക്കുന്നത്‌. ഒടുവില്‍ തടവറയില്‍നിന്നു മോചിതനായപ്പോള്‍ ജീവിതം വ്യര്‍ഥമായെന്നാണ്‌ സാലിക്ക്‌ തോന്നുന്നത്‌. അയാളെ കാത്തിരിക്കാന്‍ ആരുമുണ്ടായിരുന്നില്ല. ഓഷ്‌വിറ്റ്‌സിലെ ഗ്യാസ്‌ ചേംബറില്‍ ഒടുങ്ങിയിരുന്നു അയാളുടെ കുടുംബം.

തികഞ്ഞ സ്വാതന്ത്ര്യദാഹിയും കമ്യൂണിസ്റ്റാശയക്കാരനുമായ ബര്‍ജറും ശക്തമായ കഥാപാത്രംതന്നെ. തടവറയിലും കീഴടങ്ങാനല്ല, പൊരുതാനാണയാള്‍ ആഗ്രഹിക്കുന്നത്‌. അതിജീവനത്തിന്‌ പോരാട്ടമാണ്‌ പോംവഴിയെന്ന്‌ അയാള്‍ വിശ്വസിക്കുന്നു. ഓഷ്‌വിറ്റ്‌സില്‍ മരിച്ച ഭാര്യയെക്കുറിച്ചോര്‍ത്ത്‌ വിലപിക്കുന്ന ബര്‍ജര്‍ നാസികളുമായി ഒരുതരത്തിലും ഒത്തുതീര്‍പ്പ്‌ വേണ്ടെന്ന പക്ഷക്കാരനാണ്‌. പാപ്പരായിക്കൊണ്ടിരിക്കുന്ന സമ്പദ്‌വ്യവസ്ഥയാണ്‌ ജര്‍മനിയുടേത്‌. അതിനു ജീവന്‍കൊടുക്കാന്‍ തങ്ങള്‍ക്ക്‌ ഒരു ബാധ്യതയുമില്ലെന്ന്‌ അയാള്‍ സാലിയെ ഓര്‍മപ്പെടുത്തുന്നു. ഡോളര്‍ നിര്‍മാണം തന്നാലാവുംവിധം താമസിപ്പിക്കാന്‍ അയാള്‍ ശ്രമിക്കുന്നു. പ്രിന്‍റര്‍ (പ്രസാധകന്‍) സത്യം അച്ചടിക്കേണ്ടവനാണ്‌ എന്നയാള്‍ ഉറച്ചു വിശ്വസിക്കുന്നു. കള്ളനോട്ടടിക്കാന്‍ ചുമതലയേറ്റതിന്‍െറ പേരില്‍ തങ്ങള്‍ക്ക്‌ പ്രത്യേകാവകാശങ്ങള്‍ ലഭിക്കുന്നതില്‍ അയാള്‍ രോഷാകുലനാണ്‌. തങ്ങളുടെ മതിലിനപ്പുറം നിത്യവും ഡസന്‍കണക്കിനു തടവുകാര്‍ തോക്കിനിരയാവുന്നത്‌ അയാളെ വേദനിപ്പിക്കുന്നു. മാര്‍ദവമുള്ള കിടക്ക അനുവദിച്ചിട്ടുണ്ടെങ്കിലും ഇത്‌ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പ്‌തന്നെയാണെന്ന്‌ ബര്‍ജര്‍ സഹതടവുകാരെ ഓര്‍മപ്പെടുത്തുന്നുണ്ട്‌. ഇതിന്‍െറ പേരില്‍ പലപ്പോഴും സാലിയോട്‌ തര്‍ക്കിക്കുകയും ഏറ്റുമുട്ടുകയും ചെയ്യുന്നുണ്ട്‌ അയാള്‍.

കരിങ്കടല്‍ത്തീരത്തെ തന്‍െറ ജന്മനഗരമായ ഒഡേസ്സയെപ്പറ്റി എപ്പോഴും സംസാരിക്കുന്ന കോല്യ എന്ന യുവാവാണ്‌ നമ്മുടെ മനസ്സിനെ മഥിക്കുന്ന മറ്റൊരു കഥാപാത്രം. തടവറയില്‍നിന്നുള്ള മോചനദിനം കാത്തുകഴിയുകയാണവന്‍. ക്ഷയരോഗബാധിതനായ അവനെ സൈന്യം ഏകാന്ത തടവിലാക്കുന്നു. അവിടെ മരുന്നൊന്നും കിട്ടാനില്ല. രോഗികളെ വെടിവെച്ചുകൊല്ലലാണ്‌ എളുപ്പവഴി. ഡോളര്‍ എങ്ങനെയെങ്കിലും നിര്‍മിച്ചുകൊടുക്കാമെന്ന്‌ സാലി സൈനിക മേധാവിക്ക്‌ വാക്ക്‌ കൊടുക്കുന്നത്‌ കോല്യക്കുവേണ്ടിയാണ്‌. മരുന്നുമായി സാലി എത്തുമ്പോള്‍ കാണുന്നത്‌ ഒരു സൈനികന്‍ കോല്യയെ വെടിവെച്ചു കൊല്ലുന്നതാണ്‌. ഒഡേസ്സ നഗരത്തിലേക്കുള്ള അവന്‍െറ സ്വപ്‌നയാത്രയെക്കുറിച്ചോര്‍ത്ത്‌, കനത്ത ഇരുട്ടിന്‍െറ മറപറ്റി സാലി പൊട്ടിക്കരയുന്ന രംഗം മറക്കാനാവില്ല.

Friday, January 23, 2009

അജ്ഞാതയായ അമ്മ

സ്‌ത്രീ സഹനത്തിന്‍െറ തീവ്രമായ അനുഭവങ്ങള്‍ പകര്‍ന്നു തരുന്ന ഇറ്റാലിയന്‍ സിനിമയാണ്‌ `ദ അണ്‍നോണ്‍ വുമണ്‍'. സിനിമാ പാരഡീസോ, മലീന എന്നീ ചിത്രങ്ങളിലൂടെ ലോകമെങ്ങും ആസ്വാദകരെ നേടിയെടുത്ത ജുസെപ്പെ ടോര്‍ണത്തോറെയാണ്‌ `അണ്‍നോണ്‍ വുമണി'ന്‍െറ സംവിധായകന്‍. തിയേറ്ററില്‍ പ്രൊജെക്‌ഷന്‍ ബോയിയായി തുടങ്ങി ഇറ്റലിയിലെ അറിയപ്പെടുന്ന സംവിധായകനായി മാറുന്ന ടോട്ടോ എന്ന സാല്‍വേത്തോറെയുടെയും അയാളുടെ ഗുരുവായ ആല്‍ഫ്രെഡോയുടെയും കഥ പറഞ്ഞ `സിനിമാ പാരഡീസോ' (1988), സൗന്ദര്യം ശാപമായി മാറിയ യുവതിയുടെ കഥ റെനറ്റോ എന്ന പതിമ്മൂന്നുകാരന്‍െറ കാഴ്‌ചപ്പാടിലൂടെ ആവിഷ്‌കരിച്ച `മലീന' (2000) എന്നിവയ്‌ക്കുശേഷം ജുസെപ്പെ ശ്രദ്ധേയനാകുന്നത്‌ `അണ്‍നോണ്‍ വുമണി'ലൂടെയാണ്‌. 2007-ല്‍ യൂറോപ്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച സിനിമയ്‌ക്കുള്ള ഓഡിയന്‍സ്‌ അവാര്‍ഡും മോസേ്‌കാ ഫിലിം ഫെസ്റ്റിവലില്‍ മികച്ച സംവിധായകനുള്ള അവാര്‍ഡും ഈ ചിത്രമാണ്‌ നേടിയത്‌.


മനുഷ്യക്കുഞ്ഞുങ്ങളെ കടത്തുന്ന ഭീകര സംഘത്തില്‍ അകപ്പെട്ടുപോയ ഇറേന യാരോ ഷെങ്കോ എന്ന യുക്രൈനിയന്‍ യുവതി തന്‍െറ അവസാനത്തെ കുഞ്ഞിനെ കണ്ടെത്താന്‍ നടത്തുന്ന അപൂര്‍ണയാത്രയാണ്‌ `ദ അണ്‍നോണ്‍ വുമണി'ല്‍ അനാവരണം ചെയ്യുന്നത്‌.


സെക്‌സ്‌ മാഫിയ മനുഷ്യക്കുഞ്ഞങ്ങളെ കടത്തുന്നതിനെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ജുസെപ്പെക്ക്‌ ലഭിക്കുന്നത്‌ ഏതാണ്ട്‌ ഇരുപത്‌ വര്‍ഷം മുമ്പാണ്‌. അക്കാലത്തു തന്നെ ഒരു തിരക്കഥയും തയ്യാറാക്കി വെച്ചു. ഇടയെ്‌ക്കാക്കെ ചിന്തകളില്‍ ഉയിര്‍ത്തെഴുന്നേറ്റും വീണ്ടും വിസ്‌മരിക്കപ്പെട്ടും ആ തിരക്കഥ അങ്ങനെ കിടന്നു. 2006 ന്‍െറ ഒടുവിലാണ്‌ `ദ അണ്‍നോണ്‍ വുമണ്‍' സിനിമയാക്കാന്‍ സംവിധായകന്‍െറ മനസ്സ്‌ പാകപ്പെട്ടത്‌.


വേട്ടയാടുന്ന ഭൂതകാലത്തില്‍ നിന്ന്‌ മോചനമാഗ്രഹിച്ച്‌ ഇറ്റലിയിലെത്തുന്ന ഇറേനയാണ്‌ ഈ സിനിമയിലെ കേന്ദ്രകഥാപാത്രം. അവളുടെ വരവിന്‌ നിഗൂഢമായ ഒരു ലക്ഷ്യമുണ്ട്‌. തിയ എന്ന നാലുവയസ്സുകാരിയുടെ ജന്മരഹസ്യം തേടുകയാണ്‌ ഇറേന. സ്വര്‍ണാഭരണ ബിസിനസ്സുകാരായ ആദാക്കര്‍ കുടുംബത്തിന്‍െറ അരുമയാണ്‌ തിയ. ആ പെണ്‍കുട്ടിക്ക്‌ പ്രതിരോധശേഷി കുറവാണ്‌. നിലത്തു വീണാല്‍ അവള്‍ക്ക്‌ സ്വയം എഴുന്നേല്‍ക്കാനാവില്ല. ആരെങ്കിലും തല്ലിയാല്‍ തിരിച്ചു തല്ലാന്‍ കഴിയില്ല. തിയയുടെ വീട്ടില്‍ പരിചാരികയായി ഇറേന ജോലി നേടുന്നു. വീട്ടുകാരുടെ പ്രിയം നേടിയെടുക്കുന്ന ഇറേന തിയയുമായി അടുക്കുന്നു. അവള്‍ പെണ്‍കുട്ടിയെ പ്രതിരോധ മുറകള്‍ പഠിപ്പിക്കുന്നു. അവളെ താരാട്ടുപാടി ഉറക്കുന്നു. ഇറേനയുടെ നീക്കങ്ങളില്‍ സംശയാലുവായ തിയയുടെ അമ്മ അവളെ പിരിച്ചു വിടുന്നു. എന്നിട്ടും ഇറേന നാട്ടിലേക്ക്‌ തിരിച്ചു പോകുന്നില്ല. തിയ തന്‍െറ മകളാണെന്നാണ്‌ അവളുടെ വിശ്വാസം. തിയയെ തനിക്ക്‌ അടുത്തുനിന്നു കാണണം. അവളുടെ വളര്‍ച്ചയുടെ ഓരോ ഘട്ടവും കാണണം. ഇതേ ഇറേന ആഗ്രഹിച്ചുള്ളൂ. തിയയുടെ അമ്മ കാറപകടത്തില്‍ മരിക്കുന്നു. തിയയുടെ അച്ഛന്‍ ഇറേനയെ വീണ്ടും തന്‍െറ വീട്ടിലേക്ക്‌ ക്ഷണിക്കുന്നു. തിയയും അച്ഛനും പുതിയ അപ്പാര്‍ട്ട്‌മെന്‍റിലേക്ക്‌ താമസം മാറിയ ദിവസം തന്നെ ഇറേനയെത്തേടി പോലീസ്‌ എത്തുന്നു. തിയയുടെ അമ്മയുടെ മരണത്തില്‍ പോലീസിന്‌ സംശയമുണ്ടായിരുന്നു. ചോദ്യം ചെയ്യലില്‍ ഇറേന മറ്റൊരു കഥയാണ്‌ വെളിപ്പെടുത്തുന്നത്‌. തന്‍െറ ദുരിതാവസ്ഥയ്‌ക്ക്‌ കാരണക്കാരനായ മാഫിയാത്തലവനെ അവള്‍ കൊന്നു കുഴിച്ചുമൂടിയിരുന്നു. ഈ കേസില്‍ ശിക്ഷിക്കപ്പെട്ട്‌ ജയിലിലേക്ക്‌ പോകുന്ന ഇറേന വര്‍ഷങ്ങള്‍ക്കുശേഷം തിരിച്ചുവരുമ്പോള്‍ യുവതിയായ തിയ അവളെ സ്വീകരിക്കാന്‍ എത്തുന്നു.


ഒരു സസ്‌പെന്‍സ്‌ സിനിമയുടെ പിരിമുറുക്കമുണ്ട്‌ ഈ സിനിമയ്‌ക്ക്‌. അവിടവിടെ ഓരോ കണ്ണി ഇട്ടേച്ചാണ്‌ കഥ മുന്നോട്ടു കൊണ്ടുപോകുന്നത്‌. ഉചിതസന്ദര്‍ഭങ്ങളില്‍ ഈ കണ്ണികള്‍ അതിമനോഹരമായി കൂട്ടിയോജിപ്പിക്കുന്നു സംവിധായകന്‍. കഥാസന്ദര്‍ഭങ്ങളുടെ വിശദാംശങ്ങളില്‍ പുലര്‍ത്തുന്ന കണിശതയും സൂക്ഷ്‌മതയും ശ്രദ്ധേയമാണ്‌. ഓരോ രംഗത്തും പ്രത്യക്ഷപ്പെടുന്ന നിസ്സാരവസ്‌തുക്കള്‍ക്കുപോലും കഥാഗതിയില്‍ നിര്‍ണായകപങ്കുണ്ട്‌. തിയേറ്ററിലെ പ്രൊജക്‌ഷന്‍ റൂമില്‍ ചുമരില്‍ പതിക്കുന്ന ഓരോ തുണ്ട്‌ കടലാസിനും മുറിച്ചുമാറ്റിയിടുന്ന ഓരോ തുണ്ട്‌ ഫിലിമിനും എത്രത്തോളം പ്രാധാന്യമുണ്ടെന്ന്‌ `സിനിമാ പാരഡീസോ'യില്‍ നമ്മള്‍ കണ്ടതാണ്‌. അതുപോലെ `അണ്‍നോണ്‍ വുമണി'ലെ വളഞ്ഞുപിരിഞ്ഞുപോകുന്ന ഗോവണിപ്പടികളും ഇടയ്‌ക്ക്‌ പൂത്തും കരിഞ്ഞും നില്‌ക്കുന്ന പൂച്ചെടികളും മുറിയില്‍ അലസമായി ഇട്ടിരിക്കുന്ന കത്രികയുമൊക്കെ സജീവബിംബങ്ങളായി മാറുകയാണ്‌.


അസാധാരണമായ ആകര്‍ഷകശക്തിയാണ്‌ ഈ സിനിമയ്‌ക്കുള്ളത്‌. കഥാനായികയുടെ ഓര്‍മകള്‍ ശിഥിലമാണ്‌. അസ്വസ്ഥമായ മനസ്സില്‍ നിന്ന്‌ അടുക്കും ചിട്ടയുമില്ലാതെയാണ്‌ ഓര്‍മകള്‍ കടന്നുവരുന്നത്‌. ഇറ്റലിയിലെ ജീവിതത്തിലുണ്ടാകുന്ന ഓരോ അനുഭവവും സമാനമായ ഭൂതകാലാനുഭവത്തിലേക്ക്‌ പോകാന്‍ ഇറേനയെ പ്രേരിപ്പിക്കുന്നു. അവളുടെ പീഡിതമായ ഭൂതകാലം ഒറ്റ ഫ്‌ളാഷ്‌ബാക്കിലൊതുക്കുകയല്ല സംവിധായകന്‍. സന്ദര്‍ഭങ്ങളാണ്‌ അവളുടെ ഓര്‍മകളെ പിറകിലേക്ക്‌ വലിക്കുന്നത്‌. തീക്ഷ്‌ണമായ മഞ്ഞനിറത്തിലാണ്‌ പൂര്‍വകാലം സംവിധായകന്‍ ആവിഷ്‌കരിക്കുന്നത്‌. അഗ്‌നനിയുടെ തിളക്കവും പ്രഹരശേഷിയുമുണ്ട്‌ ഈ ഫ്‌ളാഷ്‌ബാക്ക്‌ രംഗങ്ങള്‍ക്ക്‌. അവയില്‍ സേ്‌നഹസ്‌പര്‍ശമുള്ള നിമിഷങ്ങള്‍ വളരെക്കുറവാണ്‌. തന്‍െറ കാമുകനെക്കുറിച്ചുള്ള ചിതറിയ ചില സുഖാനുഭവങ്ങള്‍ മാത്രമാണ്‌ ഇറേനയ്‌ക്കുള്ളത്‌. ബാക്കിയെല്ലാം പേടിസ്വപ്‌നങ്ങളാണ്‌. അതവളെ നിരന്തരം വേട്ടയാടുകയാണ്‌.


ക്രൂരനായ ലൈംഗികക്കച്ചവടക്കാരന്‌ ഇരയായിപ്പോയവളാണ്‌ ഇറേന. ദാരിദ്ര്യമാണ്‌ അവളെ അവിടെ എത്തിച്ചത്‌. അടിമയെപ്പോലെയായിരുന്നു അവളുടെ ജീവിതം. പന്ത്രണ്ടു വര്‍ഷങ്ങള്‍ക്കിടയില്‍ ഒമ്പത്‌ കുഞ്ഞുങ്ങളെ ഇറേന പ്രസവിച്ചു. കുഞ്ഞുങ്ങളെ ഒറ്റത്തവണ കാണാനേ അവള്‍ക്കവകാശമുള്ളൂ. പിന്നെ എന്നന്നേക്കുമായി മറന്നോളണം. കുഞ്ഞിനെ പെട്ടെന്നുതന്നെ ദത്തെടുക്കാന്‍ തയ്യാറായി വരുന്ന ദമ്പതിമാര്‍ക്ക്‌ മാഫിയത്തലവന്‍ കൈമാറും.


അവസാനം പ്രസവിച്ച കുഞ്ഞിനെ മാത്രമാണ്‌ ഇറേന സ്വന്തമാക്കാനാഗ്രഹിച്ചത്‌. അവളുടെ അച്ഛനാരെന്ന്‌ അവള്‍ക്ക്‌ ഉറപ്പുണ്ടായിരുന്നു. പ്രിയ കാമുകനെക്കുറിച്ചുള്ള ഓര്‍മ നിലനിര്‍ത്താന്‍ ആ കുഞ്ഞിനെ വിട്ടുകിട്ടാന്‍ അവള്‍ മോഹിച്ചു. ആ മോഹമാണ്‌ അവളെ ഇറ്റലിയിലെത്തിച്ചത്‌. തിയ തന്‍െറ അവസാനത്തെ കുഞ്ഞാണെന്നാണ്‌ അവള്‍ കരുതിയത്‌. പക്ഷേ, ഡി.എന്‍.എ. ടെസ്റ്റിന്‍െറ വിധി അവള്‍ക്കെതിരായിരുന്നു.


`അജ്ഞാത' എന്ന സിനിമാ ശീര്‍ഷകം പ്രാധാന്യമര്‍ഹിക്കുന്നു. സിനിമയുടെ അവസാനഘട്ടം വരെ ഇറേന ആരാണ്‌ എന്ന്‌ നമ്മള്‍ അറിയുന്നില്ല. യുക്രൈനില്‍ നിന്ന്‌ വരുന്നു എന്നതല്ലാതെ ഇറേനയുടെ കുടുംബ പശ്ചാത്തലമൊന്നും വിശദീകരിക്കുന്നില്ല. മറ്റു കഥാപാത്രങ്ങള്‍ക്കെല്ലാം അവളൊരു പ്രഹേളികയാണ്‌. തിയയുടെ മുന്നില്‍ അവള്‍ അമ്മയായി പെരുമാറുന്നേയില്ല. അവിടെ അവള്‍ ആയതന്നെയാണ്‌. കുഞ്ഞുങ്ങളുടെ ജീവിതത്തില്‍ എപ്പോഴും വന്നുംപോയും കൊണ്ടിരിക്കുന്ന മുഖമില്ലാത്ത മനുഷ്യരിലൊരാള്‍. തിയ തന്‍െറ മകളാണെന്ന്‌ ഒടുവില്‍ പോലീസിനോടു മാത്രമാണ്‌ അവള്‍ തുറന്നു പറയുന്നത്‌. ഒരവസരത്തിലും ഒരമ്മയുടെ ആവേശത്തോടെ, അധികാരത്തോടെ അവള്‍ തിയയെ സമീപിക്കുന്നില്ല. തിയയുടെ അനിഷ്‌ടം സമ്പാദിച്ചും അവളെ സുധീരയാക്കാനാണ്‌ ഇറേന ശ്രമിക്കുന്നത്‌. തന്‍െറ ദുരനുഭവങ്ങളാണ്‌ അവളെ അതിന്‌ പ്രേരിപ്പിക്കുന്നത്‌. സ്വയം പ്രതിരോധിക്കാനുള്ള ശേഷി ആ പെണ്‍കുട്ടിയില്‍ വളര്‍ത്തിയെടുക്കുന്നതില്‍ അവള്‍ വിജയിക്കുന്നു. ഒമ്പത്‌ മക്കള്‍ക്കും ഇറേന എന്ന അമ്മ അജ്ഞാതയാണ്‌. തന്‍െറ മക്കളെ ആ അമ്മയ്‌ക്കുമറിയില്ല. മകളല്ലെങ്കിലും തിയയുമായി ആത്മബന്ധം സ്ഥാപിക്കുന്നുണ്ട്‌ ഇറേന. ജയിലില്‍ കഴിയുമ്പോള്‍ അവര്‍ തമ്മില്‍ കത്തിടപാടുകള്‍ നടന്നതായി സൂചനയുണ്ട്‌. 110 മിനിറ്റ്‌ നീണ്ട സിനിമ അവസാനിക്കുമ്പോള്‍ ഇരുവരും വീണ്ടും ഒരുമിക്കുന്നതാണ്‌ നമ്മള്‍ കാണുന്നത്‌.

Wednesday, January 14, 2009

വേട്ടക്കാരും ഇരകളും

ബ്രസീലിലെ റിയോ ഡി ജനീറോ നഗരത്തിലുള്ള എഴുന്നൂറോളം ചേരികള്‍ കേന്ദ്രീകരിച്ച്‌ വിളയാടുന്ന അധോലോക സംഘങ്ങളും അവരുടെ ചോരക്കളിയും സിനിമയ്‌ക്ക്‌ വീണ്ടും വിഷയമായിരിക്കുന്നു. ജോസ്‌ പദില സംവിധാനം ചെയ്‌ത `എലൈറ്റ്‌ സ്‌ക്വാഡ്‌' എന്ന ബ്രസീലിയന്‍ ചിത്രമാണ്‌ ഈ ഗണത്തിലെ ഒടുവിലത്തെ സിനിമ. ഫെര്‍ണാണ്ടോ മീറെല്ലസ്‌ സംവിധാനം ചെയ്‌ത `സിറ്റി ഓഫ്‌ ഗോഡ്‌', പൗലോ മൊറെല്ലി സംവിധാനം ചെയ്‌ത `സിറ്റി ഓഫ്‌ മെന്‍' എന്നീ ബ്രസീലിയന്‍ ചിത്രങ്ങളുടെ തുടര്‍ച്ചയായി `എലൈറ്റ്‌ സ്‌ക്വാഡി'നെ വിശേഷിപ്പിക്കാം. 2008ല്‍ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ചിത്രത്തിനുള്ള `ഗോള്‍ഡന്‍ ബിയര്‍' എലൈറ്റ്‌ സ്‌ക്വാഡിനായിരുന്നു. ബ്രസീലില്‍ ഈ ചിത്രം വന്‍ ഹിറ്റായിരുന്നു.��1997ല്‍ അന്നത്തെ മാര്‍പാപ്പ ജോണ്‍പോള്‍ രണ്ടാമന്‍െറ ബ്രസീല്‍ സന്ദര്‍ശനത്തിന്‍െറ പശ്ചാത്തലത്തിലാണ്‌ `എലൈറ്റ്‌ സ്‌ക്വാഡിന്‍െറ രചന. റിയോവിലെ കുപ്രസിദ്ധ ചേരിക്കടുത്തുള്ള ബിഷപ്പിന്‍െറ വസതിയിലായിരുന്നു മാര്‍പാപ്പയുടെ വിശ്രമം. നിലയ്‌ക്കാത്ത വെടിയൊച്ചയില്‍ നിന്ന്‌ മാര്‍പാപ്പയുടെ സന്ദര്‍ശന ദിവസങ്ങളിലെങ്കിലും റിയോനഗരത്തെ മോചിപ്പിക്കാന്‍ ഭരണാധികാരികള്‍ ആഗ്രഹിച്ചു. അത്‌ നടപ്പാക്കാന്‍ പോലീസിലെ ഒരു പ്രത്യേക വിഭാഗത്തെത്തന്നെ നിയോഗിച്ചു. ഈ പ്രത്യേക പോലീസിന്‍െറ ആക്‌ഷനും അതിനു നേതൃത്വം നല്‌കുന്ന ഓഫീസറുടെ ധര്‍മസങ്കടങ്ങളുമാണ്‌ 115 മിനിറ്റുള്ള ഈ ചിത്രം പറയുന്നത്‌.
റിയോനഗരത്തിലെ പന്ത്രണ്ട്‌ പോലീസുദ്യോഗസ്ഥരും ഒരു സൈക്യാട്രിസ്റ്റും നല്‌കിയ വിവരങ്ങളാണ്‌ തിരക്കഥയ്‌ക്ക്‌ അടിസ്ഥാനം. ബി.പി.ഒ.ഇ. എന്ന പ്രത്യേക പോലീസ്‌ വിഭാഗത്തിലെ ഒരുന്നത ഉദ്യോഗസ്ഥനും `സിറ്റി ഓഫ്‌ ഗോഡി'ന്‍െറ തിരക്കഥാകൃത്തായ ബ്രോജിയോ മന്‍േറാവനിയും ചേര്‍ന്നാണ്‌ `എലൈറ്റ്‌ സ്‌ക്വാഡിന്‍െറ തിരക്കഥ തയ്യാറാക്കിയത്‌. ഡോക്യുമെന്‍ററിയാക്കാനായിരുന്നു ആദ്യം ജോസ്‌ പദില പരിപാടിയിട്ടിരുന്നത്‌. തന്‍െറ ജീവന്‍ പോലും അപകടത്തിലായേക്കുമെന്ന്‌ മനസ്സിലാക്കി പിന്നീടദ്ദേഹം ഫീച്ചര്‍ സിനിമയാക്കി മാറ്റുകയാണുണ്ടായത്‌.

ആദ്യത്തെ രണ്ട്‌ സിനിമകളിലേതുപോലെ അധോലോകസംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ ഈ ചിത്രത്തിലില്ല. ഇവിടെ പോലീസാണ്‌ മേല്‍ക്കൈ നേടുന്നത്‌. പോലീസ്‌ വേട്ടക്കാരും അധോലോക സംഘം ഇരകളുമായി മാറുകയാണ്‌.

രാഷ്ട്രീയക്കാരുടെയും പോലീസിന്‍െറയും തണലിലാണ്‌ ചേരികളിലെ മയക്കുമരുന്നു മാഫിയ വളരുന്നത്‌. മരണഭയമുള്ളവരാണ്‌ പോലീസിലേറെപ്പേരും. എല്ലാ നെറികേടുകള്‍ക്കും അവര്‍ കൂട്ടുനില്‍ക്കും. മാഫിയകളില്‍ നിന്ന്‌ `പടി'പറ്റി അവര്‍ പരസ്‌പരസഹകരണത്തിന്‍െറ വഴിതുറന്നു കൊടുക്കുന്നു. ഈ അവസ്ഥയിലാണ്‌ ഒരു ശുദ്ധികലശത്തിനായി നാസിമെന്‍േറാ എന്ന പോലീസ്‌ ഓഫീസര്‍ അവിടെ എത്തുന്നത്‌. അഴിമതിക്ക്‌ എതിരാണ്‌ നാസിമെന്‍േറാ. പരിശീലനകാലത്തുതന്നെ അയാള്‍ ഓരോരുത്തരെയും കര്‍ശനമായി നിരീക്ഷിക്കും. അഴിമതിക്കാരാണെന്നു കണ്ടാല്‍ പോലീസില്‍നിന്ന്‌ പറഞ്ഞുവിടും.

മാര്‍പാപ്പയുടെ `സുഖനിദ്ര' നാസിമെന്‍േറായുടെ ചുമലിലാണ്‌ വീഴുന്നത്‌. അതോടെ, നാസിമെന്‍േറായുടെ ഉറക്കം നഷ്‌ടപ്പെടുന്നു. അയാളുടെ ഭാര്യ പൂര്‍ണഗര്‍ഭിണിയാണ്‌. കുടുംബജീവിതം ആഗ്രഹിക്കുന്ന ഒരു സാധാരണ സ്‌ത്രീയാണവര്‍. രാത്രി വൈകിയെത്തി അതിരാവിലെ വീണ്ടും മാഫിയ വേട്ടക്കിറങ്ങുന്ന നാസിമെന്‍േറാവിന്‌ തന്‍െറ ജീവിതത്തെപ്പറ്റി ഒരുറപ്പും നല്‌കാനാവുന്നില്ല. എങ്കിലും, ഔദ്യോഗികജീവിതത്തിന്‍െറ കാഠിന്യം അയാള്‍ മനസ്സിലാക്കുന്നുണ്ട്‌. സ്വസ്ഥമായ ഒരു കുടുംബജീവിതം അയാളും കൊതിക്കുന്നു. പ്രത്യേക പരിശീലനം നേടിയ നൂറ്‌ ചെറുപ്പക്കാരാണ്‌ ബി.പി.ഒ.ഇ. എന്ന പ്രത്യേക പോലീസ്‌ സേനയിലുള്ളത്‌. ഇവരില്‍നിന്ന്‌ മിടുക്കനും പ്രാപ്‌തനുമായ ഒരാളെ തന്‍െറ പിന്‍ഗാമിയായി കണ്ടെത്തണം. എന്നിട്ടുവേണം വിശ്രമമില്ലാത്ത കഠിനജീവിതത്തില്‍നിന്ന്‌ പിന്മാറാന്‍.

പകരക്കാരനെ കണ്ടെത്താനുള്ള നാസിമെന്‍േറായുടെ ശ്രമങ്ങളാണ്‌ ഈ `പോലീസ്‌ സ്റ്റോറി'യെ വ്യത്യസ്‌തമാക്കുന്നത്‌. മകന്‍െറ ജനനത്തോടെ നാസിമെന്‍േറാ തന്‍െറ ലക്ഷ്യപ്രാപ്‌തിക്കായി പ്രയത്‌നനം തുടങ്ങുന്നു. ഔദ്യോഗിക ജീവിതത്തിന്‍െറ സമ്മര്‍ദങ്ങളും കുടുംബജീവിതത്തോടുള്ള അഭിനിവേശവും അയാളില്‍ സംഘര്‍ഷമായി വളരുകയാണ്‌. മാഫിയകളെ നിര്‍ദാക്ഷിണ്യം വേട്ടയാടുകയും ഒപ്പം തന്‍െറ കര്‍ക്കശമായ വഴിയിലേക്ക്‌ ഒരു പകരക്കാരനെ കൊണ്ടുവരികയും ചെയ്യുക എന്ന ദ്വിമുഖ തന്ത്രമാണ്‌ നാസിമെന്‍േറാ സ്വീകരിക്കുന്നത്‌. പകരക്കാരായി രണ്ട്‌ ഉശിരന്മാരെയാണ്‌ അയാള്‍ കണ്ടുവെക്കുന്നത്‌. പുതുതായി സേനയില്‍ ചേര്‍ന്ന നാറ്റോ, മത്യാസ്‌ എന്നിവരാണവര്‍. രണ്ടുപേരും കളിക്കൂട്ടുകാരാണ്‌. നാറ്റോ അല്‌പം ചൂടനാണ്‌. ചിന്തിക്കും മുന്‍പ്‌ പ്രവര്‍ത്തിച്ചുകളയും. മത്യാസ്‌ അങ്ങനെയല്ല. ചേരിയില്‍നിന്നാണവന്‍െറ വരവ്‌. റിയോവിലെ മികച്ച ലോകോളേജില്‍ പഠിക്കുകയാണവന്‍. എടുത്തുചാട്ടക്കാരനല്ല. നിയമസംരക്ഷകരാണ്‌ പോലീസും അഭിഭാഷകരും എന്നു വിശ്വസിക്കുന്നവനാണ്‌ മത്യാസ്‌. അവന്‌ ഒരാദര്‍ശലോകമുണ്ട്‌. സൂക്ഷ്‌മനിരീക്ഷണങ്ങളിലൂടെയും കടുപ്പമേറിയ പരീക്ഷണങ്ങളിലൂടെയും നാസിമെന്‍േറാ ഒടുവില്‍ മത്യാസിനെയാണ്‌ പകരക്കാരനായി തിരഞ്ഞെടുക്കുന്നത്‌.

വെടിയൊച്ച നിലയ്‌ക്കാത്ത റിയോ നഗരമാണ്‌ `സിറ്റി ഓഫ്‌ ഗോഡി'ല്‍ നമ്മള്‍ കണ്ടത്‌. `സിറ്റി ഓഫ്‌ മെന്നി'ലാകട്ടെ ചേരികളിലെ ചെറുപ്പക്കാരുടെ അനാഥത്വത്തിന്‍െറ വേദനയും വിഷാദവും രോഷവുമാണ്‌ നിറഞ്ഞുനിന്നത്‌. പ്രമേയഘടനയില്‍ `സിറ്റി ഓഫ്‌ ഗോഡി'ന്‌ അടുത്തു നില്‍ക്കുന്നു `എലൈറ്റ്‌ സ്‌ക്വാഡ്‌'. നാസിമെന്‍േറായുടെ വീക്ഷണത്തിലാണ്‌ സംവിധായകന്‍ സിനിമയൊരുക്കിയിരിക്കുന്നത്‌. മാര്‍പാപ്പയുടെ സന്ദര്‍ശനം സുഗമമാക്കാനും ഒപ്പം തന്‍െറ വ്യക്തിപരമായ ആഗ്രഹം സഫലമാക്കാനുമാണ്‌ അയാള്‍ യത്‌നനിക്കുന്നത്‌. തിരക്കഥയെ ഇങ്ങനെ രണ്ട്‌ സമാന്തര സംഭവങ്ങളിലൂടെ കൊണ്ടുപോവുകയാണ്‌ സംവിധായകന്‍. നാസിമെന്‍േറായാണ്‌ കഥ പറയുന്നത്‌. അയാളുടെ പക്ഷത്താണ്‌ സംവിധായകന്‍ നിലയുറപ്പിക്കുന്നത്‌. നാസിമെന്‍േറായുടെ കാഴ്‌ചപ്പാടുകള്‍ക്കുമാത്രമാണ്‌ ഇവിടെ പ്രസക്തി. അയാള്‍ക്കൊപ്പം സഞ്ചരിക്കുകയാണ്‌ ക്യാമറ.



മികച്ച സിനിമ എന്ന ഗണത്തില്‍പ്പെടുത്താനാവാത്ത `എലൈറ്റ്‌ സ്‌ക്വാഡ്‌' പലയിടത്തും ഡോക്യുമെന്‍ററിയുടെ സ്വഭാവം കാണിക്കുന്നു. സംഭാഷണങ്ങളിലുടനീളം പോലീസിന്‍െറയും തെരുവുഗുണ്ടകളുടെയും വൃത്തികെട്ട ഭാഷയാണ്‌ ഉപയോഗിക്കുന്നത്‌. ബ്രസീലിയന്‍ പോലീസിന്‍െറ കര്‍ക്കശമായ പരിശീലനവും ക്രൂരമായ മര്‍ദന മുറകളും ദൃശ്യങ്ങളില്‍ വന്നുനിറയുന്നു. ഭരണവര്‍ഗത്തിന്‍െറ പിണിയാളുകളായ പോലീസിനെ ഒരഭിജാത വിഭാഗമാക്കി മാറ്റി അതിക്രമങ്ങള്‍ക്ക്‌ വെള്ളപൂശുകയാണ്‌ സംവിധായകന്‍ എന്ന വിമര്‍ശം ഈ ചിത്രത്തിനെതിരെ ഉയര്‍ന്നിട്ടുണ്ട്‌. `ബസ്‌ 174' എന്ന ഡോക്യുമെന്‍ററിയിലൂടെ സാമൂഹിക പ്രതിബദ്ധത തെളിയിച്ച ജോസ്‌പദിലക്ക്‌ വഴിതെറ്റുന്നുവോ എന്ന്‌ ചിലര്‍ ശങ്കിക്കുന്നു (ഒരു ബസ്‌റാഞ്ചിയുടെ അനുഭവത്തിലൂടെ റിയോ ഡി ജനീറോവിലെ ദാരിദ്ര്യവും തെരുവുജീവിതവും അനാവരണം ചെയ്‌ത `ബസ്‌ 174' ഏറെ പ്രശംസ നേടിയിരുന്നു).

Wednesday, December 31, 2008

അന്യരുടെ ലോകം

രണ്ട്‌ ജനതയും രണ്ടുസംസ്‌കാരവും. അവയുടെ ആശ്ലേഷവും അവ തമ്മിലുള്ള സംഘര്‍ഷവും. ഫതീഹ്‌ അകിന്‍ എന്ന മുപ്പത്തിയഞ്ചുകാരനായ ജര്‍മന്‍ സംവിധായകന്‍െറ സിനിമകളില്‍ വീണ്ടും വീണ്ടും പ്രത്യക്ഷപ്പെടുന്നത്‌ ഈ ലോകമാണ്‌. തുര്‍ക്കിയില്‍ നിന്നു കുടിയേറിയവരുടെ പരമ്പരയില്‍പ്പെട്ട 27 ലക്ഷം പേരാണ്‌ ഇപ്പോള്‍ ജര്‍മനിയിലുള്ളത്‌. രണ്ടു രാജ്യത്തും അവര്‍ക്ക്‌ വേരോട്ടമില്ല. സ്വന്തം രാജ്യത്തുനിന്നും സംസ്‌കാരത്തില്‍ നിന്നും അവര്‍ അകന്നുപോകുന്നു. അതുപോലെ, കുടിയേറിയ രാജ്യത്തും അവര്‍ അന്യരാക്കപ്പെടുന്നു. ഈ അന്യരുടെ വേദനയാണ്‌ തുര്‍ക്കിവംശജനായ ഫതീഹ്‌ അകിന്‍ തന്‍െറ സിനിമകളില്‍ പകര്‍ത്തുന്നത്‌. സ്വാനുഭവങ്ങളുടെ ചൂട്‌ കൂടി ആ വേദനയിലേക്ക്‌ പകരുമ്പോള്‍ അകിന്‍ സിനിമകള്‍ ആത്മാംശമുള്ളവയായി മാറുന്നു.

ഷോര്‍ട്ട്‌ ഷാര്‍പ്പ്‌ ഷോര്‍ട്ട്‌, ഇന്‍ ജൂലായ്‌, വീ ഫൊര്‍ഗോട്ട്‌ ടു ഗോ ബാക്ക്‌, സോളിനോ, ഹെഡ്‌ഓണ്‍ എന്നീ ചിത്രങ്ങളിലൂടെ പ്രശസ്‌തിയിലേക്കുയര്‍ന്ന ഫതീഹ്‌ അകിന്‍െറ ആറാമത്തെ ചിത്രമാണ്‌ `ദ എഡ്‌ജ്‌ ഓഫ്‌ ഹെവന്‍'. 2007-ലെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച തിരക്കഥയ്‌ക്കുള്ള അവാര്‍ഡ്‌ ഈ ചിത്രത്തിനായിരുന്നു.

മൂന്നു ഖണ്ഡങ്ങളായി തിരിച്ചിട്ടുള്ള `ദ എഡ്‌ജ്‌ ഓഫ്‌ ഹെവന്‍െറ' ഇതിവൃത്തം ആറ്‌ കഥാപാത്രങ്ങളിലൂടെയാണ്‌ വികസിക്കുന്നത്‌. നായകനായ പ്രൊഫ. നജദ്‌, അയാളുടെ പിതാവ്‌ അലി, അഭിസാരികയായ യെറ്റര്‍, യെറ്ററുടെ മകള്‍ എയ്‌റ്റന്‍ ഓസ
്‌തുര്‍ക്ക്‌, അവളുടെ കൂട്ടുകാരി ലോട്ടെ, ലോട്ടെയുടെ അമ്മ സൂസന്നെ സ്റ്റോബ്‌ എന്നിവരാണ്‌ ആറ്‌ കഥാപാത്രങ്ങള്‍. ഇവരുടെ ജീവിതത്തിലൂടെ കുടുംബബന്ധത്തിന്‍െറ, സേ്‌നഹബന്ധത്തിന്‍െറ ദൃഢതയാണ്‌ സംവിധായകന്‍ ഫതീഹ്‌ അകിന്‍ അനാവരണം ചെയ്യുന്നത്‌.

`യെറ്ററുടെ മരണം' എന്നാണ്‌ ആദ്യഖണ്ഡത്തിന്‍െറ ശീര്‍ഷകം. കഥയുടെ പ്രധാന വഴിത്തിരിവായ യെറ്ററുടെ മരണത്തോടെ ഈ ഖണ്ഡം അവസാനിക്കുന്നു. രണ്ടാമത്തെ ഖണ്ഡവും ഒരു മരണത്തിലാണ്‌ അവസാനിക്കുന്നത്‌. `ലോട്ടെയുടെ മരണം' എന്നാണിതിന്‍െറ ശീര്‍ഷകം. രണ്ടു മരണങ്ങള്‍ ഏല്‌പിച്ച ആഘാതത്തില്‍ നിന്നു മുക്തരാവുന്ന ബാക്കി നാലു കഥാപാത്രങ്ങള്‍ പരസ്‌പരം തിരിച്ചറിഞ്ഞ്‌ സേ്‌നഹത്തിന്‍െറ ലോകത്തേക്ക്‌ നടന്നടുക്കുന്നതാണ്‌ അവസാനഖണ്ഡത്തില്‍ നമ്മള്‍ കാണുന്നത്‌. സിനിമയുടെ ശീര്‍ഷകം തന്നെയാണ്‌ ഈ ഖണ്ഡത്തിനു നല്‌കിയിരിക്കുന്നത്‌.

തുര്‍ക്കിയിലും ജര്‍മനിയിലുമായാണ്‌ കഥ നടക്കുന്നത്‌. ജര്‍മനിയിലെ ഒരു സര്‍വകലാശാലയില്‍ ജര്‍മന്‍ പഠിപ്പിക്കുകയാണ്‌ പ്രൊഫ. നജദ്‌. തുര്‍ക്കി വംശജനാണിയാള്‍. നെജദിന്‌ ആറു മാസം പ്രായമുള്ളപ്പോള്‍ അമ്മ മരിച്ചു. അവിടുന്നങ്ങോട്ട്‌ പിതാവ്‌ അലിയാണ്‌ അയാള്‍ക്ക്‌ എല്ലാം. പെന്‍ഷന്‍ കൊണ്ട്‌ ജീവിക്കുന്ന അലി ചുവന്ന തെരുവിലെ സന്ദര്‍ശകനാണ്‌. ഒരിക്കല്‍ യെറ്റര്‍ എന്ന തുര്‍ക്കിക്കാരിയെ അയാള്‍ പരിചയപ്പെടുന്നു. ചുവന്ന തെരുവില്‍ നിന്നുണ്ടാക്കുന്ന വരുമാനമത്രയും താന്‍ നല്‍കിക്കോളാം എന്നു വാഗ്‌ദാനം ചെയ്‌ത്‌ അലി അവളെ വീട്ടിലേക്ക്‌ കൂട്ടിക്കൊണ്ടുപോകുന്നു. യെറ്ററും വിധവയാണ്‌. അവളുടെ മകള്‍ എയ്‌റ്റന്‍ തുര്‍ക്കിയില്‍ സര്‍വകലാശാല വിദ്യാര്‍ഥിനിയാണ്‌. മകളുടെ പഠിപ്പിനുവേണ്ട പണം കണ്ടെത്താനാണ്‌ യെറ്റര്‍ ശരീരം വില്‍ക്കുന്നത്‌. ജര്‍മനിയിലെ ബ്രെമന്‍ എന്ന സ്ഥലത്ത്‌ ഷൂ വില്‌പനശാലയില്‍ ജോലിക്കാരിയാണ്‌ എന്നാണവള്‍ മകളെ ധരിപ്പിച്ചിരിക്കുന്നത്‌. വിഷയലമ്പടനായ അലിക്ക്‌ യെറ്ററെയും മകനെയും സംശയമാണ്‌. നന്നായി മദ്യപിച്ച ഒരു ദിവസം അലിയുടെ അടിയേറ്റ്‌ യെറ്റര്‍ മരിക്കുന്നു. യെറ്ററുടെ ആത്മത്യാഗത്തിന്‍െറ കഥയറിയാവുന്ന നെജദ്‌ അവളുടെ മകളെ കണ്ടെത്താന്‍ ശ്രമം തുടങ്ങുന്നു. എയ്‌റ്റന്‍െറ വിദ്യാഭ്യാസത്തിനു വേണ്ട പണം നല്‍കാന്‍ അയാള്‍ ആഗ്രഹിക്കുന്നു. അറിവും വിദ്യാഭ്യാസവും മനുഷ്യാവകാശങ്ങളാണെന്നു വിശ്വസിക്കുന്ന നെജദ്‌ എയ്‌റ്റനെത്തേടി തുര്‍ക്കിയിലെത്തുന്നു.

കഥയുടെ രണ്ടാം ഖണ്ഡത്തില്‍ നമ്മള്‍ ബാക്കി മൂന്നുപേരെ കൂടി പരിചയപ്പെടുന്നു. തുര്‍ക്കിയിലെ ഇസ്‌താംബുളിലാണ്‌ എയ്‌റ്റന്‍ പഠിക്കുന്നത്‌. ഒരു തീവ്രവാദ സംഘടനയിലെ സജീവാംഗമാണവള്‍. കൂട്ടുകാരോടൊപ്പം അവള്‍ പോലീസുമായി ഏറ്റുമുട്ടുന്നു. മൂന്നു പെണ്‍കുട്ടികള്‍ അറസ്റ്റിലാവുന്നു. എയ്‌റ്റന്‍ അവിടെ നിന്നു രക്ഷപ്പെട്ട്‌ കള്ളപാസേ്‌പാര്‍ട്ടില്‍ ജര്‍മനിയിലെത്തുന്നു. അവിടെവെച്ച്‌ ജര്‍മന്‍ വിദ്യാര്‍ഥിനിയായ ലോട്ടെയെ പരിചയപ്പെടുന്നു. ഇരുവരും പ്രണയികളായി മാറുന്നു. അമ്മ യെറ്ററെത്തേടി ബ്രെമനിലേക്കു പുറപ്പെടുന്ന എയ്‌റ്റന്‍പോലീസ്‌ പിടിയിലാകുന്നു. ജര്‍മനിയില്‍ രാഷ്ട്രീയാഭയം തേടാനുള്ള അവളുടെ ശ്രമം ഫലിക്കുന്നില്ല. അവളെ തുര്‍ക്കിയിലേക്ക്‌ തിരിച്ചയയ്‌ക്കുന്നു. ഇരുപതോ മുപ്പതോ വര്‍ഷം ജയില്‍ ശിക്ഷ കിട്ടാവുന്ന കുറ്റമാണ്‌ തുര്‍ക്കി ഗവണ്മെന്‍റ്‌ ചുമത്തുന്നത്‌. അമ്മയുടെ വിലക്ക്‌ വകവെക്കാതെ എയ്‌റ്റനെ സഹായിക്കാന്‍ ലോട്ടെ തുര്‍ക്കിയിലെത്തുന്നു. എയ്‌റ്റന്‍ ഒരിടത്ത്‌ ഒളിപ്പിച്ചുവെച്ച തോക്ക്‌ കണ്ടെടുത്തെങ്കിലും ബാഗിലാക്കി മടങ്ങവെ മൂന്നു തെരുവു പിള്ളേര്‍ അത്‌ തട്ടിപ്പറിക്കുന്നു. അവരെ പിന്തുടര്‍ന്ന ലോട്ടെ വെടിയേറ്റു മരിക്കുന്നു.

മകളുടെ മരണകാരണമന്വേഷിച്ച്‌ ലോട്ടെയുടെ അമ്മ സുസന്നെ തുര്‍ക്കിയിലെത്തുന്നു. എയ്‌റ്റനോട്‌ മകള്‍ക്കുണ്ടായിരുന്ന ഗാഢബന്ധം സുസന്നെയെ സ്‌പര്‍ശിക്കുന്നു. അതോടെ, എയ്‌റ്റനെ ജയിലില്‍ നിന്നു രക്ഷിക്കാന്‍ അവര്‍ ശ്രമം തുടങ്ങുകയാണ്‌. ഒടുവില്‍, ജയില്‍ മോചിതയാകുന്ന എയ്‌റ്റനെ അവര്‍ മകളെപ്പോലെ സ്വീകരിക്കുന്നു. `കൊലപാതകിയായ അച്ഛനെ കാണേണ്ട' എന്നു തള്ളിപ്പറഞ്ഞ പ്രൊഫ. നെജദ്‌ എല്ലാം മറന്ന്‌ അലിയെ സേ്‌നഹിക്കാന്‍ തുടങ്ങുന്നതോടെ സിനിമ തീരുന്നു.

പശ്ചാത്താപവിവശനായ പ്രൊഫ. നെജദ്‌ പിതാവിനെത്തേടി കരിങ്കടല്‍തീരത്തെ ജന്മനാട്ടില്‍ എത്തുന്നതോടെയാണ്‌ 110 മിനിറ്റ്‌ നീണ്ട ഈ സിനിമ തുടങ്ങുന്നത്‌. അവിടെ നിന്ന്‌ പിറകിലേക്ക്‌ സഞ്ചരിച്ച്‌ വീണ്ടും വര്‍ത്തമാനകാലത്ത്‌ എത്തിച്ചേരുന്നു. ഓളങ്ങളുടെ ശാന്തസംഗീതം കേട്ട്‌, ഇളകിക്കളിക്കുന്ന ഒറ്റവഞ്ചിക്കു സമീപം നെജദ്‌ കാത്തിരിക്കുകയാണ്‌ അവസാനദൃശ്യത്തില്‍. മകനെ സംരക്ഷിക്കാന്‍ ദൈവത്തെപ്പോലും ശത്രുവാക്കുമെന്നു പറഞ്ഞ സേ്‌നഹവാനായ പിതാവിനു വേണ്ടിയാണ്‌ ഈ കാത്തിരിപ്പ്‌.

തന്‍െറ രാഷ്‌ട്രീയ, സാമൂഹിക, സാംസ്‌കാരിക കാഴ്‌ചപ്പാടുകള്‍ മറയില്ലാതെ വെളിപ്പെടുത്തുന്നുണ്ട്‌ സംവിധായകന്‍. ചിലപ്പോള്‍ സൗമ്യമായി, മറ്റു ചിലപ്പോള്‍ പരുഷമായി അത്‌ അവതരിപ്പിക്കുന്നു. ചെര്‍ണോബില്‍ ആണവച്ചോര്‍ച്ചയുടെ ദുരന്തഫലവും യൂറോപ്യന്‍ യൂണിയനോടുള്ള തുര്‍ക്കിക്കാരുടെ എതിര്‍പ്പും ആഗോളീകരണത്തിന്‍െറ ദൂഷ്യവശങ്ങളുമൊക്കെ ചര്‍ച്ചയ്‌ക്ക്‌ വിഷയമാക്കുന്നു സംവിധായകന്‍.

Friday, December 12, 2008

തുയയുടെ കണ്ണുനീര്‍


‍പുറംലോകത്തെ മോടികളില്‍നിന്ന്‌ അകന്ന്‌ അതിജീവനത്തിന്‍െറ പാതയിലൂടെ ചരിക്കുന്ന കുറെ മനുഷ്യരുടെ കഥയാണ്‌ ചൈനീസ്‌ ചിത്രമായ `തുയാസ്‌ മാര്യേജ്‌'. 2007-ലെ ബര്‍ലിന്‍ ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള `ഗോള്‍ഡന്‍ ബിയര്‍' പുരസ്‌കാരം ഈ സിനിമയ്‌ക്കായിരുന്നു. വാങ്‌ ക്വാന്‍ ആന്‍ സംവിധാനം ചെയ്‌ത ഈ സിനിമയില്‍ നായികയായി വേഷമിട്ട യു നാന്‍ ചിക്കാഗോ ചലച്ചിത്രമേളയില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയിട്ടുണ്ട്‌.

നമുക്ക്‌ തീര്‍ത്തും അപരിചിതമായ ഭൂഭാഗം. അപരിചിതമായ ജീവിത സാഹചര്യങ്ങള്‍. എന്നിട്ടും നമ്മളീചിത്രം വല്ലാതെ ഇഷ്‌ടപ്പെട്ടുപോകും. കഠിനവഴികളിലൂടെ നീങ്ങുമ്പോഴും ജീവിതത്തെ മുറുകെപ്പിടിക്കുന്നവരാണിതിലെ കഥാപാത്രങ്ങള്‍. അവരുടെ കഥ പറയുന്നതാകട്ടെ ലളിതമായ ശൈലിയിലും.

മംഗോളിയയിലെ ഒരുള്‍നാടന്‍ ഗ്രാമത്തിലാണ്‌ കഥനടക്കുന്നത്‌. ഒരു ചെടിപോലും മുളയ്‌ക്കാത്ത പാഴ്‌ഭൂമിയാണ്‌ സിനിമയുടെ പശ്ചാത്തലം. മരവിപ്പിക്കുന്ന തണുപ്പാണ്‌ എപ്പോഴും. വെള്ളം അവിടെ അപൂര്‍വവസ്‌തുവാണ്‌. പ്രകൃതിയെയും മനുഷ്യരെയും സേ്‌നഹിച്ച്‌, പ്രതികൂല സാഹചര്യങ്ങളിലും നാഗരികതയിലേക്ക്‌ മനസ്സ്‌ തെന്നിപ്പോകാതെ ജീവിക്കുന്ന തുയ എന്ന യുവതിയുടെയും അവളുമായി ബന്ധപ്പെട്ടുകഴിയുന്ന കുറേ മനുഷ്യരുടെയും കഥയാണിത്‌.

സിനിമയുടെ ശീര്‍ഷകത്തില്‍ത്തന്നെ ഇതിവൃത്ത സൂചനയുണ്ട്‌. തുയയുടെ വിവാഹച്ചടങ്ങിലാണ്‌ കഥയാരംഭിക്കുന്നത്‌. തുയയുടെ രണ്ടാം വിവാഹമാണത്‌. അവള്‍ക്കിഷ്‌ടമുണ്ടായിട്ടല്ല. ഭര്‍ത്താവുണ്ടായിരിക്കെ രണ്ടാമതൊരു വിവാഹത്തിന്‌ അവള്‍ നിര്‍ബന്ധിക്കപ്പെടുകയായിരുന്നു. ഭര്‍ത്താവ്‌ ബാത്തര്‍ അവശനാണ്‌. വീടിന്നടുത്ത്‌ കിണര്‍ കുഴിക്കാനുള്ള ശ്രമത്തിനിടെ പരിക്കുപറ്റിയതാണ്‌. കിണറ്റില്‍ വെള്ളം കാണുന്നതിനു തൊട്ടുമുമ്പാണ്‌ അയാള്‍ വീണുപോയത്‌.

കുറച്ചുവെള്ളം കിട്ടണമെങ്കില്‍ പതിനഞ്ച്‌ കിലോമീറ്റര്‍ നടക്കണം. കാനുകളിലാക്കി ഒട്ടകപ്പുറത്ത്‌ വെള്ളം കൊണ്ടുവരേണ്ട ജോലികൂടി തുയ ചെയ്യണം. രണ്ട്‌ മക്കളാണവര്‍ക്ക്‌. മകന്‍ സ്‌കൂള്‍ വിദ്യാര്‍ഥി. അതിനുതാഴെ ഒരു കൊച്ചുപെണ്‍കുട്ടി. നൂറോളം ചെമ്മരിയാടുകളാണ്‌ ആകെയുള്ള വരുമാനമാര്‍ഗം.

തുയയുടെ കഠിനമായ അവസ്ഥകണ്ട്‌ ബാത്തര്‍തന്നെയാണ്‌ രണ്ടാമതൊരു വിവാഹത്തിനുള്ള നിര്‍ദേശം മുന്നോട്ട്‌ വെച്ചത്‌. `അപ്പോള്‍ ബാത്തര്‍ എങ്ങോട്ടുപോകും' എന്നതായിരുന്നു അവളുടെ ചോദ്യം. ഭര്‍ത്താവ്‌ നഷ്‌ടപ്പെട്ട, ആറുമക്കളുള്ള സഹോദരിയുടെ കൂടെ താന്‍ കഴിഞ്ഞോളാം എന്നയാള്‍ മറുപടി നല്‍കുന്നു. അത്‌ തുയയ്‌ക്ക്‌ സമ്മതമായിരുന്നില്ല. ബാത്തറെക്കൂടി തന്‍െറയൊപ്പം നിര്‍ത്താന്‍ സമ്മതിക്കുന്ന ഒരു പുരുഷന്‍െറ കൂടെയേ താന്‍ പോകൂവെന്ന്‌ അവള്‍ തീരുമാനിക്കുന്നു. അവര്‍ കമ്യൂണിസ്റ്റ്‌പാര്‍ട്ടി നേതാവിനെ സമീപിച്ച്‌ തങ്ങളുടെ തീരുമാനം അറിയിക്കുന്നു. പിന്നെ, തുയയുടെ കാത്തിരിപ്പാണ്‌. പലരും അവളെ കാണാനെത്തി. പക്ഷേ, ആര്‍ക്കും ബാത്തറുടെ സംരക്ഷണം ഏറ്റെടുക്കാന്‍ വയ്യ. സ്‌കൂളില്‍ സഹപാഠിയായിരുന്ന എണ്ണപ്പണക്കാരന്‍ എല്ലാ നിബന്ധനകളും പാലിക്കാമെന്ന ഉറപ്പില്‍ അവളെ സമീപിച്ചു. തന്‍െറ ശരീരമേ അയാള്‍ക്ക്‌ വേണ്ടൂ, ബാത്തറെ സംരക്ഷിക്കാന്‍ വയ്യ എന്നറിഞ്ഞതും അവള്‍ ആ ബന്ധത്തില്‍നിന്ന്‌ പിന്മാറുന്നു.

തുയയുടെ അയല്‍ക്കാരനാണ്‌ ഷെന്‍ഗ എന്ന യുവാവ്‌. കഠിനാധ്വാനിയാണ്‌. അവനുണ്ടാക്കുന്ന പണം മുഴുവന്‍ ഭാര്യ ധൂര്‍ത്തടിക്കുകയാണ്‌. അവള്‍ ഇടയ്‌ക്കിടെ മറ്റാരുടെയെങ്കിലും കൂടെ ഒളിച്ചോടിപ്പോവുകയും ചെയ്യും. ഷെന്‍ഗയ്‌ക്ക്‌ തുയയെ കെട്ടണമെന്നുണ്ട്‌. അവള്‍ക്കായി അയാള്‍ ഒരു കിണര്‍ കുഴിച്ചുതുടങ്ങുന്നു. തുയയുടെ വീട്ടിനു പിറകിലാണത്‌. സാഹചര്യങ്ങളുടെ സമ്മര്‍ദത്താല്‍ തുയ ഷെന്‍ഗയെ കെട്ടാന്‍ സമ്മതിക്കുന്നു. വിവാഹദിവസം ബാത്തര്‍ക്ക്‌ സങ്കടം സഹിക്കാനാവുന്നില്ല. ഷെന്‍ഗയുടെ സാന്ത്വനിപ്പിക്കല്‍ ബാത്തറെ രോഷാകുലനാക്കുന്നു. അയാള്‍ ഷെന്‍ഗയെ കൈയേറ്റം ചെയ്യുന്നു. `നിനക്ക്‌ രണ്ടച്ഛന്മാരുണ്ടെന്ന്‌ പറഞ്ഞ പയ്യനെ തുയയുടെ മകന്‍ തല്ലുന്നു. ഇതെല്ലാംകണ്ട്‌ തുയ വേദനിച്ചു. വിവാഹവേദിയില്‍ നിന്നിറങ്ങിയ അവള്‍ മുറിയില്‍ അടച്ചിട്ടിരുന്നു കണ്ണീരൊഴുക്കുന്നു. ആരുവിളിച്ചിട്ടും അവള്‍ പുറത്തിറങ്ങുന്നില്ല. അവളുടെ വിലാപത്തിന്‌ ശക്തികൂടവെ സിനിമ അവസാനിക്കുന്നു.

നാഗരികതയുടെ കടന്നുകയറ്റത്തില്‍ നഷ്‌ടപ്പെട്ടുകൊണ്ടിരിക്കുന്ന ഗ്രാമത്തനിമയുടെ കണ്ണീര്‍ വീഴുന്നുണ്ടീ ചിത്രത്തില്‍. തിരിച്ചെടുക്കാനാവാത്ത വിധം കൈവിട്ടുപോകുന്ന സംസ്‌കാരത്തെയും പാരമ്പര്യത്തെയും ഓര്‍ത്ത്‌ വേദനിക്കുകയാണ്‌ സംവിധായകന്‍. യാത്ര ചെയ്യാന്‍ ഒട്ടകവും കുതിരയും മാത്രമുള്ള ഗ്രാമപ്പാതയിലേക്ക്‌ ഇരമ്പലോടെ ട്രാക്ടറും മോട്ടോര്‍ബൈക്കും കാറും കടന്നുവരുന്നത്‌ ആശങ്കയോടെയാണ്‌ സംവിധായകന്‍ കാണുന്നത്‌.��തുയയുടെ സ്വഭാവദാര്‍ഢ്യത്തിന്‍െറയും കുടുംബസേ്‌നഹത്തിന്‍െറയും തിളക്കം കൂട്ടാന്‍ മറ്റ്‌ രണ്ട്‌ യുവതികളുടെ കഥ ഇതില്‍ പരാമര്‍ശിക്കുന്നുണ്ട്‌. സുഖസൗകര്യങ്ങള്‍ തേടിപ്പോകുന്ന പുതുതലമുറയുടെ പ്രതിനിധികളാണവര്‍. അവര്‍ക്ക്‌ മരുഭൂമിയിലെ വിരസജീവിതം വേണ്ട. പുതിയ ബന്ധങ്ങളിലേക്ക്‌ പടര്‍ന്നുകയറി ജീവിതം ആസ്വദിക്കാനാണവര്‍ കൊതിക്കുന്നത്‌.

ഈ സിനിമയില്‍ എപ്പോഴും ചര്‍ച്ചാവിഷയമാകുന്നത്‌ വെള്ളമാണ്‌. വെള്ളം കിട്ടാനാണ്‌ ഗ്രാമീണര്‍ കഷ്‌ടപ്പെടുന്നതും. സ്വന്തമായി ഒരു കിണര്‍ അവര്‍ സ്വപ്‌നം കാണുന്നു. പക്ഷേ, അവരുടെ അപൂര്‍ണജീവിതംപോലെയാണ്‌ കിണറും. എത്ര കുഴിച്ചാലും അതൊരിക്കലും പൂര്‍ത്തിയാകുന്നില്ല.

Monday, December 1, 2008

ശരീരം തടവറയാകുമ്പോള്‍

ഫഞ്ച്‌ ഫാഷന്‍ മാസികയായ `എല്ലെ'യുടെ ഊര്‍ജസ്വലനായ എഡിറ്ററാണ്‌ ഴാങ്‌ ഡൊമിനിക്‌ ബോബി എന്ന നാല്‌പത്തിരണ്ടുകാരന്‍. വിശ്രമമില്ലാത്ത, ചടുലമായ ജീവിതം. പ്രശസ്‌തിയുടെ നെറുകയില്‍ നിലെ്‌ക്ക 1995-ല്‍ ബോബിക്ക്‌ പക്ഷാഘാതം പിടിപെടുന്നു. മൂന്നാഴ്‌ച അബോധാവസ്ഥയില്‍ കിടന്നു. പിന്നീട്‌ പാരീസില്‍നിന്ന്‌ ബര്‍ക്കിലുള്ള നാവികാസ്‌പത്രിയിലേക്ക്‌ അയാളെ കൊണ്ടുവന്നു.
ബോധം വീണ്ടെടുത്തെങ്കിലും ഒരു കണ്ണൊഴികെ ശരീരം പൂര്‍ണമായും ചലനമറ്റുപോയി. ബോബിക്ക്‌ എല്ലാം കേള്‍ക്കാം. പക്ഷേ, ശബ്ദിക്കാനാവില്ല. ചുണ്ട്‌ ഇടത്തോട്ട്‌ കോടിപ്പോയി. പക്ഷേ, ഇടത്തെ കണ്ണ്‌മാത്രം ചലിക്കും. അതും നേരേയുള്ള കാഴ്‌ചമാത്രം. വശങ്ങളിലേക്ക്‌ കാഴ്‌ച കിട്ടില്ല. ആസ്‌പത്രിയിലെ ഫിസിയോ തെറാപ്പിസ്റ്റും സ്‌പീച്ച്‌ തെറാപ്പിസ്റ്റും ബോബിയുടെ ആത്മവിശ്വാസം വീണ്ടെടുക്കാന്‍ ശ്രമിക്കുകയാണ്‌. ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവരാന്‍ ശ്രമിക്കുകയാണ്‌.
യുവതിയായ സ്‌പീച്ച്‌ തെറാപ്പിസ്റ്റ്‌ അയാള്‍ക്കു മാത്രമായി ഒരു സംസാരരീതി വികസിപ്പിച്ചെടുക്കുന്നു. അക്ഷരമാലയിലെ ഓരോ അക്ഷരവും അവള്‍പറഞ്ഞുകൊണ്ടിരിക്കും. താനുദ്ദേശിക്കുന്ന വാക്കിനാവശ്യമായ അക്ഷരങ്ങള്‍ ബോബി തിരഞ്ഞെടുക്കണം. ഒരു തവണ കണ്ണുചിമ്മിയാല്‍ `അതേ' എന്നാണര്‍ഥം. രണ്ടു തവണ കണ്ണുചിമ്മിയാല്‍ `അല്ല' എന്നും. ക്ഷമയോടെ , അര്‍പ്പണബുദ്ധിയോടെ സ്‌പീച്ച്‌ തെറാപ്പിസ്റ്റ്‌ ഓരോ വാക്കിലൂടെ, വാചകത്തിലൂടെ ബോബിയുടെ മനസ്സിലെ ആശങ്കകളും സ്വപ്‌നങ്ങളും പ്രതീക്ഷകളും പുറത്തുകൊണ്ടുവരികയാണ്‌.
രോഗാവസ്ഥയില്‍ വീഴും മുമ്പ്‌ അയാള്‍ ഒരു പുസ്‌തകമെഴുതാന്‍ ഒരു പ്രസാധകസ്ഥാപനവുമായി കരാറൊപ്പിട്ടിരുന്നു. വിജനസ്ഥലത്ത്‌ ഒറ്റപ്പെട്ടുപോയ തന്‍െറ അവസ്ഥയിലും പുസ്‌തകമെഴുത്ത്‌ ഒരു വെല്ലുവിളിയായി ബോബി സ്വീകരിക്കുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ തന്‍െറ ഗ്രന്ഥം അയാള്‍ പൂര്‍ത്തിയാക്കുന്നു. അതിന്‍െറ പേര്‌ `ദ ഡൈവിങ്‌ ബെല്‍ ആന്‍ഡ്‌ ദ ബട്ടര്‍ഫ്‌ളൈ'.

പ്രശസ്‌തനായ ജൂലിയന്‍ ഷ്‌നോബെല്‍ 2007ല്‍ സംവിധാനം ചെയ്‌ത `ദ ഡൈവിങ്‌ ബെല്‍ ആന്‍ഡ്‌ ദ ബട്ടര്‍്‌ൈള്‌ള' എന്ന ഫ്രഞ്ച്‌ സിനിമ അപൂര്‍വമായ ഒരനുഭവമാണ്‌. നായകനായ ബോബിയുടെ കാഴ്‌ചപ്പാടിലൂടെയാണ്‌ ഇതിവൃത്തം വികസിക്കുന്നത്‌. അയാളുടെ സ്വപ്‌നങ്ങള്‍, വേവലാതികള്‍, കുടുംബബന്ധങ്ങള്‍, ഒറ്റപ്പെടലിലെ നിസ്സഹായത എന്നിവയൊക്കെ വ്യത്യസ്‌തമായ ക്യാമറാ ആംഗിളുകളിലൂടെ നമ്മള്‍ കാണുന്നു.
ഭംഗിയുള്ള ഫ്രെയിമുകള്‍ ഈ സിനിമയില്‍ കുറവാണ്‌, തുടക്കത്തില്‍ ബോബിയുടെ അസ്വസ്ഥത മുഴുവന്‍ പ്രകടമാകും വിധത്തിലാണ്‌ ക്യാമറയുടെ സഞ്ചാരം. അയാളുടെ ഒറ്റക്കണ്ണിന്‌ കാണാവുന്നിടത്തേക്ക്‌ നമ്മുടെ കാഴ്‌ചയും പരിമിതപ്പെടുത്തുന്നു. മങ്ങിയ രൂപങ്ങളും കണ്ണിലേക്ക്‌ കുത്തിക്കയറുന്ന വെളിച്ചവും ഏങ്കോണിച്ചു നില്‍ക്കുന്ന ഫ്രെയിമുകളും നമ്മെ അലോസരപ്പെടുത്തും.

സ്വന്തം ശരീരത്തിനകത്ത്‌ ബന്ധിതനായിത്തീരുന്ന ബോബിയുടെ ചിന്തകള്‍ക്ക്‌ വളരെ കണിശതയോടെയാണ്‌ സംവിധായകന്‍ ദൃശ്യരൂപം നല്‍കുന്നത്‌. കണ്ണുചിമ്മി, അക്ഷരങ്ങള്‍ തിരഞ്ഞെടുത്ത്‌ വാക്കുകളായി രൂപപ്പെടുത്താന്‍ പഠിക്കുന്ന ബോബി ആദ്യം ആവശ്യപ്പെടുന്നത്‌ `മരണ'മാണ്‌. നിശ്ചേതനമായ ഏകാന്തത അയാളെ വേട്ടയാടുന്നു. നഷ്‌ടപ്പെടലിന്‍െറ സമാഹാരമാണ്‌ തന്‍െറ ജീവിതമെന്ന്‌ അയാള്‍ക്ക്‌ തോന്നുന്നു. സേ്‌നഹിക്കാന്‍ കഴിയാതെ പോയ യുവതിയെയും പിടിച്ചെടുക്കാന്‍ പറ്റാതെപോയ അവസരങ്ങളെയും പുറംകാലുകൊണ്ട്‌ തട്ടിയെറിഞ്ഞ സന്തോഷനിമിഷങ്ങളെയും കുറിച്ചുള്ള ചിന്ത അയാളെ ഭയാനകമായ അവസ്ഥയിലെത്തിക്കുന്നു. തീരം അപ്രത്യക്ഷമാകുന്നത്‌ വേദനയോടെ നോക്കിനില്‍ക്കുന്ന നാവികനെപ്പോലെയാണ്‌ താനെന്ന്‌ അയാള്‍ക്ക്‌ തോന്നുന്നു. എത്രയും പെട്ടെന്ന്‌ മരണത്തെ ആശ്ലേഷിക്കാന്‍ അയാള്‍ വെമ്പുന്നു. പക്ഷേ, അയാളെ അത്രവേഗം മരണത്തിനു വിട്ടുകൊടുക്കാന്‍ സ്‌പീച്ച്‌ തെറാപ്പിസ്റ്റ്‌ തയ്യാറാകുന്നില്ല. തന്നെ സേ്‌നഹിക്കുന്നവര്‍ ചുറ്റിലുമുള്ളപ്പോള്‍ മരണത്തെക്കുറിച്ച്‌ ഓര്‍ക്കരുതെന്ന്‌ അവള്‍ ശാസിക്കുന്നു.
സ്വയം സഹതപിക്കുന്ന അവസ്ഥയില്‍നിന്ന്‌ ക്രമേണ ബോബി പിന്മാറുകയാണ്‌. തന്നിലുള്ള ഭാവനാശേഷിയും ഓര്‍മശക്തിയും മരവിച്ചിട്ടില്ലെന്ന്‌ അയാള്‍ മനസ്സിലാക്കുന്നു. മുങ്ങല്‍ വേഷത്തിനകത്ത്‌ ശ്വാസംമുട്ടിക്കഴിയുന്ന തനിക്ക്‌ അതില്‍നിന്ന്‌ പുറത്തുകടക്കാനാവും. ഒരു പൂമ്പാറ്റയെപ്പോലെ താന്‍ പാറി നടക്കും. ഭാര്യയായി കഴിയുന്ന സെലിനും മൂന്നു മക്കളും പിതാവും സുഹൃത്തും കാമുകിയുമൊക്കെ അയാളെ ജീവിതത്തിലേക്ക്‌ തിരിച്ചുകൊണ്ടുവരികയാണ്‌. ക്ലോഡ്‌ മെന്‍ഡി ബില്‍ എന്ന കേട്ടെഴുത്തുകാരിയുടെ സഹായത്തോടെ ബോബി തന്‍െറ പുസ്‌തകം പൂര്‍ത്തിയാക്കുന്നു. (ഏകാന്തതയുടെ തീരങ്ങളില്‍ ഒറ്റപ്പെട്ടുപോയ മനുഷ്യന്‍െറ നിശ്ചലമായ യാത്രക്കുറിപ്പുകളാണ്‌ താനെഴുതുന്നത്‌ എന്നാണ്‌ ബോബി ആമുഖമായി പറയുന്നത്‌.) വായനക്കാരുടെയും നിരൂപകരുടെയും പ്രശംസ നേടിയ പുസ്‌തകം പ്രസിദ്ധീകരിച്ച്‌ പത്താം ദിവസം ബോബി മരണത്തിന്‌ കീഴടങ്ങുന്നു.

ചടുല ജീവിതത്തില്‍നിന്ന്‌ ആവര്‍ത്തനവിരസമായ ദിനചര്യകളിലേക്ക്‌ വഴുതിവീഴുന്ന മനുഷ്യരുടെ കഥകളാണ്‌ 103 മിനിറ്റ്‌ നീണ്ട ഈ ചിത്രത്തില്‍ അനാവരണം ചെയ്യുന്നത്‌. ബോബിയുടെ സീറ്റ്‌ കടംവാങ്ങി വിമാനത്തില്‍ യാത്രചെയ്യവേ തീവ്രവാദികളാല്‍ ബന്ദിയാക്കപ്പെടുന്ന സുഹൃത്തും (ഇരുട്ടു നിറഞ്ഞ കുടുസ്സുമുറിയില്‍ നാലുവര്‍ഷമാണ്‌ ഇയാള്‍ ബെയ്‌റൂത്തില്‍ തടവുകാരനായി കഴിഞ്ഞത്‌). വാര്‍ധക്യത്തിന്‍െറ അവശതയില്‍ വീട്ടിലെ മുറിക്കുള്ളില്‍ ഒതുങ്ങിപ്പോകുന്ന ബോബിയുടെ പിതാവും നായകന്‍െറ അവസ്ഥ പങ്കിടുന്നവരാണ്‌. ഇവര്‍ക്കൊക്കെ ശരീരം തന്നെയാണ്‌ സ്വയം തടവറ തീര്‍ക്കുന്നത്‌.
2007-ലെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ജൂലിയന്‍ ഷ്‌നാബലിന്‌ മികച്ച സംവിധായകനുള്ള അവാര്‍ഡ്‌ നേടിക്കൊടുത്ത ചിത്രമാണ്‌ `ദ ഡൈവിങ്‌ ബെല്‍ ആന്‍ഡ്‌ ദ ബട്ടര്‍ ്‌ൈള്‌ള.' അക്കൊല്ലം, നാല്‌ ഓസ്‌കര്‍ അവാര്‍ഡുകള്‍ക്കും ഈ ചിത്രം നോമിനേറ്റ്‌ ചെയ്യപ്പെട്ടിട്ടുണ്ട്‌.
ഴാങ്‌ ഡൊമിനിക്‌ ബോബി എന്ന പത്രാധിപരുടെ ആത്മകഥയാണ്‌ ഈ സിനിമക്കാധാരം. 1995 ഡിസംബര്‍ എട്ടിനാണ്‌ അദ്ദേഹം പക്ഷാഘാതത്താല്‍ തളര്‍ന്നുപോയത്‌. ഒറ്റക്കണ്ണുമാത്രം ചലിക്കുന്ന അവസ്ഥയിലും രണ്ടുമാസം കൊണ്ട്‌ പുസ്‌തകം പൂര്‍ത്തിയാക്കി. 139 പേജുള്ള പുസ്‌തകം 1997 മാര്‍ച്ച്‌ ആറിന്‌ പുറത്തിറങ്ങി. ആദ്യത്തെ ആഴ്‌ച തന്നെ യൂറോപ്പില്‍ ഒന്നര ലക്ഷം കോപ്പികളാണ്‌ വിറ്റുപോയത്‌. (ഓരോ വാക്കും തിരഞ്ഞെടുക്കാന്‍ ബോബിക്ക്‌ ശരാശരി രണ്ടു മിനിറ്റ്‌ വേണ്ടിവന്നു എന്നാണ്‌ കണക്ക്‌. പുസ്‌തകരചനയ്‌ക്കു വേണ്ടി മൊത്തം രണ്ടു ലക്ഷം തവണ ബോബിക്ക്‌ കണ്ണ്‌ ചിമ്മേണ്ടിവന്നു.) ന്യൂമോണിയ പിടിപെട്ട ബോബി പുസ്‌തകമിറങ്ങി പത്താമത്തെ ദിവസം മരിച്ചു.
ബോബിയുടെ ജീവിതകാലത്തുതന്നെ 25 മിനിറ്റുള്ള മറ്റൊരു സിനിമ പുറത്തിറങ്ങിയിരുന്നു. പേര്‌ `ഹൗസ്‌ അറസ്റ്റ്‌'. സംവിധായകന്‍ ഴാങ്‌ ജാക്‌സ്‌ ബീനിഷ്‌.