Wednesday, April 15, 2009

വായനയും ജീവിതവും


ലോ പ്രൊഫസറും ജഡ്‌ജിയുമായ ബേണ്‍ഹാഡ്‌ ഷ്‌ലിങ്ക്‌ 1995 ല്‍ രചിച്ച ജര്‍മന്‍ നോവലാണ്‌ `ദ റീഡര്‍'. ഒട്ടേറെ അവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുള്ള ഈ കൃതി 37 ഭാഷകളിലേക്ക്‌ വിവര്‍ത്തനം ചെയ്‌തിട്ടുണ്ട്‌. ജര്‍മനിയില്‍മാത്രം അഞ്ചുലക്ഷം കോപ്പി വിറ്റു. നാസികള്‍ക്കുവേണ്ടി സെക്യൂരിറ്റി ഗാര്‍ഡായി പ്രവര്‍ത്തിച്ച ഹന്ന ഷ്‌മിറ്റ്‌സ്‌ എന്ന വനിതയും അവരേക്കാള്‍ 21 വയസ്സ്‌ കുറഞ്ഞ മൈക്കിള്‍ ബര്‍ഗ്‌ എന്ന ജര്‍മന്‍ അഭിഭാഷകനും തമ്മിലുള്ള ദീര്‍ഘകാലത്തെ ഹൃദയബന്ധമാണ്‌ `ദ റീഡറി'ന്‍െറ ഇതിവൃത്തം. സ്റ്റീഫന്‍ ഡേവിഡ്‌ ഡാല്‍ഡ്രി ഈ നോവലിനെ ആധാരമാക്കി 2008ല്‍ സംവിധാനം ചെയ്‌ത ചിത്രത്തിനും അതേ ശീര്‍ഷകംതന്നെയാണ്‌ കൊടുത്തിരിക്കുന്നത്‌.

2008 ലെ ഓസ്‌കര്‍ അവാര്‍ഡില്‍ മികച്ച ചിത്രം, നടി എന്നിവയുള്‍പ്പെടെ അഞ്ച്‌ നോമിനേഷന്‍ നേടിയ ചിത്രമാണ്‌ `ദ റീഡര്‍'. പക്ഷേ, മികച്ച നടിക്കുള്ള അവാര്‍ഡ്‌ മാത്രമേ കിട്ടിയുള്ളൂ.
രണ്ടാം ലോകമഹായുദ്ധാനന്തര ജര്‍മനിയാണ്‌ കഥാപശ്ചാത്തലം. മൈക്കിളിന്‍െറ ഓര്‍മകളിലൂടെയാണ്‌ സിനിമ സഞ്ചരിക്കുന്നത്‌. 1995 ല്‍ ജര്‍മനിയിലെ ബര്‍ലിനിലാണ്‌ സിനിമ തുടങ്ങുന്നത്‌. മൈക്കിള്‍ യുവതിയായ മകള്‍ ജൂലിയയെ കാണാനെത്തിയതാണ്‌. ഹന്നയുടെ ശവകുടീരം സന്ദര്‍ശിക്കണം അയാള്‍ക്ക്‌. 37 വര്‍ഷം പിറകിലേക്ക്‌ അയാള്‍ സഞ്ചരിക്കുകയാണ്‌. 15-ാം വയസ്സില്‍ സ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കെയാണ്‌ ഹന്ന ഷ്‌മിറ്റ്‌സ്‌ എന്ന ട്രാം കണ്ടക്ടറെ മൈക്കിള്‍ കണ്ടുമുട്ടുന്നത്‌. അന്ന്‌ ഹന്നയ്‌ക്ക്‌ പ്രായം 36. ആരും കൂട്ടില്ലാത്ത ഏകാന്തജീവിതമായിരുന്നു ഹന്നയുടേത്‌. ഏതോ രഹസ്യത്തിന്‍െറ മുഖപടമണിഞ്ഞിരുന്നു അവള്‍. ഒരു പെരുമഴയത്ത്‌ ഛര്‍ദിച്ചവശനായി തെരുവില്‍ ഇരിക്കുകയായിരുന്ന മൈക്കിളിനെ കഴുകി വൃത്തിയാക്കി വീട്ടിലെത്തിച്ചുകൊടുക്കുന്നത്‌ ഹന്നയാണ്‌. അവളിലെ മനുഷ്യത്വം മൈക്കിളിനെ സ്‌പര്‍ശിച്ചു. അതൊരു തുടക്കമായിരുന്നു. മുപ്പതുവര്‍ഷം നീണ്ട ഹൃദയബന്ധത്തിന്‍െറ തുടക്കം. അവന്‍ ഹന്നയുടെ വീട്ടില്‍ നിത്യസന്ദര്‍ശകനായി.
അവന്‌ പുസ്‌തകങ്ങള്‍ ഇഷ്‌ടമായിരുന്നു. അവള്‍ക്കും കഥകേള്‍ക്കാന്‍ താത്‌പര്യമായിരുന്നു. അവര്‍ക്കിടയില്‍ വായനക്കാരനും കേള്‍വിക്കാരിയും എന്നൊരു ബന്ധംകൂടി വളര്‍ന്നു. തുടക്കത്തില്‍ത്തന്നെ അവളൊരു നിബന്ധന വെച്ചു. ആദ്യം വായന. അതുകഴിഞ്ഞ്‌ `സേ്‌നഹപ്രകടനം'. ഹോമറുടെ `ഒഡീസി'യും ആന്‍റണ്‍ ചെക്കോവിന്‍െറ `പട്ടിയുമായി നടക്കുന്ന സ്‌ത്രീ'യും ടോള്‍സ്റ്റോയിയുടെ `യുദ്ധവും സമാധാന'വുമൊക്കെ അവന്‍ വായിച്ചുകൊടുത്തു. കുറഞ്ഞ കാലമേ ഈ `ഒളിബന്ധം' നിലനിന്നുള്ളൂ. അവന്‍െറ പിറന്നാളില്‍ അവനോടൊന്നും പറയാതെ ഹന്ന സ്ഥലം വിടുന്നു.
എട്ടു വര്‍ഷത്തിനുശേഷമാണ്‌ മൈക്കിള്‍ വീണ്ടും ഹന്നയെ കാണുന്നത്‌. നിയമവിദ്യാര്‍ഥിയാണവന്‍. പഠനത്തിന്‍െറ ഭാഗമായി മൈക്കിളും സഹപാഠികളും ഒരു കേസിന്‍െറ വിചാരണ നിരീക്ഷിക്കാനായി കോടതിയിലെത്തുന്നു. പോളണ്ടിലെ ഓഷ്‌വിറ്റ്‌സ്‌ തടങ്കല്‍പ്പാളയത്തില്‍ 300 സ്‌ത്രീകളെ നാസികള്‍ തീയിട്ടുകൊന്ന സംഭവത്തിനുത്തരവാദികളായ ആറ്‌ വനിതാഗാര്‍ഡുകളെ വിചാരണ ചെയ്യുകയാണ്‌ കോടതി. 1944-ലെ ശൈത്യകാലത്താണ്‌ ആ ക്രൂരസംഭവം നടന്നത്‌. ഹന്ന ഷ്‌മിറ്റ്‌സായിരുന്നു അതിലെ പ്രധാന പ്രതി. ഹന്ന കാണാതെ ഓരോ ദിവസവും മൈക്കിള്‍ കോടതിയിലെത്തി. അവന്‍െറ മുന്നില്‍ ഹന്നയുടെ അറിയപ്പെടാത്ത മുഖം വെളിപ്പെടുകയാണ്‌. താന്‍ വായിച്ചുകൊടുത്ത കഥകളിലൊന്നും ഹന്നയുടെ ജീവിതമുണ്ടായിരുന്നില്ലല്ലോ എന്നവന്‍ ഖേദത്തോടെ ഓര്‍ത്തു. ഓഷ്‌വിറ്റ്‌സ്‌ സംഭവത്തിനുശേഷം ഗാര്‍ഡുമാര്‍ എഴുതിയ റിപ്പോര്‍ട്ടിന്‍െറ ഉത്തരവാദിത്വം ഹന്ന ഏറ്റെടുക്കുന്നു. അപ്പോഴാണ്‌ മൈക്കിളിന്‌ ഒരു കാര്യം ബോധ്യപ്പെടുന്നത്‌. ഹന്ന നിരക്ഷരയായിരുന്നു.

കോടതി ഹന്നയെ ജീവപര്യന്തം തടവിനു ശിക്ഷിക്കുന്നു. ഒരു ദിവസം ഹന്നയ്‌ക്ക്‌ ജയിലിലേക്ക്‌ ഒരു പാര്‍സല്‍. കുറെ കാസറ്റുകളും ഒരു ടേപ്പ്‌ റിക്കാര്‍ഡറുമാണതിലുണ്ടായിരുന്നത്‌. മൈക്കിള്‍ അയച്ചതാണ്‌. ഓരോ പുസ്‌തകവും വായിച്ച്‌ മൈക്കിള്‍ ടേപ്പ്‌ ചെയ്യുന്നു. എന്നിട്ടത്‌ ഹന്നയ്‌ക്ക്‌ അയച്ചുകൊടുക്കുകയാണ്‌. മൈക്കിളിന്‍െറ വായനയെ പിന്തുടര്‍ന്ന്‌ ഹന്ന ക്രമേണ അക്ഷരങ്ങള്‍ എഴുതാനും വായിക്കാനും പഠിക്കുന്നു. അവള്‍ അവന്‌ ഇടയ്‌ക്കിടെ കത്തയയ്‌ക്കുന്നു. അവന്‍ പക്ഷേ, അവയെ്‌ക്കാന്നും മറുപടി അയയ്‌ക്കുന്നില്ല. അവളെ കാണാനും പോകുന്നില്ല. പക്ഷേ, അവന്‍ അവള്‍ക്കുവേണ്ടി നിരന്തരം വായിച്ചുകൊണ്ടേയിരുന്നു. അതൊക്കെ കാസറ്റുകളായിച്ചെന്ന്‌ ഹന്നയുടെ മനസ്സിനെ തണുപ്പിക്കുന്നു.

22 വര്‍ഷത്തിനുശേഷം ഹന്ന മോചിതയാവുകയാണ്‌. ഹന്നയ്‌ക്കപ്പോള്‍ വയസ്സ്‌ 66. സൗന്ദര്യമെല്ലാം ചോര്‍ന്ന്‌ ശോഷിച്ച വൃദ്ധശരീരം. ജയിലില്‍ നിന്നു കിട്ടിയ വിവരത്തിന്‍െറ അടിസ്ഥാനത്തില്‍ മൈക്കിള്‍ ഹന്നയെ കാണാനെത്തുന്നു. ജയില്‍ മോചിതയായാല്‍ താമസിക്കാനൊരിടം, ഒരു ജോലി. എല്ലാം ശരിയാക്കാമെന്ന്‌ മൈക്കിള്‍ വാഗ്‌ദാനം ചെയ്യുന്നു. ജയില്‍ ജീവിതത്തില്‍ നിന്ന്‌ എന്തു പഠിച്ചു എന്നു ചോദിച്ചപ്പോള്‍ ഹന്നയുടെ ഉത്തരം ഇതായിരുന്നു: ഞാന്‍ വായിക്കാനും എഴുതാനും പഠിച്ചു. മോചനത്തിന്‍െറ തലേദിവസം ആത്മഹത്യയില്‍ അഭയം തേടി ഹന്ന സ്വയം സ്വതന്ത്രയാവുന്നു.
വായനയില്‍ നിന്നാര്‍ജിച്ച സംസ്‌കാരവും മനുഷ്യപ്പറ്റുമുള്ള ഒരു സ്‌ത്രീ ഭരണകൂടത്തിന്‍െറ കൊടുംക്രൂരതകള്‍ക്ക്‌ അറിയാതെ കൂട്ടുനിന്നുപോയതിന്‍െറ ദുരന്തമാണ്‌ ഹന്നയുടെ ജീവിതകഥയിലൂടെ തെളിയുന്നത്‌. നിരക്ഷരയായിട്ടും വിശ്വസാഹിത്യത്തെ അടുത്തറിയാന്‍ ഹന്ന ശ്രമിച്ചു. ഗാര്‍ഡായിരിക്കെ തടവുകാരെക്കൊണ്ടും അവള്‍ പുസ്‌തകങ്ങള്‍ വായിപ്പിക്കുമായിരുന്നു.
മൈക്കിളിന്‍െറയും ഹന്നയുടെയും ബന്ധത്തെ കേന്ദ്രീകരിച്ചാണ്‌ ഇതിവൃത്തം നീങ്ങുന്നതെങ്കിലും യുദ്ധാനന്തര ജര്‍മനിയുടെ മനസ്സും ഈ സിനിമയില്‍ പ്രതിഫലിക്കുന്നുണ്ട്‌. നാസികള്‍ നടത്തിയ കൊടുംപാതകങ്ങളോര്‍ത്ത്‌ വേദനിക്കുന്നവരാണ്‌ ജര്‍മന്‍കാര്‍. ഇനിയും എത്രയോ കുറ്റവാളികള്‍ ഇവിടെ ശിക്ഷിക്കപ്പെടാനുണ്ടെന്ന്‌ മൈക്കിളിന്‍െറ സഹപാഠി രോഷത്തോടെ വിളിച്ചുപറയുന്നുണ്ട്‌ ഒരു രംഗത്ത്‌.
മൂന്നു ഘട്ടങ്ങളായാണ്‌ ഇതിലെ കഥ വികസിക്കുന്നത്‌. മൈക്കിളിന്‍െറ കൗമാരം, യൗവനം, ഹന്നയുടെ വാര്‍ധക്യം എന്നിങ്ങനെ. കൗമാരത്തില്‍ മൈക്കിളിന്‌ ഹന്നയോട്‌ തോന്നുന്ന ലൈംഗികാഭിനിവേശം പിന്നീട്‌ സേ്‌നഹമായും കാരുണ്യമായും ഉദാത്തതലങ്ങളിലേക്ക്‌ നീങ്ങുകയാണ്‌. കൗമാരത്തില്‍ തന്നോട്‌ കാട്ടിയ മനുഷ്യത്വം പതിന്മടങ്ങായി തിരിച്ചു നല്‌കുകയായിരുന്നു അവന്‍.

ഹന്നഷ്‌മിറ്റ്‌സായി വേഷമിട്ട കെയ്‌റ്റ്‌ വിന്‍സലറ്റിനാണ്‌ 2008 ലെ മികച്ച നടിക്കുള്ള ഓസ്‌കര്‍ ലഭിച്ചത്‌. കുറ്റബോധവും നിര്‍വികാരതയും മനസ്സിലൊളിപ്പിച്ച്‌ മൈക്കിളിനെ സന്തോഷിപ്പിക്കാന്‍ ശ്രമിക്കുന്ന യുവതിയായും മൈക്കിളിന്‍െറ ശബ്ദംകേട്ട്‌ ഉണരുകയും ഉറങ്ങുകയും ചെയ്‌ത്‌ ഏകാന്തതയെ മറികടക്കാന്‍ കൊതിക്കുന്ന വൃദ്ധയായും കെയ്‌റ്റ്‌ ജീവിക്കുകയാണീ ചിത്രത്തില്‍.
കെട്ടുകാഴ്‌ചകളില്‍ സംപ്രീതരാകുന്നവരാണ്‌ ഓസ്‌കര്‍ അവാര്‍ഡ്‌ നിര്‍ണയ സമിതിയംഗങ്ങള്‍. `ദ റീഡറെ' പിന്തള്ളി `സ്‌ലംഡോഗ്‌ മില്യനയര്‍'പോലുള്ളവ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെടുന്നത്‌ അതുകൊണ്ടാണ്‌. പ്രമേയം, തിരക്കഥ, അഭിനയം, ഛായാഗ്രഹണം, ചിത്രസാക്ഷാത്‌കാരം എന്നിവയില്‍ `സ്‌ലംഡോഗി'നേക്കാള്‍ എത്രയോ
ഉയരത്തിലാണ്‌ `ദ റീഡര്‍'.

Friday, March 20, 2009

മായാത്ത അതിര്‍ത്തികള്‍

ഇന്ത്യയിലെ ഒരു തടവറ. അവിടത്തെ അന്തേവാസികള്‍ പരസ്‌പരം ദുഃഖം പങ്കുവെക്കുകയാണ്‌. അതിലൊരാള്‍ പറയുന്നു: ``അതിര്‍ത്തിയില്ലെങ്കില്‍ നിങ്ങള്‍ ബംഗാളിയാവില്ല. അയാള്‍ ഇന്ത്യക്കാരനാവില്ല. ഞാന്‍ പാകിസ്‌താനിയുമാവില്ല. അതിര്‍ത്തി അത്രമോശപ്പെട്ട കാര്യമൊന്നുമല്ല.''

തീക്ഷ്‌ണമായ വേദനയില്‍ നിന്നും രോഷത്തില്‍ നിന്നുമാണീ പരിഹാസവാക്കുകള്‍ പുറത്തുവരുന്നത്‌. രാജ്യാതിര്‍ത്തി മുറിച്ചു കടന്നതിന്‌ പിടിക്കപ്പെട്ടവരാണ്‌ ആ തടവുകാരില്‍ മിക്കവരും. അതിര്‍ത്തി ഏതെന്നറിയാതെ മീന്‍ പിടിച്ചതിന്‌, അപ്പുറത്തേക്ക്‌ കാലെടുത്ത്‌ വെച്ചുപോയതിന്‌ ശിക്ഷയനുഭവിക്കുകയാണവര്‍. മോചനത്തിന്‍െറ നാള്‍ പ്രതീക്ഷിച്ചിരിക്കുകയാണ്‌ ഓരോരുത്തരും. അവരാരും അറിഞ്ഞുകൊണ്ട്‌ കുറ്റം ചെയ്‌തവരല്ല. അതിര്‍ത്തി രേഖകളുടെ കാര്‍ക്കശ്യമെന്തെന്നറിയാതെ പോയ പാവം മനുഷ്യരാണവര്‍.

മെഹ്‌റീന്‍ ജബ്ബാര്‍ എന്ന പാക്‌വനിത സംവിധാനം ചെയ്‌ത `രാംചന്ദ്‌ പാകിസ്‌താനി' എന്ന സിനിമ നിസ്സഹായരായ കുറെ സാധാരണക്കാരുടെ ജീവിതമാണ്‌ വിഷയമാക്കുന്നത്‌. അതിര്‍ത്തിപ്രദേശങ്ങളില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ടവരുടെ `നിയമലംഘന'ത്തിന്‍െറ കഥ പറയുന്നു ഈ ചിത്രം. അതിര്‍ത്തികള്‍ മാഞ്ഞുപോകുന്ന ഒരു നല്ല നാളെയെക്കുറിച്ച്‌ ഈ ചിത്രം സ്വപ്‌നം കാണുന്നു. ഒരു പക്ഷേ, ഒരിക്കലും നടക്കാത്ത സുന്ദരമായ സ്വപ്‌നം.

പാകിസ്‌താനില്‍ താര്‍ മരുഭൂമിയിലെ ഒരു ഗ്രാമത്തില്‍ നടന്ന യഥാര്‍ഥ സംഭവത്തില്‍ നിന്നാണ്‌ `രാംചന്ദ്‌ പാകിസ്‌താനി' രൂപം കൊള്ളുന്നത്‌. ഇന്ത്യന്‍ അതിര്‍ത്തിയോട്‌ അടുത്തുകിടക്കുന്നു ഈ ഗ്രാമം. ദളിതരുടെ ഗ്രാമമാണത്‌. പൊതുസമൂഹത്തില്‍ നിന്ന്‌ ആട്ടിയകറ്റപ്പെട്ട ജനത. ഗ്രാമത്തിലെ അധ്യാപകനും കൃഷിക്കാരനുമാണ്‌ ശങ്കര്‍. ഭൂവുടമയില്‍ നിന്ന്‌ പാട്ടത്തിനെടുത്ത ഭൂമിയില്‍ അയാള്‍ കൃഷിയിറക്കുന്നു. ഭാര്യ ചമ്പ നിരക്ഷരയാണ്‌. എട്ടുവയസ്സുകാരനായ മകന്‍ രാംചന്ദ്‌ സ്‌കൂളില്‍ പോകുന്നില്ല. ആടുമേച്ചും കളിച്ചും നടക്കുകയാണവന്‍. ഒരു നാള്‍ രാവിലെ ഭക്ഷണം കഴിക്കാനിരിക്കവെ നിസ്സാര കാര്യത്തിന്‌ അവന്‍ അമ്മയുമായി പിണങ്ങുന്നു. ഭക്ഷണം കഴിക്കാതെ, പാത്രം കാലുകൊണ്ട്‌ തട്ടിത്തെറിപ്പിച്ച്‌ അവന്‍ വീട്‌ വിടുന്നു. സങ്കടം പൊറുക്കാനാവാതെ അവന്‍ ഗ്രാമത്തിലൂടെ നടക്കുകയാണ്‌. കണ്ണെത്താദൂരം നീണ്ടുകിടക്കുന്ന വരണ്ട പ്രദേശമാണ്‌ അവന്‍െറ മുന്നില്‍. ഒരേ ഭൂമി, ഒരേ ആകാശം. പക്ഷേ, അവിടെ വെള്ളപൂശിയ അതിര്‍ത്തിക്കല്ലുകളുണ്ടായിരുന്നു. അതവനു മനസ്സിലായില്ല. ആ പാക്‌ പയ്യന്‍ അതിര്‍ത്തിലംഘകനാവുകയായിരുന്നു, അവനറിയാതെ. ഇന്ത്യയിലേക്കാണ്‌ താന്‍ കടന്നതെന്ന്‌ അവന്‌ മനസ്സിലാവുന്നത്‌ അതിര്‍ത്തിരക്ഷാസേനക്കാര്‍ വന്നുപിടിക്കുമ്പോഴാണ്‌. മകനെ അന്വേഷിച്ചെത്തിയ അച്ഛന്‍ ശങ്കറും കുടുങ്ങി. രഹസ്യങ്ങളറിയാന്‍ വിട്ട ചാരന്മാരായി അവര്‍ മുദ്രയടിക്കപ്പെട്ടു. രണ്ടുപേരുടെയും ജീവിതം തടവറയിലായി. ഒരു വിവരവും കിട്ടാതെ ചമ്പ അഞ്ചുവര്‍ഷം ഭര്‍ത്താവിനെയും മകനെയും കാത്തിരുന്നു. ആ കാത്തിരിപ്പിനിടെ അവള്‍ക്ക്‌ അനുഭവിക്കേണ്ടിവന്ന വ്യഥകളുടെയും കഥകൂടി `രാംചന്ദ്‌ പാകിസ്‌താനി' നമുക്ക്‌ പറഞ്ഞു തരുന്നു. ശങ്കറിനെയും മകനെയും നിയമം ഭയപ്പെടുത്തുമ്പോള്‍ ചമ്പയെ സമൂഹം ഭയപ്പെടുത്തുന്നു. നിയമവും സമൂഹവും വരച്ചുവെച്ച അതിര്‍രേഖകളുണ്ട്‌ അവര്‍ക്ക്‌ മുന്നില്‍. അത്‌ ലംഘിക്കാന്‍ അവര്‍ക്ക്‌ കഴിയുന്നില്ല. നിശ്ശബ്ദരായി, നിസ്സഹായരായി ശിക്ഷ ഏറ്റുവാങ്ങുകയാണവര്‍.

ഇന്ത്യന്‍ പാര്‍ലമെന്‍റില്‍ പാക്‌ ഭീകരര്‍ ആക്രമണം നടത്തിയ പശ്ചാത്തലത്തില്‍ ഇരുരാജ്യങ്ങളും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സമയത്താണ്‌ കഥ തുടങ്ങുന്നത്‌. അതിര്‍ത്തിലംഘിച്ചെത്തുന്നവരോട്‌ രണ്ടിടത്തും കര്‍ക്കശ സമീപനമാണ്‌ സ്വീകരിക്കുന്നത്‌. രാംചന്ദ്‌ അച്ഛനോടൊപ്പം തടവില്‍ കഴിയുന്ന അഞ്ചുവര്‍ഷമാണ്‌ സിനിമയുടെ കാലം. 2002 ല്‍ കഥ തുടങ്ങുന്നു. അഞ്ചുവര്‍ഷത്തിനിടെ ഇരുരാജ്യങ്ങള്‍ക്കുമിടയിലുണ്ടാകുന്ന സമാധാനചര്‍ച്ചകളും അനുരഞ്‌ജന നടപടികളും ചിത്രത്തില്‍ പരാമര്‍ശിക്കുന്നുണ്ട്‌. ആരെയും കുറ്റപ്പെടുത്തുന്നില്ല സംവിധായിക. കിട്ടിയ അവസരം നോക്കി ഇതൊരു ഇന്ത്യാവിരുദ്ധ ചിത്രമാക്കി മാറ്റാനും അവര്‍ ശ്രമിച്ചിട്ടില്ല. ഏതൊരു അതിര്‍ത്തി പ്രദേശത്തും സംഭവിക്കാവുന്ന മനുഷ്യന്‍െറ വീഴ്‌ച എന്ന നിലയ്‌ക്കാണവര്‍ ഇതിവൃത്തം കൈകാര്യം ചെയ്‌തിരിക്കുന്നത്‌. നിരക്ഷതയിലും സാമൂഹിക, സാമ്പത്തികാടിമത്തത്തിലും പുതഞ്ഞു കിടക്കുന്ന തിര്‍ എന്ന പാകിസ്‌താനി ഗ്രാമം നമുക്ക്‌ സുപരിചിതമാണ്‌. സമാനമുഖമുള്ള എത്ര ഇന്ത്യന്‍ ഗ്രാമങ്ങള്‍ നമ്മള്‍ കണ്ടിരിക്കുന്നു.

തടവറയില്‍ കഴിയവെ അച്ഛനും മകനുമിടയില്‍ ഗാഢബന്ധം വളര്‍ന്നുവരുന്നത്‌ ഹൃദ്യമായി ചിത്രീകരിച്ചിട്ടുണ്ട്‌ സംവിധായിക. ജീവിത പ്രാരാബ്‌ധങ്ങള്‍ക്കിടയില്‍ മകനോട്‌ സേ്‌നഹം പ്രകടിപ്പിക്കാന്‍ മറന്നുപോയ അച്ഛനാണ്‌ ശങ്കര്‍. പാടത്തും സ്‌കൂളിലുമായി പണിയെടുത്ത്‌ തളരുന്ന അയാള്‍ക്ക്‌ രാംചന്ദിനെ സ്‌കൂളിലെത്തിക്കാന്‍പോലും കഴിയുന്നില്ല. തടവറയിലെത്തുമ്പോള്‍ മകന്‌ താങ്ങായി അച്ഛനുണ്ട്‌ എപ്പോഴും. രാംചന്ദ്‌ ഒഴികെ തടവറയിലുള്ളവരെല്ലാം മുതിര്‍ന്നവരാണ്‌. മകന്‍െറ സുരക്ഷയ്‌ക്കായി ശങ്കര്‍ നിഴല്‍പോലെ കൂടെയുണ്ട്‌. ഒടുവില്‍, തനിക്കു മാത്രമേ മോചനമുള്ളൂ എന്നറിയുമ്പോള്‍ രാംചന്ദ്‌ തകര്‍ന്നുപോകുന്നു. നിയമം ആദ്യം അവനെ അമ്മയില്‍ നിന്നകറ്റി. ഇപ്പോഴിതാ അച്ഛനില്‍ നിന്നും. അവനാ സങ്കടം താങ്ങാനാവുന്നില്ല. അച്ഛനില്ലാതെ വീട്ടിലേക്കു പോകുന്നില്ലെന്ന്‌ പറഞ്ഞു അവന്‍ പൊട്ടിക്കരയുന്നു.

2008-ല്‍ പുറത്തിറങ്ങിയ `രാംചന്ദ്‌ പാകിസ്‌താനി' ഒട്ടേറെ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്‌. ഇന്ത്യാ വിഭജനം അവശേഷിപ്പിച്ചുപോയ സാമൂഹികദുരന്തത്തെ ആധാരമാക്കി 2003-ല്‍ കറാച്ചിക്കാരി സബിഹ സുമര്‍ സംവിധാനം ചെയ്‌ത `ഖാമോഷ്‌പാനി'ക്കു ശേഷം പാകിസ്‌താനില്‍ നിന്നു വരുന്ന ശക്തമായ സിനിമയാണ്‌ `രാംചന്ദ്‌ പാകിസ്‌താനി'. വിഭജനകാലത്ത്‌ ഇന്ത്യയുടെയും പാകിസ്‌താന്‍െറയും അതിര്‍ത്തി പ്രദേശങ്ങളില്‍ ഉപേക്ഷിക്കപ്പെട്ട ആയിരക്കണക്കിന്‌ സ്‌ത്രീകളുടെ പ്രതിനിധിയെയാണ്‌ അയിഷ എന്ന കഥാപാത്രത്തിലൂടെ നമ്മള്‍ `ഖാമോഷ്‌പാനി'യില്‍ കണ്ടത്‌. ഇന്ത്യന്‍ നടി നന്ദിതാദാസാണ്‌ `രാംചന്ദ്‌ പാകിസ്‌താനി'യില്‍ ചമ്പയുടെ വേഷം കൈകാര്യം ചെയ്യുന്നത്‌. ആ ദളിത്‌ സ്‌ത്രീയുടെ ഒറ്റപ്പെടലും നിസ്സഹായാവസ്ഥയും അനായാസം അവതരിപ്പിക്കാന്‍ നന്ദിതയ്‌ക്കു കഴിഞ്ഞിട്ടുണ്ട്‌. (`ഖാമേഷ്‌പാനി'യില്‍ നായികയെ അവതരിപ്പിച്ചത്‌ ഇന്ത്യന്‍ നടി കിരണ്‍ ഖേറാണ്‌.)

ഋത്വിക്‌ഘട്ടക്‌, എം.എസ്‌. സത്യു, ശ്യാംബെനഗല്‍, ഗോവിന്ദ്‌ നിഹലാനി തുടങ്ങിയ ഇന്ത്യന്‍ സംവിധായകരെപ്പോലെ ഇന്ത്യാവിഭജനത്തില്‍ വേദനിക്കുന്ന സമാനഹൃദയരായ ചലച്ചിത്രകാരന്മാര്‍ പാകിസ്‌താനിലുമുണ്ടെന്ന്‌ `ഖാമോഷ്‌പാനി'യും `രാംചന്ദ്‌ പാകിസ്‌താനി'യും നമ്മളോട്‌ പറയുന്നു.

എഴുത്തുകാരനും സംവിധായകനും മുന്‍ മന്ത്രിയുമായ ജാവേദ്‌ ജബ്ബാറാണ്‌ രാംചന്ദ്‌ പാകിസ്‌താനിയുടെ നിര്‍മാതാവ്‌. അദ്ദേഹത്തിന്‍െറ മകളാണ്‌ സംവിധായക മെഹ്‌റീന്‍. ജാവേദ്‌ ജനിച്ചത്‌ ചെന്നൈയിലാണ്‌. പിന്നീട്‌ അദ്ദേഹത്തിന്‍െറ കുടുംബം പാകിസ്‌താനിലേക്ക്‌ പോവുകയാണുണ്ടായത്‌. പാകിസ്‌താനിലെ ആദ്യത്തെ ഇംഗ്ലീഷ്‌ സിനിമയായ `ബിയോണ്ട്‌ ദ ലാസ്റ്റ്‌ മൗണ്ടന്‍' (1976) സംവിധാനം ചെയ്‌തത്‌ ജബ്ബാറാണ്‌. `രാംചന്ദ്‌ പാകിസ്‌താനി'യുടെ സംഗീതം ഇന്ത്യക്കാരനായ ദേവജ്യോതിമിശ്രയുടേതാണ്‌.

Thursday, March 5, 2009

യുദ്ധം ബാക്കിവെക്കുന്നത്‌

ഏതൊരു യുദ്ധത്തിലും സത്യമാണ്‌ ആദ്യം മരിച്ചു വീഴുന്നതെന്നു പറയാറുണ്ട്‌. ഏറ്റവുമൊടുവില്‍, അമേരിക്ക ഇടപെട്ട ഇറാഖ്‌ യുദ്ധത്തിലും നമ്മളത്‌ കണ്ടു. ഓരോ യുദ്ധവും ഒരുപാട്‌ ചോരയും കണ്ണീരും അവശേഷിപ്പിക്കുന്നു. ഒപ്പം, കുറെയേറെ വിവാദങ്ങളും വ്യാജപ്രചാരണങ്ങളും അത്‌ ബാക്കിവെക്കുന്നു. ഇതിനിടയില്‍ സത്യം എവിടെയോ ചാരം മൂടിപ്പോകുന്നു. യുദ്ധത്തില്‍ മരിച്ചുവീഴുന്ന സത്യത്തിന്‍െറ മുഖം കണ്ടെത്താനാണ്‌ അമേരിക്കന്‍ സംവിധായകനായ ബ്രയാന്‍ ഡി പാമ `റിഡാക്‌റ്റഡ്‌' എന്ന ഇംഗ്ലീഷ്‌ സിനിമയിലൂടെ ശ്രമിക്കുന്നത്‌.


സ്വന്തം രാജ്യത്തിന്‍െറ അധിനിവേശമോഹങ്ങളെ എതിര്‍ത്തുപോന്നിട്ടുള്ള ചലച്ചിത്രകാരനാണ്‌ പാമ. 1989-ല്‍ പുറത്തിറങ്ങിയ `കാഷ്വാല്‍റ്റീസ്‌ ഓഫ്‌ വാര്‍' എന്ന ചിത്രത്തിലൂടെ നമ്മളത്‌ അറിഞ്ഞിട്ടുള്ളതാണ്‌. വിയറ്റ്‌നാം യുദ്ധത്തിന്‍െറ പശ്ചാത്തലത്തില്‍ എടുത്തിട്ടുള്ള ഈ സിനിമ മികച്ച `യുദ്ധവിരുദ്ധ' ചിത്രങ്ങളിലൊന്നാണ്‌. രണ്ടു പതിറ്റാണ്ടുകള്‍ക്കു ശേഷം `റിഡാക്‌റ്റഡി'ല്‍ എത്തുമ്പോഴും പാമയുടെ നിലപാടിനു മാറ്റമൊന്നും വന്നിട്ടില്ലെന്ന്‌ നമുക്കു ബോധ്യമാവും.


2007-ലെ വെനീസ്‌, ടൊറന്‍െറാ, ന്യൂയോര്‍ക്ക്‌ ഫിലിം ഫെസ്റ്റിവലുകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള ചിത്രമാണ്‌ `റിഡാക്‌റ്റഡ്‌'. വെനീസില്‍ മികച്ച സംവിധായകനുള്ള പുരസ്‌കാരം പാമയ്‌ക്ക്‌ നേടിക്കൊടുത്തത്‌ ഈ ചിത്രമാണ്‌. 40 വര്‍ഷമായി സിനിമാരംഗത്തുണ്ട്‌ ഈ സംവിധായകന്‍. `ഡ്രസ്‌ഡ്‌ ടു കില്‍', `സ്‌കാര്‍ഫേസ്‌', `ദ അണ്‍ ടച്ചബിള്‍സ്‌', `മിഷന്‍: ഇംപോസിബിള്‍' തുടങ്ങിയ ബോകേ്‌സാഫീസ്‌ ഹിറ്റ്‌ ചിത്രങ്ങളുടെ സംവിധായകനാണ്‌ പാമ.


`കാഷ്വാല്‍റ്റീസ്‌ ഓഫ്‌ വാറി'ലെപ്പോലെ ഒരു യഥാര്‍ഥ സംഭവത്തില്‍നിന്നാണ്‌ `റിഡാക്‌റ്റഡി'ന്‍െറ ഇതിവൃത്തം രൂപപ്പെടുത്തിയിരിക്കുന്നത്‌. രണ്ടു സിനിമകളിലും പശ്ചാത്തലങ്ങള്‍ക്കു മാത്രമേ മാറ്റമുള്ളൂ. സംഭവങ്ങള്‍ക്കും കഥാപാത്രങ്ങള്‍ക്കും സമാന സ്വഭാവമാണ്‌. 2006-ല്‍ ഇറാഖില്‍ നടന്ന ഒരു സംഭവമാണ്‌ `റിഡാക്‌റ്റഡി'നാധാരം. ഒരു പതിനഞ്ചുകാരിയോടും അവളുടെ കുടുംബത്തോടും അമേരിക്കന്‍ സൈനികര്‍ കാണിച്ച കൊടുംക്രൂരത ലോകമനഃസാക്ഷിയെ ഞെട്ടിക്കുകയുണ്ടായി. കൂട്ടമാനഭംഗത്തിനിരയാക്കിയശേഷം പെണ്‍കുട്ടിയെ സൈനികര്‍ കത്തിച്ചുകളയുന്നു. ഒപ്പം, അവളുടെ അമ്മയെയും ഇളയ സഹോദരിയെയും മുത്തച്ഛനെയും വെടിവെച്ചു കൊല്ലുന്നു. ഈ നിഷ്‌ഠുരത മൂടിവെക്കാനുള്ള തന്ത്രങ്ങളെയാണ്‌ പാമ ചോദ്യം ചെയ്യുന്നത്‌. മനുഷ്യത്വം നശിക്കാത്ത, നന്മയുടെ പക്ഷത്ത്‌ നിലകൊള്ളുന്ന രണ്ടു സൈനികരിലൂടെയാണ്‌ സത്യം പുറത്തു കൊണ്ടുവരാനുള്ള പോരാട്ടം സംവിധായകന്‍ നടത്തുന്നത്‌. ഇറാഖിലെ സമാറയില്‍ ചെക്‌പോയന്‍റില്‍ കാവല്‍ നില്‍ക്കുന്ന ഏതാനും യു.എസ്‌. സൈനികരെ കേന്ദ്രീകരിച്ചാണ്‌ ഇതിവൃത്തം വികസിക്കുന്നത്‌.
ഫിലിം സ്‌കൂളില്‍ പ്രവേശനം ആഗ്രഹിക്കുന്ന എയ്‌ഞ്ചല്‍ സലാസര്‍ എന്ന സൈനികനെയാണ്‌ നമ്മള്‍ ആദ്യം പരിചയപ്പെടുന്നത്‌. നായക കഥാപാത്രമായ സലാസര്‍ എല്ലാറ്റിനും ദൃക്‌സാക്ഷിയാണ്‌. അര്‍പ്പണ ബോധമുള്ള റിപ്പോര്‍ട്ടറാണവന്‍. ഒരു യുദ്ധ ഡയറി തയ്യാറാക്കുകയാണ്‌ സലാസര്‍. തന്‍െറ വീഡിയോ ക്യാമറ ഉപയോഗിച്ച്‌ അവന്‍ എല്ലാ സംഭവങ്ങളും ചിത്രീകരിക്കുകയാണ്‌. താന്‍ മരിച്ചുപോയാലും വീഡിയോ പുറംലോകത്തെ കാണിക്കണമെന്ന്‌ അവന്‍ കൂട്ടുകാരനോട്‌ ആവശ്യപ്പെടുന്നുണ്ട്‌. പെണ്‍കുട്ടിയുടെ വീട്ടില്‍ രാത്രി നടന്ന റെയ്‌ഡും അവന്‍ ചിത്രീകരിക്കുന്നു. അന്നവിടെ അരങ്ങേറിയ ക്രൂരതകള്‍ കണ്ട്‌ അവന്‍ സ്‌തബ്‌ധനായി. മേലധികാരികളോട്‌ എല്ലാം തുറന്നുപറഞ്ഞ്‌ മനസ്സിലെ ഭാരം ഇറക്കിവെക്കണമെന്ന്‌ അവനാഗ്രഹിക്കുന്നു. പക്ഷേ, അതിനു മുമ്പേ കലാപകാരികള്‍ അവനെ തട്ടിക്കൊണ്ടുപോയി കൊല്ലുന്നു.


ഈ ചിത്രത്തിലെ സലാസറും മക്കോയ്‌ എന്ന സൈനികനും പാമയ്‌ക്കുവേണ്ടിയാണ്‌ സംസാരിക്കുന്നത്‌. സത്യം വിളിച്ചുപറയാനാവുന്നില്ലെന്ന്‌ അവര്‍ സങ്കടപ്പെടുന്നു. `കാഷ്വാല്‍റ്റീസ്‌ ഓഫ്‌ വാറി'ലെ എറിക്‌സണ്‍ എന്ന സൈനികനും പാമയെയാണ്‌ പ്രതിനിധാനം ചെയ്യുന്നത്‌. തന്‍െറ സഹപ്രവര്‍ത്തകര്‍ മാനഭംഗപ്പെടുത്തി വെടിവെച്ചുകൊല്ലുന്ന വിയറ്റ്‌നാം പെണ്‍കുട്ടിയുടെ ദുരന്തം മേലധികാരികളെ അറിയിക്കുന്നത്‌ എറിക്‌സണാണ്‌.


സത്യം കാണാന്‍ ഭയപ്പെടുന്ന ലോകത്ത്‌ ചലച്ചിത്രകാരന്മാര്‍ ധര്‍മസങ്കടം അനുഭവിക്കുകയാണെന്ന്‌ ബ്രയാന്‍ പാമ പറയുന്നു. നിയമക്കുരുക്കുകളെ ഭയന്ന്‌ പലപ്പോഴും യഥാര്‍ഥസംഭവങ്ങളെ കെട്ടുകഥയായി ചിത്രീകരിക്കേണ്ടിവരുന്നു. എഡിറ്റ്‌ ചെയ്യപ്പെട്ടതാണ്‌ തന്‍െറ സിനിമ എന്നദ്ദേഹം തുറന്നുസമ്മതിക്കുന്നു. `റിഡാക്‌റ്റഡി'ന്‍െറ തുടക്കത്തില്‍ത്തന്നെ ഇതൊരു കെട്ടുകഥ ആണെന്ന്‌ പരിഹാസം കലര്‍ന്ന മട്ടില്‍ അദ്ദേഹം എഴുതിക്കാണിക്കുന്നു. `ഇറാഖില്‍ നടന്നതായി വ്യാപകമായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുള്ള ഒരുസംഭവത്തില്‍നിന്ന്‌ പ്രചോദനമുള്‍ക്കൊണ്ട്‌ തയ്യാറാക്കിയ ഈ ചിത്രം പൂര്‍ണമായും കെട്ടുകഥയാണെന്ന' വാചകമാണ്‌ തുടക്കത്തില്‍ നമ്മള്‍ കാണുന്നത്‌. പിന്നീട്‌ ഓരോവാക്കും പാമ മായ്‌ച്ചുകളയുന്നു. ആദ്യം മായ്‌ക്കുന്നത്‌ ഫിക്‌ഷന്‍ എന്ന വാക്കാണ്‌. ഇതുവഴി ഈ കഥ ഭാവനാസൃഷ്‌ടിയല്ല, യാഥാര്‍ഥ്യം തന്നെ എന്നു സമര്‍ഥമായി ധ്വനിപ്പിക്കാന്‍ പാമയ്‌ക്കു കഴിയുന്നു. ഒടുവില്‍ എല്ലാ വാക്കുകളും മായ്‌ച്ചുകളഞ്ഞാണ്‌ `റിഡാക്‌റ്റഡ്‌' (പ്രസിദ്ധീകരണയോഗ്യമാക്കിയത്‌) എന്ന ശീര്‍ഷകം എഴുതിക്കാണിക്കുന്നത്‌. ശീര്‍ഷകത്തില്‍പ്പോലും അധികാരിവര്‍ഗത്തോടുള്ള രോഷം വെളിപ്പെടുത്തുന്നു പാമ.


തുടക്കത്തില്‍ കാണുന്ന മായ്‌ച്ചുകളയല്‍ തന്ത്രം ചിത്രത്തിന്‍െറ അവസാനത്തിലും പാമ പ്രയോഗിക്കുന്നു. ഇറാഖ്‌യുദ്ധത്തില്‍നിന്നുള്ള യഥാര്‍ഥ ചിത്രങ്ങള്‍ എന്നു പറഞ്ഞ്‌ കുറെ സ്റ്റില്‍ ഫോട്ടോകള്‍ കാണിക്കുന്നു. ആസ്‌പത്രിയില്‍, വാഹനങ്ങളില്‍, നിരത്തുകളില്‍ ചിതറിക്കിടക്കുന്ന ഇറാഖികളുടെ ജഡങ്ങള്‍. അവരിലേറെയും കുട്ടികളും സ്‌ത്രീകളുമാണ്‌. അവരുടെ കണ്ണുകളില്‍ കറുപ്പടിച്ച്‌ വ്യക്തികളെ തിരിച്ചറിയാതാക്കുന്നു സംവിധായകന്‍. സെന്‍സറിങ്ങിനോടുള്ള പ്രതിഷേധം രേഖപ്പെടുത്തുകയാണിവിടെ പാമ. തങ്ങള്‍ നടത്തുന്ന പോരാട്ടത്തിന്‍െറ നിഷ്‌ഫലതയെക്കുറിച്ച്‌ ബോധവാന്മാരാണ്‌ മിക്ക സൈനികരുമെന്ന്‌ ഈ ചിത്രം വിളിച്ചുപറയുന്നു. നേര്‍ക്കുനേര്‍ പോരാട്ടമല്ല അവര്‍ നേരിടുന്നത്‌. ചാവേറിന്‍െറ രൂപത്തില്‍ ഏതു സമയത്തും മരണം തങ്ങളെ സമീപിക്കാം എന്നവര്‍ ഭയപ്പെടുന്നു. ഈ അരക്ഷിത ബോധത്തില്‍ നിന്നാണ്‌ ഗര്‍ഭിണികളെപ്പോലും വെടിവെച്ചുകൊല്ലാന്‍ അവര്‍ മുതിരുന്നത്‌. ``ആളെക്കൊല്ലാന്‍ എങ്ങോട്ടെങ്കിലും വിടുമ്പോള്‍ വിശ്വസനീയമായ ഒരു നല്ല കാരണം കൂടി കണ്ടെത്തിയിരുന്നെങ്കില്‍ നന്നായിരുന്നു'' എന്ന്‌ മക്കോയ്‌ എന്ന സൈനികന്‍ പറയുമ്പോള്‍ അത്‌ ഇറാഖ്‌ യുദ്ധം സൃഷ്‌ടിച്ചവരോടുള്ള പ്രതിഷേധമായി മാറുന്നു. സമീപകാലത്തെ പ്രശസ്‌ത യുദ്ധവിരുദ്ധ ചിത്രങ്ങളായ അലക്‌സാന്‍ഡ്ര (റഷ്യന്‍. സംവിധാനം: അലക്‌സാണ്ടര്‍ സൊഖുറോവ്‌), ഇന്നസന്‍റ്‌ വോയ്‌സസ്‌ (സ്‌പാനിഷ്‌. സംവിധാനം: ലൂയി മന്‍ഡോക്കി), ബുഫോ (ഇസ്രായേല്‍. സംവിധാനം: ജോസഫ്‌ സിഡാര്‍) എന്നിവയുടെ ശ്രേണിയിലേക്ക്‌ സധൈര്യം കടന്നിരിക്കാന്‍ യോഗ്യതയുള്ള സിനിമയാണ്‌ `റിഡാക്‌റ്റഡ്‌'.

Friday, February 20, 2009

ചിറകരിഞ്ഞ പട്ടം

സ്വാതന്ത്ര്യം കൊതിക്കുന്ന ഒരു ജനതയെ പശ്ചാത്തലത്തില്‍ നിര്‍ത്തിക്കൊണ്ട്‌ രണ്ട്‌ ആത്മസുഹൃത്തുക്കളുടെ അടുപ്പത്തിന്‍െറയും വഴി പിരിയലിന്‍െറയും കഥപറയുകയാണ്‌ `ദ കൈറ്റ്‌ റണ്ണര്‍' എന്ന ഹോളിവുഡ്‌ ചിത്രം. പ്രശസ്‌ത അഫ്‌ഗാന്‍ എഴുത്തുകാരനായ ഖാലിദ്‌ ഹൊസ്സീനിയുടെ `ദ കൈറ്റ്‌ റണ്ണര്‍' എന്ന നോവലാണ്‌ ഈ സിനിമയ്‌ക്കാധാരം. 34 ഭാഷകളിലേക്ക്‌ പരിഭാഷപ്പെടുത്തിയിട്ടുള്ള ഈ കൃതി 80 ലക്ഷം കോപ്പികള്‍ വിറ്റിട്ടുണ്ട്‌. നോവലിലെ റഷ്യന്‍, താലിബാന്‍ വിരുദ്ധ വികാരങ്ങളാവണം ഹോളിവുഡിനെ ആകര്‍ഷിച്ചത്‌.

1978 മുതല്‍ 2000 വരെയുള്ള അഫ്‌ഗാനിസ്‌താനാണ്‌ സിനിമയുടെ പശ്ചാത്തലം. 1979-ലെ സോവിയറ്റ്‌ആക്രമണവും പിന്നീടുവന്ന താലിബാന്‍ ഭരണവും ഒരുപോലെ വിമര്‍ശനത്തിനു വിധേയമാകുന്നു. പട്ടം പറപ്പിക്കുന്നതുപോലും നിരോധിച്ച ഒരു കാലഘട്ടത്തെക്കുറിച്ചാണ്‌ ഈ സിനിമ കൂടുതലായും വേവലാതിപ്പെടുന്നത്‌. കാറ്റിന്‍െറ തലോടലേറ്റ്‌, മൂളിപ്പാട്ടോടെ കൂടുതല്‍ കൂടുതല്‍ ഉയരങ്ങളിലേക്ക്‌ പറക്കാന്‍ വെമ്പുന്ന ഇതിലെ വര്‍ണപ്പട്ടങ്ങള്‍ മത്സരബുദ്ധിയുടെ മാത്രം ചിഹ്നമല്ല. ഒരു ജനതയുടെ ജീവിതരീതിയുടെ, ആത്മാഭിമാനത്തിന്‍െറ, സ്വാതന്ത്ര്യ മോഹത്തിന്‍െറ കൂടി അടയാളമാണ്‌.


അമീര്‍ജാന്‍ എന്ന യുവ എഴുത്തുകാരന്‍െറ സങ്കീര്‍ണ മനസ്സിലൂടെയുള്ള യാത്രയാണ്‌ `ദ കൈറ്റ്‌ റണ്ണര്‍'. പട്ടത്തിന്‍െറ ചിറകരിഞ്ഞ ഭൂതകാലത്തിലേക്കാണ്‌ അമീര്‍ ജാന്‍െറ മടക്കയാത്ര. സോവിയറ്റ്‌ ആക്രമണകാലത്ത്‌ അഫ്‌ഗാനിസ്‌താനില്‍നിന്ന്‌ അമേരിക്കയിലേക്ക്‌ രക്ഷപ്പെട്ട ബിസിനസ്സുകാരന്‍ ആഗാസാഹിബിന്‍െറ മകനാണ്‌ അമീര്‍. പന്ത്രണ്ടാം വയസ്സിലാണ്‌ അമീര്‍ അമേരിക്കയിലെത്തുന്നത്‌. തങ്ങളുടെ വേലക്കാരന്‍െറ മകനായ ഹസ്സനായിരുന്നു അമീറിന്‍െറ ഉറ്റസുഹൃത്ത്‌. ഹസ്സന്‍ നിരക്ഷരനായിരുന്നു. എങ്കിലും സേ്‌നഹസമ്പന്നന്‍. അമീറിനെ അവനു ജീവനായിരുന്നു. പട്ടം പറത്തലില്‍ കേമനായിരുന്നു ഹസ്സന്‍. കാബൂളില്‍ നടന്ന പട്ടം പറത്തല്‍ മത്സരത്തില്‍ അമീറിനു ജേതാവാകാന്‍ കഴിഞ്ഞത്‌ ഹസ്സന്‍െറ പിന്തുണകൊണ്ടാണ്‌. മത്സരം നടന്ന ദിവസം ഹസ്സനെ ചില തെമ്മാടിപ്പയ്യന്മാര്‍ അപമാനിക്കുന്നു. ഭീരുവായ അമീറാകട്ടെ സുഹൃത്തിനെ രക്ഷിക്കാനോ സമാശ്വസിപ്പിക്കാനോ ശ്രമിക്കുന്നില്ല. ഈ കുറ്റബോധവും ഹസ്സനോടുള്ള തന്‍െറ പിതാവിന്‍െറ മമതയും അമീറിനെ ഹസ്സനെതിരെ തിരിയാന്‍ പ്രേരിപ്പിക്കുന്നു. മോഷണക്കുറ്റം ആരോപിക്കപ്പെട്ട ഹസ്സന്‍ പിതാവിനോടൊപ്പം അമീറിന്‍െറ വീട്‌ വിട്ടു പോകുന്നു. അവനെ പിന്നീടൊരിക്കലും അമീര്‍ കാണുന്നില്ല.

അമീറിനെ ഡോക്ടറാക്കാനായിരുന്നു പിതാവിന്‍െറ ആഗ്രഹം. പക്ഷേ, എഴുത്തുകാരനാകാനാണ്‌ അമീര്‍ കൊതിച്ചത്‌. കുട്ടിക്കാലത്തേ അശാന്തമായിരുന്നു അവന്‍െറ മനസ്സ്‌. സമയം കിട്ടുമ്പോഴൊക്കെ അവന്‍ കഥകള്‍ കുറിച്ചിടുമായിരുന്നു. ഒരു അഫ്‌ഗാന്‍ പെണ്‍കുട്ടിയെ അവന്‍ പ്രണയിച്ച്‌ വിവാഹം കഴിക്കുന്നു. തന്‍െറ പുസ്‌തകം പ്രസിദ്ധീകരിച്ച ദിവസം അവനൊരു ഫോണ്‍ വരുന്നു. പിതാവിന്‍െറ ഉറ്റ സുഹൃത്ത്‌ റഹിംഖാനാണ്‌ വിളിക്കുന്നത്‌. അയാളിപ്പോള്‍ പാകിസ്‌താനിലാണ്‌. തന്നെ ഉടനെ വന്നുകാണണം എന്നായിരുന്നു ഫോണ്‍. ഹസ്സനും ഭാര്യയും താലിബാന്‍കാരുടെ വെടിയേറ്റു മരിച്ചതായി റഹിംഖാന്‍ അറിയിക്കുന്നു. ഹസ്സന്‍െറ മകന്‍ കാബൂളില്‍ ഒരനാഥാലയത്തിലാണ്‌. തന്‍െറ പിതാവിന്‌ വേലക്കാരന്‍െറ ഭാര്യയില്‍ ജനിച്ച കുഞ്ഞാണ്‌ ഹസ്സന്‍ എന്ന സത്യം മനസ്സിലാക്കുന്ന അമീര്‍ ഹസ്സന്‍െറ മകനെ രക്ഷപ്പെടുത്തി അമേരിക്കയ്‌ക്ക്‌ കൊണ്ടുപോകുന്നു.

അഫ്‌ഗാന്‍ ജനത കടന്നുപോയ ഇരുണ്ട ഒരു കാലഘട്ടം അനാവരണം ചെയ്യുന്ന `ദ കൈറ്റ്‌ റണ്ണറി'നെ കഴിഞ്ഞകൊല്ലത്തെ നല്ല ചിത്രങ്ങളിലൊന്നായാണ്‌ ചില നിരൂപകര്‍ വിശേഷിപ്പിക്കുന്നത്‌. 2007-ല്‍ മികച്ച പശ്ചാത്തല സംഗീതത്തിനുള്ള ഓസ്‌കര്‍ അവാര്‍ഡിന്‌ മത്സരിച്ചിട്ടുണ്ട്‌ ഈ ചിത്രം.


സ്വന്തം മണ്ണില്‍ ഉറച്ചുനിന്നുകൊണ്ട്‌ അധിനിവേശത്തെ എതിര്‍ക്കാന്‍ ശ്രമിക്കുന്ന ഹസ്സന്‍ എന്ന കഥാപാത്രമാണ്‌ നമ്മുടെ ഓര്‍മയില്‍ തങ്ങിനില്‍ക്കുക. വളരെവേഗം അപ്രത്യക്ഷനാകുന്ന ഈ കഥാപാത്രത്തിന്‍െറ സാന്നിധ്യം സിനിമയില്‍ എപ്പോഴുമുണ്ട്‌. കാബൂളിലെ തെരുവുകളില്‍ വീണ്ടും പൂക്കള്‍ വിടരുന്നതും ഗൃഹസദസ്സുകളില്‍ സംഗീതം അലയടിക്കുന്നതും ആകാശത്ത്‌ പട്ടങ്ങള്‍ പാറിനടക്കുന്നതും അവന്‍ സ്വപ്‌നം കാണുന്നു. അതിരുകളില്ലാത്ത ഒരു സ്വതന്ത്രലോകമായിരുന്നു അവന്‍െറ സ്വപ്‌നം.

എവരിതിങ്‌ പുട്ട്‌ ടുഗെദര്‍', `മോണ്‍സ്റ്റേഴ്‌സ്‌ ബോള്‍', ``ഫൈന്‍ഡിങ്‌ നെവര്‍ലാന്‍ഡ്‌' എന്നീ ചിത്രങ്ങളിലൂടെ പ്രശസ്‌തനായ മാര്‍ക്‌ ഫോസ്റ്ററാണ്‌ `കൈറ്റ്‌ റണ്ണറി'ന്‍െറ സംവിധായകന്‍. (ഏറ്റവും പുതിയ ജയിംസ്‌ ബോണ്ട്‌ ചിത്രമായ `ക്വാണ്ടം ഓഫ്‌ സോളസും' ഫോസ്റ്ററാണ്‌ സംവിധാനം ചെയ്യുന്നത്‌.) 122 മിനിറ്റു നീണ്ട `ദ കൈറ്റ്‌ റണ്ണര്‍' സെന്‍റിമെന്‍റ്‌സും അതിരുവിട്ട വര്‍ണനയും കാരണം കുറച്ചൊക്കെ നിറംകെട്ടുപോയിട്ടുണ്ട്‌. സുഹൃത്തിന്‍െറ മകനെത്തേടി അമീര്‍ കാബൂളിലേക്കു നടത്തുന്ന യാത്രയിലും അവിടെനിന്നുള്ള തിരിച്ചുവരവിലും അവിശ്വസനീയതയും വാചാലതയും ദൃശ്യമാണ്‌. ഹോളിവുഡ്‌ ശീലങ്ങളില്‍നിന്നു രക്ഷപ്പെടാനായിട്ടില്ല സംവിധായകന്‌.

Monday, February 9, 2009

അതിജീവന തന്ത്രം


രണ്ടാം ലോകമഹായുദ്ധ കാലം. നാസി ജര്‍മനിയുടെ പടയോട്ടക്കാലം. ബ്രിട്ടന്‍െറയും അമേരിക്കയുടെയും സമ്പദ്‌വ്യവസ്ഥ തകര്‍ക്കാന്‍ ജര്‍മനി ഒരു ഗൂഢപദ്ധതി തയ്യാറാക്കുന്നു. മരണത്തടവറയെന്ന്‌ അറിയപ്പെടുന്ന കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളില്‍ കഴിയുന്ന ഏതാനും ജൂതത്തടവുകാരെയാണ്‌ ഇതിന്‌ ഉപയോഗപ്പെടുത്തുന്നത്‌. ബ്രിട്ടീഷ്‌ പൗണ്ടും അമേരിക്കന്‍ ഡോളറും വന്‍തോതില്‍ വ്യാജമായി അടിച്ചിറക്കുക എന്നതായിരുന്നു പദ്ധതി. `ഓപ്പറേഷന്‍ ബേണ്‍ ഹാര്‍ഡ്‌' എന്നാണ്‌ ഈ ഗൂഢവൃത്തിക്ക്‌ നല്‍കിയിരുന്ന പേര്‍. ലോകചരിത്രത്തില്‍ത്തന്നെ ഇത്രയധികം വ്യാജകറന്‍സികള്‍ നിര്‍മിച്ച സംഭവമുണ്ടായിട്ടില്ല. ബ്രിട്ടന്‍െറ വിദേശനാണ്യശേഖരത്തിന്‍െറ നാലിരട്ടി വ്യാജപൗണ്ടാണ്‌ ജര്‍മനി അടിച്ചിറക്കിയത്‌. വ്യാജ ഡോളര്‍ നിര്‍മിക്കുന്ന കാര്യത്തില്‍ തടവുകാര്‍ അമാന്തം കാണിച്ചതിനാല്‍ അമേരിക്കയെ ഈ പദ്ധതി തീരെ ബാധിച്ചില്ല. വളരെക്കുറച്ചു ഡോളറേ വ്യാജമായി അടിക്കാന്‍ കഴിഞ്ഞുള്ളൂ. പാതിവഴിയില്‍ അവസാനിപ്പിക്കേണ്ടിവന്ന `ഓപ്പറേഷന്‍ ബേണ്‍ഹാര്‍ഡി'നെ ആധാരമാക്കി അഡോള്‍ഫ്‌ ബര്‍ജര്‍ എന്ന ടൈപ്പോഗ്രാഫര്‍ എഴുതിയ ഓര്‍മക്കുറിപ്പില്‍നിന്നാണ്‌ `ദ കൗണ്ടര്‍ ഫീറ്റേഴ്‌സ്‌' എന്ന ജര്‍മന്‍ സിനിമ രൂപമെടുത്തത്‌. 90 മിനിറ്റ്‌ നീണ്ട ഈ സിനിമയുടെ സംവിധായകന്‍ സ്റ്റെഫാന്‍ റുസോവിറ്റ്‌സ്‌കിയാണ്‌. 2007 ലെ മികച്ച വിദേശ ഭാഷാ സിനിമയ്‌ക്കുള്ള ഓസ്‌കര്‍ അവാര്‍ഡ്‌ `ദ കൗണ്ടര്‍ ഫീറ്റേഴ്‌സി'നായിരുന്നു.

ലോകം മറക്കാന്‍ ശ്രമിക്കുന്ന ഭീതിദമായ ഒരു കാലഘട്ടത്തെ വീണ്ടും ഓര്‍മയിലേക്ക്‌ കൊണ്ടുവരികയാണ്‌ ഈ സിനിമ. ആയിരത്തോളം പോളിഷ്‌ ജൂതന്മാരെ മരണത്തില്‍നിന്നു രക്ഷിച്ച ജര്‍മന്‍ ബിസിനസ്സുകാരനായ ഓസ്‌കര്‍ ഷിന്‍ഡ്‌ലറുടെ കഥ പറയുന്ന `ഷിന്‍ഡ്‌ലേഴ്‌സ്‌ ലിസ്റ്റ്‌' (1993), തടങ്കല്‍പ്പാളയത്തില്‍ നേരിടാന്‍ പോകുന്ന ക്രൂരതകളില്‍നിന്ന്‌ അഞ്ചു വയസ്സുകാരനായ മകന്‍െറ ശ്രദ്ധ തിരിക്കാന്‍ മരണമുഖത്തേക്കുനോക്കി തമാശ കാണിക്കുന്ന ഗിഡോ എന്ന ഇറ്റാലിയന്‍ ജൂതന്‍െറ വേദനകള്‍ പകര്‍ത്തിയ `ലൈഫ്‌ ഈസ്‌ ബ്യൂട്ടിഫുള്‍' (1997) എന്നീ ചിത്രങ്ങള്‍ ഏല്‌പിച്ച ആഘാതം നമുക്ക്‌ മറക്കാനാവില്ല. അതേ തീവ്രാനുഭവം തന്നെയാണ്‌ തടവുകാരുടെ വ്യക്തിത്വത്തിനും അന്തഃസംഘര്‍ഷങ്ങള്‍ക്കും അതിജീവനത്തിനും ഊന്നല്‍ നല്‍കുന്ന `ദ കൗണ്ടര്‍ ഫീറ്റേഴ്‌സും' സമ്മാനിക്കുന്നത്‌.

1936 മുതല്‍ 45 വരെയുള്ള കാലഘട്ടമാണ്‌ സിനിമയുടെ പശ്ചാത്തലം. നാസി തടങ്കല്‍പ്പാളയത്തില്‍നിന്നു മോചിതനായ സാലി എന്ന സോളമന്‍ സൊറോവിച്ചിന്‍െറ ഓര്‍മകളിലൂടെയാണ്‌ ക്യാമറ സഞ്ചരിക്കുന്നത്‌. വ്യാജപാസേ്‌പാര്‍ട്ടും കറന്‍സിയും നിര്‍മിക്കുന്നതില്‍ വിദഗ്‌ധനാണ്‌ ജൂതനായ സാലി. കള്ളനോട്ടടി തടയുന്ന ബെര്‍ലിനിലെ സെ്‌പഷല്‍ സ്‌ക്വാഡിന്‍െറ മേധാവി ഫ്രെഡറിക്‌ ഹെര്‍സോഗ്‌ തന്ത്രപരമായി കുടുക്കി സാലിയെ അറസ്റ്റുചെയ്യുന്നു. സാക്‌സന്‍ഹോസനിലെ തടങ്കല്‍പ്പാളയത്തിലെത്തുന്നു അയാള്‍. കാണുന്നതെന്തും അതേപടി കടലാസില്‍ പകര്‍ത്താനുള്ള സാലിയുടെ കഴിവ്‌ നാസി സൈനികോദ്യോഗസ്ഥരെ അത്ഭുതപ്പെടുത്തി. അയാളെ വ്യാജ കറന്‍സി നിര്‍മാണത്തിന്‌ പ്രയോജനപ്പെടുത്താന്‍ അവര്‍ തീരുമാനിക്കുന്നു. ഫ്രെഡറിക്‌ ഹെര്‍സോഗായിരുന്നു ആ തടങ്കല്‍പ്പാളയത്തിലെ മേധാവി. തടവുകാരായ പ്രൊഫഷണല്‍ ഗ്രാഫിക്‌ ആര്‍ട്ടിസ്റ്റുകളെയും പ്രിന്‍റര്‍മാരെയും റീടച്ചര്‍മാരെയും ഉള്‍പ്പെടുത്തി ഒരു വിദഗ്‌ദ്‌ധ സംഘത്തിന്‌ നാസികള്‍ രൂപംകൊടുക്കുന്നു. സാലിയും ബര്‍ജറുമായിരുന്നു അതിലെ പ്രധാനികള്‍. വ്യാജ പൗണ്ട്‌ തയ്യാറാക്കലായിരുന്നു അവരെ ഏല്‌പിച്ച ആദ്യ ദൗത്യം. ഹെര്‍സോഗിന്‌ സാലിയോട്‌ പ്രത്യേക മമതയുണ്ടായിരുന്നു. സാലിയെ അറസ്റ്റുചെയ്‌തതിനാണ്‌ അയാള്‍ക്ക്‌ പ്രൊമോഷന്‍ ലഭിച്ചത്‌. അതുകൊണ്ടുതന്നെ സാലിക്ക്‌ ചില പ്രത്യേകാവകാശങ്ങള്‍ അയാള്‍ അനുവദിച്ചിരുന്നു. ടൈപ്പോഗ്രാഫറായ ബര്‍ജര്‍ക്ക്‌ നാസി സര്‍ക്കാറിനെ സഹായിക്കുന്നതിനോട്‌ ഒട്ടും യോജിപ്പില്ല. തടവറയില്‍ കലാപമുണ്ടാക്കണമെന്നാണ്‌ രഹസ്യമായി അയാള്‍ സാലിയെ ഉപദേശിക്കുന്നത്‌. പൗണ്ടുകള്‍ വ്യാജമായി നിര്‍മിക്കുന്നതില്‍ സംഘം വിജയിക്കുന്നു. തുടര്‍ന്ന്‌, ഡോളറുണ്ടാക്കാനാണ്‌ അവരോടാവശ്യപ്പെടുന്നത്‌. മാസങ്ങള്‍ ശ്രമിച്ചിട്ടും അവര്‍ക്ക്‌ ഡോളറുണ്ടാക്കാന്‍ കഴിയുന്നില്ല. പദ്ധതി നടപ്പാകരുതെന്ന്‌ ബര്‍ജര്‍ക്ക്‌ നിര്‍ബന്ധമുണ്ട്‌. ആവുന്നത്ര തടസ്സങ്ങളുണ്ടാക്കാന്‍ അയാള്‍ ശ്രമിക്കുന്നു. തടവുകാരുടെ നിസ്സഹകരണവും മെല്ലെപ്പോക്കും മണത്തറിഞ്ഞ സൈന്യം സാലിക്കും കൂട്ടര്‍ക്കും അന്ത്യശാസനം നല്‌കുന്നു. സാലിയുടെ കഠിനശ്രമത്താല്‍ ഡോളറും അവിടെ നിര്‍മിക്കപ്പെടുന്നു. അപ്പോഴേക്കും യുദ്ധം അവസാനഘട്ടത്തിലെത്തിയിരുന്നു. ജര്‍മനിയുടെ പരാജയത്തോടെ സാലിയും കൂട്ടരും സ്വാതന്ത്ര്യത്തിന്‍െറ വെളിച്ചത്തിലേക്ക്‌ കടക്കുന്നു.

ബര്‍ജറുടെ ഓര്‍മക്കുറിപ്പുകളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ തിരക്കഥയില്‍ പ്രാമുഖ്യം പക്ഷേ, സാലിക്കാണ്‌. നിര്‍വികാരനെന്ന്‌ പുറമേക്ക്‌ തോന്നിക്കുമെങ്കിലും കാരുണ്യവും സഹജീവി സേ്‌നഹവും സ്വാതന്ത്ര്യാഭിലാഷവും അയാളുടെ ഓരോ പ്രവൃത്തിയിലും കാണാം. പണം നിര്‍മിച്ച്‌ പണം സമ്പാദിക്കുന്നതാണ്‌ കൂടുതല്‍ എളുപ്പം എന്നു വിശ്വസിക്കുന്നവനാണ്‌ സാലി. കൈയില്‍ പണമുണ്ടായിരുന്നെങ്കില്‍ തന്‍െറ ഭാര്യയും മക്കളും ഓഷ്‌വിറ്റ്‌സിലെ തടങ്കല്‍പ്പാളയത്തില്‍നിന്നു മോചിതരായേനെ എന്നയാള്‍ ഒരിക്കല്‍ സങ്കടപ്പെടുന്നുണ്ട്‌. ജീവിതാസക്തിയുള്ള കഥാപാത്രമാണ്‌ സാലി. തടവറയിലെ ഗ്യാസ്‌ ചേംബറില്‍ ഒടുങ്ങിപ്പോകരുതെന്ന്‌ അയാള്‍ക്കാഗ്രഹമുണ്ട്‌. ഒരുദിവസം കൂടുതല്‍ ജീവിക്കാന്‍ കഴിഞ്ഞാല്‍ അത്രയും നല്ലത്‌ എന്നാണയാളുടെ വിശ്വാസം. അതുകൊണ്ടുതന്നെ, അതിജീവനത്തിന്‌ കീഴടങ്ങലിന്‍െറ വഴിയാണയാള്‍ സ്വീകരിക്കുന്നത്‌. ഒടുവില്‍ തടവറയില്‍നിന്നു മോചിതനായപ്പോള്‍ ജീവിതം വ്യര്‍ഥമായെന്നാണ്‌ സാലിക്ക്‌ തോന്നുന്നത്‌. അയാളെ കാത്തിരിക്കാന്‍ ആരുമുണ്ടായിരുന്നില്ല. ഓഷ്‌വിറ്റ്‌സിലെ ഗ്യാസ്‌ ചേംബറില്‍ ഒടുങ്ങിയിരുന്നു അയാളുടെ കുടുംബം.

തികഞ്ഞ സ്വാതന്ത്ര്യദാഹിയും കമ്യൂണിസ്റ്റാശയക്കാരനുമായ ബര്‍ജറും ശക്തമായ കഥാപാത്രംതന്നെ. തടവറയിലും കീഴടങ്ങാനല്ല, പൊരുതാനാണയാള്‍ ആഗ്രഹിക്കുന്നത്‌. അതിജീവനത്തിന്‌ പോരാട്ടമാണ്‌ പോംവഴിയെന്ന്‌ അയാള്‍ വിശ്വസിക്കുന്നു. ഓഷ്‌വിറ്റ്‌സില്‍ മരിച്ച ഭാര്യയെക്കുറിച്ചോര്‍ത്ത്‌ വിലപിക്കുന്ന ബര്‍ജര്‍ നാസികളുമായി ഒരുതരത്തിലും ഒത്തുതീര്‍പ്പ്‌ വേണ്ടെന്ന പക്ഷക്കാരനാണ്‌. പാപ്പരായിക്കൊണ്ടിരിക്കുന്ന സമ്പദ്‌വ്യവസ്ഥയാണ്‌ ജര്‍മനിയുടേത്‌. അതിനു ജീവന്‍കൊടുക്കാന്‍ തങ്ങള്‍ക്ക്‌ ഒരു ബാധ്യതയുമില്ലെന്ന്‌ അയാള്‍ സാലിയെ ഓര്‍മപ്പെടുത്തുന്നു. ഡോളര്‍ നിര്‍മാണം തന്നാലാവുംവിധം താമസിപ്പിക്കാന്‍ അയാള്‍ ശ്രമിക്കുന്നു. പ്രിന്‍റര്‍ (പ്രസാധകന്‍) സത്യം അച്ചടിക്കേണ്ടവനാണ്‌ എന്നയാള്‍ ഉറച്ചു വിശ്വസിക്കുന്നു. കള്ളനോട്ടടിക്കാന്‍ ചുമതലയേറ്റതിന്‍െറ പേരില്‍ തങ്ങള്‍ക്ക്‌ പ്രത്യേകാവകാശങ്ങള്‍ ലഭിക്കുന്നതില്‍ അയാള്‍ രോഷാകുലനാണ്‌. തങ്ങളുടെ മതിലിനപ്പുറം നിത്യവും ഡസന്‍കണക്കിനു തടവുകാര്‍ തോക്കിനിരയാവുന്നത്‌ അയാളെ വേദനിപ്പിക്കുന്നു. മാര്‍ദവമുള്ള കിടക്ക അനുവദിച്ചിട്ടുണ്ടെങ്കിലും ഇത്‌ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പ്‌തന്നെയാണെന്ന്‌ ബര്‍ജര്‍ സഹതടവുകാരെ ഓര്‍മപ്പെടുത്തുന്നുണ്ട്‌. ഇതിന്‍െറ പേരില്‍ പലപ്പോഴും സാലിയോട്‌ തര്‍ക്കിക്കുകയും ഏറ്റുമുട്ടുകയും ചെയ്യുന്നുണ്ട്‌ അയാള്‍.

കരിങ്കടല്‍ത്തീരത്തെ തന്‍െറ ജന്മനഗരമായ ഒഡേസ്സയെപ്പറ്റി എപ്പോഴും സംസാരിക്കുന്ന കോല്യ എന്ന യുവാവാണ്‌ നമ്മുടെ മനസ്സിനെ മഥിക്കുന്ന മറ്റൊരു കഥാപാത്രം. തടവറയില്‍നിന്നുള്ള മോചനദിനം കാത്തുകഴിയുകയാണവന്‍. ക്ഷയരോഗബാധിതനായ അവനെ സൈന്യം ഏകാന്ത തടവിലാക്കുന്നു. അവിടെ മരുന്നൊന്നും കിട്ടാനില്ല. രോഗികളെ വെടിവെച്ചുകൊല്ലലാണ്‌ എളുപ്പവഴി. ഡോളര്‍ എങ്ങനെയെങ്കിലും നിര്‍മിച്ചുകൊടുക്കാമെന്ന്‌ സാലി സൈനിക മേധാവിക്ക്‌ വാക്ക്‌ കൊടുക്കുന്നത്‌ കോല്യക്കുവേണ്ടിയാണ്‌. മരുന്നുമായി സാലി എത്തുമ്പോള്‍ കാണുന്നത്‌ ഒരു സൈനികന്‍ കോല്യയെ വെടിവെച്ചു കൊല്ലുന്നതാണ്‌. ഒഡേസ്സ നഗരത്തിലേക്കുള്ള അവന്‍െറ സ്വപ്‌നയാത്രയെക്കുറിച്ചോര്‍ത്ത്‌, കനത്ത ഇരുട്ടിന്‍െറ മറപറ്റി സാലി പൊട്ടിക്കരയുന്ന രംഗം മറക്കാനാവില്ല.

Friday, January 23, 2009

അജ്ഞാതയായ അമ്മ

സ്‌ത്രീ സഹനത്തിന്‍െറ തീവ്രമായ അനുഭവങ്ങള്‍ പകര്‍ന്നു തരുന്ന ഇറ്റാലിയന്‍ സിനിമയാണ്‌ `ദ അണ്‍നോണ്‍ വുമണ്‍'. സിനിമാ പാരഡീസോ, മലീന എന്നീ ചിത്രങ്ങളിലൂടെ ലോകമെങ്ങും ആസ്വാദകരെ നേടിയെടുത്ത ജുസെപ്പെ ടോര്‍ണത്തോറെയാണ്‌ `അണ്‍നോണ്‍ വുമണി'ന്‍െറ സംവിധായകന്‍. തിയേറ്ററില്‍ പ്രൊജെക്‌ഷന്‍ ബോയിയായി തുടങ്ങി ഇറ്റലിയിലെ അറിയപ്പെടുന്ന സംവിധായകനായി മാറുന്ന ടോട്ടോ എന്ന സാല്‍വേത്തോറെയുടെയും അയാളുടെ ഗുരുവായ ആല്‍ഫ്രെഡോയുടെയും കഥ പറഞ്ഞ `സിനിമാ പാരഡീസോ' (1988), സൗന്ദര്യം ശാപമായി മാറിയ യുവതിയുടെ കഥ റെനറ്റോ എന്ന പതിമ്മൂന്നുകാരന്‍െറ കാഴ്‌ചപ്പാടിലൂടെ ആവിഷ്‌കരിച്ച `മലീന' (2000) എന്നിവയ്‌ക്കുശേഷം ജുസെപ്പെ ശ്രദ്ധേയനാകുന്നത്‌ `അണ്‍നോണ്‍ വുമണി'ലൂടെയാണ്‌. 2007-ല്‍ യൂറോപ്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച സിനിമയ്‌ക്കുള്ള ഓഡിയന്‍സ്‌ അവാര്‍ഡും മോസേ്‌കാ ഫിലിം ഫെസ്റ്റിവലില്‍ മികച്ച സംവിധായകനുള്ള അവാര്‍ഡും ഈ ചിത്രമാണ്‌ നേടിയത്‌.


മനുഷ്യക്കുഞ്ഞുങ്ങളെ കടത്തുന്ന ഭീകര സംഘത്തില്‍ അകപ്പെട്ടുപോയ ഇറേന യാരോ ഷെങ്കോ എന്ന യുക്രൈനിയന്‍ യുവതി തന്‍െറ അവസാനത്തെ കുഞ്ഞിനെ കണ്ടെത്താന്‍ നടത്തുന്ന അപൂര്‍ണയാത്രയാണ്‌ `ദ അണ്‍നോണ്‍ വുമണി'ല്‍ അനാവരണം ചെയ്യുന്നത്‌.


സെക്‌സ്‌ മാഫിയ മനുഷ്യക്കുഞ്ഞങ്ങളെ കടത്തുന്നതിനെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ജുസെപ്പെക്ക്‌ ലഭിക്കുന്നത്‌ ഏതാണ്ട്‌ ഇരുപത്‌ വര്‍ഷം മുമ്പാണ്‌. അക്കാലത്തു തന്നെ ഒരു തിരക്കഥയും തയ്യാറാക്കി വെച്ചു. ഇടയെ്‌ക്കാക്കെ ചിന്തകളില്‍ ഉയിര്‍ത്തെഴുന്നേറ്റും വീണ്ടും വിസ്‌മരിക്കപ്പെട്ടും ആ തിരക്കഥ അങ്ങനെ കിടന്നു. 2006 ന്‍െറ ഒടുവിലാണ്‌ `ദ അണ്‍നോണ്‍ വുമണ്‍' സിനിമയാക്കാന്‍ സംവിധായകന്‍െറ മനസ്സ്‌ പാകപ്പെട്ടത്‌.


വേട്ടയാടുന്ന ഭൂതകാലത്തില്‍ നിന്ന്‌ മോചനമാഗ്രഹിച്ച്‌ ഇറ്റലിയിലെത്തുന്ന ഇറേനയാണ്‌ ഈ സിനിമയിലെ കേന്ദ്രകഥാപാത്രം. അവളുടെ വരവിന്‌ നിഗൂഢമായ ഒരു ലക്ഷ്യമുണ്ട്‌. തിയ എന്ന നാലുവയസ്സുകാരിയുടെ ജന്മരഹസ്യം തേടുകയാണ്‌ ഇറേന. സ്വര്‍ണാഭരണ ബിസിനസ്സുകാരായ ആദാക്കര്‍ കുടുംബത്തിന്‍െറ അരുമയാണ്‌ തിയ. ആ പെണ്‍കുട്ടിക്ക്‌ പ്രതിരോധശേഷി കുറവാണ്‌. നിലത്തു വീണാല്‍ അവള്‍ക്ക്‌ സ്വയം എഴുന്നേല്‍ക്കാനാവില്ല. ആരെങ്കിലും തല്ലിയാല്‍ തിരിച്ചു തല്ലാന്‍ കഴിയില്ല. തിയയുടെ വീട്ടില്‍ പരിചാരികയായി ഇറേന ജോലി നേടുന്നു. വീട്ടുകാരുടെ പ്രിയം നേടിയെടുക്കുന്ന ഇറേന തിയയുമായി അടുക്കുന്നു. അവള്‍ പെണ്‍കുട്ടിയെ പ്രതിരോധ മുറകള്‍ പഠിപ്പിക്കുന്നു. അവളെ താരാട്ടുപാടി ഉറക്കുന്നു. ഇറേനയുടെ നീക്കങ്ങളില്‍ സംശയാലുവായ തിയയുടെ അമ്മ അവളെ പിരിച്ചു വിടുന്നു. എന്നിട്ടും ഇറേന നാട്ടിലേക്ക്‌ തിരിച്ചു പോകുന്നില്ല. തിയ തന്‍െറ മകളാണെന്നാണ്‌ അവളുടെ വിശ്വാസം. തിയയെ തനിക്ക്‌ അടുത്തുനിന്നു കാണണം. അവളുടെ വളര്‍ച്ചയുടെ ഓരോ ഘട്ടവും കാണണം. ഇതേ ഇറേന ആഗ്രഹിച്ചുള്ളൂ. തിയയുടെ അമ്മ കാറപകടത്തില്‍ മരിക്കുന്നു. തിയയുടെ അച്ഛന്‍ ഇറേനയെ വീണ്ടും തന്‍െറ വീട്ടിലേക്ക്‌ ക്ഷണിക്കുന്നു. തിയയും അച്ഛനും പുതിയ അപ്പാര്‍ട്ട്‌മെന്‍റിലേക്ക്‌ താമസം മാറിയ ദിവസം തന്നെ ഇറേനയെത്തേടി പോലീസ്‌ എത്തുന്നു. തിയയുടെ അമ്മയുടെ മരണത്തില്‍ പോലീസിന്‌ സംശയമുണ്ടായിരുന്നു. ചോദ്യം ചെയ്യലില്‍ ഇറേന മറ്റൊരു കഥയാണ്‌ വെളിപ്പെടുത്തുന്നത്‌. തന്‍െറ ദുരിതാവസ്ഥയ്‌ക്ക്‌ കാരണക്കാരനായ മാഫിയാത്തലവനെ അവള്‍ കൊന്നു കുഴിച്ചുമൂടിയിരുന്നു. ഈ കേസില്‍ ശിക്ഷിക്കപ്പെട്ട്‌ ജയിലിലേക്ക്‌ പോകുന്ന ഇറേന വര്‍ഷങ്ങള്‍ക്കുശേഷം തിരിച്ചുവരുമ്പോള്‍ യുവതിയായ തിയ അവളെ സ്വീകരിക്കാന്‍ എത്തുന്നു.


ഒരു സസ്‌പെന്‍സ്‌ സിനിമയുടെ പിരിമുറുക്കമുണ്ട്‌ ഈ സിനിമയ്‌ക്ക്‌. അവിടവിടെ ഓരോ കണ്ണി ഇട്ടേച്ചാണ്‌ കഥ മുന്നോട്ടു കൊണ്ടുപോകുന്നത്‌. ഉചിതസന്ദര്‍ഭങ്ങളില്‍ ഈ കണ്ണികള്‍ അതിമനോഹരമായി കൂട്ടിയോജിപ്പിക്കുന്നു സംവിധായകന്‍. കഥാസന്ദര്‍ഭങ്ങളുടെ വിശദാംശങ്ങളില്‍ പുലര്‍ത്തുന്ന കണിശതയും സൂക്ഷ്‌മതയും ശ്രദ്ധേയമാണ്‌. ഓരോ രംഗത്തും പ്രത്യക്ഷപ്പെടുന്ന നിസ്സാരവസ്‌തുക്കള്‍ക്കുപോലും കഥാഗതിയില്‍ നിര്‍ണായകപങ്കുണ്ട്‌. തിയേറ്ററിലെ പ്രൊജക്‌ഷന്‍ റൂമില്‍ ചുമരില്‍ പതിക്കുന്ന ഓരോ തുണ്ട്‌ കടലാസിനും മുറിച്ചുമാറ്റിയിടുന്ന ഓരോ തുണ്ട്‌ ഫിലിമിനും എത്രത്തോളം പ്രാധാന്യമുണ്ടെന്ന്‌ `സിനിമാ പാരഡീസോ'യില്‍ നമ്മള്‍ കണ്ടതാണ്‌. അതുപോലെ `അണ്‍നോണ്‍ വുമണി'ലെ വളഞ്ഞുപിരിഞ്ഞുപോകുന്ന ഗോവണിപ്പടികളും ഇടയ്‌ക്ക്‌ പൂത്തും കരിഞ്ഞും നില്‌ക്കുന്ന പൂച്ചെടികളും മുറിയില്‍ അലസമായി ഇട്ടിരിക്കുന്ന കത്രികയുമൊക്കെ സജീവബിംബങ്ങളായി മാറുകയാണ്‌.


അസാധാരണമായ ആകര്‍ഷകശക്തിയാണ്‌ ഈ സിനിമയ്‌ക്കുള്ളത്‌. കഥാനായികയുടെ ഓര്‍മകള്‍ ശിഥിലമാണ്‌. അസ്വസ്ഥമായ മനസ്സില്‍ നിന്ന്‌ അടുക്കും ചിട്ടയുമില്ലാതെയാണ്‌ ഓര്‍മകള്‍ കടന്നുവരുന്നത്‌. ഇറ്റലിയിലെ ജീവിതത്തിലുണ്ടാകുന്ന ഓരോ അനുഭവവും സമാനമായ ഭൂതകാലാനുഭവത്തിലേക്ക്‌ പോകാന്‍ ഇറേനയെ പ്രേരിപ്പിക്കുന്നു. അവളുടെ പീഡിതമായ ഭൂതകാലം ഒറ്റ ഫ്‌ളാഷ്‌ബാക്കിലൊതുക്കുകയല്ല സംവിധായകന്‍. സന്ദര്‍ഭങ്ങളാണ്‌ അവളുടെ ഓര്‍മകളെ പിറകിലേക്ക്‌ വലിക്കുന്നത്‌. തീക്ഷ്‌ണമായ മഞ്ഞനിറത്തിലാണ്‌ പൂര്‍വകാലം സംവിധായകന്‍ ആവിഷ്‌കരിക്കുന്നത്‌. അഗ്‌നനിയുടെ തിളക്കവും പ്രഹരശേഷിയുമുണ്ട്‌ ഈ ഫ്‌ളാഷ്‌ബാക്ക്‌ രംഗങ്ങള്‍ക്ക്‌. അവയില്‍ സേ്‌നഹസ്‌പര്‍ശമുള്ള നിമിഷങ്ങള്‍ വളരെക്കുറവാണ്‌. തന്‍െറ കാമുകനെക്കുറിച്ചുള്ള ചിതറിയ ചില സുഖാനുഭവങ്ങള്‍ മാത്രമാണ്‌ ഇറേനയ്‌ക്കുള്ളത്‌. ബാക്കിയെല്ലാം പേടിസ്വപ്‌നങ്ങളാണ്‌. അതവളെ നിരന്തരം വേട്ടയാടുകയാണ്‌.


ക്രൂരനായ ലൈംഗികക്കച്ചവടക്കാരന്‌ ഇരയായിപ്പോയവളാണ്‌ ഇറേന. ദാരിദ്ര്യമാണ്‌ അവളെ അവിടെ എത്തിച്ചത്‌. അടിമയെപ്പോലെയായിരുന്നു അവളുടെ ജീവിതം. പന്ത്രണ്ടു വര്‍ഷങ്ങള്‍ക്കിടയില്‍ ഒമ്പത്‌ കുഞ്ഞുങ്ങളെ ഇറേന പ്രസവിച്ചു. കുഞ്ഞുങ്ങളെ ഒറ്റത്തവണ കാണാനേ അവള്‍ക്കവകാശമുള്ളൂ. പിന്നെ എന്നന്നേക്കുമായി മറന്നോളണം. കുഞ്ഞിനെ പെട്ടെന്നുതന്നെ ദത്തെടുക്കാന്‍ തയ്യാറായി വരുന്ന ദമ്പതിമാര്‍ക്ക്‌ മാഫിയത്തലവന്‍ കൈമാറും.


അവസാനം പ്രസവിച്ച കുഞ്ഞിനെ മാത്രമാണ്‌ ഇറേന സ്വന്തമാക്കാനാഗ്രഹിച്ചത്‌. അവളുടെ അച്ഛനാരെന്ന്‌ അവള്‍ക്ക്‌ ഉറപ്പുണ്ടായിരുന്നു. പ്രിയ കാമുകനെക്കുറിച്ചുള്ള ഓര്‍മ നിലനിര്‍ത്താന്‍ ആ കുഞ്ഞിനെ വിട്ടുകിട്ടാന്‍ അവള്‍ മോഹിച്ചു. ആ മോഹമാണ്‌ അവളെ ഇറ്റലിയിലെത്തിച്ചത്‌. തിയ തന്‍െറ അവസാനത്തെ കുഞ്ഞാണെന്നാണ്‌ അവള്‍ കരുതിയത്‌. പക്ഷേ, ഡി.എന്‍.എ. ടെസ്റ്റിന്‍െറ വിധി അവള്‍ക്കെതിരായിരുന്നു.


`അജ്ഞാത' എന്ന സിനിമാ ശീര്‍ഷകം പ്രാധാന്യമര്‍ഹിക്കുന്നു. സിനിമയുടെ അവസാനഘട്ടം വരെ ഇറേന ആരാണ്‌ എന്ന്‌ നമ്മള്‍ അറിയുന്നില്ല. യുക്രൈനില്‍ നിന്ന്‌ വരുന്നു എന്നതല്ലാതെ ഇറേനയുടെ കുടുംബ പശ്ചാത്തലമൊന്നും വിശദീകരിക്കുന്നില്ല. മറ്റു കഥാപാത്രങ്ങള്‍ക്കെല്ലാം അവളൊരു പ്രഹേളികയാണ്‌. തിയയുടെ മുന്നില്‍ അവള്‍ അമ്മയായി പെരുമാറുന്നേയില്ല. അവിടെ അവള്‍ ആയതന്നെയാണ്‌. കുഞ്ഞുങ്ങളുടെ ജീവിതത്തില്‍ എപ്പോഴും വന്നുംപോയും കൊണ്ടിരിക്കുന്ന മുഖമില്ലാത്ത മനുഷ്യരിലൊരാള്‍. തിയ തന്‍െറ മകളാണെന്ന്‌ ഒടുവില്‍ പോലീസിനോടു മാത്രമാണ്‌ അവള്‍ തുറന്നു പറയുന്നത്‌. ഒരവസരത്തിലും ഒരമ്മയുടെ ആവേശത്തോടെ, അധികാരത്തോടെ അവള്‍ തിയയെ സമീപിക്കുന്നില്ല. തിയയുടെ അനിഷ്‌ടം സമ്പാദിച്ചും അവളെ സുധീരയാക്കാനാണ്‌ ഇറേന ശ്രമിക്കുന്നത്‌. തന്‍െറ ദുരനുഭവങ്ങളാണ്‌ അവളെ അതിന്‌ പ്രേരിപ്പിക്കുന്നത്‌. സ്വയം പ്രതിരോധിക്കാനുള്ള ശേഷി ആ പെണ്‍കുട്ടിയില്‍ വളര്‍ത്തിയെടുക്കുന്നതില്‍ അവള്‍ വിജയിക്കുന്നു. ഒമ്പത്‌ മക്കള്‍ക്കും ഇറേന എന്ന അമ്മ അജ്ഞാതയാണ്‌. തന്‍െറ മക്കളെ ആ അമ്മയ്‌ക്കുമറിയില്ല. മകളല്ലെങ്കിലും തിയയുമായി ആത്മബന്ധം സ്ഥാപിക്കുന്നുണ്ട്‌ ഇറേന. ജയിലില്‍ കഴിയുമ്പോള്‍ അവര്‍ തമ്മില്‍ കത്തിടപാടുകള്‍ നടന്നതായി സൂചനയുണ്ട്‌. 110 മിനിറ്റ്‌ നീണ്ട സിനിമ അവസാനിക്കുമ്പോള്‍ ഇരുവരും വീണ്ടും ഒരുമിക്കുന്നതാണ്‌ നമ്മള്‍ കാണുന്നത്‌.

Wednesday, January 14, 2009

വേട്ടക്കാരും ഇരകളും

ബ്രസീലിലെ റിയോ ഡി ജനീറോ നഗരത്തിലുള്ള എഴുന്നൂറോളം ചേരികള്‍ കേന്ദ്രീകരിച്ച്‌ വിളയാടുന്ന അധോലോക സംഘങ്ങളും അവരുടെ ചോരക്കളിയും സിനിമയ്‌ക്ക്‌ വീണ്ടും വിഷയമായിരിക്കുന്നു. ജോസ്‌ പദില സംവിധാനം ചെയ്‌ത `എലൈറ്റ്‌ സ്‌ക്വാഡ്‌' എന്ന ബ്രസീലിയന്‍ ചിത്രമാണ്‌ ഈ ഗണത്തിലെ ഒടുവിലത്തെ സിനിമ. ഫെര്‍ണാണ്ടോ മീറെല്ലസ്‌ സംവിധാനം ചെയ്‌ത `സിറ്റി ഓഫ്‌ ഗോഡ്‌', പൗലോ മൊറെല്ലി സംവിധാനം ചെയ്‌ത `സിറ്റി ഓഫ്‌ മെന്‍' എന്നീ ബ്രസീലിയന്‍ ചിത്രങ്ങളുടെ തുടര്‍ച്ചയായി `എലൈറ്റ്‌ സ്‌ക്വാഡി'നെ വിശേഷിപ്പിക്കാം. 2008ല്‍ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ചിത്രത്തിനുള്ള `ഗോള്‍ഡന്‍ ബിയര്‍' എലൈറ്റ്‌ സ്‌ക്വാഡിനായിരുന്നു. ബ്രസീലില്‍ ഈ ചിത്രം വന്‍ ഹിറ്റായിരുന്നു.��1997ല്‍ അന്നത്തെ മാര്‍പാപ്പ ജോണ്‍പോള്‍ രണ്ടാമന്‍െറ ബ്രസീല്‍ സന്ദര്‍ശനത്തിന്‍െറ പശ്ചാത്തലത്തിലാണ്‌ `എലൈറ്റ്‌ സ്‌ക്വാഡിന്‍െറ രചന. റിയോവിലെ കുപ്രസിദ്ധ ചേരിക്കടുത്തുള്ള ബിഷപ്പിന്‍െറ വസതിയിലായിരുന്നു മാര്‍പാപ്പയുടെ വിശ്രമം. നിലയ്‌ക്കാത്ത വെടിയൊച്ചയില്‍ നിന്ന്‌ മാര്‍പാപ്പയുടെ സന്ദര്‍ശന ദിവസങ്ങളിലെങ്കിലും റിയോനഗരത്തെ മോചിപ്പിക്കാന്‍ ഭരണാധികാരികള്‍ ആഗ്രഹിച്ചു. അത്‌ നടപ്പാക്കാന്‍ പോലീസിലെ ഒരു പ്രത്യേക വിഭാഗത്തെത്തന്നെ നിയോഗിച്ചു. ഈ പ്രത്യേക പോലീസിന്‍െറ ആക്‌ഷനും അതിനു നേതൃത്വം നല്‌കുന്ന ഓഫീസറുടെ ധര്‍മസങ്കടങ്ങളുമാണ്‌ 115 മിനിറ്റുള്ള ഈ ചിത്രം പറയുന്നത്‌.
റിയോനഗരത്തിലെ പന്ത്രണ്ട്‌ പോലീസുദ്യോഗസ്ഥരും ഒരു സൈക്യാട്രിസ്റ്റും നല്‌കിയ വിവരങ്ങളാണ്‌ തിരക്കഥയ്‌ക്ക്‌ അടിസ്ഥാനം. ബി.പി.ഒ.ഇ. എന്ന പ്രത്യേക പോലീസ്‌ വിഭാഗത്തിലെ ഒരുന്നത ഉദ്യോഗസ്ഥനും `സിറ്റി ഓഫ്‌ ഗോഡി'ന്‍െറ തിരക്കഥാകൃത്തായ ബ്രോജിയോ മന്‍േറാവനിയും ചേര്‍ന്നാണ്‌ `എലൈറ്റ്‌ സ്‌ക്വാഡിന്‍െറ തിരക്കഥ തയ്യാറാക്കിയത്‌. ഡോക്യുമെന്‍ററിയാക്കാനായിരുന്നു ആദ്യം ജോസ്‌ പദില പരിപാടിയിട്ടിരുന്നത്‌. തന്‍െറ ജീവന്‍ പോലും അപകടത്തിലായേക്കുമെന്ന്‌ മനസ്സിലാക്കി പിന്നീടദ്ദേഹം ഫീച്ചര്‍ സിനിമയാക്കി മാറ്റുകയാണുണ്ടായത്‌.

ആദ്യത്തെ രണ്ട്‌ സിനിമകളിലേതുപോലെ അധോലോകസംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ ഈ ചിത്രത്തിലില്ല. ഇവിടെ പോലീസാണ്‌ മേല്‍ക്കൈ നേടുന്നത്‌. പോലീസ്‌ വേട്ടക്കാരും അധോലോക സംഘം ഇരകളുമായി മാറുകയാണ്‌.

രാഷ്ട്രീയക്കാരുടെയും പോലീസിന്‍െറയും തണലിലാണ്‌ ചേരികളിലെ മയക്കുമരുന്നു മാഫിയ വളരുന്നത്‌. മരണഭയമുള്ളവരാണ്‌ പോലീസിലേറെപ്പേരും. എല്ലാ നെറികേടുകള്‍ക്കും അവര്‍ കൂട്ടുനില്‍ക്കും. മാഫിയകളില്‍ നിന്ന്‌ `പടി'പറ്റി അവര്‍ പരസ്‌പരസഹകരണത്തിന്‍െറ വഴിതുറന്നു കൊടുക്കുന്നു. ഈ അവസ്ഥയിലാണ്‌ ഒരു ശുദ്ധികലശത്തിനായി നാസിമെന്‍േറാ എന്ന പോലീസ്‌ ഓഫീസര്‍ അവിടെ എത്തുന്നത്‌. അഴിമതിക്ക്‌ എതിരാണ്‌ നാസിമെന്‍േറാ. പരിശീലനകാലത്തുതന്നെ അയാള്‍ ഓരോരുത്തരെയും കര്‍ശനമായി നിരീക്ഷിക്കും. അഴിമതിക്കാരാണെന്നു കണ്ടാല്‍ പോലീസില്‍നിന്ന്‌ പറഞ്ഞുവിടും.

മാര്‍പാപ്പയുടെ `സുഖനിദ്ര' നാസിമെന്‍േറായുടെ ചുമലിലാണ്‌ വീഴുന്നത്‌. അതോടെ, നാസിമെന്‍േറായുടെ ഉറക്കം നഷ്‌ടപ്പെടുന്നു. അയാളുടെ ഭാര്യ പൂര്‍ണഗര്‍ഭിണിയാണ്‌. കുടുംബജീവിതം ആഗ്രഹിക്കുന്ന ഒരു സാധാരണ സ്‌ത്രീയാണവര്‍. രാത്രി വൈകിയെത്തി അതിരാവിലെ വീണ്ടും മാഫിയ വേട്ടക്കിറങ്ങുന്ന നാസിമെന്‍േറാവിന്‌ തന്‍െറ ജീവിതത്തെപ്പറ്റി ഒരുറപ്പും നല്‌കാനാവുന്നില്ല. എങ്കിലും, ഔദ്യോഗികജീവിതത്തിന്‍െറ കാഠിന്യം അയാള്‍ മനസ്സിലാക്കുന്നുണ്ട്‌. സ്വസ്ഥമായ ഒരു കുടുംബജീവിതം അയാളും കൊതിക്കുന്നു. പ്രത്യേക പരിശീലനം നേടിയ നൂറ്‌ ചെറുപ്പക്കാരാണ്‌ ബി.പി.ഒ.ഇ. എന്ന പ്രത്യേക പോലീസ്‌ സേനയിലുള്ളത്‌. ഇവരില്‍നിന്ന്‌ മിടുക്കനും പ്രാപ്‌തനുമായ ഒരാളെ തന്‍െറ പിന്‍ഗാമിയായി കണ്ടെത്തണം. എന്നിട്ടുവേണം വിശ്രമമില്ലാത്ത കഠിനജീവിതത്തില്‍നിന്ന്‌ പിന്മാറാന്‍.

പകരക്കാരനെ കണ്ടെത്താനുള്ള നാസിമെന്‍േറായുടെ ശ്രമങ്ങളാണ്‌ ഈ `പോലീസ്‌ സ്റ്റോറി'യെ വ്യത്യസ്‌തമാക്കുന്നത്‌. മകന്‍െറ ജനനത്തോടെ നാസിമെന്‍േറാ തന്‍െറ ലക്ഷ്യപ്രാപ്‌തിക്കായി പ്രയത്‌നനം തുടങ്ങുന്നു. ഔദ്യോഗിക ജീവിതത്തിന്‍െറ സമ്മര്‍ദങ്ങളും കുടുംബജീവിതത്തോടുള്ള അഭിനിവേശവും അയാളില്‍ സംഘര്‍ഷമായി വളരുകയാണ്‌. മാഫിയകളെ നിര്‍ദാക്ഷിണ്യം വേട്ടയാടുകയും ഒപ്പം തന്‍െറ കര്‍ക്കശമായ വഴിയിലേക്ക്‌ ഒരു പകരക്കാരനെ കൊണ്ടുവരികയും ചെയ്യുക എന്ന ദ്വിമുഖ തന്ത്രമാണ്‌ നാസിമെന്‍േറാ സ്വീകരിക്കുന്നത്‌. പകരക്കാരായി രണ്ട്‌ ഉശിരന്മാരെയാണ്‌ അയാള്‍ കണ്ടുവെക്കുന്നത്‌. പുതുതായി സേനയില്‍ ചേര്‍ന്ന നാറ്റോ, മത്യാസ്‌ എന്നിവരാണവര്‍. രണ്ടുപേരും കളിക്കൂട്ടുകാരാണ്‌. നാറ്റോ അല്‌പം ചൂടനാണ്‌. ചിന്തിക്കും മുന്‍പ്‌ പ്രവര്‍ത്തിച്ചുകളയും. മത്യാസ്‌ അങ്ങനെയല്ല. ചേരിയില്‍നിന്നാണവന്‍െറ വരവ്‌. റിയോവിലെ മികച്ച ലോകോളേജില്‍ പഠിക്കുകയാണവന്‍. എടുത്തുചാട്ടക്കാരനല്ല. നിയമസംരക്ഷകരാണ്‌ പോലീസും അഭിഭാഷകരും എന്നു വിശ്വസിക്കുന്നവനാണ്‌ മത്യാസ്‌. അവന്‌ ഒരാദര്‍ശലോകമുണ്ട്‌. സൂക്ഷ്‌മനിരീക്ഷണങ്ങളിലൂടെയും കടുപ്പമേറിയ പരീക്ഷണങ്ങളിലൂടെയും നാസിമെന്‍േറാ ഒടുവില്‍ മത്യാസിനെയാണ്‌ പകരക്കാരനായി തിരഞ്ഞെടുക്കുന്നത്‌.

വെടിയൊച്ച നിലയ്‌ക്കാത്ത റിയോ നഗരമാണ്‌ `സിറ്റി ഓഫ്‌ ഗോഡി'ല്‍ നമ്മള്‍ കണ്ടത്‌. `സിറ്റി ഓഫ്‌ മെന്നി'ലാകട്ടെ ചേരികളിലെ ചെറുപ്പക്കാരുടെ അനാഥത്വത്തിന്‍െറ വേദനയും വിഷാദവും രോഷവുമാണ്‌ നിറഞ്ഞുനിന്നത്‌. പ്രമേയഘടനയില്‍ `സിറ്റി ഓഫ്‌ ഗോഡി'ന്‌ അടുത്തു നില്‍ക്കുന്നു `എലൈറ്റ്‌ സ്‌ക്വാഡ്‌'. നാസിമെന്‍േറായുടെ വീക്ഷണത്തിലാണ്‌ സംവിധായകന്‍ സിനിമയൊരുക്കിയിരിക്കുന്നത്‌. മാര്‍പാപ്പയുടെ സന്ദര്‍ശനം സുഗമമാക്കാനും ഒപ്പം തന്‍െറ വ്യക്തിപരമായ ആഗ്രഹം സഫലമാക്കാനുമാണ്‌ അയാള്‍ യത്‌നനിക്കുന്നത്‌. തിരക്കഥയെ ഇങ്ങനെ രണ്ട്‌ സമാന്തര സംഭവങ്ങളിലൂടെ കൊണ്ടുപോവുകയാണ്‌ സംവിധായകന്‍. നാസിമെന്‍േറായാണ്‌ കഥ പറയുന്നത്‌. അയാളുടെ പക്ഷത്താണ്‌ സംവിധായകന്‍ നിലയുറപ്പിക്കുന്നത്‌. നാസിമെന്‍േറായുടെ കാഴ്‌ചപ്പാടുകള്‍ക്കുമാത്രമാണ്‌ ഇവിടെ പ്രസക്തി. അയാള്‍ക്കൊപ്പം സഞ്ചരിക്കുകയാണ്‌ ക്യാമറ.



മികച്ച സിനിമ എന്ന ഗണത്തില്‍പ്പെടുത്താനാവാത്ത `എലൈറ്റ്‌ സ്‌ക്വാഡ്‌' പലയിടത്തും ഡോക്യുമെന്‍ററിയുടെ സ്വഭാവം കാണിക്കുന്നു. സംഭാഷണങ്ങളിലുടനീളം പോലീസിന്‍െറയും തെരുവുഗുണ്ടകളുടെയും വൃത്തികെട്ട ഭാഷയാണ്‌ ഉപയോഗിക്കുന്നത്‌. ബ്രസീലിയന്‍ പോലീസിന്‍െറ കര്‍ക്കശമായ പരിശീലനവും ക്രൂരമായ മര്‍ദന മുറകളും ദൃശ്യങ്ങളില്‍ വന്നുനിറയുന്നു. ഭരണവര്‍ഗത്തിന്‍െറ പിണിയാളുകളായ പോലീസിനെ ഒരഭിജാത വിഭാഗമാക്കി മാറ്റി അതിക്രമങ്ങള്‍ക്ക്‌ വെള്ളപൂശുകയാണ്‌ സംവിധായകന്‍ എന്ന വിമര്‍ശം ഈ ചിത്രത്തിനെതിരെ ഉയര്‍ന്നിട്ടുണ്ട്‌. `ബസ്‌ 174' എന്ന ഡോക്യുമെന്‍ററിയിലൂടെ സാമൂഹിക പ്രതിബദ്ധത തെളിയിച്ച ജോസ്‌പദിലക്ക്‌ വഴിതെറ്റുന്നുവോ എന്ന്‌ ചിലര്‍ ശങ്കിക്കുന്നു (ഒരു ബസ്‌റാഞ്ചിയുടെ അനുഭവത്തിലൂടെ റിയോ ഡി ജനീറോവിലെ ദാരിദ്ര്യവും തെരുവുജീവിതവും അനാവരണം ചെയ്‌ത `ബസ്‌ 174' ഏറെ പ്രശംസ നേടിയിരുന്നു).